കാബൂളിലെ തോറ്റോടിയ പട

അഫ്​ഗാനിസ്​താനിലെ രാഷ്​ട്രീയ മാറ്റങ്ങൾ വിശകലനം ചെയ്​ത്​ വിഖ്യാത ഇടതു ചിന്തകൻ താരിഖ്​ അലി ന്യൂലെഫ്​റ്റ്​ റിവ്യൂവിൽ എഴുതിയ ലേഖനത്തി​ന്‍റെ മലയാള പരിഭാഷ മാധ്യമം പത്രത്തിൽ പ്രസിദ്ധീകരിച്ചത്

കഴിഞ്ഞ ദിവസം കാബൂളിൽ താലിബാന്​ മുന്നിൽ അടിപതറി വീണത്​ അമേരിക്കൻ സാമ്രാജ്യത്വത്തി​ന്‍റെ ഏറ്റവും വലിയ രാഷ്​ട്രീയ-പ്രത്യയശാ​സ്​ത്ര പരാജയമാണ്​. കാബൂൾ വിമാനത്താവളത്തിൽ കണ്ട​ അമേരിക്കൻ എംബസി ഉദ്യോഗസ്​ഥരെ കുത്തിനിറച്ച വിമാനങ്ങൾ 1975 ഏപ്രിലിൽ സൈഗോണിൽ (ഇപ്പോൾ ഹോച്ചിമിൻ സിറ്റി) കണ്ട ദൃശ്യങ്ങളോട്​ സാദൃശ്യം പുലർത്തുന്നവയായി. താലിബാൻ സേന രാജ്യമൊട്ടുക്ക്​ ഇരച്ചു കയറി വേഗത വിസ്​മയിപ്പിക്കുന്നതായിരുന്നു. അവരുടെ തന്ത്രപരമായ സാമർഥ്യം സമ്മതിക്കേണ്ടതു തന്നെ.

ഒരാഴ്​ച നീണ്ട കടന്നാക്രമണം വിജയകരമായി അവസാനിച്ചു. മൂന്നു ലക്ഷം വരുന്ന അഫ്​ഗാൻ സേന തകർന്നുപോയിരുന്നു. പലരും പൊരുതാൻ പോലും കൂട്ടാക്കിയില്ല. തന്നെയുമല്ല പാവ ഭരണകൂടം അടിയന്തിരമായി കീഴടങ്ങണമെന്നാവശ്യപ്പെട്ട താലിബാനിലേക്ക്​ അവരിൽ പലരും കൂറുമാറുകയും ​ചെയ്​തിരിക്കുന്നു. യു.എസ്​ മാധ്യമങ്ങളുടെ പ്രിയഭാജനമായിരുന്ന പ്രസിഡൻറ്​ അശ്​റഫ്​ ഗനി രാജ്യം വി​ട്ടോടി ഒമാനിൽ അഭയം തേടിയിരിക്കുന്നു. പുതിയ എമിറേറ്റി​ന്‍റെ കൊടി പ്രസിഡൻറി​ന്‍റെ കൊട്ടാരത്തിൽ പാറിപ്പറക്കുന്നു.

മറ്റു ചില അർഥങ്ങളിൽ സൈഗോണിനേക്കാളേറെ 19ാം നൂറ്റാണ്ടിലെ സുഡാനുമായാണ്​ സാമ്യം. മഹ്​ദിയുടെ സൈന്യം ഖാർതൂം പിടിച്ചടക്കുകയും ജനറൽ ഗോർഡോനെ രക്​തസാക്ഷിയാക്കുകയും ചെയ്​ത സമയം. ബ്രിട്ടീഷ്​ സാമ്രാജ്യത്വത്തിനേറ്റ തിരിച്ചടിയായാണ്​ മഹ്​ദിയുടെ വിജയത്തെ വില്യം മോറിസ്​ വിശേഷിപ്പിച്ചത്​. സുഡാനിൽ അന്ന്​ ഒരു വലിയ സൈനികക്കൂട്ടത്തെ കൊലപ്പെടുത്തിയിരുന്നുവെങ്കിൽ കാബൂളി​ന്‍റെ ഭരണമാറ്റം കാര്യമായ രക്​തചൊരിച്ചിലില്ലാതെയാണ്​. ​ താലിബാൻ യു.എസ്​ എമ്പസിയിലേക്ക്​ നീങ്ങുകയോ അമേരിക്കക്കാരെ ഉന്നമിടാനോ മുതിർന്നതു പോലുമില്ല.

അങ്ങിനെ 'ഭീകരതക്കെതിരായ യുദ്ധ'ത്തി​ന്‍റെ 20ാം വാർഷികം അമേരിക്കക്കും നാറ്റോക്കും സഖ്യകക്ഷികൾക്കും പ്രതീക്ഷിച്ച പരാജയം സമ്മാനിച്ച്​ പരിസമാപ്​തിയായിരിക്കുന്നു. വർഷങ്ങളായി താലിബാ​ൻ നയങ്ങളെ മുച്ചൂടും വിമർശിച്ചു പോരുന്നൊരാളാണ്​ ഞാൻ, എന്നാൽ അവരുടെ നേട്ടങ്ങളെ നിരാകരിക്കാനാവില്ല. അമേരിക്ക ഒരു അറബ്​ രാജ്യത്തെ തകർത്ത ​ശേഷം അടുത്തതിലേക്ക്​ നീങ്ങുന്ന ഒരു ഘട്ടത്തിലും അധിനിവേശത്തെ ചോദ്യം ചെയ്യുന്ന യാതൊരു തരം ചെറുത്തുനിൽപ്പും ഉയർന്നിരുന്നില്ല. ഇൗ പതനം ഒരു തിരുത്തിക്കുറിക്കലാണ്​. അതു കൊണ്ടാണ്​ യൂറോപ്യൻ രാഷ്​ട്രീയക്കാർ കരഞ്ഞുവിളിക്കുന്നത്​. അഫ്​ഗാനിസ്​താനിൽ അമേരിക്കയെ നിരുപാധികം പിന്തുണ അവർക്കും വലിയ മാനക്കേടാണല്ലോ സംഭവിച്ചിരിക്കുന്നത്​- പ്രത്യേകിച്ച്​ ബ്രിട്ടന്​.

ബൈഡന്​ മറ്റു വഴികളില്ലായിരുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, സ്​തീകൾക്ക്​ തുല്യ നീതി, താലിബാനെ ഇല്ലാതാക്കൽ തുടങ്ങിയ 'വിമോചന'ലക്ഷ്യങ്ങളൊന്നുമേ യാഥാർഥ്യമാക്കാനാവാതെ 2021 സെപ്​റ്റംബറിൽ അഫ്​ഗാനിസ്​താനിൽ നിന്ന്​ പിൻമാറുമെന്ന്​ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. സൈനികമായ തോൽവി സംഭവിച്ചില്ലെങ്കിൽ പോലും വികാര പരവശരായ ലിബറലുകളൊഴുക്കുന്ന കണ്ണീരിൽ അവരുടെ നഷ്​ടത്തി​ന്‍റെ വ്യാപ്​തി സ്​പഷ്​ടമാണ്​. ന്യൂയോർക്​ ടൈംസിൽ ഫ്രെഡറിക്​ കാഗനും ഫിനാൻഷ്യൽ ടൈംസിൽ ഗൈഡോൻ രാച്​മാനും താലിബാനെ ഒരു തടഞ്ഞുനിർത്തുംവരെ ഈ ബാധ്യത തുടരണമെന്ന്​ അഭിപ്രായപ്പെടുന്നു. പക്ഷേ, പെൻറഗണി​ന്‍റെ സമർഥനത്തോടെ ട്രംപ്​ തുടങ്ങിവെച്ച സമാധാന പ്രക്രിയയുമായി മുന്നോട്ടുപോവുകയായിരുന്നു ബൈഡൻ.

അമേരിക്കൻ സുരക്ഷാ സംവിധാനങ്ങൾക്ക്​ ഒരു കാര്യം വ്യക്​തമായിരുന്നു- അധിനിവേശം പരാജയപ്പെ​ട്ടെന്ന്​. എത്ര കാലം അവിടെ തുടർന്നാലും താലിബാനെ കീഴടക്കാൻ കഴിയില്ലെന്ന്​. ഈ സായുധ സംഘമൊരു അസംബന്ധമാണെന്ന ധാരണ ശക്​തിപ്പെടുത്തുന്നു ബൈഡ​ന്‍റെ തിടുക്കം പിടിച്ചുള്ള പിൻമാറ്റം. സത്യസന്ധമായ ഒരു സംഗതി എന്തെന്നാൽ കഴിഞ്ഞ 20 വർഷം കൊണ്ട്​ തങ്ങളുടെ പ്രഖ്യാപിത ദൗത്യങ്ങളിൽ എന്തെങ്കിലുമൊന്ന്​ സ്​ഥാപിച്ചെടുക്കുന്നതിൽ പോലും യു.എസ്​ പരാജയപ്പെട്ടിരിക്കുന്നു.

ലോകത്തെ ഏറ്റവും ദാരിദ്രം പിടിച്ച രാജ്യങ്ങളിലൊന്നിൽ ശതകോടികൾ ചെലവിട്ട്​ ശീതികരിച്ച ബാരക്കുകളിലാണ്​ യു.എസ്​ സൈനികരെയും ഓഫീസർമാരെയും പാർപ്പിച്ചിരുന്നത്​. അവർക്ക്​ ഉണ്ണാനും ഉടുക്കാനുമുള്ളത്​ ഖത്തർ, സൗദി, കുവൈത്ത്​ എന്നിവിടങ്ങളിലെ സൈനിക ബേസുകളിൽ നിന്ന്​ കൃത്യമായി എത്തിച്ചു കൊണ്ടിരുന്നു. ചവറു കൂനകളിൽ നിന്ന്​ ചിക്കിപ്പെറുക്കാനെത്തുന്ന പാവപ്പെട്ട മനുഷ്യരെക്കൊണ്ട്​ കാബൂളിലെ മലമടക്കുകളിൽ കൂറ്റൻ ചേരി രൂപം കൊണ്ടു എന്നുപറഞ്ഞാൽ അതിശയോക്​തിയല്ല. അഫ്​ഗാൻ സുരക്ഷാ സേനക്ക്​ നൽകിവന്ന തുച്​ഛമായ വേതനം സ്വന്തം ജനതക്കെതിരെ പോരാടാൻ പ്രേരിപ്പിക്കാൻ പോന്നതായിരുന്നില്ല. രണ്ടു പതിറ്റാണ്ട്​ മുൻപ്​ രൂപപ്പെട്ട സൈന്യത്തി​ന്‍റെ പ്രാരംഭഘട്ടത്തിൽ കയറിപ്പറ്റിയ താലിബാൻ പിന്തുണക്കാർ അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കാൻ സൗജന്യ പരിശീലനം നേടിയെടുത്തതിനൊപ്പം അഫ്​ഗാൻ ചെറുത്തുനിൽപ്പുസേനക്ക്​ വേണ്ടി വിവരം ചോർത്തി നൽകുകയും ചെയ്​തു.

രാജ്യം കയറ്റുമതിയിൽ വൻ കുതിച്ചുകയറ്റം നടത്തി. താലിബാൻ കാലത്ത്​ കറുപ്പ്​ ഉൽപാദനം കർശന നീരിക്ഷണത്തിലായിരുന്നു. അമേരിക്കൻ അധിനിവേശത്തോടെ അത്​ നാടകീയമാംവിധം വർധിച്ചു- ആഗോള ഹെറോയിൻ വിപണിയുടെ 90 ശതമാനവും ഇവിടെ നിന്നായി. ട്രില്യനുകളാണ്​ ഈ ഇടപാടുകളിൽ നിന്ന്​ കൈവരിച്ച ലാഭം. അത്​ അധിനിവേശത്തെ സഹായിച്ച അഫ്​ഗാൻ വിഭാഗങ്ങൾക്കിടയിൽ വീതിക്കപ്പെട്ടു. കച്ചവടം തടസമില്ലാതെ നടത്താൻ സഹായിക്കുന്നതിന്​ പാശ്​ചാത്യ ഉദ്യോഗസ്​ഥർക്കു​ം കിട്ടി നല്ല കിമ്പളം. അഫ്​ഗാനിസ്​താനിലെ പത്തിലൊരു ചെറുപ്പക്കാരൻ വീതം ഇന്ന്​ കറുപ്പിന്​ അടിമപ്പെട്ടവരാണ്​. നാറ്റോ സൈനികരിൽ എത്രപേരാണിങ്ങനെ എന്നതി​ന്‍റെ കണക്ക്​ ലഭ്യമല്ല. ഈ സുദീർഘ യുദ്ധ​ത്തെ ഒരു പരിധിവരെ കറുപ്പ്​ യുദ്ധമായി കണ്ടാലും അത്​ഭുതമില്ല. ഇതായിരുന്നു മാനുഷിക ഇടപെടലി​ന്‍റെ നികൃഷ്​ടമായ യാഥാർഥ്യം.

സ്​ത്രീകളുടെ അവസ്​ഥ അതിൽ കാര്യമായ ഒരു വ്യത്യാസവും സംഭവിച്ചിട്ടില്ല. സർക്കാരേതര സംഘടനകൾ നിറഞ്ഞ ഗ്രീൻ സോണിനപ്പുറത്ത്​ യാതൊരു സാമൂഹിക പുരോഗതിയും കാണാനുമാവില്ല. ഒളിവിൽ കഴിയുന്ന രാജ്യത്തെ മുൻനിര സ്​ത്രീവാദികളിലൊരാൾ അഭിപ്രായപ്പെട്ടത്​ പടിഞ്ഞാറൻ അധിനിവേശം, താലിബാൻ, വടക്കൻ സഖ്യം എന്നിങ്ങനെഅഫ്​ഗാൻ സ്​ത്രീകൾക്ക്​ ശത്രുക്കൾ മൂന്നാണെന്നാണ്​. അമേരിക്കയുടെ മടക്കത്തോടെ അത്​ രണ്ടായി. അധിനിവേശ സൈന്യങ്ങളെ സേവിക്കാൻ വികസിച്ച ലൈംഗികത്തൊഴിൽ വ്യവസായം സംബന്ധിച്ച കൃത്യമായ കണക്ക്​ മാധ്യമ പ്രവർത്തകരും പ്രചാരണ പ്രവർത്തകരും പല വട്ടം അഭ്യർഥിച്ചിട്ടും ലഭ്യമായിട്ടില്ല.

ബലാത്സംഗങ്ങളുടെ വിശ്വസനീയമായ കണക്കുമില്ല. 'ഭീകരവാദികളെന്ന്​ സംശയിക്കുന്നവർ'ക്കെതിരെ യു.എസ്​ സൈന്യം കടുത്ത ലൈംഗിക അതിക്രമങ്ങൾ നടത്താറുണ്ടായിരുന്നു. സാധാരണ ജനങ്ങളെ ബലാത്സംഗം ചെയ്യുന്നതിനും കുട്ടികളെ പീഡനത്തിനിരയാക്കുന്നതിനും സഖ്യ സൈനികർക്ക്​ സമ്പൂർണ അനുമതിയും നൽകിയിരുന്നു. യൂഗോസ്​ലാവ്​ അഭ്യന്തര യുദ്ധകാലത്ത്​ വേശ്യാവൃത്തി വൻതോതിൽ വർധിക്കുകയും ആ മേഖല ലൈംഗിക മനുഷ്യക്കടത്തി​ന്‍റെ കേന്ദ്രമായിത്തീരുകയും ചെയ്​തിരുന്നു. ഈ ആദായകരമായ കച്ചവടത്തിലെ യു.എൻ ബന്ധവും കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്​. അഫ്​ഗാനിസ്​താനിൽ ഇതു സംബന്ധിച്ച പൂർണ വിവരങ്ങൾ വരാനിരിക്കുന്നേയുള്ളൂ.

2001മുതൽ അഫ്​ഗാനിസ്​താനിൽ പൊരുതിയ 7,75,000 സൈനികരിൽ 2,448 പേർ കൊല്ലപ്പെട്ടു. ഏകദേശം 4,000 യു.എസ്​ കരാർ സൈനികരും. പ്രതിരോധ വകുപ്പി​ൻെറ കണക്കുപ്രകാരം 20,589 പേർക്ക്​ പരിക്കേറ്റു. അഫ്​ഗാനികളുടെ ആൾനാശക്കണക്ക്​ കണ്ടെത്തുക ദുഷ്​കരം. സിവിലിയൻമാരുൾപ്പെടെ 'ശത്രുക്കളുടെ നാശം'എണ്ണിത്തിട്ടപ്പെടുത്തിയിരുന്നില്ല. 2002 ജനുവരി മധ്യം വരെ 4,200-4,500 സിവിലിയൻമാർ യു.എസ്​ ആക്രമണത്തിലും വ്യോമാക്രമണത്തിലുമായി കൊല്ലപ്പെ​ട്ടെന്നാണ്​ ഡിഫൻസ്​ ആൾട്ടർനേറ്റിവി​ൻെറ കോ-ഡയറക്​ടർ കാൾകൊണേട്ടയുടെ വിലയിരുത്തൽ. 2021 ആയപ്പോഴേക്ക്​ 47,245 സിവിലിയൻമാർ അധിനിവേശത്തി​ൻെറ ഫലമായി ഇല്ലാതായെന്നാണ്​ അസോസിയേറ്റഡ്​ പ്രസ്​ റിപ്പോർട്ട്​ ചെയ്​തത്​. അഫ്​ഗാനിലെ പൗരാവകാശ പ്രവർത്തകർ നൽകുന്നത്​ അതിലേറെ വലിയ ഒരു സംഖ്യയാണ്​. ലക്ഷം അഫ്​ഗാനികൾ (അതിൽ പലരും പോരിനിറങ്ങിയവർ പോലുമല്ല) കൊല്ലപ്പെ​െട്ടന്നാണ്​ അവരുടെ കണക്ക്​. ഇതി​ൻെറ മൂന്നിരട്ടിയെങ്കിലും വരും പരിക്കേറ്റവരുടെ എണ്ണം.

സുദീർഘയുദ്ധത്തി​ൻെറ പാളിച്ചകൾ വിലയിരുത്താൻ​ യു.എസ്​ ചുമതലപ്പെടുത്തിയ പ്രകാരം 2019ൽ 2000 പേജ്​ വരുന്ന ഒരു ആഭ്യന്തര റിപ്പോർട്ട്​ 'അഫ്​ഗാൻ രേഖകൾ​' എന്ന പേരിൽ 'വാഷിങ്​ടൺ പോസ്​റ്റ്'​ പ്രസിദ്ധീകരിച്ചിരുന്നു. സർവീസിലുള്ളവരും വിരമിച്ചവരുമായ യു.എസ്​ സൈനിക മേധാവികൾ, രാഷ്​ട്രീയ ഉപദേഷ്​ടാക്കൾ, നയതന്ത്രജ്ഞർ, സഹായ പ്രവർത്തകർ തുടങ്ങിയവരുമായി നടത്തിയ അഭിമുഖ പരമ്പരകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അത്​. ആ വിലയിരുത്തുകൾ ഞെട്ടിക്കുന്നതായിരുന്നു. ബുഷി​​െൻറയും ഒബാമയുടെയും കീഴിൽ അഫ്​ഗാൻ യുദ്ധച്ചുമതല വഹിച്ച ജനറൽ ഡഗ്ലസ്​ ലൂട്ട്​ തുറന്നു പറഞ്ഞത്​ അഫ്​ഗാനിസ്​താനെപ്പറ്റി അടിസ്ഥാന പരമായ അറിവുപോലും തങ്ങൾക്കില്ലാതെ പോയി എന്നാണ്​.

എന്താണ്​ ചെയ്യുന്നതെന്നോ, എന്തു​ ദൗത്യമാണ്​ ഏറ്റെടുത്തിരിക്കുന്ന​തെന്നോ നേരിയ ഊഹം പോലുമില്ലായിരുന്നു. ഈ ശേഷിക്കുറവി​ൻെറ വ്യാപ്​തി അമേരിക്കൻ ജനത മനസ്സിലാക്കിയിരുന്നെങ്കിൽ എന്നായിരുന്നു മറ്റൊരു ദൃക്​സാക്ഷിയുടെ പരിഭവം. ബുഷിനും ഒബാമക്കും കീഴിൽ നാവികമേധാവിയായിരുന്ന ജഫ്രി എഗ്ഗേഴ്​സ്​ പാഴാക്കുന്ന വിഭവങ്ങളെക്കുറിച്ചാണ്​ വാചാലനായത്​. ​ട്രില്യൻ ഡോളർ ദൗത്യംകൊണ്ട്​ നമ്മൾ എന്താണ്​ നേടിയത്​? അഫ്​ഗാ​െൻറ ​പേരിൽ എത്ര കോടികളാണ്​ നമ്മൾ തുലച്ചത്​ എന്നോർത്ത്​ വെള്ളത്തിനുള്ളിലെ ശവക്കുഴിയിൽ കിടന്ന്​ ഉസാമ ബിൻ ലാദിൻ ഊറിച്ചിരിക്കുന്നുണ്ടാവുമെന്നും നാം നഷ്​ടക്കാരാ​െയന്നുമായിരുന്നു അദ്ദേഹത്തി​െൻറ പഴി.

ആരായിരുന്നു ശത്രു? താലിബാൻ, പാകിസ്​താൻ, അതോ അഫ്​ഗാനികൾ മുഴുവനോ? ദീർഘകാലം അവിടെ സേവനം നടത്തിയ യു.എസ്​ പട്ടാളക്കാരൻ വ്യക്തമാക്കിയത്​ അഫ്​ഗാൻ പൊലീസുകാരിൽ മൂന്നിലൊന്നുപേരും മയക്കുമരുന്ന്​ അടിമകളും വലിയ ഒരു വിഭാഗം താലിബാൻ അനുകൂലികളുമാണെന്നാണ്​. ഇത്​ യു.എസ്​ സൈനികർക്ക്​ വലിയ പ്രശ്​നം സൃഷ്​ടിച്ചിരു​െന്നന്ന്​ പ്രത്യേക സേനാമേധാവികളിലൊരാൾ 2017ൽ സാക്ഷ്യപ്പെടുത്തിയിരുന്നു: ''അവർ കരുതിയത്​ താൻ ചെന്നത്​ എവിടെയാണ്​ നല്ലയാൾക്കാരും മോശമാളുകളും പാർക്കുന്ന ഇടങ്ങളെന്ന്​ കാണിച്ചു കൊടുക്കാനാണെന്നാണ്​. എ​െൻറ ​ൈകയിൽ വിവരങ്ങളൊന്നുമില്ല എന്ന കാര്യം പറഞ്ഞു മനസ്സിലാക്കാൻ ഒരുപാട്​ പണിപ്പെടേണ്ടി വന്നു. എന്നിട്ടും പിന്നെയും ആരാണ്​ ഈ മോശം കക്ഷികൾ, എവിടെയാണവർ എന്നു അവർ​ ചോദിച്ചു കൊണ്ടേയിരുന്നു.

ഡൊണാൾഡ്​ റംസ്​ഫെൽഡ്​ 2003ൽ തന്നെ ഇതേ വികാരം പങ്കുവെച്ചിരുന്നു. അഫ്​ഗാനിലോ, ഇറാഖിലോ ആവ​ട്ടെ, ആരാണീ മോശം ആൾക്കാർ എന്നതിനെപ്പറ്റി എനിക്ക്​ ഒരു ധാരണയുമില്ലായിരുന്നു. കിട്ടാവുന്ന എല്ലാ രഹസ്യവിവരങ്ങളും പരിശോധിച്ചു, അപ്പോൾ തോന്നുക വലു​തായെന്തോ കിട്ടിപ്പോയി എന്നാണ്​. പക്ഷേ, ഇറങ്ങിപ്പുറപ്പെടു​േമ്പാഴാണ്​ കാര്യമായൊന്നും നമുക്ക്​ കിട്ടിയിട്ടില്ല എന്ന്​ ബോധ്യപ്പെടുന്നത്​. ആളുകളുടെ ബുദ്ധി അളക്കാൻ നമ്മൾ അശക്തരാണ്​''. ആൾത്തിരക്കുള്ള മാർക്കറ്റിലെ സ്​ഫോടന ശേഷം കൂട്ടാളികളും ശത്രുക്കളും തമ്മിലെ വ്യത്യാസം പറഞ്ഞു കൊടുക്കാൻ കഴിയാതെ കണ്ണിൽകണ്ടവർക്കെല്ലാമെതിരെ ആക്രമണം അഴിച്ചുവിടുന്നത്​ കൂടുതൽ കൂടുതൽ ശത്രുക്കളെ സൃഷ്​ടിക്കാൻ മാത്രമേ ഉപകരിക്കൂ.

തുടക്കംമുതലേ കടുത്ത അഴിമതി നടമാടിയിരു​െന്നന്ന്​ മൂന്നു​ സൈനിക മേധാവികളുടെ ഉപദേഷ്​ടാവായി വർത്തിച്ച കേണൽ ക്രിസ്​റ്റഫർ കൊലിൻറ ചൂണ്ടിക്കാട്ടുന്നു. കർസായി സർക്കാർ നിലനിന്നതു തന്നെ ചോരണാധിപത്യത്തിലായിരുന്നു. അധിനിവേശം നിലനിർത്തുന്നതിന്​ രൂപം നൽകിയ 2002നു​ ശേഷമുള്ള തന്ത്രങ്ങളെ അത്​ അട്ടിമറിച്ചു. നിസ്സാര അഴിമതി തൊലിപ്പുറത്തെ കാൻസർ പോലെയാണ്​, അതു​ ഭേദപ്പെടുത്താൻ വഴി കണ്ടെത്താനായേക്കും, ചിലപ്പോൾ സുഖം പ്രാപിച്ചെന്നും വരും. മന്ത്രിമാരും ഉന്നതരും ഉൾക്കൊള്ളുന്ന അഴിമതി മലാശയ കാൻസർ പോലെയാണ്​. അത്​ ഗുരുതര പ്രശ്​നമാണെങ്കിലും സമയത്തിന്​ കണ്ടെത്തി ചികിത്സിച്ചാൽ ശരിപ്പെ​ട്ടേക്കും. എന്നാൽ കള്ളത്തിലും കവർച്ചയിലും അടിപ്പെട്ട ചോരണാധിപത്യ ഭരണസംവിധാനം തലച്ചോറിനെ ബാധിച്ച കാൻസർ പോലെ മാരകമാണ്​.

പതിറ്റാണ്ടുകളായി എല്ലാ മേഖലയിലും ചോരണാധിപത്യം വ്യാപിച്ചിട്ടും പാകിസ്​താൻ എങ്ങനെയോ നിലനിന്നുപോകുന്നുണ്ട്​. പക്ഷേ, അധിനിവേശ സേനയും ജനപിന്തുണയില്ലാത്ത സർക്കാറും ചേർന്ന്​ രാഷ്​ട്ര നിർമാണ പ്രവർത്തനം നടത്തുന്ന അഫ്​ഗാനിൽ അത്​ എളുപ്പമായിരുന്നില്ല. അപ്പോൾ താലിബാനെ കടപുഴക്കിയെന്നും അവർക്കിനി തിരിച്ചുവരവില്ലെന്നുമൊക്കെ വന്ന വ്യാജ റിപ്പോർട്ടുകളോ? ദേശീയ സുരക്ഷാ കൗൺസിലിലെ മുതിർന്ന അംഗം പറഞ്ഞത്​ ഈ നുണകളെല്ലാം ദൗത്യത്തിൽ പ​ങ്കാളികളായിരുന്ന എല്ലാവരെയും നല്ലരീതിയിൽ ഉറപ്പിച്ചു നിർത്താൻ ത​ൻെറ സഹപ്രവർത്തകരുടെ വിശദീകരണങ്ങളായിരു​െന്നന്നാണ്​. സൈന്യത്തെയും വിഭവങ്ങളെയും വിനിയോഗിച്ചതിൽ കാര്യമായ ഗുണമുണ്ടെന്നും അത്​ പിൻവലിക്കുന്നത്​ രാജ്യത്തെ നശിപ്പിക്കുമെന്നും ധാരണ സൃഷ്​ടിക്കാനായിരുന്നു അത്​.

നാറ്റോയിലെ ഉന്നതർക്കും പ്രതിരോധ മന്ത്രിമാർക്കും ഇതൊരു പരസ്യമായ രഹസ്യമായിരുന്നു. രാഷ്​ട്രീയമായും സൈനികമായും അബദ്ധങ്ങൾ ചെയ്​​െതന്ന്​ 2014ൽ ബ്രിട്ടീഷ്​ പ്രതിരോധ സെക്രട്ടറി മൈക്കൽ ഫാലൻ തുറന്നു സമ്മതിച്ചതാണല്ലോ. എന്തു തന്നെ വന്നാലും അഫ്​ഗാനിൽ പോരാടാൻ ഇനി സേനയെ അയക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ, നാലു വർഷത്തിനിപ്പുറം 'ദുർബലമായ സുരക്ഷാ സാഹചര്യത്തെ രക്ഷപ്പെടുത്തിയെടുക്കാൻ' പ്രധാനമന്ത്രി തെരേസ മേ മുമ്പത്തെക്കാൾ ഇരട്ടി ബ്രിട്ടീഷ്​ സൈനികരെ അവിടേക്കയച്ചു. ഇപ്പോൾ ബൈഡൻ തെറ്റായ നേരത്ത്​ തെറ്റായ തീരുമാനമെടുത്തു എന്നു​ പറയുന്ന ബ്രിട്ടീഷ്​ മാധ്യമങ്ങൾ വിദേശകാര്യ വകുപ്പി​ൻെറ വികാരം ഏറ്റുപറയുകയാണ്​. പുതിയൊരു അധിനിവേശം വേണ്ടിവന്നേക്കുമെന്ന്​ ബ്രിട്ടീഷ്​ സായുധസേന മേധാവി സർ നിക്​ കാർട്ടറും ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടീഷ്​ സർവാധിപത്യബോധം പേറുന്ന പാർലമെൻറ്​ അംഗങ്ങളും, കോളനിവാഴ്​ചയിൽ​ കോൾമയിർ കൊള്ളുന്നവരും ശിങ്കിടി മാധ്യമപ്രവർത്തകരുമെല്ലാം യുദ്ധം തകർത്ത ആ രാജ്യത്ത്​ ബ്രിട്ട​ൻെറ സ്ഥിരംസാന്നിധ്യം വേണ​െമന്ന്​ വിളിച്ചുകൂവുന്നുണ്ട്​. അമ്പരപ്പിക്കുന്ന കാര്യമെ​ന്തെന്നാൽ ജനറൽ കാർട്ടറോ അദ്ദേഹത്തിൻെറ അടുപ്പക്കാരോ അഫ്​ഗാൻ രേഖകളിൽ ചൂണ്ടിക്കാട്ടിയ യു.എസ്​ യുദ്ധയന്ത്രത്തി​ൻെറ പ്രതിസന്ധിയെ വകവെക്കാൻ കൂട്ടാക്കിയിരുന്നില്ല. എന്നാൽ, അമേരിക്കൻ സൈനിക ആസ​ൂത്രകർ പതിയെ യാഥാർഥ്യത്തിലേക്ക്​ കൺതുറന്നപ്പോഴും അവരുടെ ബ്രിട്ടീഷ്​ പങ്കാളികൾ അഫ്​ഗാനെക്കുറിച്ച്​ മിഥ്യാചിത്രവും പേറി നടപ്പാണ്​. സേനാ പിന്മാറ്റം യൂറോപ്പി​ൻെറ സുരക്ഷക്ക്​ ഭീഷണിയാണെന്നും പുതിയ ഇസ്​ലാമിക്​ എമിറ്റേറിന്​ കീഴിൽ അൽഖാഇദ വീണ്ടും ഒത്തുചേരുമെന്നും ചിലർ പറയുന്നു. ഈ പറച്ചിൽ കുടിലമാണ്​. അമേരിക്കയും ബ്രിട്ടനും എത്ര വർഷമാണ്​ സിറിയയിലും ബ്രിട്ടനിലും ബോസ്​നിയയിലും അൽ ഖാഇദയെ ആയുധമണിയിച്ച്​ കൊണ്ടു നടന്നത്​.

ഇത്തരം ഭീതിവിതക്കൽ വിവരക്കേടി​‍െൻറ ചതുപ്പ്​നിലങ്ങളിൽ മാത്രമേ ഫലം കാണുകയുള്ളൂ. ബ്രിട്ടീഷ്​ പൊതുസമൂഹത്തിന്​ ഇതെന്തായാലും ഉൾക്കൊള്ളാനാകുമെന്ന്​ തോന്നുന്നില്ല. ഭീകരതക്കെതിരായ യുദ്ധത്തോട്​ ഇപ്പോൾ തന്നെയുള്ള എതിർപ്പ്​ കൂടുതൽ ശക്തിപ്പെ​​ട്ടേക്കും. ഇനിയെന്താണ്​ സംഭവിക്കാൻ പോകുന്നത്​? ഇറാഖിലും സിറിയയിലും നടപ്പാക്കിയ മാതൃകയിൽ ഒരു സ്ഥിരം സൈനിക യൂനിറ്റ്​ അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്​. അവശ്യസന്ദർഭത്തിൽ അഫ്​ഗാനിലേക്ക്​ പറന്നു ചെന്ന്​ ബോംബിട്ട്​, ആളെക്കൊന്ന്​ ക്ഷതമേൽപ്പിക്കാൻ പാകത്തിന്​ 2500 സൈനികർ ഇതിനായി കുവൈത്തിലെ സൈനിക താവളത്തിലുണ്ടാവും. അതിനിടെ ജൂലൈയിൽ ചൈന സന്ദർശിച്ച ഉന്നത താലിബാൻ സംഘം ഉറപ്പിച്ചു പറഞ്ഞത്​ മറ്റു രാജ്യങ്ങളെ ആക്രമിക്കാനുള്ള ഇടമായി മേലിൽ തങ്ങളുടെ രാജ്യം ഉപയോഗിക്കപ്പെടില്ല എന്നാണ്​. വാണിജ്യ-സാമ്പത്തിക ചങ്ങാത്തമുൾപ്പെടെ ചൈനീസ്​ വിദേശകാര്യ മന്ത്രിയുമായി ഗാഢമായ ചർച്ചകളും നടന്നിട്ടുണ്ട്​.

ഈ നീക്കം എൺപതുകളിൽ വഹാബി രീതിയിലെ വസ്​ത്രങ്ങളും ശീലങ്ങളുമായി വന്ന അഫ്​ഗാൻ മുജാഹിദുകളും പാശ്ചാത്യനേതാക്കളും തമ്മിൽ വൈറ്റ്​ ഹൗസി​ൻെറയോ ഡൗണിൺ സ്​ട്രീറ്റിലെ 10ാം നമ്പർ വീടി​ൻെറ യോ (ബ്രിട്ടിഷ്​ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി) പശ്​ചാത്തലത്തിൽ നടന്ന സമാന ചർച്ചകളെ ഓർമയിലെത്തിച്ചു. ഇപ്പോൾ നാറ്റോ പിൻമടങ്ങുേമ്പാൾ ചൈനയും റഷ്യയും ഇറാനും താലിബാന്​ തന്ത്രപരമായ വൻ പിന്തുണ നൽകി വന്ന പാകിസ്​താനുമെല്ലാമാണ്​ മുഖ്യറോളിൽ. ​ഇറാനും റഷ്യയുമായി ചൈന പുലർത്തുന്ന വലിയ ബന്ധം തകിടം മറിഞ്ഞു കിടക്കുന്ന ഈ രാജ്യത്ത്​ ലോലമായ സമാധാനം കൊണ്ടുവരാൻ സഹായിച്ചേക്കും. നാലു കോടിക്കടുത്ത്​ ജനസംഖ്യയുള്ള രാജ്യത്തെ ജനങ്ങളുടെ ശരാശരി പ്രായം 18 ആണെന്നത്​ ഉൗന്നിപ്പറയപ്പെടുന്നുണ്ട്​. നാലു പതിറ്റാണ്ട്​ നീണ്ട സംഘർഷങ്ങൾക്കൊടുവിൽ സമാധാന പൂർണമായ മെച്ചപ്പെ​ട്ടൊരു ജീവിതം രാജ്യത്ത്​ സാധ്യമാക്കാൻ ഇൗ ചെറുപ്പം പ്രയത്​നിക്കു​െമന്ന്​ പ്രതീക്ഷിക്കാം.

ഒരു ശത്രു മാത്രമാണ്​ അവശേഷിച്ചതെന്നാൽ പോലും, അഫ്​ഗാനി വനിതകളെ സംബന്ധിച്ച്​ പോരാട്ടം അവസാനിക്കുന്നേയില്ല. പോരാട്ടം തുടരണമെന്നാഗ്രഹിക്കുന്ന ബ്രിട്ടനിലും മറ്റു രാജ്യങ്ങളിലുമുളളവർ തങ്ങളുടെ ശ്രദ്ധ ഏറെ വൈകാതെ നാറ്റോയുടെ വാതിലിൽ മുട്ടിവിളിക്കാനെത്തുന്ന അഭയാർഥികളുടെ കാര്യത്തിലേക്ക്​ കേന്ദ്രീകരിക്കണം. അനാവശ്യമായി അടിച്ചേൽപ്പിച്ച ഒരു യുദ്ധത്തിൻെറ തുലോം തുച്ഛമായ ഒരു പ്രായശ്ചിത്തമായി, അഭയാർഥികളെ സ്വീകരിക്കുക എന്ന ബാധ്യതയെങ്കിലും പാശ്ചാത്യർ ഏറ്റെടുക്കേണ്ടതുണ്ട്​.

ലേഖനത്തിന് ശബ്ദം നൽകിയത്: ഹാരിസ് എൻ.എച്ച്.

Tags:    
News Summary - Battle of Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.