‘ഇമൈക്കാ നൊടികൾ’ എന്നാൽ മിഴിയടയ്ക്കാനാവാത്ത നിമിഷങ്ങൾ ആണ്. Blinkless seconds.. നയൻതാരയെയും അനുരാഗ് കാശ്യപിനെയും മുഖ്യകഥാപാത്രങ്ങളാക്കിക്കൊണ്ട് അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്തിരിക്കുന്ന ‘ഇമൈക്കാനൊടികൾ’ പേരിനെ അന്വർത്ഥമാക്കും വിധം ഇമവെട്ടാനാവാതെ സീറ്റിന്റെ അറ്റത്തേക്ക് തള്ളിയിരുത്തി പ്രേക്ഷകനെ വരിഞ്ഞുമുറുക്കുന്ന ഒന്നാംതരമൊരു ത്രില്ലർ ആണ്. ഈയടുത്തകാലത്ത് കണ്ട ഏറ്റവും നല്ല തമിഴ് സിനിമ എന്നും പറയാം..
170 മിനിറ്റ് ദൈർഘ്യമുള്ള ബോറടിപ്പിച്ച് കൊല്ലുകയോ തലവേദന സമ്മാനിക്കുകയോ ചെയ്യുമെന്ന മുൻവിധിയോടെ ആണ് തിയറ്ററിലേക്ക് കയറിയതെങ്കിലും സീറ്റിലിരിക്കുന്ന നിമിഷത്തിൽ തന്നെ സൈക്കോപാത്തായ രുദ്ര എന്ന വില്ലൻകഥാപാത്രത്തെയും സീരിയൽ കില്ലറായ അയാളുടെ അഴിഞ്ഞാട്ടങ്ങളെയും ഒരു കിഡ്നാപ്പിംഗ്- പ്ലസ് -കൊലപാതകത്തിലൂടെ ഇൻട്രൊഡ്യൂസ് ചെയ്തുകൊണ്ട് സിനിമയുടെ ഫ്ലോയിലേക്ക് വലിച്ചിടുകയാണ് സംവിധായകൻ. കില്ലർ ആരെന്ന് ഒരു കൺഫ്യൂഷനും ഇട്ടുപോവാതെ അപ്പോൾ തന്നെ അത് അനുരാഗ് കശ്യപ് ആണെന്ന് പ്രേക്ഷകന്റെ മുന്നിൽ വെളിപ്പെടുത്താനും സംവിധായകൻ മടിക്കുന്നില്ല. തുടർന്നങ്ങോട്ട് രണ്ടേമുക്കാൽ മണിക്കൂർ നേരം രുദ്രയുടെ വിളയാട്ടം തന്നെ കാണാം..
അഞ്ജലി വിക്രമാദിത്യൻ എന്ന സിബിഐ ഓഫീസറെ വെല്ലുവിളിച്ചുകൊണ്ടാണ് രുദ്രയുടെ എല്ലാ നീക്കങ്ങളും.. രണ്ടുപേരും തമ്മിലുള്ള ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിമായിട്ടാണ് സിനിമ മുന്നോട്ടുപോവുന്നത് എന്ന് പറയുമ്പോൾ അത് എങ്ങനെയാവും മുന്നോട്ട് പോവുകയെന്ന് നമ്മൾക്ക് ഒരു ധാരണയൊക്കെ ഉണ്ടാവും.. പക്ഷേ, തിരക്കഥാകൃത്ത് കൂടി ആയ സംവിധായകൻ പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടും വിധമാണ് കഥാഗതിയെ നിയന്ത്രിച്ച് സംഭവപരമ്പരകളെയും വഴിത്തിരിവുകളെയും വിന്യസിച്ചുകൊണ്ട് നിമിഷങ്ങളെ മിഴിപൂട്ടാത്തതാക്കി തീർക്കുന്നത്..
ഗംഭീരമായി ഹാർഡ് വർക്ക് ചെയ്ത് മെനഞ്ഞെടുത്ത തിരക്കഥയും കൃത്യമായ അടിത്തറയും പശ്ചാത്തലവും വ്യക്തിത്വവുമുള്ള കഥാപാത്രങ്ങളുമാണ് ഇമൈക്കാനൊടികളുടെ ഹൈലൈറ്റ്. മുരുഗദോസ്ശിഷ്യനായ അജയ് ജ്ഞാനമുത്തുവിന്റെ മേക്കിംഗാണെങ്കിൽ പക്കാ സ്റ്റൈലിഷ്. കേവലമൊരു മർഡറർ-പോലീസ് സ്റ്റോറിക്കപ്പുറം മിസ്റ്ററി, ഫാമിലിസെന്റിമെന്റ്സ്, ലവ്, ത്രില്ലർ ട്രാക്കുകളൊക്കെ നന്നായി വർക്കൗട്ട് ചെയ്യിക്കാനായി എന്നത് സിനിമയെ ഒരു ടോട്ടൽ എന്റർടൈനിംഗ് പാക്കേജാക്കി മാറ്റുന്നു…
കൊലപാതകങ്ങളിൽ ഞെട്ടി പോലീസും ജനങ്ങളും സിനിമയും വലിഞ്ഞുമുറുകി നിൽക്കുമ്പോൾ പെട്ടെന്ന് അഞ്ജലിയുടെ അനിയൻ അർജുനും കൃതികയും തമ്മിലുള്ള ഒരു ലവ് ട്രാക്ക് കടന്നുവരുന്നുണ്ട് അരമണിക്കൂറോളം.. പടമൊന്ന് തണുത്ത് ഇയാളിതെന്ത് വെറുപ്പിക്കലാന്ന് ചിന്തിക്കാൻ തുടങ്ങുമ്പോഴേക്കും പ്രണയിതാക്കളെ രണ്ടുപേരെയും മെയിൻ പ്ലോട്ടുമായി ബന്ധിപ്പിക്കുന്നുവെന്നതും തുടർന്നങ്ങോട്ട് സിനിമ കൊണ്ടുപോവുന്നത് അവരാണ് എന്നതും സംവിധായകന്റെ ബ്രില്യൻസ്. ലാഗ് ചെയ്യുമോന്ന് ശങ്കിച്ചിടത്ത് നിന്ന് പിന്നെ രണ്ടുമൂന്ന് ഗിയർ ഒന്നിച്ച് വലിച്ചിട്ടാണ് വെടിച്ചില്ല് ഐറ്റങ്ങളിലേക്ക് തുടർന്നുള്ള പോക്ക്..
പടത്തിലുടനീളം നിറഞ്ഞുകവിഞ്ഞ് ഞെട്ടിക്കലോട് ഞെട്ടിക്കൽ നടത്തുന്ന കൊലക്കൊല്ലിവില്ലൻ അനുരാഗ് കശ്യപ് തന്നെയാണ് ഇമൈക്കാനൊടികളിലെ മിന്നുംതാരം.. ഡയറക്ടർ എന്ന നിലയിൽ ബോളിവുഡിൽ എല്ലാമുദ്രയും പതിപ്പിച്ചുകഴിഞ്ഞ കാശ്യപിന്റെ ആക്റ്റിംഗ് കാലിബർ അതുക്കും മേലെയാണെന്ന് കണ്ടെത്തി അവതരിപ്പിച്ച സംവിധായകനെ നമിക്കണം.. കാലങ്ങളോളം മനസിൽ നിൽക്കും രുദ്രയുടെ ആ മാസ്മരികമായ നിശ്ശബ്ദ കൊലച്ചിരി..
അഞ്ജലി വിക്രമാദിത്യൻ എന്ന സിബിഐ ഓഫീസറെ ഒരു സൂപ്പർതാരത്തിന് വേണ്ട എല്ലാവിധ ഡെക്കറേഷനുകളോടെയും ഇന്റീരിയറുകളോടെയുമാണ് നയൻതാരയ്ക്ക് നൽകിയിരിക്കുന്നത്. അവർ അത് തീർത്തും താരോചിതമായും വീരോചിതമായും മരണമാസാക്കി മാറ്റുകയും ചെയ്തു. ഒരു രക്ഷയുമില്ല..
അർജുൻ-കൃതിക ജോഡിയായ് വരുന്ന അഥർവയും റാഷിശർമ്മയും കേവലം ലവ് ട്രാക്കിൽ ഒതുങ്ങുന്നില്ല. സെക്കന്റ് ഹാഫ് അർജുൻ വഴിയാണ് പോകുന്നത് എന്നതിനാൽ അഥർവയ്ക്ക് തിളങ്ങാൻ ഒരുപാട് അവസരങ്ങളും നൽകിയിരിക്കുന്നു. അഞ്ജലിയുടെ ഭർത്താവ് വിക്രമാദിത്യൻ ആയി കാമിയോ റോളിൽ വരുന്ന വിജയ് സേതുപതി ഇത്തിരിനേരവും ഒരുപാട്ടും കൊണ്ട് സിനിമയ്ക്ക് നൽകുന്ന പോസിറ്റീവ് എനർജി ലെവലും ചില്ലറയല്ല. ഹിപ്പ് ഹോപ്പ് തമിഴാ ജോഡി ആണ് സംഗീതസംവിധാനം. ഫ്രെഷ് ആണ് ഒരുപരിധി വരെ ഈ ഡിപ്പാർട്ട്മെന്റ്. അഥർവയുടെ രണ്ട് പാട്ടുകൾ കട്ട് ചെയ്താലും പ്രത്യേകിച്ചൊരു കുഴപ്പവുമില്ലായിരുന്നു. നയൻസ് ഏറ്റവും സുന്ദരിയായി കാണപ്പെടുന്നത് ആർ.ഡി. രാജശേഖറിന്റെ ലെൻസുകളിലൂടെയാണ് എന്നൊരു ചൊല്ല് ഇൻഡസ്ട്രിയിൽ ഉണ്ട്. അത് ഒരിക്കൽ കൂടി തെളിയിക്കപ്പെടുന്നുമുണ്ട് ഇവിടെ.
ഏറക്കുറെ പോസിറ്റീവ് റിവ്യൂകൾ മാത്രം കേൾപ്പിച്ചുകൊണ്ട് തൊട്ടടുത്ത ആഴ്ചകളിലായി നയൻ താരയുടെ ‘കോലമാവ് കോകില’യും പിറകെ ‘ഇമൈയ്ക്കാ നൊടി’കളും ബമ്പർഹിറ്റുകളായി മാറുകയാണ്.. സൂപ്പർ നായകരെയോ സൂപ്പർ സംവിധായകരെയോ ചാരി നിൽക്കാതെ നയൻസ് നടത്തുന്ന ഇത്തരം സെലക്ഷനുകൾ ആ നടിയുടെ ഗ്രാഫ് പിന്നെയും മുകളിലേക്കുയർത്തുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. കോകിലയിൽ നിന്ന് വ്യത്യസ്തമായി പോലീസ്/കലിപ്പ് ഭാവങ്ങളിൽ ഒതുക്കാതെ പ്രണയം, വിരഹം, വാത്സല്യം, തമ്പിപാശം തുടങ്ങി എല്ലാതരം വൈകാരികതകളിലേക്കും വ്യാപിച്ച് നിറഞ്ഞാടാൻ കെല്പുള്ള ഒരു ക്യാരക്റ്റർ ആണ് അഞ്ജലി എന്നത് മറ്റൊരു സന്തോഷം. പടം മൊത്തത്തിലെടുത്താൽ ഒരു വലിയ സന്തോഷം..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.