റിക്കി കേജ്

റിക്കി കേജ്

സംഗീതം, നിലപാട് റിക്കി കേജ്

ലോസ് ആഞ്ജലസിൽ നടന്ന ഗ്രാമി അവാർഡ് നിശയിൽ മൂന്നാം അവാർഡും സ്വന്തമാക്കി റെക്കോഡിട്ട റിക്കി കേജ് ‘പരിസ്ഥിതി പ്രേമിയായ സംഗീതജ്ഞൻ’ എന്നാണ്  അറിയപ്പെടുന്നത്. രണ്ട് ഗ്രാമി അവാർഡ് സ്വന്തമാക്കിയ ഡിവൈൻ ടൈഡ്സും പറയുന്നത് പരിസ്ഥിതിയെക്കുറിച്ചാണ്

2016 ജൂലൈ 18. ഐക്യരാഷ്ട്രസഭ ആസ്ഥാനം. മികച്ചൊരു സംഗീതാവതരണം നടക്കുന്നു. എല്ലാവരും അതിൽ ആമഗ്നരായി ഇരിക്കുകയാണ്. അവതരണം കഴിഞ്ഞ് സംഗീതജ്ഞൻ മൈക്ക് കൈയിലെടുത്തു. നന്ദി പറയാനാണെന്ന് എല്ലാവരും ചിന്തിച്ചു. ആ മൈക്കിലൂടെ കടന്നുവന്ന ശബ്ദ ശകലങ്ങൾ ഭൂമിക്കുള്ള ഉണർത്തുപാട്ടായിരുന്നു. ‘അവസാനമായി ഞാൻ പറയുകയാണ്, വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു, കാലാവസ്ഥാ വ്യതിയാനം യാഥാർഥ്യമാണ്. നമ്മളുണ്ടാക്കിയതാണ്. നമ്മളെ എല്ലാവരെയും ബാധിക്കുന്നുമുണ്ട്. നമ്മുടെ പ്രവൃത്തികളുടെ പ്രയാസം അനുഭവിക്കുന്നത് ഭൂഗോളത്തിന്റെ മറ്റൊരു ഭാഗത്തുള്ള ആളുകളാണ്’. ഇന്ത്യക്കാർക്കും ലോകത്തിനും പരിചിതനായ സംഗീതജ്ഞൻ റിക്കി കേജിന്റെ വാക്കുകളായിരുന്നു അത്. 2023 ഫെബ്രുവരി ആറിന് ലോസ് ആഞ്ജലസിൽ നടന്ന ഗ്രാമി അവാർഡ് നിശയിൽ മൂന്നാം അവാർഡും സ്വന്തമാക്കി റെക്കോഡിട്ട റിക്കി കേജ് ‘പരിസ്ഥിതി പ്രേമിയായ സംഗീതജ്ഞൻ’ എന്ന രീതിയിലാണ് അറിയപ്പെടുന്നത്. രണ്ട് ഗ്രാമി അവാർഡ് സ്വന്തമാക്കിയ ഡിവൈൻ ടൈഡ്സും പറയുന്നത് പരിസ്ഥിതിയെക്കുറിച്ചാണ്. ഹിമാലയം മുതൽ സ്പെയിനിലെ മഞ്ഞുമൂടിയ വനങ്ങൾവരെ ഉൾക്കൊള്ളുന്ന ദൃശ്യങ്ങളും ഗാനങ്ങളുമാണ് ഡിവൈൻ ടൈഡ്സിലുമുള്ളത്. റാപ്പർ, പരിസ്ഥിതി സ്നേഹി, കുട്ടികളുടെ അവകാശങ്ങളുടെ പോരാളി, മനുഷ്യസ്നേഹി തുടങ്ങിയ നിലകളിലെല്ലാം പ്രവർത്തിക്കുന്ന വ്യക്തിയാണ് റിക്കി കേജ്.

ബംഗളൂരുവിൽ നിന്ന് തുടങ്ങി, ലോകത്തിന്റെ നെറുകയിൽ

1981 ആഗസ്റ്റ് അഞ്ചിന് പഞ്ചാബി കുടുംബത്തിൽ ജനിച്ച റിക്കി കേജ് എട്ടാം വയസ്സിൽ ബംഗളൂരുവിലേക്ക് മാറുന്നതോടെയാണ് സംഗീത ലോകത്തേക്ക് എത്തുന്നത്. ബിഷപ് കോട്ടൺ ബോയ്സ് സ്കൂളിലും ബംഗളൂരുവിലെ ഓക്സ്ഫഡ് ഡെന്റൽ കോളജിലും പഠിക്കുന്ന സമയത്തുതന്നെ സംഗീതത്തിൽ കൈവെച്ചു തുടങ്ങിയിരുന്നു. ഡെന്റിസ്റ്റാകുന്നതിനുപകരം മ്യുസീഷ്യൻ ആകാനുള്ള ശ്രമം മാതാവിന് അടക്കം അരക്ഷിതാവസ്ഥ ഉണ്ടാക്കിയെങ്കിലും റിക്കി കേജ് മുന്നോട്ടുപോയി. നടനും ഒളിമ്പിക് സൈക്ലിസ്റ്റും സ്വാതന്ത്ര്യസമര സേനാനിയുമായ മുത്തച്ഛൻ ജാനകി ദാസാണ് റിക്കിയുടെ മാതൃകയായതെന്ന് അമ്മ പമ്മി കേജ് ഓർത്തെടുക്കുന്നു. കോളജിൽ വെച്ചുതന്നെ റോക്ക് ബാൻഡിന്റെ ഭാഗമായി. ബംഗളൂരു കേന്ദ്രമായ റോക്ക് ബാൻഡ് എയിഞ്ജൽ ഡസ്റ്റിൽ കീബോഡിസ്റ്റായ റിക്കി, 2003ൽ റെവല്യൂഷൻ എന്ന പേരിൽ സ്വന്തം സ്റ്റുഡിയോ തുടങ്ങി. 3000ത്തിലധികം പരസ്യ ജിങ്കിളുകൾക്കും കന്നട സിനിമകൾക്കും സംഗീതമൊരുക്കിയ ശേഷമാണ് അന്താരാഷ്ട്ര തലത്തിലേക്ക് എത്തുന്നത്. നുസ്റത്ത് ഫത്തേഹ് അലി ഖാനും ബ്രിട്ടീഷ് വോക്കലിസ്റ്റ് പീറ്റർ ഗബ്രിയേലുമാണ് സംഗീത ലോകത്ത് എന്നും പ്രചോദനമായിരുന്നതെന്നും റിക്കി കേജ് ഓർത്തെടുക്കുന്നു. ഹിന്ദുസ്ഥാനി സംഗീതമായിരുന്നു പ്രധാനമായും ശക്തി. കർണാട്ടിക് മ്യൂസിക്കും ഉപയോഗപ്പെടുത്തി. സംഗീതലോകത്തെ അറിവ് വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 24ാം വയസ്സിൽ ക്ലാസിക്കൽ മ്യൂസിക് പഠനവും തുടങ്ങിയിരുന്നു. 17 സംഗീത ആൽബങ്ങളാണ് റിക്കി കേജിന്റേതായി പുറത്തുവന്നത്. ഇതിൽ വലിയൊരു ശതമാനവും അമേരിക്കയിലാണ് റിലീസ് ചെയ്തത്. 2013 ജൂലൈ ഒമ്പതിന് റിലീസ് ചെയ്ത ശാന്തി ഓർക്കസ്ട്ര റേഡിയോ എയർപ്ലേ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.

ഗാന്ധിയും മണ്ടേലയും- വിൻഡ്സ് ഓഫ് സംസാര

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും ദക്ഷിണാഫ്രിക്കൻ വർണവിവേചന വിരുദ്ധ പോരാളി നെൽസൺ മണ്ടേലക്കുമുള്ള ആദരം കൂടിയാണ് റിക്കി കേജും ദക്ഷിണാഫ്രിക്കൻ ഫ്ലൂട്ടിസ്റ്റ് വോൾട്ടർ കെല്ലെർമാനും ചേർന്ന് 2014 ജൂലൈ 15ന് പുറത്തിറക്കിയ ‘വിൻഡ്സ് ഓഫ് സംസാര’. ഗാന്ധിയോടുള്ള മണ്ടേലയുടെ സ്നേഹവും ഗാന്ധിയുടെ ദക്ഷിണാഫ്രിക്കയുടെ നാളുകളും മനസ്സിൽ കണ്ടാണ് ഇന്തോ- ദക്ഷിണാഫ്രിക്കൻ സാംസ്കാരിക കൈമാറ്റമുള്ള ആൽബം ഒരുക്കിയത്. 50 സംഗീതോപകരണങ്ങളെയും 120 സംഗീതജ്ഞരെയും ഒരുമിപ്പിച്ച ഈ ആൽബം കേജിന്റെ സംഗീത ജീവിതത്തിലെ വഴിത്തിരിവായിരുന്നു. യു.എസ് ബിൽബോഡ് ന്യൂ ഏജ് ആൽബംസ് പട്ടികയിൽ ഒന്നാമതെത്തിയ വിൻഡ്സ് ഓഫ് സംസാര, തുടർച്ചയായി 12 ആഴ്ച ആദ്യ പത്ത് സ്ഥാനത്ത് തുടരുകയും ചെയ്തു. ഈ ആൽബമാണ് റിക്കി കേജിന് ആദ്യമായി ഗ്രാമി അവാർഡ് നേടിക്കൊടുക്കുന്നത്. 2015ൽ മികച്ച ന്യൂ ഏജ് ആൽബം വിഭാഗത്തിൽ ഗ്രാമി സ്വന്തമാക്കിയതോടെ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി റിക്കി കേജ് മാറി. തന്റെ പുരസ്കാരം ഇന്ത്യയിലെ സിനിമേതര മേഖലകളിലെ സംഗീതജ്ഞർക്കാണ് അദ്ദേഹം സമർപ്പിച്ചത്. ബോളിവുഡ് സംഗീത വ്യവസായമാണ് ഇന്ത്യയിൽ മികച്ച രീതിയിലുള്ള സംഗീതജ്ഞരെ സൃഷ്ടിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗസ്സയിലെ കുട്ടികൾക്കായി ‘2 യുനൈറ്റ് ഓൾ’

ഗസ്സയിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്കായി പീറ്റർ ഗബ്രിയേലിനൊപ്പം ‘2 യുനൈറ്റ് ഓൾ’ എന്നപേരിൽ കേജ് ആൽബം നിർമിക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് റോക്ക് ബാൻഡ് ആയ ‘ദ പൊലീസി’ലെ ഡ്രമ്മർ സ്റ്റ്യുവർട്ട് കോപ്‍ലാൻഡ്, ഡെഫ് ലെപാർഡ് റോക്ക് ബാൻഡിലെ ഡ്രമ്മർ റിക്ക് അലെൻ, അമേരിക്കൻ റോക്ക് ബാൻഡ് സിസ്റ്റം ഓഫ് എ ഡൗണിലെ സെർജ് ടാങ്ക്‍ലൻ, ഗ്രാമി അവാർഡ് ജേതാവായ ഓപറ സിംഗർ സാഷാ കൂക്ക് അടക്കമുള്ളവരെയാണ് ഈ ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

മൈ എർത്ത് സോങ്സ്: പരിസ്ഥിതിയും സുസ്ഥിരതയും കുട്ടികളും

2018ലാണ് 27 പാട്ടുകൾ ഉൾക്കൊള്ളുന്ന ‘മൈ എർത്ത് സോങ്സ്’ ആൽബം റിക്കി കേജ് പുറത്തിറക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ഓരോ പാട്ടും. യുവതലമുറയുടെയും ചുറ്റുമുള്ളവരുടെയും ജീവിതത്തിൽ പോസിറ്റിവായുള്ള മാറ്റമാണ് ഈ ആൽബത്തിലൂടെ ലക്ഷ്യംവെച്ചത്. കുട്ടികൾ, സുസ്ഥിരത, പരിസ്ഥിതി എന്നിവ സംഗീതത്തിലൂടെ കൈകാര്യം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ആൽബം വാണിജ്യ ലക്ഷ്യം പൂർണമായും ഒഴിവാക്കി പബ്ലിക് ഡൊമൈനിലൂടെയാണ് പുറത്തിറക്കിയത്.

പരിസ്ഥിതി, മനുഷ്യാവകാശ പോരാളി

സംഗീതജ്ഞൻ എന്നനിലയിൽ അറിയപ്പെടുമ്പോൾതന്നെ പരിസ്ഥിതിക്കും കുട്ടികൾക്കും മനുഷ്യാവകാശങ്ങൾക്കും അഭയാർഥികൾക്കുംവേണ്ടി പോരാടുന്നതിന് തന്റെ സംഗീതത്തെയും ശബ്ദത്തെയും അദ്ദേഹം ഉപയോഗിച്ചു. അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭ ഹൈകമീഷണറുടെ ഗുഡ്‍വിൽ അംബാസഡറാണ്. പരിസ്ഥിതി സംരക്ഷണത്തിനുള്ള യു.എൻ.സി.സി.ഡി ലാൻഡ് അംബാസഡർ, യുനെസ്കോ ഗ്ലോബൽ അംബാസഡർ ഫോർ കൈൻഡ്നെസ്, യൂനിസെഫ് സെലിബ്രിറ്റി സപ്പോർട്ടർ, എർത്ത്ഡേ നെറ്റ്‍വർക് അംബാസഡർ തുടങ്ങിയ പദവികളും വഹിക്കുന്നുണ്ട്.

Tags:    
News Summary - Music, attitude Ricky Cage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.