മലയാള ചലച്ചിത്ര സംഗീതത്തിൽ വിദ്യാധരൻ മാഷിന് മാത്രം സ്വന്തെമന്നവകാശപ്പെടാനാവുന്ന ശക്തിസൗന്ദര്യങ്ങൾ എക്കാലത്തുമുണ്ടായിരുന്നു. സാമ്യമകന്നതും സൗമ്യമിയന്നതമായ ഒരു പാട്ടുവഴിയാണത്. ഗ്രാമ്യപാരമ്പര്യത്തിൽനിന്നുരുവംകൊണ്ട ഭാവഭംഗികളാണ് വിദ്യാധര സംഗീതത്തിന്റെ മധുരതരമായ ഘടനയെ നിർവചിച്ചത്. പലവിധ അടരുകളിൽ സാന്ദ്രമാകുന്നതാണ് ആ സംഗീതലോകം. നാടോടിത്തത്തിന്റെ അസാധാരണ ഭംഗികൾ, ശാസ്ത്രീയ സംഗീതത്തെ നാടോടിത്തവുമായി വിളക്കിച്ചേർക്കുന്ന സൗന്ദര്യം, മെലഡിയുടെ അസൂയാവഹമായ ആന്ദോളനം അങ്ങനെ പലതുമുണ്ടായിരുന്നു ആ പാട്ടുകളിൽ. വിദ്യാധരൻ മാഷിന്റെ സംഗീതത്തിലും ആലാപനത്തിലും ഫോക്കും കർണാടിക്കും നിറഞ്ഞ സംഗീതശൈലികളുടെ സമായോജനം (Sycretic pieces of music) ഉണ്ടായിരുന്നു. ദേവരാജനും ദക്ഷിണാമൂർത്തിയും ബാബുരാജും രാഘവൻ മാഷുമൊക്കെ നിർവചിച്ച മലയാള സിനിമാ സംഗീതത്തെ ഗ്രാമ്യവും വിശുദ്ധവും വിലോലവുമാക്കുന്ന വൈകാരിക തലങ്ങൾ അവിടെ കാണാനാവും. ക്ലാസിക്കൽ സംഗീതത്തെ അങ്ങേയറ്റം ലളിതവും ജനകീയവുമാക്കുകയായിരുന്നു അദ്ദേഹം, തന്റെ ഗാനങ്ങളിലൂടെ. സിനിമയുടെ സ്വരൂപത്തെയും അതിലെ സംഗീതസാധ്യതകളെയും കുറിച്ചുള്ള സഹജമായ സൂക്ഷ്മാവബോധം അദ്ദേഹത്തിനുണ്ടായിരുന്നു. അത് മൗലികവും സവിശേഷമുദ്രയുള്ളതുമായിരുന്നു. വിദ്യാധരൻ മാഷിന്റെ പാട്ടുകളിലെ ലയഭംഗികൾ ഒരു സംസ്കാരത്തിന്റെ സൗന്ദര്യമായി മാറുകയായിരുന്നു. ജീവിതാനുഭവ സ്പർശനവും തനിമ നിറഞ്ഞ ദേശമുദ്രകളുമുള്ള രീതികളാണ് ഈ പാട്ടുകളുടെ ആരൂഢത്തെ നിലനിർത്തുന്നത്. ഫോക് സംഗീതത്തെ ക്ലാസിക്കൽ സംഗീത പദ്ധതികളിലൂടെ നവീകരിച്ചുണ്ടായ ലളിത സംഗീതത്തിന്റെ വൈവിധ്യമാർന്ന വഴിയാണിത്. മുല്ലനേഴി-വിദ്യാധരൻ ടീമിന്റെ ഗ്രാമീണഗാനങ്ങൾ ഇതിനുദാഹരണമാണ്. ‘‘ദേവരാജൻ മാഷാണ് കർണാടക സംഗീതം പഠിക്കാൻ ഉപദേശിക്കുന്നത്. ആ പഠനമാണ് സംഗീതത്തെക്കുറിച്ചുള്ള യഥാർഥ അറിവുകളിലേക്ക് നയിച്ചത്’’ -വിദ്യാധരൻ മാഷിന്റെ വാക്കുകൾ.
ആറാട്ടുപുഴയിലെ ഗ്രാമ്യാന്തരീക്ഷവും മുത്തച്ഛൻ കൊച്ചക്കൻ ആശാനും ഇരിഞ്ഞാലക്കുട ഗോവിന്ദൻകുട്ടിപ്പണിക്കരും തൃശൂർ വൈദ്യനാഥ ഭാഗവതരും ശങ്കരനാരായണൻ ഭാഗവതരുമൊക്കെ സംഗീതത്തിൽ വിദ്യാധരൻ മാഷിന്റെ ഗുരുക്കന്മാരായി. നാട്ടുസംഗീതമാണ് വിദ്യാധര സംഗീതത്തിന്റെ കാതൽ. അതിന് കരുത്തായി നിന്നത് കർണാടക സംഗീതവും. പഞ്ചാരിമേളം, പാണ്ടിമേളം, കൊയ്ത്തുപാട്ടുകൾ, വള്ളംകളിപ്പാട്ടുകൾ, തോറ്റംപാട്ടുകൾ, തേക്കുപാട്ടുകൾ, പുള്ളുവൻ പാട്ടുകൾ, തുയിലുണർത്തു പാട്ടുകൾ എന്നിവയിൽനിന്നെല്ലാം കിട്ടിയ ദ്രാവിഡമായ ഒരു ഗാനലാവണ്യം ആ സംഗീതത്തിൽ എക്കാലവുമുണ്ടായിരുന്നു.
ദേവരാജ സംഗീതത്തിൽ ആവേശിതനായി എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മദിരാശിയിലേക്ക് വണ്ടി കയറിയ കുട്ടിയാണ് പിന്നീട് വിദ്യാധരൻ എന്ന സംഗീതജ്ഞനാവുന്നത്. പാടാനാഗ്രഹിച്ചു ചെന്ന ആൾക്ക് ദേവരാജ സംഗീതത്തിൽ ഒരവസരം ലഭിച്ചത് ‘ഓറിക്ഷാവാല’ എന്ന മെഹ്ബൂബ്ഗാനത്തിന് കോറസ് പാടാനായിരുന്നു. പിന്നീട് നാട്ടിൽ തിരിച്ചെത്തി അമച്വർ നാടകങ്ങൾക്ക് സംഗീതം നൽകി. ‘എന്റെ ഗ്രാമം’ എന്ന സിനിമയിലെ ‘കൽപാന്തകാലത്തോളം’ എന്ന പാട്ട് നൽകിയ പ്രശസ്തിയിൽപിന്നെ ചലച്ചിത്രഗാനരംഗത്ത് അദ്ദേഹത്തിന് നിറയെ അവസരങ്ങൾ ലഭിച്ചു.
‘നഷ്ടസ്വർഗങ്ങളേ’, ‘വിണ്ണിന്റെ വിരിമാറിൽ’, നീലാഞ്ജനമിഴിയിതൾ’, ‘പാടുവാനായി വന്നു’, ‘മഞ്ഞിൽവിലോലമാം’, ‘അമ്പലമില്ലാതെ’, ‘എന്റെ പൂങ്കുടിൽമുറ്റത്ത്’, ‘കൃഷ്ണതുളസിയും’, ‘പരിഭവമോടെ നിറമിഴിയോടെ’, ‘നിൻകണ്ണുകളിൽ കവിത’... അങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ മികച്ച ഗാനങ്ങൾ. പാട്ടിന്റെ ഗഹനമായ സംഗതികൾക്കല്ല അദ്ദേഹം ഈണമിട്ടത്. പകരം വരികളിൽ നിറയുന്ന വാക്കുകളിലായിരുന്നു. ‘രാഗതരംഗിണി’ ആൽബത്തിലെ ‘അമാവാസിനാളിൽ’, ‘നിൻമേനി വാകപ്പൂവോ’ എന്നീ പാട്ടുകളൊക്കെ പുതിയ സംഗീത സംവിധായകർക്ക് പാഠപുസ്തകം പോലെയായിരുന്നു. എത്ര മുങ്ങിയാലും മുത്തുച്ചിപ്പി കിട്ടുന്ന മഹാസമുദ്രം എന്നായിരുന്നു കർണാടക സംഗീതത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
പാട്ടിൽ വിദ്യാധരൻ മാഷ് ഒരുക്കിയ രാഗചാരുതകൾ എടുത്തുപറയേണ്ടതാണ്. കൽപാന്തകാലത്തോളം (മധ്യമാവതി), സ്വപ്നങ്ങളൊക്കെയും, നന്ദ്യാർവട്ടത്തിൻ, നിൻകണ്ണുകളിൽ കവിത (മോഹനം), വീണാപാണിനി, കൃഷ്ണതുളസിയും (ചാരുകേശി), അമ്പലമില്ലാതെ (ജോൻപുരി), നഷ്ടസ്വർഗങ്ങളേ (ആഭേരി), താലോലം പൈതൽ (പീലു), ചന്ദനം മണക്കുന്ന (ഭാഗേശ്രീ), പാടുവാനായ് വന്നു (ഹംസധ്വനി) അങ്ങനെ പോകുന്നു വിദ്യാധരൻ മാഷിന്റെ പാട്ടുകളിലെ രാഗനിരകൾ. ‘അമ്പലമില്ലാതെ’ എന്ന പാട്ടിലെ ‘സംഹാരതാണ്ഡവമാടുന്ന നേരത്ത് ശൃംഗാരകേളികളാടുന്ന’ എന്ന വരിയിൽ സംഹാരത്തെയും ശൃംഗാരത്തെയും വ്യതിരിക്തമായ സംഗീത കൽപനകൾകൊണ്ട് ജ്വലിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഫോക്ഗാനങ്ങളെത്രയാണ് വിദ്യാധരൻ മാഷിന്റെ പാട്ടുപ്രപഞ്ചത്തിൽ. ‘മാലവെപ്പാൻ (നന്തുണിപ്പാട്ട്), ഗണപതിയും ശിവനും, ഇളക് ഇളകെന്റെ (സർപ്പംപാട്ട്), ആയില്യം കാവിലെ, നാഗരാജാവേ അഷ്ടനാഗങ്ങളെ (പുള്ളുവൻപാട്ട്), ഇങ്ങനെ പുള്ളുവൻ പാട്ടിന്റെ വൈവിധ്യ വിസ്തൃതികൾ നാമനുഭവിക്കുന്നു. ചന്ദനച്ചർച്ചിത, ഗോപകദംബ, മഞ്ജുതരം എന്നിങ്ങനെ യജദേവകൃതികളെയും ‘അഷ്ടപദി’ എന്ന സിനിമക്കുവേണ്ടി അദ്ദേഹം ചിട്ടപ്പെടുത്തി. ‘ഉത്തരം’ എന്ന സിനിമയിലെ ‘നിന്നിലസൂയയാർന്നു’, ‘സ്നേഹിക്കുന്നു ഞാൻ’ എന്നിങ്ങനെയുള്ള ഒ.എൻ.വി കവിതകൾ, ‘അടയാളങ്ങൾ’ എന്ന സിനിമയിലെ ‘ചിരികൾ തോറുമെൻ’ എന്ന ഇടപ്പള്ളിക്കവിത എന്നിവയൊക്കെ വിദ്യാധരൻ മാഷിന്റെ സംഗീതത്തിൽ നാം ആസ്വദിച്ചതാണ്.
ഭജനയും താരാട്ടും ഭക്തിഗാനവും പ്രേമഗാനവും തമാശപ്പാട്ടും (പത്തായംപോലെത്ത വയറാണ്) എന്നിവയെല്ലാം മാഷിന്റെ പാട്ടു വൈവിധ്യങ്ങളിൽപെടുന്നു. സിനിമയിൽ അദ്ദേഹം ചെയ്ത ലളിതസംഗീത ഗീതികളിൽ ഒന്നാണ് ജി. വേണുഗോപാൽ പാടിയ അധികമാരും കേൾക്കാത്ത ‘മലർചൂടി പുഴയോരം’ എന്ന ഗാനം. ‘നമ്മുടെ നാട്’ എന്ന സിനിമയിലെ ‘മലയമാരുത ഗാനാലാപം’, ‘ചന്തയിൽ ചൂടി വിൽക്കുന്ന പെണ്ണ്’ എന്ന സിനിമയിലെ ‘ഈറൻ ഞൊറിയുന്ന’ എന്നീ ഗാനങ്ങൾ വിദ്യാധരൻ മാഷിന്റെ മികച്ച ഗാനങ്ങളിൽപെടുന്നവയാണ്. ‘മുറ്റത്തെ കുടമുല്ല’, ‘വിജനയാമിനി’, ‘കുറുമ്പിയാമമ്മയുടെ’ ‘താലോലം പൈതൽ’ എന്നിവയെല്ലാം ചിത്രക്കു വേണ്ടി വിദ്യാധരൻ മാഷ് സംഗീതമാവിഷ്കരിച്ച പ്രധാന ഗാനങ്ങളാണ്. ‘നിലാവേ’ എന്ന ഭക്തിഗാനത്തിന്റെ ആലാപനവേളയിൽ അതിലെ ലയചാരുതകളിൽ മുങ്ങി ഗന്ധർവ ഗായകൻ മിഴിനീരണിഞ്ഞത് ചരിത്രമാണ്. സംഗീതോപകരണങ്ങളുടെ അമിതാർഭാടമില്ലാതെയാണ് വിദ്യാധര സംഗീതങ്ങൾ അണിഞ്ഞൊരുക്കുക. ശാലീനത, സൗന്ദര്യം, സൗമ്യത, വിഷാദം, സ്നേഹമർമരങ്ങൾ എന്നിവയെല്ലാം ഈ ഗാനങ്ങളിൽ വേണ്ടതിലധികം കാണാം. ‘ഓണം, ആേരാമേല’ എന്ന തരംഗിണിപ്പാട്ടു കേട്ടാൽ ഇതെല്ലാം ബോധ്യമാകും.
പാടുമ്പോൾ വാക്കുകളെ വികാരപരമായി ആവിഷ്കരിക്കുന്ന രീതിയാണ് മാഷിന്റേത്. ഹൃദയത്തിൽനിന്നൊഴുകിവരുന്ന വികാര തരംഗിണികൾ. ‘കണ്ണുനട്ട് കാത്തിരുന്നിട്ടും’ എന്ന പാട്ടിൽ വിദ്യാധരൻ മാഷിന്റെ ശബ്ദത്തിലെ വൈകാരികതകൾ മുഴുവനും കഥാപാത്രത്തിന്റെ ഹൃദയതരംഗമായിത്തീരുന്നു. ‘മഴചാറും ഇടവഴിയിൽ’ എന്ന അദ്ദേഹം പാടിയ പാട്ടിലെ വിഷാദവിടർച്ചകൾ വേറെത്തന്നെയാണ്. ‘കാക്ക പാവം കറുത്തപക്ഷി’ എന്ന ഗാനവും മാഷിന്റെ ശബ്ദലയദീപ്തികൾ കാണിച്ചുതരുന്നു. ‘കൽപാന്തകാലത്തോളം’ എന്ന ഗാനം മാഷ് ആലപിക്കുന്നത് പോലെ ഒരുപക്ഷേ യേശുദാസ് പോലും പാടിയിട്ടുണ്ടാവില്ല. അത്രക്കും വൈകാരികമായ ലയാത്മകതകൾ ചേർത്തുവെച്ചാണ് വിദ്യാധരൻ മാഷ് ഏതൊരു പാട്ടിനെയും സമീപിക്കുക.
മാഷ് പാടിയ എല്ലാ പാട്ടുകളിലും കാൽപനികമായ നഷ്ടബോധത്തിന്റെ അനുഭൂതികൾ ഉണ്ടായിരുന്നു. അത് കേൾവിക്കാരന്റെ ഹൃദയാഗാധതകളിൽ സംക്രമിപ്പിക്കുവാൻ അദ്ദേഹത്തിന്റെ ശബ്ദത്തിന് കഴിഞ്ഞു. ചലച്ചിത്രഗാനങ്ങൾക്കപ്പുറത്ത് സമാന്തരമായ ഒരു മലയാള ഗാനകലയുടെ ഈടുവെപ്പുകളായിത്തുടരുകയാണ് വിദ്യാധരൻ മാഷിന്റെ ഗാനങ്ങൾ. ദേവഗായകരാണ് വിദ്യാധരൻന്മാർ. പേരിനെ അന്വർഥമാക്കി നമ്മുടെ വിദ്യാധരൻ മാഷ് ഇന്നും സംഗീതധാരയിൽ സജീവമായിത്തീരുന്നു. ഈ വർഷത്തെ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അദ്ദേഹം പാടിയ ‘പതിരാണെന്നോർത്തൊരു കനവിൽ’ എന്ന ഗാനത്തിനായിരുന്നു. അവിടെയും കഥാപാത്രത്തിന്റെ ജീവിതഭാഷയിലാണ് മാഷ് വന്ന് നമ്മുടെ ഹൃദയത്തെ തൊടുന്നത്.
വർത്തമാനകാലത്തെ സാധൂകരിക്കുകയും അതിനെ ഭൂതകാലവുമായി ഉരുക്കിച്ചേർക്കുകയുമായിരുന്നു വിദ്യാധരൻ മാഷ്. താൻ വളർന്ന പശ്ചാത്തലവും പൈതൃകവും അദ്ദേഹത്തിന്റെ പാട്ടുലോകത്ത് നിഴൽവീഴ്ത്തിനിൽപ്പുണ്ട്. പ്രാദേശിക സ്വരങ്ങളുടെ തനതുഘടനകൾ ഉൾപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ സംഗീതവും ആലാപനവും അവയുടെ സവിശേഷമാനങ്ങൾ കണ്ടെത്തുന്നത്. അതിൽ ക്ലാസിക്കൽ സംഗീത സൗന്ദര്യവും അതിസാന്ദ്രമായ നാട്ടുനന്മയും പ്രകൃതിയിലെ ജനിതകധാരയുമൊക്കെ ഒന്നിക്കുന്നു. പാട്ടുകളിൽ അധികമാർക്കും എളുപ്പത്തിൽ അനുകരിക്കാൻ കഴിയാത്ത ഒരു ശൈലിയാണിത്.
പതിരാണെന്നോർത്തൊരു കനവ് വന്ന് ഇപ്പോൾ ശുദ്ധസംഗീതത്തിന്റെ വഴിയിൽ കതിർവീശി നിൽക്കുകയാണ്. മാഷിന്റെ ഗാനങ്ങൾ കേൾക്കുമ്പോൾ മലയാളികളുടെ മനസ്സ് അറിയാതെ തുടിച്ചുപോകുകയാണ്. ഹൃദയസല്ലാപമായി അദ്ദേഹത്തിന്റെ ഗാനങ്ങൾ നമ്മെ വലയംചെയ്യുന്നു. ‘ആളൊരുക്കം’ എന്ന സിനിമയിൽ അദ്ദേഹം പാടിയ ‘ഒരിടത്തൊരു’ എന്ന പാട്ട് വന്ന് അരികത്ത് നിൽക്കുകയാണ്. മലയാളിയുടെ മനസ്സ് എക്കാലവും ഈ സംഗീതമാന്ത്രികന്റെ മനസ്സിനോട് ചേർന്നുനിൽക്കട്ടെ !
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.