സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും പ്രതീകമായ ഓണം പാട്ടുകളാലും സമൃദ്ധമാണ്. മലയാളികൾ നെഞ്ചേറ്റിയ, വാമൊഴിയായി പകർന്നു നൽകിയ ഒട്ടനവധി ഓണപ്പാട്ടുകളുണ്ട്. സിനിമാ ഗാനശാഖയിലും ഓണപ്പാട്ടുകൾ ആഘോഷത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും ഉത്സവാന്തരീക്ഷം തീർക്കുന്നു. ഇത് കൂടാതെ ലളിതഗാനങ്ങളായും ആൽബങ്ങളായും ഓണം മലയാളിക്ക് സമ്മാനിച്ചത് നിരവധി ഹൃദയഹാരിയായ പാട്ടുകളാണ്.
മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ
ഈ പാട്ട് ഓർമയിലെത്താത്ത ഒരോണമുണ്ടോ മലയാളിക്ക്? കള്ളവും ചതിയുമില്ലാത്ത, സമ്പത്തും സമൃദ്ധിയും നിറഞ്ഞ ഒരു മാവേലിനാടിനെ ഇതിനോളം വരച്ചിട്ട മറ്റേതൊരു പാട്ടുണ്ട്. കാലങ്ങൾക്കപ്പുറം ഒരോണക്കാലത്തുനിന്നും വാമൊഴിയായി പകർന്നു കിട്ടിയ ഈ പാട്ട് രചിച്ചതാരാണെന്ന് ഇന്നും അവ്യക്തം. എന്നാൽ, ഓണമുള്ള കാലത്തോളം 'മാവേലി നാടു വാണീടും കാലം' പാടിപ്പതിയുമെന്ന കാര്യത്തിൽ സംശയമില്ല.
പൂവിളി പൂവിളി പൊന്നോണമായി...
മലയാള സിനിമയിലെ ഓണപ്പാട്ടുകൾ ഓർക്കുമ്പോൾ 'പൂവിളി പൂവിളി പൊന്നോണമായി... നീ വരൂ നീ വരൂ പൊന്നോണത്തുമ്പീ' എന്ന പാട്ട് തന്നെയാവും ആദ്യം മനസിലെത്തുക. ഓണപ്പാട്ടാണെങ്കിലും 1997ലെ 'വിഷുക്കണി' എന്ന സിനിമയിൽ യേശുദാസ് പാടിയതാണ് ഈ ഗാനം. ശ്രീകുമാരൻ തമ്പിയുടെ മനോഹരമായ വരികളെ ഗ്രാമീണ ശീലുകളിലൂടെ അണിയിച്ചൊരുക്കിയത് മലയാളിയല്ലാത്ത ഒരു സംഗീതസംവിധായകനാണ് -ബംഗാളിയായ സലിൽ ചൗധരി.
ഓണപ്പൂവേ പൂവേ... ഓമൽ പൂവേ... പൂവേ...
എത്ര കേട്ടാലും മതിവരാത്ത പാട്ടാണ് 'ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തിൽ യേശുദാസ് പാടിയ 'ഓണപ്പൂവേ പൂവേ... ഓമൽ പൂവേ... പൂവേ... നീ തേടും മനോഹര തീരം... ദൂരെ മാടിവിളിപ്പൂ...'. ഒ.എൻ.വിയുടെ വരികൾക്ക് സംഗീതം പകർന്നത് സലിൽ ചൗധരി. ഓണം വിരുന്നെത്തിയ മലയാള മണ്ണിനെ വർണിച്ചുകൊണ്ടുള്ള പാട്ട്പൂക്കളം പോൽ മനോഹരം.
ഉത്രാടപ്പൂനിലാവേ വാ...
ഓണക്കാലത്ത് എങ്ങും നിറഞ്ഞുകേൾക്കുന്ന പാട്ടാണ് 'ഉത്രാടപ്പൂനിലാവേ വാ... മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ ഇത്തിരിപ്പാല്‍ ചുരത്താന്‍ വാ..വാ..വാ'. രവീന്ദ്രൻ മാഷിന്‍റെ മാസ്മരിക സംഗീതത്തിൽ യേശുദാസ് പാടിയ ലളിതഗാനമാണിത്. ശ്രാവണസംഗീതം എന്ന ആൽബത്തിലെ ഈ ഓണപ്പാട്ട് രചിച്ചത് ശ്രീകുമാരൻ തമ്പിയാണ്.
അത്തപ്പൂവും നുള്ളി...തൃത്താപ്പൂവും നുള്ളി
1985ൽ പ്രിയദർശൻ സംവിധാനം ചെയ്ത 'പുന്നാരം ചൊല്ലിച്ചൊല്ലി' എന്ന സിനിമയിലേതാണ് ഈ പാട്ട്. അത്തപ്പൂവും തൃത്താപ്പൂവും നുള്ളി പൊന്നൂഞ്ഞാലിലാടിയെത്തുന്ന തെന്നലിനോട് പാടുകയാണ് കവി. ഒ.എൻ.വിയുടെ വരികൾക്ക് ജെറി അമൽദേവാണ് സംഗീതം പകർന്നത്. യേശുദാസും ചിത്രയും ചേർന്നാണ് ആലപിച്ചത്.
തിരുവോണ പുലരി തൻ തിരുമുൽ കാഴ്ച വാങ്ങാൻ
'തിരുവോണപ്പുലരിതൻ
തിരുമുൽക്കാഴ്ച വാങ്ങാൻ
തിരുമുറ്റമണിഞ്ഞൊരുങ്ങീ
തിരുമേനിയെഴുന്നെള്ളും സമയമായീ
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ...' വാണി ജയറാമിന്‍റെ മധുരശബ്ദത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ മതിമറക്കാത്ത സംഗീതാസ്വാദകർ ആരുണ്ട്. മാവേലിയെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങാത്ത ഹൃദയങ്ങൾ ഏതുണ്ട്. തിരുവോണം എന്ന സിനിമക്കായി ശ്രീകുമാരൻ തമ്പി രചിച്ച് ആരഭി രാഗത്തിൽ എം.കെ. അർജ്ജുനൻ ചിട്ടപ്പെടുത്തിയതാണ് ഈ ഗാനം.
പറനിറയെ പൊന്നളക്കും പൗർണമി രാവായ്...
ഈ പാട്ടില്ലാതെ മലയാളിക്ക് ഓണം കടന്നുപോവില്ല. ഓണത്തിന്‍റെ ഔദ്യോഗിക ഈണമായിക്കഴിഞ്ഞു 'പറനിറയെ പൊന്നളക്കും പൗർണമി രാവായ്...' എന്ന പാട്ടിന്‍റെ ഈണം. തിരുവോണക്കൈനീട്ടം എന്ന ആൽബത്തിലെ യേശുദാസും സുജാതയും ചേർന്ന് ആലിച്ച ഈ ഓണപ്പാട്ട് ചാനൽ ഷോകളിലും ഓണം പരിപാടികളിലുമെല്ലാം അവിഭാജ്യ ഘടകമാണ്. ഗിരീഷ് പുത്തഞ്ചേരിയും വിദ്യാസാഗറും ചേർന്ന് അണിയിച്ചൊരുക്കിയ ഗാനം ഓണമുള്ള കാലത്തോളം ഓർത്തുകൊണ്ടേയിരിക്കും.
തിരുവാവണി രാവ്... മനസാകെ നിലാവ്...
പുതിയ കാലത്തെ ഓണം സിനിമാപ്പാട്ടുകളിൽ ശ്രദ്ധേയമായ ഒന്നാണ് 2016ൽ പുറത്തിറങ്ങിയ 'ജേക്കബിന്‍റെ സ്വർഗരാജ്യം' എന്ന സിനിമയിലെ 'തിരുവാവണി രാവ്... മനസാകെ നിലാവ്...മലയാളച്ചുണ്ടിൽ മലരോണപ്പാട്ട്' എന്ന ഗാനം. ഒത്തുചേരലിന്‍റെ ഊഷ്മളതയും ആഘോഷങ്ങലുടെ മാനോഹാരിതയും വർണിക്കുന്ന ഗാനം. ഉണ്ണി മേനോനും സിതാര കൃഷ്ണകുമാറും ചേർന്നാണ് പാടിയത്. മനു മഞ്ജിത്തിന്‍റെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണം പകർന്നത്.
ഓണവെയിൽ ഓളങ്ങളിൽ താലികെട്ടും നേരം...
ഓണാഘോഷങ്ങളുടെ ഉത്സവച്ഛായയാണ് 'ഓണവെയിൽ ഓളങ്ങളിൽ താലികെട്ടും നേരം മറിമാൻകിടാവേ നീയകലെ മാറി നിൽക്കാനെന്തേ' എന്ന പാട്ട്. 'ബോംബെ മാർച്ച് 12' എന്ന ചിത്രത്തിനായി റഫീക്ക് അഹമ്മദ് രചിച്ച പാട്ടിന് സംഗീതം പകർന്നത് അഫ്സൽ യൂസഫാണ്. എം.ജി. ശ്രീകുമാറും സോണി സായിയും ചേർന്നാണ് പാടിയത്.
ഓണപ്പാട്ടിൽ താളം തുള്ളും തുമ്പപ്പൂവേ...
പുതിയ കാലത്തിന്‍റെ ചടുലതയും പഴമയുടെ ആഘോഷങ്ങളും ഒന്നുചേരുന്ന ഗാനമാണ് 'ഓണപ്പാട്ടിൽ താളം തുള്ളും തുമ്പപ്പൂവേ... നിന്നെ തഴുകാനായ് കുളിർകാറ്റിൻ കുഞ്ഞിക്കൈകൾ...' എന്ന പാട്ട്. 2004 ൽ പുറത്തിറങ്ങിയ 'ക്വട്ടേഷൻ' എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ബ്രജേഷ് രാമചന്ദ്രന്‍റെ വരികൾക്ക് സബീഷ് ജോർജ്ജാണ് സംഗീതം നൽകിയത്. കല്യാണിയും സംഘവുമാണ് ന്യൂജറേഷന്‍റെ ഈ ആഘോഷപ്പാട്ട് ആലപിച്ചത്.
എണ്ണിയാലൊടുങ്ങാത്ത ഓണപ്പാട്ടുകളുടെ കലവറയാണ് മലയാള ഗാനശാഖ. പൂവിളിയും പൂത്താലവുമേന്തിയെത്തുന്ന ഓണക്കാലത്തെ ആമോദത്തോടെ വരവേൽക്കാൻ കാലങ്ങളായി കരുതിവെച്ച മനോഹര ഈണങ്ങളുണ്ട്. എല്ലാ ഓണക്കാലത്തും നൂറുകണക്കിന് പുതിയ പാട്ടുകളും പിറവിയെടുക്കുന്നുണ്ട്. പൂക്കളങ്ങളിൽ സമൃദ്ധിയുടെ നിറച്ചാർത്തുമായി ഓണം വന്നു വിളിക്കുമ്പോൾ പാടാതിരിക്കാൻ ആർക്കാവും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.