പ്രണയത്തിന്റെ നിത്യസുന്ദര നിർവൃതികളാണ് ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ. അതിലെന്നുമൊരു തെന്നലിന്റെ പരിരംഭണങ്ങൾ പതിയെ ചേർന്നിരുന്നു. തെന്നൽ എന്ന പ്രകൃതിബിംബത്തിൽ നിർമിക്കുന്ന സൗന്ദര്യസാരമായി മാറുന്നു തമ്പിയുടെ പാട്ടുകൾ. ‘കാറ്റാം കാമുക കവി പാടി’ എന്ന് അദ്ദേഹം ഒരു പാട്ടിലെഴുതിയിട്ടുണ്ട്. കാറ്റ് ഒരേസമയം കവിയും കാമുകനുമായിത്തീരുന്നു.
പാട്ടിൽ തെന്നൽതീർക്കുന്ന പ്രേമോത്സവങ്ങൾക്ക് കണക്കില്ല. ഭാവനയുടെ ചാരുതയാണിവിടെ തെന്നൽ. തേടിവരുന്ന തെന്നലിന്റെ അനുരാഗരമണീയമായ രംഗങ്ങൾ ഈ പാട്ടുകളിൽ തെല്ലൊന്നുമല്ല. ഒരു തെന്നലങ്ങനെ പാട്ടിൽ അനുരാഗപരിമളം പകർന്ന് ചുറ്റിത്തിരിയുന്നു. പ്രണയിയുടെ സ്വയംസമർപ്പണത്തിന്റെ ലാവണ്യങ്ങൾ മുഴുവനും പാട്ടിൽ കൊണ്ടുവരുകയാണ് ഇൗ തെന്നൽ.
പാട്ടിനെ ഒരത്ഭുത സൗന്ദര്യമാക്കുകയാണ് ശ്രീകുമാരൻ തമ്പി. ഒരു സ്വപ്നത്തിന്റെ പനിനീർക്കാറ്റിൽ ഒഴുകിവരുന്നത് കവിയുടെ പാട്ടിലെ പ്രണയിനിയാണ്. അനുരാഗവസന്തങ്ങൾ നിറഞ്ഞ പാട്ടിന്റെ ഉപവനങ്ങളിലെ പ്രണയവുമായി വന്നെത്തുന്ന ഒരു തെന്നലിനെ കാണാനാകും നമുക്ക്.
പുഴയായോമന ഒഴുകിയാൽ ഒരു കുളിർകാറ്റായി അവളെ തഴുകാൻ ആഗ്രഹിക്കുകയാണ് കവി. തെന്നൽ കൊണ്ടുവരുന്ന സജീവമായൊരു പ്രണയത്തിന്റെ ഭൂമിക തമ്പിയുടെ പാട്ടിലുണ്ട്. പ്രണയനിമിഷത്തിന്റെ നിർവൃതിയിൽ ആവണിത്തെന്നലായി മാറുന്ന ഒരാൾ അദ്ദേഹത്തിന്റെ പാട്ടിലെ നിരന്തരമായ സാന്നിധ്യമാണ്. തെന്നൽ കൊണ്ടുവരുന്ന പരിഭവങ്ങൾ, പ്രേമാർഥനകൾ, നിർവൃതികൾ അങ്ങനെ... ആരാധനാ നിർഭരമായ പ്രണയത്തിന്റെ ആധാരശ്രുതികൾ കൊണ്ടുവരുന്നത് ഈ തെന്നലാണ്. നിത്യകാമുകനായ കവിയുടെ മനസ്സിൽ പ്രേമാർദ്രമാധവങ്ങൾ വിടർത്തുന്നത് അതിലും നിത്യകാമുകനായ കാറ്റാണ്.
പാട്ടിൽ തെന്നലിന്റെ ഹൃദയശ്രുതി ചേർത്തുവെച്ചിരിക്കുകയാണ് കവി. സ്വർണമല്ലി നൃത്തമാടുന്ന പൂവനത്തിൽ കൈകൾ ചേർത്തുവെക്കുന്ന ഒരു തെന്നലുണ്ട് തമ്പിയുടെ പാട്ടിൽ. കൺമണിയെ കണ്ടും കാമുകന്റെ കഥ പറഞ്ഞും വരുന്ന കസ്തൂരിമണമുള്ള കാറ്റുമുണ്ടായിരുന്നു. പുഷ്പിണിയായ ശതാവരിയിൽ തൽപമൊരുക്കുന്ന തെന്നലിനെ പാട്ടിൽ കൊണ്ടുവന്ന് പ്രണയം പറയുകയായിരുന്നു കവി.
പൂമാലക്കാവിലെ പൂരവിളക്കുകൾക്കിടയിൽ പ്രണയിനിയുടെ തൂമുഖം കണ്ടുകൊതിച്ച് ചേലയുടെ ഞൊറികളിൽ മുഖംചായ്ച്ച് വരുന്ന ഒരു തെന്നൽ ആ വിളക്കുകൾ കെടുത്തിക്കളയുമ്പോൾ കവിയുടെ നെഞ്ചം തകരുകയാണ്. ഒഴുകുന്ന തെന്നലിന്റെ പൂമണമെന്നപോലെ ഓർമയിൽ പ്രണയിനിയുടെ ഗന്ധമുണരുന്നുണ്ട്. ‘കാറ്റേ നീ ഞാനായ്പോയാ പൂക്കുട തുറന്നുനോക്കൂ’ എന്ന് കവി, കാറ്റിനോട് അർഥന ചെയ്യുന്നുണ്ട്. വിടരുന്ന പവിഴത്തളിരിൽ സ്വപ്നം മധുരമായ് വിരിയുന്നുണ്ടെങ്കിലും കൊഴിയുംമുമ്പേ കാറ്റായ് വന്നു പ്രണയിനിയുടെ ചിരിയുടെ ഇതളുകളിറക്കുമെന്നത് കവിയുടെ ഒരു പാട്ടിലെ ആഗ്രഹമാണ്.
പ്രണയത്തിന്റെ സ്വർണവൃന്ദാവനിയെ പുൽകാൻ ആലോലമാടിവരാൻ കാറ്റിനോട് പറയുന്നുണ്ട് ഒരു പാട്ടിൽ. കാറ്റിലും കരളിലും നാണവും കമനിയായ രജനിക്ക് മോഹമാണെന്ന് ഒരു പാട്ടിന്റെ പുല്ലാങ്കുഴൽ മൂളുന്നു. ചിലങ്ക ചാർത്തിയുറങ്ങുന്ന പ്രണയിനിയുടെ ജാലകത്തെ ഉണർത്തുവാൻ കദനതാളം പൂക്കുന്ന ഒരു ഗാനംതെന്നലായി മാറുന്നു. പിണങ്ങിവരും തെന്നലായി നിറഞ്ഞൊഴുകുന്നുണ്ട് കാമുകനായ ഒരാൾ.
തെന്നലിൽ ഉലയുന്ന ഒരു ഉപവനമുണ്ടായിരുന്നു ശ്രീകുമാരൻ തമ്പിയുടെ പാട്ടിൽ. പ്രണയിനിയുടെ ചിരിയിലുതിരും പലസ്വരങ്ങൾ നീലമുകളിൽ കാറ്റ് നെയ്യുമ്പോലെയാണെന്ന് പാടുന്നുണ്ട് മറ്റൊരാൾ. പല നേരങ്ങളിലും പാടിത്തകർക്കുന്നുണ്ടൊരു തെന്നൽ. ഇളംകാറ്റിൽ രാഗം പാട്ടിൽ അനുരാഗമായിത്തീരുന്നു. അലിയും തെന്നൽപ്പാട്ടിലുമൊരു പുതുമയുണ്ടായിരുന്നു. രാഗമാലികത്തെന്നലായൊഴുകുവാനും രാവിന്റെ താളമാകാനുമൊക്കെ പ്രണയിനിയോട് പറയുകയാണ് കവി.
ഇളംതെന്നൽ കുളിർമണിയുതിർന്നിടും നേരത്താണ് അവർ അരികിലണയുന്നത്. തമ്പിയുടെ പാട്ടിലെന്നും തലോടുന്ന പൂന്തെന്നൽ വീചികൾ ഉണ്ടായിരുന്നു. ആ തളിർത്തെന്നൽ പ്രണയിനിയുടെ മേനിയിൽതേയ്ക്കുമെണ്ണയുടെ നറുമണം പേറിനടന്നു എന്ന് കേൾക്കുമ്പോൾ ആരാധനാനിർഭരമായ ഒരു പ്രണയത്തിന്റെ ആത്മീയത ഉരുവംകൊള്ളുന്നു. അതിൽ സാന്ദ്രമായ ഒരു അനുരാഗത്തിന്റെ അലൗകിക നിർവൃതിയുണ്ടായിരുന്നു.
പ്രണയത്തിന്റെ നിശ്വാസവും നെടുവീർപ്പും നിറഞ്ഞതായിരുന്നു തമ്പിയുടെ ഗാനങ്ങൾ. പാട്ടിലെ പ്രേമവിചാരങ്ങൾക്ക് ഉത്കൃഷ്ടമായ ഒരനുഭൂതി പകരുന്നത് ഈ നെടുവീർപ്പുകളുടെയും നിശ്വാസങ്ങളുടെയും രാഗമാലകൾ ആണെന്നത് കാണാം. നിറയുന്ന ദുഃഖത്തിന്റെ ചുടുനെടുവീർപ്പുകൾപോലും തെന്നലായൊഴുകിയെത്തുകയാണ്. ഹൃദയയേശ്വരിയുടെ നെടുവീർപ്പിൽപോലും മധുരസംഗീതം കേൾക്കുകയായിരുനു ഒരാൾ.
പ്രണയനെടുവീർപ്പിന്റെ ചൂടുണ്ടായിരുന്നു ആ ഗാനങ്ങളിൽ. അകലെയാണെങ്കിലും ആ നെടുവീർപ്പുകൾ കാറ്റിന്റെ മഞ്ചലിൽ അരികിലെത്തുമെന്നാണ് കവി ഒരു പാട്ടിലെഴുതിയത്. ഹൃദയത്തുടുപ്പിന് മധുരതരം നെടുവീർപ്പുപോലും സ്വരമധുരമെന്ന് മറ്റൊരു പാട്ടിലെഴുതിയപ്പോഴും ഈ പ്രണയാരാധനയുടെ സംഗീതശ്രുതികൾ നാമറിയുകയുണ്ടായി. നെടുവീർപ്പിനെ പൂമാലയാക്കി മാറ്റാമെന്ന പ്രണയിയുടെ ആഗ്രഹങ്ങൾ സഫലമായിത്തീരുകയാണ് ഒരു ഗാനത്തിൽ.
പൊട്ടിച്ചിരിപോലും നെടുവീർപ്പായി അയാൾ വിചാരിക്കുന്നു. നുണക്കുഴിയാകുന്ന തെച്ചിപ്പൂവിൻ പൊടിയണിയാതെ നുകർന്നു ഞാൻ നിർ നിശ്വാസഗന്ധമെന്ന് കവി ഒരു പാട്ടിൽ നിനയ്ക്കുന്നു. ഇങ്ങനെയുള്ള പ്രണയനിശ്വാസങ്ങളാണ് ശ്രീകുമാരൻ തമ്പിയുടെ പാട്ടുകളുടെ പ്രാണൻ. മലയാളിയുടെ പ്രണയകാലങ്ങൾക്ക് ഈണം പകർന്നു ആ ഗാനങ്ങൾ. പ്രണയഹർഷപുളകങ്ങൾ ശരീരബദ്ധമായി അവതരിപ്പിക്കുവാൻ ഈ നിശ്ശബ്ദമായ നിശ്വാസങ്ങൾ കവിയെ സഹായിക്കുന്നു.
പ്രണയത്തെ നിലനിർത്തുന്ന നിശ്വാസത്തിന്റെ ഈ നിർവൃതിജ്വാലകൾ; പാട്ടിലുണ്ടാക്കുന്ന വൈകാരികതകൾ അത്രക്കും മധുരതരമായിരുന്നു. രതിതൃഷ്ണകളുടെ ഇന്ദ്രിയവേദ്യമായ പ്രകാശനം അനുഭൂതിയുടെ സൗമ്യതയിലേക്ക് സ്വതന്ത്രമാകുന്നത് ഈ നെടുവീർപ്പുകളിലാണ്. പ്രണയികളുടെ നിശ്വാസങ്ങളിൽ ഗൃഹാതുരമായ അഭിലാഷത്തിന്റെ പരിസമാപ്തികൾ ഉണ്ടാകുമെന്ന് ഈ വരികൾ കേൾക്കുമ്പോൾ നമുക്ക് ബോധ്യമാകും.
‘ഈ വഴിയിൽ ഇഴകൾ നെയ്യും
സാന്ധ്യനിലാ ശോഭകളിൽ
തൊലിപ്പൂവൻ വാഴപ്പൂക്കൾ
തേൻപാളിയുയർത്തിടുമ്പോൾ
നീയരികിലില്ല എങ്കിലെന്തുനിന്റെ
നിശ്വാസങ്ങൾ
രാഗമാലയാക്കിവരും
കാറ്റെന്നേ തഴുകുമല്ലോ’
ഇങ്ങനെ നിശ്വാസനിർഭരമായ ഒരനുരാഗ പ്രപഞ്ചം പാട്ടിൽ കൊണ്ടുവരാൻ ശ്രീകുമാരൻ തമ്പി എക്കാലവും ശ്രമിച്ചിരുന്നു. നിശ്വാസാർദ്രമായ ആ ഹൃദയസംഗീതം എന്നും മലയാളികളുടെ പ്രണയത്തിന് കൂട്ടായിത്തീരുമെന്ന് കാലം തെളിയിച്ചുകൊണ്ടേയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.