ആ മഴയത്ത് -റിവ്യു

ബ്യാരി ഭാഷയിലെ ആദ്യ ചലച്ചിത്രമായ ബ്യാരി സംവിധാനം ചെയ്തുകൊണ്ടായിരുന്നു കെ.പി സുവീരൻ എന്ന മലയാളം നാടക സംവിധായകൻ ചലച്ചിത്ര മേഖലയിലേക്ക് കടന്നുവന്നത്. ബ്യാരി ജനവിഭാഗത്തിലെ ഒരു പെൺകുട്ടി അഭിമുഖീകരിക്കുന്ന വിവാഹമോചന പ്രശ്നത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം 2011ലെ ദേശീയ ചലചിത്രപുരസ്കാരത്തിൽ മികച്ച സിനിമക്കുള്ള പുരസ്കാരം നേടി. ബ്യാരിക്ക്‌ ശേഷം  കെപി സുവീരൻ ഒരുക്കിയ ആദ്യ മലയാള ചിത്രമാണ് 'മഴയത്ത്'. മറ്റൊരു തലത്തിൽ അദ്ദേഹത്തിന്‍റെ ആദ്യ വാണിജ്യ സിനിമ എന്നും പറയാം. വേണുഗോപാൽ എന്ന മധ്യവർഗ ഗൃഹനാഥനും അയാളുടെ ഭാര്യ അനിതയും മകൾ ഉമ്മി എന്നു വിളിക്കുന്ന ശ്രീലക്ഷ്മിയും അടങ്ങിയ കുടുംബത്തിനെ കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്. 

പേരുപോലെതന്നെ ഒരു മഴക്കാലത്ത് അച്ഛനമ്മമാരുടെ പ്രിയപ്പെട്ട മകൾ ഉമ്മിയുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യമാണ് സിനിമ പറയുന്നത്. വേണുഗോപാൽ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്, അനിത ഒരു ജോലി കണ്ടെത്തി സ്വന്തം കാലിൽ നിൽക്കാനും ശ്രമിക്കുന്നു. മകൾ ഉമ്മിയാകട്ടെ അതിതീവ്രമായ അച്ഛൻ-മകൾ ബന്ധം കാത്തു സൂക്ഷിക്കുന്നവളും.  വലിയ ബുദ്ധിമുട്ടുകളൊന്നും ഇല്ലാത്ത വിധത്തിൽ സന്തോഷകരമായി ആ കുടുംബം മുമ്പോട്ടുപോകുന്ന സമയത്താണ് അവിടെ അപ്രതീക്ഷിതമായി ചിലത് സംഭവിക്കുന്നത്. അതോടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ, പിണക്കങ്ങൾ, സമൂഹത്തിന് മുമ്പിലെ തെറ്റുകാരനെന്ന നിലയിലുള്ള അയാളുടെ ചിത്രീകരണം എന്നിങ്ങനെ തുടങ്ങി കഥ വികസിക്കുന്നു. അയാൾ എന്ത് ചെയ്തു, അതെങ്ങനെ അയാളുടെ കുടുംബത്തിൽ മാറ്റം വരുത്തി, സംഭവിച്ചതെന്താണ്  എന്നിങ്ങനെയുള്ള മൂന്ന് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് മഴയത്ത് പറയുന്നത്. 

ചിത്രത്തിൽ വേണു ആയി എത്തുന്നത് നികേഷ് റാം ആണ്. തമിഴ് സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന നികേഷ് റാമിന്‍റെ കൈകളിൽ  വേണുഗോപാൽ എന്ന കഥാപാത്രവും കഥാപാത്രത്തിന്‍റെ വൈകാരിക മനോഭാവങ്ങളും, പ്രകടനങ്ങളും സുരക്ഷിതമായിരുന്നു. അതുപോലെ എ.ബി.സി.ഡിയിലൂടെ സിനിമാ ലോകത്തേക്ക് കടന്നുവന് അപർണയാണ് അനിത എന്ന കഥാപാത്രം ചെയ്തിരിക്കുന്നത്. ആഴമേറിയ കഥാസന്ദർഭങ്ങളും, സന്ദർഭങ്ങൾക്ക് അനുസരിച്ചുള്ള കഥാപാത്രത്തിന്‍റെ വൈകാരികതയും  അപർണയുടെ അഭിനയജീവിതത്തിൽ ഒരു മികച്ച നാഴികക്കല്ല് എന്ന രീതിയിൽ  തിളങ്ങിനിൽക്കുന്നു. മകൾ ഉമ്മിയായി നന്ദന വർമ്മ മികച്ചു നിൽക്കുന്നു. സസ്പെൻസ്  നിലനിർത്തുമ്പോൾ തന്നെ വൈകാരികമുഹൂർത്തങ്ങൾ ചോർന്നുപോവാതെ, യാതൊരു ഗിമ്മിക്കുകളും ഉപയോഗിക്കാതെ കഥപറച്ചിലിന് ഇടയിൽ ത്രില്ലർ കൊണ്ടുവരുവാൻ സംവിധായകന് സാധിച്ചു എന്നത് അഭിനന്ദനാർഹമാണ്. സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലാത്ത ഇന്നത്തെക്കാലത്ത് മഴയത്ത് ഒരു അനിവാര്യ ചിത്രം കൂടിയാണ്. 

സാമൂഹ്യപ്രസക്തിയുള്ള സമകാലിക വിഷയത്തിന്‍റെ കാതൽ ചോർന്നു പോകാതെ തന്നെ സിനിമ അതിന്റെതായ കഥാപറച്ചിലുകളുമായി മുമ്പോട്ട് പോകുന്നു. അതുകൊണ്ടുതന്നെ പെൺമക്കളുള്ള അച്ഛനമ്മമാർ നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണ് മഴയത്ത് എന്ന് നിസ്സംശയം പറയാം. ഗപ്പി ക്കുശേഷം  നന്ദന വർമ്മ ചെയ്ത മികച്ച കഥാപാത്രം തന്നെയാണ് ഇതിലെ ഉമ്മി. ഇവർക്കുപുറമേ  മനോജ് കെ ജയൻ ശക്തമായ പോലീസ് ഓഫിസർ കഥാപാത്രവുമായി എത്തുന്നു. ശാന്തി കൃഷ്ണയുടെ അനാമിക എന്ന കഥാപാത്രവും പ്രേക്ഷക അഭിപ്രായത്തിൽ മുമ്പിട്ടു നിൽക്കുന്നു. കൂടാതെ ശിവജി ഗുരുവായൂർ, സോന നായർ, നന്ദു, സുനിൽ സുഖദ തുടങ്ങിയ ഒരു നീണ്ട താരനിര തന്നെയുണ്ട്  സിനിമയിൽ. സിനിമയിലെ കെപി സുവീരന്‍റെ തിരക്കഥ വൈകാരിക പരമായി പ്രേക്ഷകന്‍റെ മനസ്സിൽ തൊടുന്ന രീതിയിൽ തന്നെ നിലനിൽക്കുന്നു. ഛായാഗ്രഹകൻ മുരളീകൃഷ്ണന്‍റെ ഛായാഗ്രഹണം സിനിമ ആവശ്യപ്പെടുന്ന തരത്തിൽ, നിലവാരം ഉയർത്തുന്നത് തന്നെയായിരുന്നു. കഥാപാത്രങ്ങളുടെ  വൈകാരികതകൾ മികച്ച രീതിയിൽ തന്നെ ക്യാമറ കണ്ണുകളിലൂടെ ഛായാഗ്രഹകൻ ഒപ്പിയെടുത്തിരിക്കുന്നു. 

ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതം,വിജയകുമാറിന്റെ എഡിറ്റിംഗ് എന്നിവയെല്ലാം മികവുറ്റതായിരുന്നു. കഥപറച്ചിലിനും, സുഖമമായ കഥയുടെ കാഴ്ചയ്ക്കും പ്രേക്ഷകർക്ക് അവസരമൊരുക്കി എന്നതിൽ നമുക്കവരോട് നന്ദിപറയാം .ബ്യാരി എന്ന ചിത്രം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും മലയാളികളെ സംബന്ധിച്ചെടുത്തോളം കെപി സുവീരൻ എന്ന സംവിധായകൻ  എത്രത്തോളം പ്രേക്ഷകർക്ക് പരിചിതനാണെന്നു അറിയില്ല. അത്തരത്തിൽ നോക്കുകയാണെങ്കിൽ സുവീരൻ എന്ന സംവിധായകനെ പ്രേക്ഷകർക്ക് അറിയാനുള്ള ഒരു അവസരം കൂടിയാണ് സ്പെൽ ബൗണ്ട് റിലീസ് നിർമ്മിച്ച മഴയത്ത് എന്ന ഈ ചിത്രം. 

Tags:    
News Summary - Mazhayath Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.