കേരള മുസ്​ലിംകളെ താലിബാനിസ്​റ്റുകളാക്കുന്നതാര്​?


ഐക്യ ഇന്ത്യക്കുവേണ്ടി നിലകൊണ്ട ഇന്ത്യയിലുടനീളമുള്ള സാധാരണ മുസ്​ലിം ജനവിഭാഗങ്ങൾക്കിടയിൽ അഗാധമായ സ്വാധീനമുണ്ടായിരുന്ന ശ്രേഷ്ഠനായ സ്വാതന്ത്ര്യസമരസേനാനി അല്ലാ ബക്​ഷാ (അല്ലാ ബക്​ഷ്​ മുഹമ്മദ്​ ഉമ്മർ സൂംറോ)ഒരിക്കൽ പറഞ്ഞു: 'ഇന്ത്യയിലെ എല്ലാ മുസൽമാന്മാരും ഇന്ത്യാരാജ്യക്കാരാണെന്ന നിലയിൽ അഭിമാനംകൊള്ളുന്നുവെന്നും അതിനു തുല്യമായി അവരുടെ ആത്മീയതലവും സ്വീകൃത മതവും ഇസ്​ലാം ആണെന്നതിൽ അവർ അഭിമാനിക്കുന്നു എന്നതുമാണ്​ കൂടുതൽ ശരി.' അല്ലാ ബക്​ഷാ മറ്റൊരു പ്രധാന കാര്യംകൂടി അതിനോട്​ ചേർത്തു പ്രസ്​താവിച്ചു: 'ഇന്ത്യയിലെ മുഴുവൻ മുസ്​ലിംകൾക്കും ഇന്ത്യ മുഴുവൻ അവരുടെ ജന്മഭൂമിയാണ്​. ഈ ജന്മഭൂമിയിലെ ഒരിഞ്ചുപോലും നിഷേധിക്കാനുള്ള അവകാശം മറ്റാർക്കെങ്കിലുമില്ല.' ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി രക്തവും മാംസവും ത്യാഗോജ്ജ്വലമായി ആത്മസമർപ്പണം ചെയ്​ത മുസ്​ലിം ജനവിഭാഗങ്ങളെ ഹിംസാത്മകമായി അപരവത്​കരിക്കുന്ന ഹിന്ദുത്വ ഫാഷിസ്​റ്റ്​ കാലത്ത്​ ശഹീദ്​ അല്ലാ ബക്​ഷായുടെ ത്യാഗസമരങ്ങൾ പ്രത്യേകം സ്​മരണീയമാണ്​.

ഇന്ത്യയിലെ സവർണാധിഷ്​ഠിത ബ്രാഹ്​മണ്യ ഭരണകൂടം പൗരത്വനിയമത്തിലൂടെ മുസ്​ലിംകളെ പുറന്തള്ളുന്നത്​ പ്രധാനമായി ഹൈന്ദവ ജന്മഭൂമി സങ്കൽപത്തിലൂടെയാണ്​. ഇത്തരം ജന്മഭൂമി സങ്കൽപങ്ങൾക്കെതിരായ വിമർശനമാണ്​ അല്ലാ ബക്​ഷായുടെ വാക്കുകളിൽ തിടം​െവക്കുന്നത്​. ബ്രാഹ്​മണ്യ ഹിന്ദുത്വത്തി​ന്‍റെ ജന്മഭൂമി സങ്കൽപത്തി​ന്‍റെ ആധാരം ചാതുർവർണ്യ ജാതിവ്യവസ്​ഥയാണ്​. ത്രൈവർണിക പുരുഷാധിപത്യ ജാതിബോധത്തിൽ നിലീനമായ സാമൂഹിക സങ്കൽപം ദലിതരെയും മുസ്​ലിംകളെയും പുറന്തള്ളിക്കൊണ്ടാണ്​ നിലനിൽക്കുന്നത്​.

1947 ആഗസ്​റ്റ്​ 14ലെ ഓർഗനൈസറിൽ രേഖപ്പെടുത്തിയത്​, 'ഹിന്ദുസ്​ഥാനിൽ ഹിന്ദുക്കൾ മാത്രമാണ്​ രാഷ്​ട്രമെന്ന ലളിത വസ്​തുതയെ അംഗീകരിക്കുന്നതിലൂടെ ഒരുപാട്​ മാനസിക ആശയക്കുഴപ്പങ്ങളെയും ഇപ്പോഴത്തെയും ഭാവിയിലെയും കുഴപ്പങ്ങളെയും ഇല്ലായ്​മ ചെയ്യാൻ കഴിയും' എന്നാണ്​. രാഷ്​ട്രം 'ഹിന്ദു പാരമ്പര്യങ്ങളിലും സംസ്​കാരത്തിലും ആശയങ്ങളിലും കാംക്ഷകളിലും ഹിന്ദുക്കളുടേതു​ മാത്രമായി വേണം പടുത്തുയർത്താനെന്നും 1947ലെ ഓർഗനൈസറിൽ രേഖപ്പെടുത്തുന്നുണ്ട്​. ഇങ്ങനെ സങ്കൽപിക്കപ്പെടുന്ന ഹിന്ദുരാഷ്​ട്രം ത്രൈവർണിക പുരുഷാധിപത്യ സമൂഹത്തെ മാത്രം ആധാരമാക്കുന്ന ഒന്നാണ്​. ദലിതരെയും പിന്നാക്ക ജനവിഭാഗങ്ങളെയും സ്​ത്രീകളെയും മുസ്​ലിംകളെയും ഹിംസാത്മകമായി അരികുവത്​കരിച്ചാണ്​ ഹിന്ദു ബ്രാഹ്​മണ്യ ഭരണകൂടം നിലനിൽക്കുന്നത്​.

ഹിന്ദു ജനത വിരാട്​ പുരുഷനായ സർവശക്തൻ സ്വയം മൂർത്തീമദ്​ഭവിച്ചിട്ടുള്ളതാണെന്നും, ​ബ്രാഹ്​മണൻ ശിരസ്സിൽനിന്നും ക്ഷത്രിയൻ കരങ്ങളിൽനിന്നും വൈശ്യൻ തുടയിൽനിന്നും ശൂദ്രൻ പാദത്തിൽനിന്നും ഉത്ഭവിച്ചതാണെന്നും Bunch of Thoughtsൽ ഗോൾവാൾക്കർ സംശയലേശമന്യേ വ്യക്തമാക്കുന്നു. ശ്രേണീകൃതമായ ഈ സാമൂഹിക വ്യവസ്​ഥയെയാണ്​ ഗോൾവാൾക്കർ ഹിന്ദു ജനത എന്നു വിശേഷിപ്പിക്കുന്നത്​. ഹിന്ദുസ്​ഥാൻ ആയ ഈ രാജ്യത്ത്​ ഹിന്ദു ജാതി അതി​ന്‍റെ മതം, അതി​ന്‍റെ സംസ്​കാരം, ഭാഷ എന്നിവയിൽ രാഷ്​ട്രസങ്കൽപം പൂർണമാവുന്നു എന്ന്​ We or Our Nationhood Definedൽ ഗോൾവാൾക്കർ കുറിക്കു​േമ്പാൾ അത്തരം രാഷ്​ട്രസങ്കൽപം സമ്പൂർണമായി മുസ്​ലിംകളെ അപരവത്​കരിക്കുന്നതാണെന്ന്​ സ്​പഷ്​ടം. രാഷ്​ട്രത്തി​ന്‍റെ ശരീരമാണ്​ ജാതിയെന്നും, ജാതിയുടെ തകർച്ചയോടെ രാഷ്​ട്രം തകരുമെന്നും ഗോൾവാൾക്കർ എഴുതു​േമ്പാൾ ജാതിവ്യവസ്​ഥയാൽ ഹിംസാത്മകമായി ജനതയെ തരംതിരിക്കുന്ന മേൽക്കീഴ്​ വ്യവസ്​ഥയെയാണ്​ ഹിന്ദുത്വ ബ്രാഹ്​മണ്യ വാദികൾ ഭാവന ചെയ്യുന്നതെന്ന്​ സുവ്യക്തം.

ഇങ്ങനെ ഭാവന ചെയ്​ത്​ പ്രയോഗവത്​കരിക്കപ്പെടുന്ന ബ്രാഹ്​മണ്യ രാഷ്​ട്രസങ്കൽപത്തി​ന്‍റെ നിയമാവലി മനുസ്​മൃതിയായിരിക്കണമെന്ന്​ വി.ഡി. സവർക്കർ Women in Manusmriti എന്ന പ്രബന്ധത്തിൽ എഴുതുന്നുണ്ട്​. മുസ്​ലിംകൾക്ക്​ പ്രത്യേക അവകാശങ്ങളും പരിരക്ഷയും ഉറപ്പുവരുത്തുന്ന ഇന്ത്യൻ ഭരണഘടനയല്ല മനുസ്​മൃതിയാണ്​ വിശിഷ്​ടം എന്നാണ്​ ബ്രാഹ്​മണ്യ ഫാഷിസ്​റ്റുകൾ കരുതുന്നത്​. ജാതിവ്യവസ്​ഥയാലും അതി​ന്‍റെ ശുദ്ധാശുദ്ധി നിയമങ്ങളാലും പാർശ്വവത്​കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ഉൾക്കൊള്ളുന്ന ഒന്നായി ഇന്ത്യൻ ഭരണഘടന നിലനിൽക്കുന്നതിനാലാണ്​ ഭരണഘടന മാറ്റിയെഴുതണമെന്ന്​ കാലങ്ങളായി ഹിന്ദുത്വവാദികൾ മുറവിളി കൂട്ടുന്നത്​.

ബ്രാഹ്​മണ്യം അംഗീകരിച്ചിട്ടുള്ള അയിത്തം പല നിലകളിൽ മുസ്​ലിംകൾക്കും ബാധകമായിരുന്നു. എത്ര ആദരണീയനായാലും ഒരു മുസ്​ലിം ജാതി ഹിന്ദുക്കളുടെ ഭവനങ്ങളിൽ പുറത്തുനിൽക്കാൻ നിർബന്ധിതരായിരുന്നു എന്ന്​ ആർ.സി. മജൂംദാർ History of Freedom Movement in India എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നുണ്ട്​. ഉന്നതകുലജാതനോ ഉയർന്ന വിദ്യാഭ്യാസമുള്ളവനോ സംസ്​കാരചിത്തനോ ആണെങ്കിൽപോലും രാജ്യത്തെ ഭൂരിഭാഗം വരുന്ന യാഥാസ്​ഥിതിക ഹിന്ദുക്കൾ മുസൽമാനെ േമ്ലച്ചനായാണ്​ കാണുന്നതെന്നും ഹിന്ദുക്കളിലെ ഏറ്റവും താഴ്​ന്നവർക്ക്​ ലഭിക്കുന്നതിനേക്കാൾ മെച്ചപ്പെട്ട സാമൂഹികപരിഗണന അവർ അർഹിക്കുന്നില്ലെന്ന്​ കരുതുന്നതായും എം.എൻ. റോയി The Historical Role of Islam എന്ന ഗ്രന്ഥത്തിൽ നിരീക്ഷിക്കുന്നു. ഇത്​ വ്യക്​തമാക്കുന്നത്​ ബ്രാഹ്​മണ്യത്തി​ന്‍റെ ജാതിവ്യവസ്​ഥയാൽ ഹിംസാത്മകമായി പുറന്തള്ളപ്പെട്ട്​ അപരശരീരങ്ങളായിത്തീർന്ന ജനവിഭാഗമാണ്​ മുസ്​ലിംകൾ എന്നാണ്​. ഇങ്ങനെ ഹിന്ദുത്വ സവർണ വ്യവസ്​ഥയാൽ ഭീതിദമായി പുറന്തള്ളപ്പെട്ട ഒരു ജനവിഭാഗത്തെയാണ്​ ഹിന്ദുത്വ ഫാഷിസ്​റ്റുകളെക്കാൾ കേരളത്തിലെ പുരോഗമന ബുദ്ധിജീവികൾ പേടിക്കുന്നത്​.

ഒരു ജനവിഭാഗത്തെ വ്യക്തമായി താലിബാനിസ്​റ്റുകൾ എന്നു വിളിക്കുന്നവർ കേരളത്തിലെ ഏതെങ്കിലും ​ഒരു സമുദായത്തെ മുൻനിർത്തി ഹിന്ദുത്വവാദികൾ എന്നു വിളിക്കുമോ എന്ന ചോദ്യം പ്രസക്തമാണ്​. ഏറ്റവും കൂടുതൽ ഹിന്ദുത്വ പരിവാര ശാഖകളുള്ള ഒരു സംസ്​ഥാനത്തിരുന്നുകൊണ്ട്​ താലിബാനെ മുൻനിർത്തി കേരളത്തിലെ മുസ്​ലിംകൾ പേടിക്കേണ്ടവരാണെന്ന വെറുപ്പി​ന്‍റെ രാഷ്​ട്രീയം പ്രചരിപ്പിക്കുന്നവർ യഥാർഥ ഹിന്ദുത്വ സേവകരാണ്​. കൃത്യവും വ്യക്തവുമായ തെളിവുകളുടെ അഭാവത്തിൽ മുസ്​ലിംകളെ താലിബാനിസ്​റ്റുകളാക്കുന്നവർ ഹിന്ദുത്വം അവരുടെ രാഷ്​ട്രീയ ആയുധമാക്കുന്ന ഇസ്​ലാമോ​േഫാബിയയുടെ വക്താക്കളാണ്​. അപരത്വത്തെപ്പറ്റി വാചാലമാകുന്ന ഇക്കൂട്ടർ സ്വത്വവാദികളെന്നും തീവ്ര മുസ്​ലിംകളെന്നും ആക്ഷേപിച്ചുകൊണ്ട്​ കാലങ്ങളായി മനുസ്​മൃതി പുറന്തള്ളിയ ജനവിഭാഗങ്ങളെ കൂടുതൽ ഹിംസാത്മകമായി അപരവത്​കരിക്കുകയാണ്​. യഥാർഥ ജാതിവാദിക​ളും മനുവാദികളുമായ ഇക്കൂട്ടർ സവർണതയും ബ്രാഹ്​മണ്യവും മതേതരമായി വ്യാഖ്യാനിച്ചുറപ്പിക്കാനാണ്​ പരിശ്രമിക്കുന്നത്​.

ഇതിഹാസപുരാണ പാഠങ്ങളിൽ വിപ്ലവം തേടുകയും അവയൊക്കെയും ജീവിക്കുന്ന വൈരുധ്യമായി അവതരിപ്പിക്കുകയും ബ്രാഹ്​മണദാസനായ രാമനെ നല്ല രാമനായി വീണ്ടെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർതന്നെയാണ്​ കേരളത്തിലെ മുസ്​ലിംകളെ താലിബാനിസ്​റ്റുകളായി അവതരിപ്പിക്കുന്നത്​. ഇതിഹാസങ്ങളിൽ നന്മ തേടുന്നവർ ആത്യന്തികമായി എത്തിച്ചേരുന്ന ഇസ്​ലാമോഫോബിയയിലും ഹിന്ദുത്വസേവയിലുമാണ്​ നല്ല രാമ​ന്‍റെയും ജഗദാനന്ദകാരനായ രാമ​ന്‍റെയും വക്താക്കൾ എത്തിച്ചേർന്നിരിക്കുന്നത്​. ബ്രാഹ്​മണ്യത്തിൽ നന്മ തേടുന്നവരുടെ താവളം ഹിന്ദുത്വമല്ലാതെ മറ്റൊന്നുമല്ല എന്ന്​ തെളിയിക്കുന്നവയാണ്​ പ​ുരോഗമന ജനപക്ഷ നാട്യക്കാരുടെ മുസ്​ലിം ഭീതി. ഹിന്ദു ബ്രാഹ്​മണ്യ വ്യവസ്​ഥയുടെ ഭീതിദമാർന്ന മറുവശം മുസ്​ലിം അപരവത്​കരണമാണെന്ന്​ ഡോ. മീര നന്ദ നിരീക്ഷിക്കുന്നുണ്ട്​. ഹൈന്ദവ ബ്രാഹ്​മണ സാഹിത്യങ്ങളിലെ മൂല്യങ്ങൾ കണ്ടെത്തി ആധുനിക സമൂഹത്തെ പരിവർത്തിപ്പിക്കാൻ ശ്രമിക്കുന്ന പുരോഗമന പ്രഭൃതികൾ സാമൂഹികശാസ്​ത്രജ്ഞനായ നിക്കി കെഡി നിരീക്ഷിച്ചതുപോലെ മതരാഷ്​ട്രത്തി​ന്‍റെ വക്താക്കളാണ്​.

Tags:    
News Summary - Talibanism in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.