കശ്മീരില്‍ 500 പേര്‍ അറസ്റ്റില്‍

ശ്രീനഗര്‍: കര്‍ഫ്യൂ തുടരുന്ന കശ്മീരില്‍ പ്രതിഷേധം പ്രകടിപ്പിച്ച 500 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പലയിടത്തും സംഘര്‍ഷ സാഹചര്യം തുടരുകയാണ്. അക്രമാസക്തമായ  പ്രതിഷേധങ്ങള്‍ ഒഴിവാക്കാനാണ് പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം കര്‍ഫ്യൂ തുടരുന്നതെന്ന് പൊലീസ് അറിയിച്ചു. തെക്കന്‍ കശ്മീരിലെ അനന്ദനാഗ്, ഷോപ്പിയാന്‍, പാമ്പോര്‍ എന്നിവിടങ്ങള്‍ സുരക്ഷാസേനയുടെ വലയത്തിലാണ്. ബാരാമുല്ല ജില്ലയിലെ ഖാന്‍പൊര ടൗണിലും ശ്രീനഗര്‍ പരിധിയിലെ ആറ് പൊലീസ് സ്റ്റേഷന്‍ പരിധികളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാലോ അതില്‍ കൂടുതലോ ആളുകള്‍ കൂട്ടംകൂടുന്നത് കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ജനജീവിതം സ്തംഭിച്ചിട്ട് 27 ദിവസം പിന്നിടുന്നതിനിടെ കഴിഞ്ഞദിവസം കുല്‍ഗാം ജില്ലയില്‍ വലിയതോതില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരുമായുണ്ടായ സംഘര്‍ഷത്തില്‍ സുരക്ഷാസേനാംഗങ്ങളടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇത്തരം തെരുവ് സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനാണ് കൂട്ട അറസ്റ്റ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വിഘടനവാദികള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതോടെയാണ് താഴ്വര സംഘര്‍ഷഭരിതമായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.