വലിയ താരനിരയില്ലാതെ, മുതൽ മുടക്കില്ലാതെ ഇറങ്ങിയ സിനിമയാണ് ‘ചാലക്കുടിക്കാരൻ ചങ്ങാതി’. പക്ഷേ, ഇന്ന് ആ സിനിമ ജനം ഏറ്റെടുത്തു. ജനകീയ വിജയം എന്നു വിളിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. സാധാരണക്കാരായ ഓട്ടോ തൊഴിലാളികളും കൂലിപ്പണിക്കാരും വീട്ടമ്മമാരും തിയറ്ററിൽ എത്തുന്ന കാഴ്ച അപൂർവമാണ്. സാധാരണക്കാരിൽ ഒരാളായിരുന്നു കലാഭവൻ മണിയും. അതുകൊണ്ടാണ് അദ്ദേഹത്തെ ജനങ്ങൾ ഇഷ്ടപ്പെട്ടത്. നാല് തമിഴ് ചിത്രങ്ങൾ അടക്കം 41ാമത്തെ സിനിമയാണ് ‘ചാലക്കുടിക്കാരൻ ചങ്ങാതി’. സിനിമ കണ്ടിട്ട് ഒത്തിരിപ്പേർ വിളിക്കുന്നുണ്ട്. ഇതുവരെ ചെയ്തതിൽവെച്ച് ഏറ്റവും സന്തോഷം നൽകിയത് കൂടിയാണിത്.
അനശ്വര കലാകാരൻ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ എടുത്തത്. ഇത് ഒരു ബയോപിക് അല്ല. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ പെട്ടുപോയേനെ. ഇപ്പോൾതന്നെ സി.ബി.ഐ സിനിമയുടെ ക്ലൈമാക്സ് എന്താ അങ്ങനെ എടുത്തത് എന്ന് ചോദിച്ച് വിളിപ്പിച്ചിരുന്നു. അതെെൻറ വ്യക്തിപരമായ ആശയം മാത്രമായിരുന്നെന്ന് അവർക്ക് മറുപടിയും നൽകി. ആദ്യമായാണെന്ന് തോന്നുന്നു സിനിമയുടെ ക്ലൈമാക്സ് കണ്ടിട്ട് അന്വേഷിക്കാൻ സി.ബി.െഎ മുതിരുന്നത്.
മറ്റൊരു കാര്യം തിയറ്ററുകാരുടെ മാറ്റമാണ്. സാധാരണ അവരെക്കുറിച്ച് പരാതികൾ മാത്രമേ ഉണ്ടാകൂ. ഈ സിനിമക്ക് അവർ നൽകുന്ന പിന്തുണ വലുതാണ്. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ സിനിമപോലെ വലിയ ഇടംകിട്ടി. ഓരോ ദിവസവും കലക്ഷൻ കൂടുതൽ കിട്ടുന്നു. പുതുമുഖ നടൻ സെന്തിൽ കൃഷ്ണയാണ് (രാജാമണി) മണിയായി വേഷമിടുന്നത്. അദ്ദേഹത്തെ നായകനാക്കാൻ തീരുമാനിച്ചപ്പോൾ പലരും എതിർത്തു. പക്ഷേ, സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ തീരുമാനം തെറ്റിയില്ലെന്ന് മനസ്സിലായി. അത്രക്ക് ഗംഭീരമാണ് രാജാമണിയുടെ അഭിനയം.
സിനിമ ഇറങ്ങിക്കഴിഞ്ഞ് ഞങ്ങൾ ചാലക്കുടിയിൽ തിയറ്ററുകളിൽ പോയിരുന്നു. സിനിമ കണ്ടിറങ്ങുന്നവർ രാജാമണിയെ കരഞ്ഞു കൊണ്ടാണ് കെട്ടിപ്പിടിക്കുന്നത്. ചെറിയ നെഗറ്റിവ് ഛായയുള്ള കഥാപാത്രമായിരുന്നു ഹണി റോസിേൻറത്. ഈ വേഷത്തിനുവേണ്ടി വിളിച്ചപ്പോൾ തടസ്സമൊന്നും പറയാതെ ഹണി എത്തി. അവർക്കും ഒരുപാട് അഭിനന്ദനങ്ങൾ കിട്ടുന്നുണ്ട്.
കലാഭവൻ മണിയുടെ കുടുംബം സിനിമ കണ്ടിട്ടില്ല. അവർക്കതിനുള്ള കരുത്തില്ലെന്നാണ് പറഞ്ഞത്. മണിയുടെ സഹോദരൻ രാമകൃഷ്ണൻ വിളിച്ചിരുന്നു. സിനിമ കാണാം എന്ന് പറഞ്ഞിട്ടുണ്ട്. ‘ചാലക്കുടിക്കാരൻ ചങ്ങാതി’ തമിഴിലേക്ക് റീമേക്ക് ചെയ്യണം. അതിെൻറ ചർച്ച പുരോഗമിക്കുന്നു. ‘ആകാശ ഗംഗ’യുടെ രണ്ടാം ഭാഗത്തെക്കുറിച്ചും ആലോചന ഉണ്ട്. അതിനുപുറമെ, രാജാമണിയെ നായകനാക്കി സിനിമ ചെയ്യണം. അങ്ങനെ മൂന്ന് നാല് സിനിമകൾ മനസ്സിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.