കെജ്രിവാള്‍ കോടതിയില്‍ ഹാജരാകുന്നതിന് സ്റ്റേ

ന്യൂഡല്‍ഹി: പൊലീസുകാരെ ഇകഴ്ത്താന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ‘തുള്ള’ പ്രയോഗം നടത്തിയെന്ന് ആരോപിച്ച് പൊലീസ് കോണ്‍സ്റ്റബ്ള്‍ ഫയല്‍ ചെയ്ത അപകീര്‍ത്തി കേസില്‍  അദ്ദേഹം ഹാജരാകണമെന്ന വിചാരണ കോടതിയുടെ ഉത്തരവിന്  ഡല്‍ഹി ഹൈകോടതിയുടെ സ്റ്റേ. കോടതിയില്‍ ഹാജരാകണമെന്ന  ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച ജസ്റ്റിസ് മുക്ത ഗുപ്ത, ‘തുള്ള’ എന്ന വാക്കിന്‍െറ അര്‍ഥം കെജ്രിവാള്‍ വ്യക്തമാക്കണമെന്ന്  നിര്‍ദേശിച്ചു. കേസ് പരിഗണനക്ക് വരുന്ന ആഗസ്റ്റ് 21ന് കെജ്രിവാള്‍ വിചാരണ കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് കോടതി ഒഴിവാക്കി.

‘കെജ്രിവാള്‍ പ്രയോഗിച്ച തുള്ള എന്ന ഹിന്ദി വാക്കിന്‍െറ അര്‍ഥം നിഘണ്ടുവില്‍ നിലവിലില്ലാത്തതിനാല്‍ അതിന്‍െറ അര്‍ഥം ഈ കോടതിയെ ബോധ്യപ്പെടുത്തണം. താങ്കള്‍ ഈ വാക്ക് ഉപയോഗിച്ചതാണെങ്കില്‍  തീര്‍ച്ചയായും അതിന്‍െറ അര്‍ഥം താങ്കള്‍ക്ക് അറിയുമായിരിക്കും. ഞാന്‍ ഇങ്ങനെയൊരു വാക്ക് എവിടെയും കണ്ടിട്ടില്ല -ജസ്റ്റിസ് ഗുപ്ത പറഞ്ഞു. പൊലീസുകാരെ അടച്ചാക്ഷേപിച്ച് തുള്ള പ്രയോഗം നടത്തിയിട്ടില്ളെന്നും തെറ്റായ നടപടികളില്‍ ഉള്‍പ്പെട്ടവരെ മാത്രമാണ് ഉദ്ദേശിച്ചതെന്നും കെജ്രിവാളിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍. ഹരിഹരന്‍ ബോധിപ്പിച്ചു.

അപകീര്‍ത്തി കേസ് നല്‍കിയ കോണ്‍സ്റ്റബ്ള്‍ അജയ്കുമാര്‍ തനേജക്കും കോടതി നോട്ടീസയച്ചു. 2015 ജൂലൈ 23നാണ് ഇദ്ദേഹം അപകീര്‍ത്തി കേസുമായി കോടതിയെ സമീപിച്ചത്. വാര്‍ത്താചാനലില്‍ കെജ്രിവാള്‍ അഴിമതിക്കെതിരായ ശക്തമായ നടപടികളെക്കുറിച്ച് പരാമര്‍ശിക്കവെ പൊലീസുകാരെ ‘തുള്ള’ എന്ന് കുറ്റപ്പെടുത്തിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.