1979ലെ ഓർമ്മയാണ്.
ഞങ്ങളുടെ തറവാടിനടുത്തുള്ള തൃപ്പേക്കുളം ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് പതിവുപോലെ നാടകം ഉണ്ടായിരുന്നു. ഉച്ചക്ക് ശേഷം മൈക്ക് സെറ്റുകാർ വന്ന് ശബ്ദ സജ്ജീകരണങ്ങൾ ഒരുക്കുകയാണ്. പാട്ടുകൾ പ്ലേ ചെയ്യാൻ തുടങ്ങിയപ്പോൾ ഞങ്ങൾ കുട്ടികൾ അവരുടെ അരികിലെത്തി മുന്നിൽ ഇരിപ്പുറപ്പിച്ചു.
അന്ന് റെക്കോർഡ് പ്ലെയറിലൂടെയായിരുന്നു പാട്ടുകൾ കേൾപ്പിച്ചിരുന്നത്. റെക്കോർഡ് തിരിയുന്നതും അതിന്റെ പൊഴികളിലൂടെ സൂചി നീങ്ങുന്നതും പാട്ടുകൾ പുറത്തേക്കൊഴുകുന്നതും വിസ്മയകരമായ അനുഭവമായിരുന്നു.
‘ദേവദാസി’ എന്ന സിനിമയിലെ, ഒ.എൻ.വിയുടെ വരികൾക്ക് സലിൽ ചൗധുരി സംഗീതം പകർന്ന,
‘പൊന്നലയിൽ അമ്മാനമാടി
എൻ തോണി അങ്ങേക്കര പോയ് വാ’ (യേശുദാസ്, വാണി ജയറാം & സംഘം)
‘ഒരു നാൾ വിശന്നേറെ തളർന്നേതോ വാനമ്പാടി.. ’, ‘നാധിര് ധിർധാ തോം ന തോം
തനനനന മാനസേശ്വരീ മനോഹരി’ (ജാനകി), ‘ഇനി വരൂ തേൻനിലാവേ’ ( സബിത ചൗധരി )
‘പാദരേണു തേടിയലഞ്ഞു’ (യേശുദാസ്)
‘വരു നീ വിരുന്നുകാരാ’ (സബിത ചൗധരി ) എന്നീ ഗാനങ്ങൾ അങ്ങനെ അന്ന് കേട്ടതാണ്.
പ്രേംനസീറിന്റെ മുഖമുള്ള ദേവദാസിയുടെ ഡിസ്ക് കവറും കൗതുകത്തോടെ നോക്കിനിന്നതും ഓർമയിലുണ്ട്. സിനിമ പുറത്തിറങ്ങുന്നത് കാത്തിരുന്നെങ്കിലും ആ മോഹം പൂവണിഞ്ഞില്ല. ഷൂട്ടിങ് പോലും ആരംഭിച്ചില്ല എന്നാണറിവ്. (ദേവദാസി എന്ന പേരിൽ 1999ൽ ഒരു സിനിമ പുറത്തിറങ്ങിയിട്ടുണ്ട്. സംഗീതം: ശരത് )
ഗാനങ്ങൾ മാത്രം സമ്മാനിച്ച്, തിരശ്ശീലയിൽ എത്താത്ത ഇതു പോലെ എത്രയെത്ര സിനിമകൾ! മനോഹരമായ പാട്ടുകളെങ്കിലും കേൾക്കാനുള്ള ഭാഗ്യമുണ്ടായില്ലേ എന്നു നമുക്കാശ്വസിക്കാം.
പാട്ടുകൾ റെക്കോർഡ് ചെയ്തിട്ടും കേൾക്കാൻ ഭാഗ്യം ലഭിക്കാത്ത സിനിമകളുമുണ്ട്. അതിലൊന്നാണ് പുള്ളിമാൻ. സിനിമ പുറത്തിറങ്ങിയുമില്ല. പി. ഭാസ്കരൻ മാഷിന്റെ വരികൾക്ക് ഈണം പകർന്നത് കെ. രാഘവൻ. കോഴിക്കോട് അബ്ദുൽ ഖാദർ ‘ചന്ദ്രനുറങ്ങി താരമുറങ്ങി’ എന്നൊരു ഗാനമാലപിച്ചെങ്കിലും റെക്കോർഡ് പുറത്തിറങ്ങാത്തതുകൊണ്ട് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായില്ല. ഗാനം അതി മനോഹരമാണെന്ന കേട്ടറിവേ ഉള്ളൂ. (1972ൽ പുള്ളിമാൻ കളർ ചിത്രമായി പുറത്തുവന്നപ്പോൾ ശ്രീകുമാരൻ തമ്പിയും ബാബുരാജുമായിരുന്നു ഗാനങ്ങൾ ഒരുക്കിയത്. 2010 ൽ ശരത്തിന്റെ സംഗീത സംവിധാനത്തിൽ മറ്റൊരു പുളളിമാനും റിലീസ് ചെയ്തു)
സിനിമ പുറത്തിറങ്ങാതെ പാട്ടുകൾ ഹിറ്റായ സിനിമാഗാനങ്ങളിലേക്ക് വീണ്ടും മടങ്ങുകയാണ്.
ചിത്രീകരണം ആരംഭിച്ച ചിത്രമായിരുന്നു കാട്ടുപോത്ത്. പി ഭാസ്കരന്റെ വരികൾക്ക് ഈണം നൽകിയത് ജെറി അമൽദേവ്.
ഇതിലെ,
‘പൂവല്ല പൂന്തളിരല്ല
മാനത്തെ മഴവില്ലല്ല
വിണ്ണിൽ നിന്ന് പറന്നുവന്ന
മധുചന്ദ്രലേഖ - അവൾ എൻ
മനസ്സിൽ തന്ത്രികൾ മീട്ടും
വീണാഗായിക’
എന്ന ഗാനം എക്കാലത്തേയും സൂപ്പർ ഹിറ്റായി മാറി. ‘മാനവഹൃദയത്തിൻ നൊമ്പരമറിയാതെ ഭൂമിയും മാനവും പുഞ്ചിരിച്ചു...’ എന്ന ഗാനം വരികൾ കൊണ്ടും യേശുദാസിന്റെ ആലാപനം കൊണ്ടും വ്യത്യസ്തത പുലർത്തി.
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘കാമുകി’ (1967)യിൽ നാലു ഗാനങ്ങൾ ഉണ്ടെങ്കിലും
യേശുദാസ് ആലപിച്ച
‘ജീവനിൽ ജീവൻ്റെ ജീവനിൽ..,’
‘വാടിക്കൊഴിഞ്ഞു മധുമാസ ഭംഗികൾ’ എന്നീ ഗാനങ്ങളേ ഗാനാസ്വാദകർക്ക് കേൾക്കാനായുള്ളൂ. രണ്ടും ഹൃദ്യമാണ്. വരികൾ: ഏറ്റുമാനൂർ സോമദാസൻ, സംഗീതം: പി.കെ. ശിവദാസും വി.കെ ശശിധരനും. ഈ രണ്ടു പാട്ടുകളും 1978ൽ റിലീസ് ചെയ്ത, രാജീവ് നാഥിന്റെ ‘തീരങ്ങൾ’ എന്ന സിനിമയിൽ ഉൾപ്പെടുത്തുകയുണ്ടായി.
തരംഗിണി പുറത്തിറക്കിയ ഗ്രാമഫോൺ ഡിസ്കുകളിലൂടെയും ഓഡിയോ കാസറ്റുകളിലൂടെയും പാട്ടുകൾ മാത്രം കേൾക്കാനായിരുന്നു മുട്ടത്തു വർക്കിയുടെ പ്രശസ്തമായ ‘ഒരു കുടയും കുഞ്ഞുപെങ്ങളും’ എന്ന സിനിമയുടെ യോഗം. (രചന: ബിച്ചു തിരുമല, ഈണം ജെറി അമൽദേവ്, വർഷം 1985).
നാലു പാട്ടുകളിൽ, ചിത്ര പാടിയ ‘തൂക്കണാം കുരുവിയോ താമരക്കുരുന്നോ’ അക്കാലത്തെ ഹിറ്റ് ഗാനമായിരുന്നു.
‘കുഞ്ഞിക്കൂനൻ’ എന്നു കേൾക്കുമ്പോൾ 2002ൽ ദിലീപ് ഇരട്ടവേഷത്തിൽ അഭിനയിച്ച സിനിമയാണ് ആദ്യം ഓർമവരിക. പി. നരേന്ദ്രനാഥിന്റെ പ്രശസ്ത നോവലായ ‘കുഞ്ഞിക്കൂനൻ’ സിനിമയാക്കുന്നതായി വാർത്തകൾ വന്നതാണ്. ഇതിലെ ‘ആമ കടലാമ‘ (ജയചന്ദ്രൻ), ‘മുന്നിൽ ദൂരം മുതുകിൽ ഭാരം’ (യേശുദാസ്) എന്നീ ഗാനങ്ങൾ അക്കാലത്ത് ആകാശവാണി പ്രക്ഷേപണം ചെയ്യുമായിരുന്നു. രചന: പി.ഭാസ്കരൻ സംഗീതം: ബി. എ. ചിദംബരനാഥ്. വർഷം 1966.
മയിൽപ്പീലി (1984) എന്ന സിനിമയിലെ, യേശുദാസ് പാടിയ ‘നിലാവിൻ അലകളിൽ ഒഴുകി വരൂ’ നല്ലൊരു ഗാനമാണ്. രചന: ഒ.എൻ.വി, സഗീതം: ഉദയഭാനു )
‘ശബരിമല ദർശനം’ എന്ന ചിത്രത്തിൽ മുൻ മന്ത്രി പി.ജെ. ജോസഫ് ആലപിച്ച ‘ശ്യാമസന്ധ്യാ വിമൂകം സഖീ
വിഷാദം ചമഞ്ഞു വരുന്നു വിധി' എന്നു തുടങ്ങുന്ന ഗാനം ശ്രവണസുഖം പകരുന്നതാണ്. ‘ശബരിമലയൊരു പൂങ്കാവനം’ (യേശുദാസ്) എന്ന ഗാനവും ശ്രദ്ധേയമായി. രചന: ചുനക്കര, സംഗീതം: ജെറി അമൽദേവ്. വർഷം 1984.
‘കടൽക്കാക്കകൾ’ (1978) എന്ന ചിത്രത്തിൽ പൂവച്ചൽ ഖാദർ- എ.ടി. ഉമ്മർ ടീം ഒരുക്കിയ നാലു ഗാനങ്ങളിൽ ‘ഒരേ ഒരു തീരം’ (യേശുദാസ്, ജാനകി)
‘രാവൊരു നീലക്കായൽ’ (ജാനകി) എന്നിവ ഹിറ്റുകളായി.
ഒരു കാലത്ത് റേഡിയോയിലൂടെ കൂടെക്കൂടെ കേട്ടിരുന്ന ഗാനമാണ്
‘ഓ അമ്മിണി എന്റെ
ജീവൻ നീ അല്ലേ അമ്മിണീ’
യേശുദാസ് ആലപിച്ച ഈ ഗാനത്തിൽ ഇടയ്ക്കിടെ പൊട്ടിച്ചിരിയും കേൾക്കാം. ചിരിക്കുന്നത് പ്രശസ്ത നടിയായിരുന്ന ശോഭ. ഗാനത്തിന് രസകരമായ ഈണം നൽകിയത് ആർ.കെ. ശേഖർ. ചിത്രം ചിതറിയ പൂക്കൾ (1973). ഇതിൽ തന്നെ മറ്റൊരു ഹിറ്റ് ഗാനമാണ് എം. രംഗറാവുവിന്റെ ഈണത്തിൽ, ജാനകി ആലപിച്ച ‘വൃന്ദാവനത്തിലെ കണ്ണാ...’
1978ൽ വിവാദമായതാണ് ഒട്ടകം എന്ന സിനിമയിലെ പാട്ടുകൾ. ഗാനരചന: പാപ്പനംകോട് മണിണ്ഠൻ, സംഗീതം: എസ്.ഡി. ശേഖർ. ജയചന്ദ്രനും എൽ. ഈശ്വരിയും പാടിയ ‘ആറ്റിൻകരെ നിന്നും കുറവൻ പുല്ലാങ്കുഴലൂതി’ എന്ന ഗാനം അശ്ലീലത്തിന്റെ പേരിൽ ആകാശവാണി പ്രക്ഷേപണം ചെയ്തില്ല. ഏണിപ്പടികൾ എന്ന ചിത്രത്തിലെ, ഇരയിമ്മൻ തമ്പിയുടെ ‘പ്രാണനാഥനെനിക്ക് നൽകിയ പരമാനന്ദ സുഖ’ത്തിന് ഇതേ അവസ്ഥ ഉണ്ടായിരുന്നെങ്കിലും പിന്നീട് നിരോധനം പിൻവലിച്ചു. ആറ്റിൻകരയിലെ കുറവന്റെ വിലക്കു മാറിയുമില്ല. അതുകൊണ്ടുതന്നെ ഇതിലെ മറ്റു ഗാനങ്ങളും ആകാശവാണി കേൾപ്പിച്ചില്ല. ഇതിൽ യേശുദാസും സംഘവും പാടിയ ‘മാറിപ്പോ മാറിപ്പോ വണ്ടി വരുന്നേ...’ എന്ന പാട്ട് കേട്ടാൽ തമിഴ് നാട്ടിൽ നിരോധനം ഏർപ്പെടുത്തിയിരുന്ന ‘ഓരം പോ ഓരം പോ രുക്കുമണി വണ്ടി വരുത്’ എന്ന പാട്ട് ഓർമ്മ വരും. ചിത്രം: പൊണ്ണ് ഊരുക്ക് പുതുശ്ശ്, സംഗീതം: ഇളയരാജ
‘പാവക്കുട്ടി’ (1972)എന്ന സിനിമയിലെ പാട്ടുകൾ എഴുതിയത് പി. ഭാസ്കരൻ, തിക്കുറിശ്ശി, രാജൻ എന്നിവർ.
സംഗീതം: ടി. പത്മൻ. നാലു ഗാനങ്ങളിൽ
‘പൊട്ടിക്കരയും കുഞ്ഞേ’ (ജാനകി)
‘നാളു കുറിക്കാൻ’ (എൽ.ആർ. ഈശ്വരി) എന്നിവ ശ്രദ്ധിക്കപ്പെട്ടു.
ശ്രീകുമാരൻതമ്പിയും ഭാസ്കർ ചന്ദ്രവർക്കറും ഒരുക്കിയ ഗാനങ്ങളുമായി പുറത്തു വരേണ്ട ചിത്രമായിരുന്നു ‘നിന്റെ രാജ്യം വരേണം’ (1976). ‘ദന്ത ഗോപുര മേടയിൽ’ ( ജാനകി) ‘കരഞ്ഞു കയറിയ’ (യേശുദാസ്), ‘ചിത്രമണി മണ്ഡപത്തിൽ’ (യേശുദാസ്) എന്നീ ഗാനങ്ങൾ മികച്ച നിലവാരം പുലർത്തി.
1982ലാണ് ‘നിധി’ എന്ന സിനിമയിലെ പാട്ടുകൾ പുറത്തിറങ്ങിയത്. ഒ.എൻ.വിയുടെ വരികൾക്ക് ഈണം നൽകിയത് ജോബ് & ജോർജ്. യേശുദാസ് പാടിയ
‘നീരാഴി പെരുമാളെ
നീ വാഴും കൊട്ടാരത്തിൽ
താഴുണ്ടോ തഴുതുണ്ടോ...’ എന്ന പാട്ട് ഏറെ ആകർഷകമായി.
1979ലെ ‘കൃഷ്ണതുളസി’യിൽ വാണിജയറാം പടിയ ഭക്തി തുളുമ്പുന്ന ഒരു ഗാനമുണ്ട്:
‘മഞ്ജുപീതാംബരാ
മഞ്ജുളരൂപാ
മുരളീമോഹനാ
മണിവര്ണ്ണാ ....
അഞ്ജലി കൂപ്പുമീ കൈകളില് പകരൂ
നിന് കരുണാമൃത തീര്ത്ഥജലം’
(എൻ.എസ്. നമ്പൂതിരി / ബാബുരാജ് )
‘ഹൃദയം ദേവാലയം
പോയവസന്തം നിറമാലചാര്ത്തും
ആരണ്യദേവാലയം - മാനവ
ഹൃദയം ദേവാലയം’
മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ച ഈ ഗാനം തെരുവു ഗീതം (1977) എന്ന ചിത്രത്തിലേതാണ്. രചന: ബിച്ചു തിരുമല, സംഗീതം: ജയവിജയ. യേശുദാസ് പാടിയ ‘ദ്വാദശി നാളിൽ’ ഏറെ വ്യത്യസ്തത പുലർത്തി.
‘പനിനീർ മഴ’ (1976) എന്ന ചിത്രത്തിൽ വാണി ജയറാമും സംഘവും പാടിയ മനോഹരമായ ഗാനമാണ്:
‘ഞാറ്റുവേലപ്പൂക്കളേ പൂക്കളേ..
കാറ്റുന്നു വന്നു കാതിൽ ചൊല്ലിയ
കടങ്കഥ പറയൂ..കടങ്കഥ പറയൂ...’
(വയലാർ, എം.കെ. അർജുൻ).
അർജുനൻ മാഷെ കാണാനായി 2018 മെയ് 27ന് അദ്ദേഹത്തിന്റെ വീട്ടിൽ പോയപ്പോൾ ഈ ഗാനത്തിന്റെ റെക്കോർഡും സ്യൂട്ട്കെയ്സ് മോഡൽ റെക്കോർഡ് പ്ലെയറും കയ്യിൽ കരുതിയിരുന്നു. എം. കെ. അർജുനൻ പോലും മറന്നുപോയ ഈ ഗാനം ശ്രദ്ധയോടെ ആസ്വദിച്ച രംഗം ഒരിക്കലും മറക്കാനാവില്ല. യേശുദാസും പി. സുശീലയും വെവ്വേറെ പാടുന്ന ‘ചന്ദ്രമദം പിഴിഞ്ഞെടുത്തു’ എന്ന ഗാനവും ശ്രുതിമധുരമാണ്.
‘സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം
ദുഃഖഭാരങ്ങളും പങ്കുവയ്ക്കാം’'
ഈ ഗാനം കേൾക്കാത്തവരുണ്ടാകുമെന്നു തോന്നുന്നില്ല. യേശുദാസും ചിത്രയും വേറെ വേറെ പാടുന്നുണ്ട് റെക്കോർഡിന്റെ ഇരുപുറങ്ങളിലായി. 1985 ൽ പുറത്തിറങ്ങിയ ഈ ഗാനം ‘കാണാൻ കൊതിച്ച്’ എന്ന സിനിമയിലേതാണ്. പി. ഭാസ്കരന്റെ മനോഹരമായ വരികൾക്ക് ചാരുതയാർന്ന ഈണമൊരുക്കിയത് വിദ്യാധരൻ.
ഇങ്ങനെ ഗാനരംഗങ്ങൾ കാണാൻ ഭാഗ്യം ലഭിക്കാതെ, പാട്ടുകൾ മാത്രം ആസ്വദിക്കാൻ വിധിക്കപ്പെട്ട സിനിമകൾ ഇനിയുമുണ്ട് അനവധി!
വിപഞ്ചിക (1984, എം.ജി. സദാശിവൻ, അയിരൂർ സദാശിവൻ), ഫാസ്റ്റ് പാസഞ്ചർ (1979, മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ദേവരാജൻ), മൗനം വാചാലം (1983, ഒ.എൻ.വി, എം.ബി. ശ്രീനിവാസൻ) ജലരേഖ (1981, ഹരി കുടപ്പനക്കുന്ന് & ലീല കവിയൂർ, എം.ബി. ശ്രീനിവാസൻ), രജനി (1981, വയലാർ, ദേവരാജൻ), രാഗ പൗർണമി (1981, കണിയാപുരം രാമചന്ദ്രൻ, ദേവരാജൻ), അനന്തനും അപ്പുക്കുട്ടനും ആനയുണ്ട് (1990, കൈതപ്രം, ജോൺസൺ) എന്നിവ ഇവയിൽ ചിലതു മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.