കൗമാര കാലങ്ങളിൽ അന്തർമുഖരും വിഷാദികളുമല്ലാത്ത ആൺകുട്ടികൾ കുറവാണ്. മനസിൽ നിറഞ്ഞു കവിയുന്ന പ്രണയം പോലും തുറന്ന് പ്രകടിപ്പിക്കാനാവാതെ അക്കാലം വിഷമിക്കും. തിരിച്ച് പോസിറ്റീവ് മറുപടി കിട്ടുമെന്ന് നൂറു ശതമാനം ഉറപ്പുള്ള പ്രണയിനിയിൽ നിന്നു പോലും ഒളിച്ചോടി മുഖമൊളിപ്പിച്ചുവെക്കാൻ മനസിന്‍റെ വിചിത്ര ചോദനകൾ പ്രേരിപ്പിക്കും. പാതിമുറിഞ്ഞ രാഗങ്ങളായി ജീവിതം വഴിപിരിഞ്ഞു പോകും.
സി. പ്രേംകുമാർ എന്ന ഛായാഗ്രാഹകൻ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്ന വിജയ് സേതുപതി ചിത്രമായ ‘96’ ഇത്തരമൊരു ഭഗ്നപ്രണയത്തെ ഇതിഹാസവൽക്കരിക്കാനുള്ള ശ്രമമാണ്. തഞ്ചാവൂരിലെ ആൾസെയിന്‍റ്സ് മെട്രിക്കുലേഷൻ സ്കൂളിൽ 1996ൽ പത്താം ക്ലാസ് പഠിച്ച് പിരിഞ്ഞു പോയ ഒരു കെ. രാമചന്ദ്രന്‍റെയും ജാനകി ദേവിയുടെയും പറയപ്പെടാതെ പോയ പ്രണയകഥയാണ് സിനിമയുടെ പ്രതിപാദ്യ വിഷയം. 'ദോസ് അൺഹേർഡ് ആർ സ്വീറ്റർ..' എന്ന ന്യായത്തിൽ കേൾക്കാത്ത രാഗങ്ങളുടെ മനോഹാരിതയിലേക്കാണ് സിനിമ പ്രേക്ഷകനെ കൊണ്ടു പോവുന്നത്.
ട്രാവൽ ഫോട്ടോഗ്രാഫർ ആയ രാമചന്ദ്രൻ യാദൃച്ഛികമായി വഴിമാറ്റിവിടേണ്ടി വരുന്ന ഒരു യാത്രക്കിടയിൽ തന്‍റെ ജന്മനാടായ തഞ്ചാവൂരിലൂടെ കടന്നു പോവുന്നതും താൻ പഠിച്ച ആൾസെയിന്‍റ്സ് മെട്രിക്കുലേഷൻ സ്കൂളിൽ സെക്യൂരിറ്റിയുടെ അനുമതിയോടെ കേറി നടന്ന് ഓർമകൾക്ക് അധീനനാവുന്നതുമായിട്ടാണ് സിനിമ പുരോഗമിക്കുന്നത്. രാമചന്ദ്രന്‍റെ ഓർമകൾക്ക് കൗമാര പ്രണയത്തിന്‍റെ മാധുര്യമുണ്ട്. അത് തുറന്ന് പറയാനന്ന് കഴിയാത്തതിന്‍റെ വിങ്ങലുമുണ്ട്.
വിജയ് സേതുപതിയാണ് കെ. രാമചന്ദ്രൻ. ഭൂതകാല ഭഗ്നപ്രണയത്തിൽ അഭിരമിച്ച് ജീവിതം തള്ളിനീക്കുന്ന രാമചന്ദ്രൻ ഒരു വല്ലാത്ത ക്യാരക്റ്റർ ആണ്. സാധാരണ മാനസികാവസ്ഥയിൽ ഉൾക്കൊള്ളാൻ കഴിയുന്ന പ്രവൃത്തികൾ അല്ല ഇക്കാല രാമചന്ദ്രന്‍റേത് മിക്കതും. സേതുപതിയായതു കൊണ്ടാണ് ആളുകൾ കൂവാതിരിക്കുന്നത് എന്നു പോലും തോന്നിപ്പോവും തൃഷ കൃഷ്ണൻ ആണ് ജാനകി. കുറച്ചുകാലത്തിന് ശേഷം അവർക്ക് കിട്ടിയ മികച്ചറോളാണ് അത്. 'വിണ്ണൈത്താണ്ടിവരുവായാ...' യിലെ ജെസിയുടെ വേറൊരു എക്സ്റ്റൻഷൻ ആയ ജാനുവിനോട് പ്രേക്ഷകർക്ക് എളുപ്പത്തിൽ റിലേറ്റ് ചെയ്യാൻ സാധിക്കും. രാമുവിന്റെയും ജാനുവിന്റെയും കൗമാരക്കാലം അവതരിപ്പിച്ച ആദിത്യഭാസ്കറും ഗൗരി ജി കൃഷ്ണനും ആണ് പടത്തിന്റെ യഥാർത്ഥശക്തി. സംഗീതത്തിനും നിശ്ശബ്ദതയ്ക്കും ഗംഭീരപ്രാധാന്യമുള്ള 96ൽ ഗോവിന്ദമേനോൻ ആണ് സംഗീതസംവിധായകൻ. നന്നായിട്ടുണ്ട് സംഗീതവിഭാഗം. ഫ്രെയിമുകളും.
മുമ്പിറങ്ങിയ പല പടങ്ങളുടെയും പ്രമേയവുമായി ചേർത്തുവച്ച് വായിക്കാവുന്ന 96നെ ട്വിസ്റ്റുകളൊന്നുമില്ലാത്ത റിയലിസ്റ്റിക് എന്നാരോപിക്കാവുന്ന ആഖ്യാനരീതി കൊണ്ടും നിഷ്കളങ്കത കൊണ്ടുമാണ് പ്രേംകുമാർ വ്യത്യസ്തമാക്കാൻ ശ്രമിക്കുന്നത്. നിർഭാഗ്യവശാൽ പലയിടത്തും റിയലിസം ആരോപിക്കാൻ മാത്രമേ പറ്റൂ എന്നത് ആ നിഷ്കളങ്കതയുടെ പരാധീനതയുമാണ്. അതുകൊണ്ടു തന്നെ 96നെ ഒരു മികച്ച ചിത്രമായോ മോശം ചിത്രമായോ വിലയിരുത്താൻ പറ്റില്ല. കാണുന്ന സമയത്തിന്‍റെയോ ആളിന്‍റെയോ മൂഡ് പോലെ അത് മാറിമറിഞ്ഞ് വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.