ബാഹുബലിയും കോടമ്പാക്കവും

സിനിമ പ്രേക്ഷകരെ ഇപ്പോൾ രണ്ടായി തിരിക്കാം. ‘ബാഹുബലി’ കണ്ടവരെന്നും കാണാത്തവരെന്നും. സിനിമ നന്നായി മനസ്സിലാക്കി ആസ്വദിക്കുന്ന എത്രപേർ നമുക്കിടയിൽ ഉണ്ട് എന്ന ചോദ്യത്തിനു തൽക്കാലം പ്രസക്​തിയില്ല. സിനിമ കണ്ടിട്ട് ഒരാവേശത്തിരയിൽ ഒഴുകിയങ്ങനെ നീന്തുകയാണ്. ഒഴുക്കിനനുസരിച്ച് മുന്നോട്ട്നീങ്ങുക എന്നതാണല്ലോ പണ്ടേക്കുപണ്ടേ നമ്മുടെ ശീലം. നാടോടുമ്പോൾ നടുവേ, ദീപസ്​തംഭം മഹാശ്ചര്യം... തുടങ്ങിയ പഴമൊഴികളുടെയത്രയും സന്ദർഭോചിതമായി നാം പ്രയോഗിച്ച ചൊല്ലുകൾ തന്നെയില്ല എന്നു പറയാം.

‘ബാഹുബലി കണ്ടോ...?’  എന്ന ചോദ്യത്തിന്,  ‘കണ്ടു..’  എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ നിങ്ങൾ ചലച്ചിത്ര സംസ്​കാരവും കലാ–സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു വ്യക്​തയാകുന്നു. ‘കണ്ടില്ല...’ എന്നാണ് ഉത്തരമെങ്കിൽ... ‘ഒന്നു കാണേണ്ടതു തന്നെ...’ എന്ന ചാരിതാർത്ഥ്യം നിറഞ്ഞ അഭിപ്രായവും, കാണാനുള്ള ധാർമിക പിന്തുണയും ഒട്ടും വൈകരുതെന്ന ഉപദേശവും സൗജന്യമായി ലഭിക്കും. 

ബാഹുബലി ഒന്നും രണ്ടും കണ്ടവർ സുകൃതം ചെയ്തവർ. എനിക്കു ബാഹുബലി കാണാൻ കഴിഞ്ഞില്ല. അത് എന്‍റെ ദൗർഭാഗ്യമാകാം. ബാഹുബലിയുടെ ഗ്രാഫിക് അതിപ്രസരം ചാനലുകളിൽ ആഞ്ഞുവീശു​േമ്പാൾ അതിരുകൾ തകർക്കുന്ന കൃത്രിമത്വത്തിന്‍റെ ഒരുതരം മനംമടുപ്പാണ് എന്‍റെ മനസ്സിൽ തികട്ടിവന്നത്. അതിമധുരം അഥവാഇരട്ടിമധുരം എന്ന ഔഷധവേര് ചവയ്ക്കുന്നതുപോലെ. അത് മധുരമല്ലല്ലോ. ഒപ്പം എന്‍റെ കോടമ്പാക്കം ഓർമകളിൽ  ഇരുൾ പടർത്തിയ ഒരുകാലത്തിന്‍റെ രൂപം നിഴലിക്കുകയും മനസ്സിൽ അസ്വസ്​ഥതകൾ പുകയുകയുംചെയ്യും. നന്ദികേടിന്‍റെ മുഖമാണ് ആ ഇരുട്ടിന്​.

എൺപതുകളുടെ തുടക്കം. തമിഴ് ഗാനമേളകളിൽ എന്‍റെ സഹോദരി ലതികയ്ക്ക് തിരക്കോടുതിരക്ക്. മിടുമിടുക്കന്മാരായ വാദ്യോപകരണ കലാകാരന്മാരുടെ സാന്നിധ്യം പരിപാടികൾ കൊഴുപ്പിച്ചിരുന്നു. അവരിൽ മിക്കവരും ഇന്ന് ഇളയരാജ, എ.ആർ. റഹ് മാൻ, ഇളയരാജ, ദേവ തുടങ്ങിയ ഉന്നത സംഗീത സംവിധായകരുടെ സംഘങ്ങളിലാണ്. ഒരു ദിവസം എന്‍റെ സുഹൃത്തും ക്ലാറിനറ്റ് വാദകനുമായ ബാബുജി ഒരപരിചിതനെയും കൂട്ടി വീട്ടിൽ വന്നു. അപരിചിതന് ഇരുപതോ ഇരുപത്തൊന്നോ വയസ്സു പ്രായം. ബാബുജിയുടെ മാതൃഭാഷ തെലുങ്കാണ്. എങ്കിലും അദ്ദേഹത്തിന്​ തമിഴും നന്നായി വഴങ്ങും. അപരിചിതനാകട്ടെ തെലുങ്ക് കൂടാതെ ഇംഗ്ലീഷ് മാത്രമേ അറിയൂ. മദിരാശിയിലെ സംഗീത കലാകാരന്മാരിൽ ഇംഗ്ലീഷ് അറിയാവുന്നവർ അക്കാലത്ത് നന്നേ കുറവ്. അപരിചിതൻ സംഗീതത്തിൽ പുലിയാണ്. നന്നായി പാടും, വയലിനും ഹാർമോണിയവും വായിക്കും. പാട്ടുകൾ ചിട്ടപ്പെടുത്തും. യേശുദാസിന്‍റെ  കടുത്ത ആരാധകൻ. അതിനാൽ തൂവെള്ള വസ്​ത്രധാരി. നല്ല കറുപ്പ് നിറമുള്ളയാളുടെ വെള്ളവസ്​ത്രധാരണം ആരിലും കൗതുകം ജനിപ്പിക്കും. 

ആന്ധ്രയിലെ റായലസീമയിലുള്ള സമ്പന്ന കർഷക കുടുംബാംഗമാണ്. ചലച്ചിത്ര സംഗീതത്തിൽ വേരുറപ്പിക്കാൻ അച്ഛനമ്മമാരും സഹോദരങ്ങളും ബന്ധുക്കളുമൊപ്പം മദിരാശിയിലെ കെ.കെ. നഗറിൽ ഒരു വലിയ വീട് വാടകക്കെടുത്ത് താമസം തുടങ്ങി. സംഗീതവും ഇംഗ്ലീഷും അറിയാവുന്ന ഒരു സുഹൃത്തിനെ തേടിയുള്ള വരവാണ്. ബാബുജി ആഗതനെ വിശദമായി എന്നെ പരിചയപ്പെടുത്തി. ആഗതൻ താണുവീണു തൊഴുതു. ആ അമിതവിനയം ഞാൻ ശ്രദ്ധിക്കാതിരുന്നില്ല.

ഏതു സംഗീതജ്​ഞനും കൊതിക്കുന്ന ഒരു ഫോർസെറ്റ് കണ്ണൻ ഹാർമോണിയം അന്ന്​ എനിക്കുണ്ടായിരുന്നു. (പിൽക്കാലത്ത് കൂടുതൽ സ്​നേഹവും കുറച്ചു പണവും തന്ന് രവിയേട്ടൻ (രവീന്ദ്രൻ) അതു സ്വന്തമാക്കിയതു മറ്റൊരു കഥ). ഞാൻ ഹാർമോണിയം അയാൾക്ക​ു മുന്നിൽ വച്ചു. അയാൾ മനോഹരമായി വിരലോടിച്ചപ്പോൾ അഭൗമമായ സംഗീതമാണ്​  ഉയർന്നത്​. ഒപ്പം നന്നായി പാടുകയും ചെയ്തതോടെ എനിക്കും അമ്മയ്ക്കും ലതികയ്ക്കും നല്ല മതിപ്പു തോന്നി. പാട്ടും ഹാർമോണിയം വായനയുമായി നേരം പോയതറിഞ്ഞില്ല. ഉൗണുകാലമായപ്പോൾ അമ്മ എല്ലാവർക്കും ചോറു വിളമ്പി. കേരളപാചകം അയാൾക്ക്​ നന്നേ ഇഷ്ടപ്പെട്ടു. സന്ധ്യ കഴിഞ്ഞപ്പോൾ അയാളെ എന്‍റെ സ്​കൂട്ടറിൽ ഇരുത്തി ഞാൻ കെ.കെ. നഗറിലെ വീട്ടിൽ കൊണ്ടുവിട്ടു. വീട്ടുകാരെ മുഴുവൻ എനിക്കു പരിചയപ്പെടുത്തി. അച്ഛൻ ശിവദത്ത നല്ല ചിത്രകാരനും കവിയുമാണ്. ദത്തയുടെ അനുജൻ വിജയേന്ദ്ര പ്രസാദ് കഥാകാരൻ. അച്ഛനും അമ്മയും മറ്റെല്ലാ കുടുംബാംഗങ്ങളും വെളുത്തു ചുവന്നു തുടുത്തിട്ടാണ്. അയാൾ മാത്രം മറ്റുള്ളവരിൽനിന്ന്​ വേറിട്ടു നിന്ന​ു.
ബാഹുബലിയുടെ സംവിധായകൻ രാജമൗലിയും തിരക്കഥ രചയിതാവ് കീരവാണിയും
 

അടുത്ത ദിവസം രാവിലെ തന്നെ അയാൾ എന്‍റെ വീട്ടിലെത്തി. കുടുംബാംഗങ്ങളെല്ലാം വെളുത്തവരായിട്ടും താൻ മാത്രമെന്തേ കറുത്തതായി കാണപ്പെട്ടു എന്ന എന്‍റെ കുസൃതിച്ചോദ്യത്തിനു ലഭിച്ച ഉത്തരം ദുഃഖകരമായിരുന്നു. വെളുത്തു തുടുത്ത ശിവദത്തയുടേയും ഭാര്യയുടേയും സീമന്തപുത്രനാണ് അയാൾ.  കുട്ടി കറുത്തതാണെന്നു കണ്ടപ്പോൾ ശിവദത്ത വീട്ടിൽ നിന്നു പിണങ്ങി ഒരു ബന്ധുവീട്ടിൽ മാറി താമസിച്ചു. വീട്ടുകാർ എത്ര ശ്രമിച്ചിട്ടും പിണക്കം അവസാനിപ്പിക്കാൻ കഴിഞ്ഞില്ല. ഭാര്യയുടെ അപ്പുപ്പൻ കറുത്തയാളായിരുന്നെന്നും പാരമ്പര്യമായി ആ നിറം വരുംതലമുറയിൽ സംഭവിക്കാമെന്നുമുള്ള ഡോക്ടറുടെ വിശദീകരണത്തിലാണ് ശിവദത്തയുടെ പിണക്കം മാറിയത്. എങ്കിലും എട്ടു വയസ്സുവരെ മകനെ ശിവദത്ത ലാളിക്കുകയോ നോക്കുക പോലുമോ ചെയ്തിരുന്നില്ല. അയാളുടെ സംഗീതാഭിരുചിയാണ് അച്ഛനെ മകനുമായി പിന്നീട് അടുപ്പിച്ചത​െത്ര.

കുടുംബപുരാണത്തിനു ശേഷം ഹാർമോണിയത്തിൽ വിരലോടിച്ച് ലതാ മങ്കേഷ്കറിന്‍റെ ഒരു മനോഹരമായ ഗാനം അയാൾ പാടി. ആ പാട്ട് ലതികയെ പഠിപ്പിച്ച് എന്‍റെ ടേപ് റെക്കോഡറിൽ റെക്കോഡ് ചെയ്ത് കൊണ്ടുപോയി. അടുത്ത ദിവസവും അദ്ദേഹമെത്തി. തമിഴ് നിശ്ചയമില്ലാത്തതു കൊണ്ട് മദിരാശിയിൽ അയാളുടെ സുഹൃത്ത് ഞാൻ മാത്രമായി. വീട്ടിലെ സംഗീതാന്തരീക്ഷം ആ സൗഹൃദം ദൃഢമാക്കി. പുതിയൊരീണം ചിട്ടപ്പെടുത്തുകയും അതു ലതികയെ കൊണ്ടു പാടിച്ച് റെക്കോഡ് ചെയ്യുകയും പതിവായി. മൂന്നുറിലധികം പാട്ടുകളെങ്കിലും അങ്ങനെ പാടിച്ചിട്ടുണ്ടാകും. മിക്ക പാട്ടിന്‍റെയും രചന അച്ഛൻ ശിവദത്ത തന്നെയായിരിക്കും. എപ്പോഴെങ്കിലും പ്രയോജനപ്പെടുമെന്ന കണക്കുകൂട്ടലിൽ ഞാനും പുതിയ ഈണങ്ങൾ ചിട്ടപ്പെടുത്തി വയ്ക്കുന്ന ശീലമുണ്ടായിരുന്നു. അതിൽ ഇഷ്ടപ്പെട്ടതൊക്കെ അയാൾ തന്‍റെ സംഗീത ശേഖരത്തിൽ സൂക്ഷിച്ചുവച്ചു. ലതികയുടെ തെലുങ്ക് ഉച്ചാരണം വളരെ ശുദ്ധമാണെന്ന് അയാളുടെ വീട്ടുകാർ മുഴുവൻ അംഗീകരിച്ചു. ക്രമേണ ഞാനും അമ്മയും ലതികയും അയാളുടെ വീട്ടിലെ സന്ദർശകരായി. ഞങ്ങളുടെ സാന്നിധ്യം അവരെല്ലാം വളരെയധികം ഇഷ്ടപ്പെട്ടിരുന്നു.

സ്വന്തമായി ഒരു സിനിമ നിർമിക്കാനുള്ള ഉദ്ദേശത്തോടെയാണ് എല്ലാവരും വന്നിരിക്കുന്നതെന്ന് അമാവാസി പിന്നീടു പറഞ്ഞു. അയാ​െള സംഗീത സംവിധായകനായി കോടമ്പാക്കത്തു പ്രതിഷ്ഠിക്കുകയായിരുന്നു സിനിമാ നിർമാണത്തിലൂടെ കുടുംബം ലക്ഷ്യമിട്ടത്. മദിരാശിയിലെ തരംഗിണിയിൽ ആദ്യഗാനം ലതിക പാടി റെക്കോഡ് ചെയ്തു. തുടർന്ന് അന്നു തന്നെ രണ്ടു പാട്ടുകൾ കൂടി റെക്കോഡ്​ ചെയ്​തു. ചിത്രത്തി​​െൻറ പേര് ‘ഏഴുകൊണ്ടല സാമി’. ഏറ്റവും വലിയ ഓർക്കസ്​ട്രയായിരുന്നു റെക്കോഡിംഗിന് ഉപയോഗിച്ചത്. എല്ലാവരും പുതിയ സംഗീത സംവിധായകന്‍റെ കഴിവിനെ അങ്ങേയറ്റം വാഴ്ത്തി. പക്ഷേ കോടമ്പാക്കത്ത് ഒന്നും സംഭവിച്ചില്ല. ചിത്രം പുറത്തു വന്നതുമില്ല. ഞാനുമായുള്ള സൗഹൃദം തുടർന്നും പുതിയ ഈണങ്ങൾ മെനഞ്ഞും അയാൾ  കാലംകഴിച്ചു. ഇതിനിടയിൽ ഞങ്ങൾ താമസം വണ്ണിയർ സ്​ട്രീറ്റിലേക്കു മാറ്റി. അപ്പോഴ​ം അയാൾ പുതിയ വീട്ടിലും സന്ദർശനം തുടർന്നു. ഒരു ദിവസം അയാൾ ഒരു കാര്യം പറഞ്ഞു.

‘ഇന്ന് എ​​െൻറ പതിവ്​ സന്ദർശനത്തിൻറ അവസാന ദിവസമാണ്. ഇനി മുതൽ മാസത്തിൽ ഒരു ദിവസമേ ഞാൻ വരൂ. നാളെ മുതൽ ചക്രവർത്തി എന്ന തെലുങ്ക് മ്യൂസിക് ഡയറക്ടറുടെ സഹായിയായി ചുമതലയേൽക്കുകയാണ്. ദിവസവും റെക്കോഡിംഗ് ഉണ്ടാകും. മാസത്തിൽ ഒരു ദിവസമാണ് അവധി. അന്ന് ഞാൻ ബാബുവിനൊപ്പം ഇവിടെയുണ്ടാകും. ചക്രവർത്തിയുടെ റെക്കോഡിംഗ് സ്​റ്റുഡിയോ, മ്യൂസിക് ഫാക്ടറി എന്നാണ് കോടമ്പാക്കത്ത് അറിയപ്പെട്ടിരുന്നത്. ഒരു ഫാക്ടറിയിൽ ജോലി നടക്കുന്നതുപോലെ നിത്യവും അവിടെ റെക്കോഡിംഗ് നടന്നുകൊണ്ടേയിരിക്കും. പറഞ്ഞതുപോലെ പിന്നീട് മാസത്തിൽ ഒരു തവണയായി അയാളുടെ സന്ദർശനം ചുരുങ്ങി. പുതിയ അനുഭവങ്ങളുടെ വിശേഷങ്ങൾ ഓരോ സന്ദർശനത്തിലും അയാൾ ഞാനുമായിപങ്കുവച്ചു. ഒരു അവധിദിവസം ഒരു സന്തോഷവാർത്തയുമായാണ് അദ്ദേഹം വീട്ടിൽവന്നത്.

‘ബാബൂ, എനിക്കു രണ്ടു തെലുങ്ക് ചിത്രങ്ങൾ ലഭിച്ചു. രണ്ടും വലിയ കമ്പനിയുടെ ചിത്രങ്ങൾ. ഏറ്റവും പ്രശസ്​തരായ നടീനടന്മാരാണ് അഭിനയിക്കുന്നത്. രണ്ടു ചിത്രങ്ങളും നൂറു ദിവസങ്ങൾ ഓടുമെന്നു തീർച്ച. ഈ രണ്ടു ചിത്രങ്ങളിലും എസ്​.പി. ബാലസുബ്രണ്യവും പി സുശീലയുമാകും ഗായകർ. അവരാണ് തെലുങ്കിൽ ഏറ്റവും കൂടുതൽ പോപുലർ. അതു കഴിഞ്ഞാൽ എനിക്ക് ഒരുറച്ച മേൽവിലാസം തെലുങ്കിൽ ലഭിക്കും. അടുത്ത ചിത്രം മുതൽ ലതികയാവും എൻറെ ഗായിക. അപ്പോൾ ലതിക ജോലി രാജിവച്ച് മദിരാശിയിൽ തന്നെ സ്​ഥിരമായി ഉണ്ടാകണം. (ലതികയ്ക്ക് ഇതിനിടയിൽ പാലക്കാട് ചെമ്പൈ സംഗീത കോളജിൽ ജോലി ലഭിച്ചിരുന്നു.)

കീരവാണി
 


പറഞ്ഞതുപോലെ രണ്ടു ചിത്രങ്ങളും നൂറു ദിവസം ഓടി. തുടർന്ന് അയാൾക്ക്​ നിരവധി ചിത്രങ്ങൾ! പിന്നീട്​ കൊഴിഞ്ഞു പോയത് മാസങ്ങൾ! വർഷങ്ങൾ! അയാൾ തമിഴും മലയാളവും കന്നഡയും ഹിന്ദിയും ഉൾപ്പെടെ വിവിധ ഭാഷകളിൽ കത്തിക്കയറി. എന്‍റെ  വീട്ടിലിരുന്ന്​ ലതികയെക്കൊണ്ട് പാടിച്ച് ടേപ്പിൽ പകർത്തിയ നിരവധി ഗാനങ്ങൾ പിൽക്കാലത്ത് എസ്.​പി. ബിയും സുശീലയും ചിത്രയും പാടിയതു ഞാൻ കേട്ടു. അക്കൂട്ടത്തിൽ എന്‍റെ ട്യൂണുകളും ഉണ്ടായിരുന്നു. പക്ഷേ, പിന്നീട് ഒരിക്കലും അയാൾ എന്നെ തേടിവന്നില്ല. പല ദുരനുഭവങ്ങളും കോടമ്പാക്കത്ത് എനിക്കു ഉണ്ടായിട്ടുണ്ടെങ്കിലും അയാൾ സമ്മാനിച്ച ആഘാതം ചെറുതായിരുന്നില്ല. ഒടുവിൽ, സിനിമ അങ്ങനെയാണ്... അവിടെ ഓർമ്മകളില്ല.. കടപ്പാടുകളില്ല... നന്ദിയില്ല... അവയൊന്നും ഒരിക്കലും പ്രതീക്ഷിക്കരുത് തുടങ്ങിയ പാഠങ്ങൾ പഠിച്ചു. സിനിമയോട് വെറുപ്പ് തോന്നി ഞാൻ പത്രപ്രവർത്തനത്തിലേക്കു കളംമാറിയതിനു പിന്നിൽ അയാൾ  സമ്മാനിച്ച ആഘാതവുമുണ്ട്.

ബാഹുബലി ഒന്നും രണ്ടും സംഗീത സംവിധാനം നിർവഹിച്ചത് അയാളാണ്​. ‘ കീരവാണി..!’. ബാഹുബലിയുടെ കഥയും തിരക്കഥയും നിർവഹിച്ചത് കീരവാണിയുടെ ഇളയച്ഛൻ വിജയേന്ദ്ര പ്രസാദ്– ഞാൻ കെ.കെ. നഗറിൽ പരിചയപ്പെട്ട കഥാകാരൻ. വിജയേന്ദ്ര പ്രസാദിന്‍റെ മകനാണ് ബാഹുബലിയുടെ സംവിധായകൻ രാജമൗലി. ബാഹുബലിയെന്നു കേൾക്കുമ്പോൾ എന്‍റെ മനസ്സിൽ ഇരുൾ പടർത്തിയ ഒര​ു കാലമാണ്​ തെളിഞ്ഞു വരുക. ഇൗ  ഒാർമകൾക്ക്​ എന്നോട് നിങ്ങൾ ക്ഷമിക്കുക. 

Tags:    
News Summary - Kodampakkam Movies Stories -Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.