ജഡ്ജിമാരെ വിലയിരുത്താന്‍ സംവിധാനം: ബില്‍ എന്‍.ഡി.എ പരിഷ്കരിച്ച് തയാറാക്കുന്നു

ന്യൂഡല്‍ഹി: സുപ്രീംകോടതി, ഹൈകോടതി ജഡ്ജിമാര്‍ക്കെതിരെ ഉയരുന്ന പരാതികള്‍ പരിശോധിക്കാന്‍ സംവിധാനം സ്ഥാപിക്കുന്നതിന് യു.പി.എ സര്‍ക്കാര്‍ തയാറാക്കിയ ബില്‍ എന്‍.ഡി.എ പരിഷ്കാരങ്ങളോടെ തയാറാക്കുന്നു. 2012ല്‍ രാജ്യസഭയില്‍ പാസാക്കാനാവാതെപോയ ജുഡീഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് അക്കൗണ്ടബിലിറ്റി ബില്‍ ആണ് കേന്ദ്രസര്‍ക്കാര്‍ പരിഷ്കരിച്ച് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ജുഡീഷ്യറിയിലെ അംഗങ്ങളുടെ പ്രകടനം വിലയിരുത്താനുള്ള വകുപ്പുകൂടി പുതുതായി ചേര്‍ക്കാനാണ് നിയമമന്ത്രാലയം ആലോചിക്കുന്നത്.
നാഷനല്‍ മിഷന്‍ ഫോര്‍ ജസ്റ്റിസ് ഡെലിവറി ആന്‍ഡ് ലീഗല്‍ റിഫോംസിന്‍െറ ഉപദേശക സമിതി ഫെബ്രുവരിയില്‍ ചേര്‍ന്ന യോഗത്തില്‍ പരിഷ്കരിച്ച ബില്ലിനെ കുറിച്ച് ചര്‍ച്ചചെയ്തു. ജഡ്ജിമാരുടെ ധാര്‍മികതയും വീഴ്ചയും വിലയിരുത്തുക മാത്രമാണ് യു.പി.എ സര്‍ക്കാര്‍ തയാറാക്കിയ ബില്ലിന്‍െറ പരിധി. എന്നാല്‍, നിയമസംവിധാനത്തിന്‍െറ മികവ് സമഗ്രമായി ഉയര്‍ത്തുകയാണ് ലക്ഷ്യമെങ്കില്‍ ജഡ്ജിമാരുടെ കാര്യക്ഷമതയും സുതാര്യതയുംകൂടി വിലയിരുത്താന്‍ വകുപ്പ് വേണമെന്ന് ഉപദേശക സമിതി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
സമിതിയുടെ ശിപാര്‍ശകള്‍ ബില്ലില്‍ ഉള്‍ക്കൊള്ളിക്കുന്നതു സംബന്ധിച്ച് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിയമവിദഗ്ധരുടെ സംഘത്തിന്‍െറ അഭിപ്രായം തേടിയിട്ടുണ്ട്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും പുതിയ ബില്‍ തയാറാവുക.
2012ല്‍ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭ നിര്‍ദേശിച്ച ഭേദഗതികള്‍ സര്‍ക്കാര്‍ കാലയളവില്‍ കൊണ്ടുവരാന്‍ യു.പി.എക്ക് കഴിഞ്ഞില്ല. ജുഡീഷ്യറിയെ വിലയിരുത്താന്‍ നാഷനല്‍ ജുഡീഷ്യല്‍ ഓവര്‍സൈറ്റ് കമ്മിറ്റി എന്ന പേരില്‍ ഒരു സമിതി നിശ്ചയിക്കണമെന്നും ബില്ലില്‍ നിര്‍ദേശമുണ്ടായിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, നിയമമന്ത്രി, പൗരസമൂഹത്തെയും പാര്‍ലമെന്‍റിനെയും പ്രതിനിധാനംചെയ്ത് ഒരാള്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്നതാകണം സമിതിയെന്ന് ബില്‍ നിര്‍ദേശിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.