മട്ടാഞ്ചേരി: മലയാള സിനിമയിൽ മാറ്റത്തിന് തുടക്കംകുറിച്ച് നാല് ദേശീയ അവാർഡുകൾ മലയാളക്കരയിലേക്ക് എത്തിച്ച ടി.കെ. പരീക്കുട്ടി എന്ന നിർമാതാവ് ഓർമയായിട്ട് ചൊവ്വാഴ്ച 51 വർഷം പിന്നിടുന്നു. പരീക്കുട്ടിയുടെ ചന്ദ്രതാര ഫിലിംസിെൻറ ബാനറിൽ നിർമിച്ച ഒമ്പത് ചിത്രങ്ങളിൽ നാലെണ്ണം ദേശീയതലത്തിലും സംസ്ഥാനതലത്തിലും പുരസ്കാരങ്ങൾ നേടിയപ്പോൾ അഞ്ച് ചിത്രങ്ങൾ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി.
ഹിന്ദി, തമിഴ് സിനിമകളുടെ റീമേക്കായി മലയാള സിനിമകൾ നിലനിന്ന കാലത്താണ് പരീക്ഷണവുമായി ടി.കെ. പരീക്കുട്ടിയുടെ കടന്നുവരവ്. മലയാളത്തനിമയുള്ള കഥകളും ഗാനങ്ങളുംതന്നെ തെൻറ സിനിമയിൽ വേണമെന്ന് നിശ്ചയിച്ചുറപ്പിച്ച പരീക്കുട്ടിയുടെ ആദ്യസിനിമ 1954ൽ പുറത്തിറങ്ങിയ നീലക്കുയിൽ ആണ്. ഈ ചിത്രത്തിലൂടെ ആദ്യമായി മികച്ച സിനിമക്കുള്ള ദേശീയ പുരസ്കാരം തെന്നിന്ത്യയിലേക്ക് എത്തിക്കാൻ പരീക്കുട്ടിക്ക് കഴിഞ്ഞു. മലയാള മണ്ണിെൻറ സ്വന്തം ഇൗണവും രാഗവും താളവും മാധുര്യവും നിറഞ്ഞ നീലക്കുയിലിലെ ഗാനങ്ങൾ മലയാളക്കര ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
1961ൽ പുറത്തിറങ്ങിയ മുടിയനായ പുത്രനും തച്ചോളി ഒതേനൻ (1963), കുഞ്ഞാലി മരക്കാർ (1967) സിനിമകളും ദേശീയ അവാർഡുകൾ കേരളത്തിലെത്തിച്ചു. കേരളത്തിെൻറ ആദ്യ ബിഗ് ബജറ്റ് ചിത്രമായ തച്ചോളി ഒതേനൻ, പ്രേതകഥയെ ആസ്പദമാക്കി മലയാളത്തിൽ ആദ്യമായി ചിത്രീകരിച്ച ഭാർഗവി നിലയം എന്നിവ അക്കാലത്ത് വൻ ഹിറ്റായി. സാഹിത്യകാരന്മാരുടെ സൃഷ്ടികൾ മലയാള സിനിമയിൽ ആദ്യം ചിത്രീകരിച്ചതും പരീക്കുട്ടിയായിരുന്നു. വൈക്കം മുഹമ്മദ് ബഷീർ, ഉറൂബ്, തോപ്പിൽ ഭാസി എന്നിവർ പരീക്കുട്ടിക്കുവേണ്ടി തിരക്കഥയെഴുതി. ഇരട്ട സംവിധായകരെവെച്ച് ഇന്ത്യയിൽ ആദ്യമായി സിനിമ നിർമിച്ചു. രാമു കാര്യാട്ടും പി. ഭാസ്കരനും ചേർന്നാണ് സിനിമ സംവിധാനം ചെയ്തത്.
സംസ്ഥാനത്ത് ആദ്യമായി 70 എം.എം വിസ്താരമേറിയ സ്ക്രീനോടുകൂടിയ തിയറ്റർ നിർമിച്ചതും പരീക്കുട്ടിതന്നെ. ഫോർട്ട്കൊച്ചി അമരാവതിയിലെ പഴയ സൈന തിയറ്റർ ഇന്ന് കോക്കേഴ്സാണ്. ഈ തിയറ്റർ പരീക്കുട്ടിയുടെ സ്മാരകമായി സംരക്ഷിക്കുമെന്ന് നഗരസഭ അധികൃതർ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപടി ആരംഭിച്ചിട്ടില്ല.
നിർമിക്കുക, പ്രവർത്തിപ്പിക്കുക, തിരികെ കൈമാറുക (ബി.ഒ.ടി) എന്ന കരാർ അടിസ്ഥാനത്തിൽ അക്കാലത്ത് പരീക്കുട്ടി നിർമിച്ച ഈ തിയറ്റർ ഇപ്പോൾ കൊച്ചി നഗരസഭയുടെ കൈവശമാണെങ്കിലും വർഷങ്ങളായി പൂട്ടിയിരിക്കുകയാണ്. തിയറ്റർ പുനർനിർമിച്ച് പരീക്കുട്ടിയുടെ സ്മാരകമായി നിലനിർത്തണമെന്നാണ് കലാപ്രേമികൾ ആവശ്യപ്പെടുന്നത്. ഫോർട്ട്കൊച്ചി മുനിസിപ്പൽ കൗൺസിലർ കൂടിയായിരുന്നു പരീക്കുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.