‘വാസന്ത സദനത്തിൻ
വാതായനങ്ങളിലെ
വനപുഷ്പ രാജകുമാരികളേ
മത്സരിക്കേണ്ട സൗന്ദര്യ മത്സരത്തിൽ
മത്സഖിയോടിന്ന് നിങ്ങളാരും’
1969ൽ, ആറാം ക്ലാസിൽ വെച്ച് ഞാൻ പാടിയ ഗാനമാണിത്. സംഗീത അധ്യാപികയായ ശാന്ത ടീച്ചർ നിർബന്ധിച്ച് പാടിപ്പിച്ചതായിരുന്നു. പാടിയത് പ്രണയഗാനമാണെന്നൊന്നും അന്ന് അറിയാമായിരുന്നില്ല. അന്നത്തെ സൂപ്പർ ഹിറ്റ് ഗാനം മനസ്സിലുണ്ടായിരുന്നതുകൊണ്ട് വേറൊരു ഗാനത്തെക്കുറിച്ച് ചിന്തിക്കേണ്ടി വന്നില്ല. ‘വിരുന്നുകാരി’എന്ന സിനിമയിൽ ജയചന്ദ്രൻ പാടിയതാണെന്നു മാത്രമേ അറിയാമായിരുന്നുള്ളൂ. പി. ഭാസ്കരന്റെ വരികളാണെന്നും ഈണം നൽകിയത് ബാബുരാജാണെന്നും അറിയുന്നത് പിന്നെയും കുറേ വർഷങ്ങൾ കഴിഞ്ഞിട്ടാണ്.
‘മന്മഥപുരിയിലെ
മദിരോത്സവത്തിലെ
മഞ്ജു നര്ത്തകിമാരേ -നിങ്ങള്
കണ്ണൊന്നടക്കുമോ
സഖിക്ക് ഞാനൊരു
സമ്മാനം കൊടുത്തോട്ടെ -ഞാനൊരു
സമ്മാനം കൊടുത്തോട്ടെ’
ഇവിടെ, പറയാതെ പറഞ്ഞ ‘സമ്മാനം’ എന്താണെന്ന് പിന്നീട് മനസ്സിലായപ്പോൾ കൗതുകം തോന്നി.
‘പറയാതെ പറയാൻ’ മിടുക്കനായിരുന്നല്ലോ പി. ഭാസ്കരൻ. (‘വിത്തുകൾ’ എന്ന ചിത്രത്തിലെ ‘ഗോപുരമുകളിൽ വാസന്ത ചന്ദ്രൻ ഗോരോചനക്കുറി വരച്ചു’ എന്ന ഗാനത്തിൽ ‘പറയാതെ എന്തോ പറഞ്ഞു’ എന്ന് എഴുതിയത് ഓർക്കുക). ‘ഭാഗ്യമുദ്ര’ (1967) എന്ന ചിത്രത്തിൽ പുകഴേന്തി സംഗീതം നൽകി, യേശുദാസും ജാനകിയും പാടിയ
‘മധുരപ്രതീക്ഷതൻ പൂങ്കാവിൽ വച്ചൊരു
മണിവേണു ഗായകനെ കണ്ടുമുട്ടി’ എന്നു തുടങ്ങുന്ന സൂപ്പർ ഹിറ്റ് ഗാനമുണ്ട്. അതിലെ
‘ഗാനം കഴിഞ്ഞപ്പോൾ സമ്മാനം വാങ്ങുവാൻ
ഗായകൻ എൻ നേർക്ക് കൈകൾ നീട്ടി
മുത്തു കൊടുത്തിട്ടും സ്വർണ്ണം കൊടുത്തിട്ടും
മറ്റെന്തോ കിട്ടുവാൻ കാത്തു നിന്നു’ എന്നീ വരികൾ, പാട്ടുകേൾക്കുന്നവരുടെ ചിന്തകളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നുണ്ട്. ‘മറ്റെന്തോ കിട്ടുവാൻ കാത്തുനിന്നു’ എന്നതിന് മറ്റൊരു അർഥം, വെറുതേ ചിന്തിച്ചുണ്ടാക്കേണ്ട എന്ന് അടുത്ത വരികളിൽ കൃത്യമായി പറഞ്ഞുവെക്കുന്നുണ്ട് ഭാസ്കരൻമാഷ്. ആ വരികൾ ഇങ്ങനെ:
‘പാട്ടിനു സമ്മാനം പൊന്നല്ല, മുത്തല്ല
ആരോമല്പ്പെണ്ണിന്റെ ഹൃദയം മാത്രം
തങ്കക്കിനാവുകൾ തളിർമെത്ത
നീർത്തുന്ന നിൻ കരൾ മാത്രം അവനു പോരും
-സഖീ നിൻ കരൾ മാത്രമവനു പോരും’.
1949ൽ, ‘അപൂർവ സഹോദരർകൾ’ എന്ന തമിഴ് സിനിമയിൽ ‘ലഡ്ഡു ലഡ്ഡു മിഠായി വേണമാ?’ എന്ന് തുടങ്ങുന്ന ഒരു ഗാനമുണ്ട്. അതിൽ തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലുള്ള വരികളും ഉണ്ടായിരുന്നു. മലയാളത്തിൽ നിന്ന് ‘കടക്കണ്ണിൻ തലപ്പത്ത് കറങ്ങും വണ്ടേ/കളിച്ചുംകൊണ്ടു പറക്കുന്നതെന്തിനോ വണ്ടേ’ എന്നു തുടങ്ങുന്ന എട്ടു വരികൾ പി. ഭാസ്കരന്റേതാണ്. അങ്ങനെയാണ് ചലച്ചിത്രഗാന രംഗത്തേക്ക് മാഷ് പ്രവേശിക്കുന്നത്.
വരികളിലെ ലാളിത്യമാണ് മറ്റു സിനിമാഗാന രചയിതാക്കളിൽനിന്ന് പി. ഭാസ്കരനെ വ്യത്യസ്തനാക്കുന്നത്. പാട്ടുകൾ കേൾക്കുമ്പോൾ തന്നെ ഒരു ചിത്രം മനസ്സിൽ നിറയും. ‘കുട്ടിക്കുപ്പായം’ (1964) എന്ന സിനിമയിലെ
‘വെളുക്കുമ്പോൾ കുളിക്കുവാൻ
പോകുന്ന വഴിവക്കിൽ വേലിക്കൽനിന്നവനേ കൊച്ചു -
കിളിച്ചുണ്ടൻ മാമ്പഴം കടിച്ചും കൊണ്ടെന്നോട് കിന്നാരം പറഞ്ഞവനേ...’ എന്ന പാട്ട് കേൾക്കുമ്പോൾ, സിനിമ കാണാത്തവരുടെ മനസ്സിലെ തിരശ്ശീലയിൽ ഗാനരംഗം അതല്ലെങ്കിൽപോലും വേലിക്കരികിലെ ഒരു പ്രണയരംഗം തെളിഞ്ഞു വരാതിരിക്കില്ല. പി. ഭാസ്കരനെന്ന പ്രതിഭാശാലിയെ മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ചത് സാധാരണക്കാർക്കു പോലും മനസ്സിലാകുന്ന ഇത്തരം ഗാനങ്ങളിലൂടെയാണ്.
തമിഴിലെയും ഹിന്ദിയിലെയും ഹിറ്റു ഗാനങ്ങളുടെ ഈണത്തിലൂടെയും അതിനൊപ്പിച്ച വരികളിലൂടെയും ചുറ്റിത്തിരിഞ്ഞിരുന്ന മലയാള സിനിമാഗാനങ്ങൾക്ക് പുതിയൊരു ദിശ കൊണ്ടുവന്നത് ‘നീലക്കുയിൽ’ എന്ന സിനിമയാണ്.
‘കായലരികത്ത് വലയെറിഞ്ഞപ്പോൾ വള കിലുക്കിയ സുന്ദരീ, പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ ഒരു നറുക്കിനു ചേർക്കണേ...’ (സംഗീതവും ആലാപനവും കെ. രാഘവൻ), ‘മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല മാടത്തിൻ മണിവിളക്കേ നിന്നെ ഞാൻ (മെഹ്ബൂബ്), ‘കുയിലിനെത്തേടി കുയിലിനെത്തേടി കുതിച്ചുപായും മാരാ’ (ജാനമ്മ ഡേവിഡ്) എന്നിങ്ങനെയുള്ള ഗാനങ്ങൾ പുതിയൊരു പാത തുറക്കുകയായിരുന്നു. ഒരുപാട് പ്രണയഗാനങ്ങൾ പി. ഭാസ്കരൻ എഴുതിയിട്ടുണ്ട്.
‘ശ്യാമളച്ചേച്ചി’ (1965) എന്ന സിനിമയിലെ പ്രണയഗാനം തുടങ്ങുന്നതു കനകക്കിനാവിലാണ്.
‘കനകക്കിനാവിന്റെ കളിവള്ളമിറക്കുമ്പോൾ കടവത്തു വന്നുനിന്ന കറുത്ത പെണ്ണേ...’
തുടർന്ന്,
‘അധരത്തില് ചിരിയുമായ്
അണിയത്തു നീയിരുന്നാൽ
അമരത്തു ഞാനിരുന്നു തുഴഞ്ഞോളാം’ എന്ന് പാടി കാമുകൻ പ്രണയിനിയെ കനകക്കിനാവിന്റെ കളിവഞ്ചിയിലേക്ക് ക്ഷണിക്കുന്നുമുണ്ട്.
‘ലക്ഷപ്രഭു’വിൽ (1968) സുന്ദരമായ ഒരു ഗാനമുണ്ട്;
‘കരയും കടല്ത്തിരയും
കിളിമാസു കളിക്കും നേരം
ഈ ഹൃദയം എന് ഹൃദയസഖീ നിൻ
പിറകേ ഓടിവരുന്നൂ...’
കാമുകന്റെയും കാമുകിയുടെയും പ്രണയ സല്ലാപങ്ങൾക്കൊപ്പം പ്രകൃതിയിലെ മറ്റൊരു പ്രണയം ചേർത്തുവെച്ചു എന്നതാണ് ഈ ഗാനത്തിന്റെ സവിശേഷത.
‘അറബിക്കടലൊരു മണവാളന്
കരയോ നല്ലൊരു മണവാട്ടി
പണ്ടേ പണ്ടേ പായിലിരുന്നു
പകിടയുരുട്ടി കളിയല്ലോ’.
‘ലക്ഷപ്രഭു’വിൽ കടലും കരയും പ്രണയ ലീലകളിൽ ഏർപ്പെടുന്നത് കിളിമാസ് കളിച്ചിട്ടാണെങ്കിൽ ഇവിടെയത് പായിലിരുന്ന് പകിടയുരുട്ടി കളിച്ചിട്ടാണെന്ന് മാത്രം! അനുപല്ലവിയിൽ കടൽത്തിരയെ കളിത്തോഴനായും കാറ്റിനെ കളിത്തോഴിയായും ഉപമിച്ചിരിക്കുന്നു. അവരും വെറുതെയിരിക്കുകയല്ല എന്ന് വരികൾ ശ്രദ്ധിച്ചാൽ മനസ്സിലാകും.
‘ആരണ്യകാണ്ഡം’ (1975) സിനിമയിൽ എ.ടി. ഉമ്മർ സംഗീതം നൽകിയ പ്രണയ ഗാനമാണ്;
‘ഈ വഴിയും ഈ മരത്തണലും പൂവണിമരതകപ്പുൽമെത്തയും
കൽപനയെ പുറകോട്ടു ക്ഷണിക്കുന്നു കഴിഞ്ഞ രംഗങ്ങൾ തെളിയുന്നു’. (ആലാപനം: യേശുദാസ്). പ്രണയത്തിന്റെ സുഖകരമായ ഓർമകൾ അനുപല്ലവിയിലാണുള്ളത്.
‘ഇടവപ്പാതിയിൽ കുടയില്ലാതെ ഇലഞ്ഞിമരച്ചോട്ടിൽ
ഇരുന്നു നമ്മൾ പണ്ടിരുന്നു നമ്മൾ
കുടവുമായ് വന്ന വർഷമേഘസുന്ദരി
കുളിപ്പിച്ചു നമ്മെ കുളിപ്പിച്ചു’
അനുപല്ലവിയിൽ ചെറിയൊരു മാറ്റം വരുത്തി 1976 ൽ പുറത്തിറങ്ങിയ ‘അപ്പൂപ്പൻ’ എന്ന സിനിമക്കുവേണ്ടി ഒരു ഗാനമെഴുതാനും വിരുതുകാട്ടി പി. ഭാസ്കരൻ. ആ ഗാനമിങ്ങനെ;
‘ഇടവപ്പാതിക്കു കുടയില്ലാതെ
ഇലഞ്ഞിപ്പൂമരച്ചോട്ടില് നിന്നില്ലേ നാം ഇലഞ്ഞിപ്പൂമരച്ചോട്ടില് നിന്നില്ലേ?
കുടവുമെടുത്തൊരു കാര്മുകില് നമ്മെ കുളിപ്പിച്ചില്ലേ പെണ്ണേ കുളിപ്പിച്ചില്ലേ?’ (പാടിയത് യേശുദാസ്, സംഗീതം ബാബുരാജ്).
ഇതെഴുതിക്കൊണ്ടിരിക്കുമ്പോൾ പി. ഭാസ്കരന്റെ പ്രണയഗാനങ്ങൾ ഓരോന്നായി മനസ്സിൽ വന്നു നിറയുകയാണ്. സ്ഥലപരിമിതികൊണ്ട് കുറച്ചു പാട്ടുകൾ മാത്രം സൂചിപ്പിക്കുകയാണ്. ‘താമസമെന്തേ വരുവാൻ’ (ഭാർഗവീനിലയം), ‘പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ’ (പരീക്ഷ ), ‘നിദ്ര തൻ നീരാഴി നീന്തിക്കടന്നപ്പോൾ’ (പകൽക്കിനാവ്), ‘എന്റെ സ്വപ്നത്തിൻ താമര പൊയ്കയിൽ’ (അച്ചാണി), ‘അന്നു നിന്നെ കണ്ടതിൽപ്പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു’ (ഉണ്ണിയാർച്ച), ‘താരമേ താരമേ നിന്നുടെ നാട്ടിലും’ (ലൈലാമജ്നു), ‘മണിമലയാറ്റിൻ തീരത്ത്’ (സുബൈദ), ‘സങ്കൽപ സാഗരതീരത്തുള്ളൊരു’ (കനകം /ഗാന്ധർവം), ‘കൽപന തൻ അളകാപുരിയിൽ’ (സ്റ്റേഷൻ മാസ്റ്റർ), ‘മാനസമണിവേണുവിൽ’ (മൂടൽ മഞ്ഞ്), അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം (റോസി), മഞ്ഞലയിൽ മുങ്ങിത്തോർത്തി (കളിത്തോഴൻ), മാനത്തെ യമുന തൻ (കൊച്ചുമോൻ), കല്പനയാകും യമുനാനദിയുടെ (ഡോക്ടർ), പ്രേമകൗമുദി മലർമഴ ചൊരിഞ്ഞു (മുത്തശ്ശി), ഹൃദയമുരളിയിൽ പ്രണയത്തിൻ ഗീതം (മിസ്റ്റർ കേരള), വൽക്കലമൂരിയ വസന്തയാമിനി (ശീലാവതി), കളഭക്കുറിയിട്ട മുറപ്പെണ്ണേ (ആരണ്യകാണ്ഡം), തങ്കക്കിനാക്കൾ ഹൃദയേ വീശും (നവലോകം ), പ്രേമസാഗരത്തിൻ അഴിമുഖമാകും നിൻ (ഡിറ്റക്ടീവ് 909 കേരളത്തിൽ), ചന്ദ്രന്റെ പ്രഭയിൽ ചന്ദന മഴയിൽ (സ്നേഹദീപം), സഖീ കുങ്കുമമോ (മൂന്നു പൂക്കൾ), പ്രിയമുള്ളവളേ നിനക്കു വേണ്ടി (തെക്കൻ കാറ്റ്), തെളിഞ്ഞൂ പ്രേമയമുന വീണ്ടും (മനസ്വിനി )...
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.