കൊച്ചി: ചലച്ചിത്ര മേഖലയിൽ ലൈംഗിക പീഡനം നടക്കുന്നില്ലെന്ന വാദം തെറ്റെന്ന് വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവ്. സമൂഹത്തിലുള്ള മേൽ കീഴ് അധികാരബന്ധങ്ങൾ അതേപടി അവിടെയും ആവർത്തിക്കപ്പെടുന്നുണ്ടെന്നും അവസരങ്ങൾ ചോദിച്ചു കടന്നു വരുന്ന പുതുമുഖങ്ങളിൽ പലരും പലതരം ചൂഷണങ്ങൾക്ക് വിധേയമാകേണ്ടി വരുന്നുണ്ടെന്നും സംഘടന ഫേസ്ബുക്കിൽ കുറിച്ചു. ചലച്ചിത്ര മേഖല ലൈംഗിക പീഡന വിമുക്ത മേഖലയാണ് എന്ന മട്ടിൽ 'അമ്മ' പ്രസിഡന്‍റ് ഇന്നസെന്‍റ് നടത്തിയ പ്രസ്താവനയോട് പ്രതികരണമായാണ് വിമൻ ഇൻ സിനിമാ കളക്ടീവ് വ്യക്തമാക്കിയത്. അതിനാൽ ഇന്നസെന്‍റിന്‍റെ അഭിപ്രായത്തോട് വിയോജിക്കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിലുണ്ട്.
സഹപ്രവർത്തകരായ ചിലർ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഉറക്കെ സംസാരിച്ചതും ഈ അടുത്ത കാലത്താണ്. പാർവ്വതി, ലക്ഷ്മി റായ് തുടങ്ങിയ നടിമാർ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ അനുഭവങ്ങൾ മാധ്യമ'ങ്ങളുമായി പങ്കുവച്ചിരുന്നു. സർക്കാർ നിയമിച്ച ജസ്റ്റീസ് ഹേമ കമ്മീഷൻ ഈ വിഷയത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കി കൊണ്ട് നടത്തുന്ന ഇത്തരം പ്രസ്താവനകളെ കുറിച്ച് ചലച്ചിത്ര മേഖലയിലുള്ളവർ ജാഗ്രത പുലത്തണമെന്നും കുറിപ്പ് ആവശ്യപ്പെടുന്നു.
വിമെൻ ഇൻ സിനിമാ കളക്ടിവിനെ സ്വാഗതം ചെയ്തു കൊണ്ട് അമ്മ പ്രസിഡന്റ് ഇന്നസെറ് എടുത്ത നിലപാടിനോട് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. പക്ഷേ ചലച്ചിത്ര മേഖല ലൈംഗിക പീഡന വിമുക്ത മേഖലയാണ് എന്ന മട്ടിൽ അദ്ദേഹം നടത്തിയ പ്രസ്താവനയോട് ഞങ്ങൾ തീർത്തും വിയോജിക്കുന്നു.നിലവിലുള്ള സാമൂഹ്യ ബന്ധങ്ങൾ അതേപടി പ്രതിഫലിക്കപ്പെടുകയോ പുനരുല്പാദിപ്പിക്കപ്പെടുകയോ ചെയ്യുന്ന മേഖലയാണ് സിനിമയും എന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്..സമൂഹത്തിലുള്ള മേൽ കീഴ് അധികാരബന്ധങ്ങൾ അതേപടി അവിടെയും ആവർത്തിക്കപ്പെടുന്നുണ്ട്. അവസരങ്ങൾ ചോദിച്ചു ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതുമുഖങ്ങളിൽ പലരും പലതരം ചൂഷണങ്ങൾക്ക് വിധേയമാകേണ്ടി വരുന്നതും മേൽ സൂചിപ്പിച്ച അധികാര ഘടന വളരെ ശക്തമായി ഇവിടെ നിലനില്ക്കുന്നതുകൊണ്ടാണ്. എന്തിന് ,ഞങ്ങളുടെ സഹപ്രവർത്തകരായ ചിലർ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഉറക്കെ സംസാരിച്ചതും ഈ അടുത്ത കാലത്താണ്. പാർവ്വതി, ലക്ഷ്മി റായ് തുടങ്ങിയ നടിമാർ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ അനുഭവങ്ങൾ മാധ്യമ'ങ്ങളുമായി പങ്കുവച്ചിരുന്നു. സർക്കാർ നിയമിച്ച ജസ്റ്റീസ് ഹേമ കമ്മീഷൻ ഈ വിഷയത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കി കൊണ്ട് നടത്തുന്ന ഇത്തരം പ്രസ്താവനകളെ കുറിച്ച് ചലച്ചിത്ര മേഖലയിലുള്ളവർ ജാഗ്രത്താകണമെന്ന് WCC ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.