സംസ്ഥാനത്ത് കഴിഞ്ഞദിവസങ്ങളിൽ കേട്ട രണ്ടു സ്ത്രീപീഡന വാർത്തകളെ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് ലഘൂകരിക്കുന്നത് ശരിയല്ല. കാരണം, ഇവ എത്രതന്നെ ഒറ്റപ്പെട്ടതായാലും നമ്മുടെ നിയമസംവിധാനങ്ങളുടെ പാളിച്ചകളിലേക്കും ഉത്തരവാദപ്പെട്ടവരുടെ അലംഭാവത്തിലേക്കും വിരൽചൂണ്ടുന്നുണ്ട്. തലസ്ഥാന നഗരിയിലെ പേട്ട പൊലീസ് സ്റ്റേഷന് അടുത്താണ് സ്കൂട്ടർ യാത്രക്കാരിക്കുനേരെ നടുറോഡിൽ ലൈംഗികാതിക്രമമുണ്ടായത്. മരുന്നുവാങ്ങാനായി രാത്രി പത്തരക്ക് പോയതായിരുന്നു അവർ. മെഡിക്കൽ സ്റ്റോറിൽനിന്ന് മടങ്ങുമ്പോൾ അജ്ഞാതൻ പിന്തുടർന്നു. അയാൾ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ അവർ വാഹനത്തിന് വേഗംകൂട്ടി. വീട്ടുവളപ്പിലേക്ക് സ്കൂട്ടറെടുക്കുമ്പോഴേക്കും ആക്രമി എത്തി ഉപദ്രവിക്കാൻ തുടങ്ങി. എതിർത്ത വനിതയുടെ മുടി കുത്തിപ്പിടിച്ച് കരിങ്കൽചുമരിലിടിച്ചു. തലക്കും മുഖത്തും പരിക്കുകളോടെ അവർ ഒരുവിധം രക്ഷപ്പെട്ടു. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് നിമിത്തമായ ഈ സംഭവം ഉണ്ടാക്കിയ ഞെട്ടൽ മാറുംമുമ്പേ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് പീഡനത്തിന്റെ മറ്റൊരുവാർത്തയും കേരളം കേട്ടു. ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റപ്പെട്ട യുവതിയെ ഭേദ്യംചെയ്തത് ആശുപത്രിജീവനക്കാരൻ തന്നെയായിരുന്നു. ശസ്ത്രക്രിയക്കുശേഷം മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി സംഭവത്തെപ്പറ്റി വീട്ടുകാരോടത് പിന്നീട് പറഞ്ഞപ്പോഴാണ് പുറത്തറിയുന്നത്. തിരുവനന്തപുരം സംഭവം സ്ത്രീസുരക്ഷയുടെ കാര്യത്തിൽ നമ്മുടെ പൊലീസ് സംവിധാനം പുലർത്തുന്ന നിരുത്തരവാദ സമീപനം തുറന്നുകാട്ടുമ്പോൾ കോഴിക്കോട്ടെ സംഭവം നമ്മുടെ സർക്കാർ സംവിധാനം തന്നെ കുറ്റവാളികൾക്ക് അനുകൂല സമീപനം കൈക്കൊള്ളുന്നതായി ബോധ്യപ്പെടുത്തുന്നു.
തിരുവനന്തപുരത്ത് നടുറോഡിൽ വീട്ടമ്മയെ ആക്രമിക്കുകയും വീടുവരെ അവരെ പിന്തുടർന്ന് വധശ്രമംവരെ നടത്തുകയുംചെയ്ത ഭീകരതയെപ്പറ്റി അവരുടെ മകൾ ഉടനെ പൊലീസിൽ വിവരം കൊടുത്തതാണ്. പേട്ട സ്റ്റേഷന് വിളിപ്പാടകലെയായിട്ടും പരാതിയിൽ ഒരു നടപടിയും പൊലീസ് എടുത്തില്ല. പിന്നീട് പൊലീസുകാർ സ്ഥലത്തെത്തിയപ്പോഴാകട്ടെ ആശുപത്രിയിൽ ചികിത്സ തേടിയ വീട്ടമ്മയുടെ മൊഴിയെടുത്തില്ല; മേലുദ്യോഗസ്ഥരെ വിവരമറിയിച്ചില്ല. കേസെടുക്കുന്നത്, സംഭവം നടന്ന് മൂന്നുദിവസം കഴിഞ്ഞ്, കേസെടുക്കാതിരിക്കാനാവാത്തവിധം വിവരം പുറത്തുവന്നപ്പോൾ മാത്രം. പരാതി കിട്ടിയാൽ ഉടനെ അങ്ങോട്ടുചെന്ന് സഹായം നൽകുകയും അന്വേഷണം നടത്തുകയും ചെയ്യേണ്ടവരാണ് പൊലീസുകാർ. പക്ഷേ, ഇവിടെ, രാത്രി അമ്മയെ തനിച്ചാക്കിയിട്ടായാലും മകൾ സ്റ്റേഷനിലേക്ക് അങ്ങോട്ടുചെന്ന് പരാതി എഴുതിക്കൊടുക്കണമെന്നായിരുന്നു നമ്മുടെ പൊലീസിന്റെ ഉത്തരവ്. പിന്നീട് കമീഷണറെ നേരിട്ടുകണ്ട് പരാതി നൽകിയശേഷമാണ് പൊലീസ് അനങ്ങിത്തുടങ്ങുന്നതും നിരീക്ഷണക്കാമറ ദൃശ്യങ്ങൾപോലും പരിശോധിക്കുന്നതും. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിൽ പീഡനത്തിനിരയായ യുവതി ചെയ്ത തെറ്റ് വിശ്വാസപൂർവം സർക്കാർ സംവിധാനത്തിൽ ചികിത്സക്കെത്തി എന്നതാണ്. സംരക്ഷിക്കേണ്ടവരാണ് പീഡിപ്പിച്ചതെങ്കിൽ ഇനിയൊരിക്കലും അത്തരമൊരു സംഭവം ഉണ്ടാകാതിരിക്കത്തക്കവിധം മാതൃകാപരമായ ശിക്ഷാനടപടി ഏറ്റവുംവേഗത്തിൽ എടുക്കുകയാണ് വേണ്ടത്. എന്നാൽ, ഇവിടെയും സംവിധാനങ്ങൾ കുറ്റവാളികൾക്ക് കവചമൊരുക്കുന്നതാണ് കാണുന്നത്. ഭരണപക്ഷക്കാരായ പ്രതികൾക്കുവേണ്ടി പീഡനത്തിനിരയായ യുവതിക്കും കുടുംബത്തിനും മേൽ സമ്മർദവും ഭീഷണിയും വന്നു.
അറസ്റ്റ് വൈകിപ്പിച്ചും അന്വേഷണമെന്നപേരിൽ വെച്ചുതാമസിപ്പിച്ചും പ്രതികളെ രക്ഷപ്പെടുത്താൻ സർക്കാർ പക്ഷത്തുള്ളവർതന്നെ ശ്രമിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റെ സ്ത്രീസംരക്ഷണ അവകാശവാദങ്ങളുടെ ഉരകല്ലുകൂടിയായി മാറുകയാണ് തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും സംഭവങ്ങൾ. നമുക്ക് സ്ത്രീസുരക്ഷക്കായി പ്രത്യേക നിയമങ്ങളുണ്ട്. സ്ത്രീസുരക്ഷയുടെ പേരുപറഞ്ഞ് അഭിമാനിക്കുന്ന സർക്കാറുണ്ട്. വനിത-ശിശുക്ഷേമവകുപ്പുണ്ട്. വനിത കമീഷനുണ്ട്. വനിത പൊലീസുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനിലും വനിത സെല്ലുണ്ട്. പക്ഷേ, ഇതെല്ലാം ഫലവത്താകണമെങ്കിൽ ഈ സംവിധാനങ്ങൾ ശരിക്ക് പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തണം. രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കാൻ കഴിയണം. കടലാസിലെ നിർജീവങ്ങളായ കുറെ അക്ഷരങ്ങളല്ല സ്ത്രീസുരക്ഷ നിയമം- ആകരുത്. ചട്ടം തെറ്റിച്ച പൊലീസുകാരനെയും തെറ്റുചെയ്ത പാർട്ടിക്കാരനെയും മാതൃകാപരമായി ശിക്ഷിക്കുമ്പോഴേ ആ അക്ഷരങ്ങൾക്ക് ജീവൻവെക്കൂ. നിയമത്തിന് രക്ഷിക്കാൻ കഴിയും- ഭരണകർത്താക്കൾക്ക് ആത്മാർഥതയും ആർജവവുമുണ്ടെങ്കിൽ. അതുണ്ടോ എന്ന പരിശോധന കൂടിയാണ് സംസ്ഥാനം രണ്ടു സംഭവങ്ങളിലും നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.