പെരുമാറ്റച്ചട്ടം: തമിഴ്നാട്ടിലെ അഭിഭാഷക സമരം അക്രമാസക്തമായി

കോയമ്പത്തൂര്‍: ചെന്നൈ ഹൈകോടതി നടപ്പാക്കിയ പെരുമാറ്റച്ചട്ടം പൂര്‍ണമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടില്‍ അഭിഭാഷകര്‍ നടത്തുന്ന സമരം ശക്തമായി. മിക്കയിടങ്ങളിലും പ്രതിഷേധപരിപാടികള്‍ അക്രമാസക്തമായി. തിങ്കളാഴ്ച അഭിഭാഷകര്‍ പങ്കെടുത്ത ചെന്നൈ ഹൈകോടതി മാര്‍ച്ച് പൊലീസ് തടഞ്ഞു. പൊലീസിന് നേരെ പ്ളാസ്റ്റിക് ബോട്ടിലുകളും മറ്റുമെറിഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.  ഹൈകോടതി ചീഫ് ജസ്റ്റിസിന്‍െറ കോലം കത്തിക്കാനുള്ള ശ്രമവും തടഞ്ഞു. ചെന്നൈ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ അഭിഭാഷകര്‍ റോഡ് തടഞ്ഞതോടെ പലയിടത്തും ഗതാഗതം സ്തംഭിച്ചു. മുതിര്‍ന്ന അഭിഭാഷകര്‍ ഉള്‍പ്പെടെ 126 പേരെ ബാര്‍ കൗണ്‍സില്‍ സസ്പെന്‍ഡ് ചെയ്തതാണ് അഭിഭാഷകരെ ഏറെ പ്രകോപിപ്പിച്ചത്.

2016 മേയ് 25നാണ് ഹൈകോടതി അഭിഭാഷകര്‍ക്കായി പ്രത്യേക പെരുമാറ്റച്ചട്ടം കൊണ്ടുവന്നത്. പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതി ബഹിഷ്കരണം, നിരാഹാരം, ധര്‍ണ, മനുഷ്യച്ചങ്ങല തുടങ്ങിയവ നടത്തി. വെള്ളിയാഴ്ച അഞ്ചംഗ ജഡ്ജിമാരുടെ സമിതി സമരസമിതി ഭാരവാഹികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ചര്‍ച്ച 29ലേക്ക് മാറ്റിവെച്ചു. അഭിഭാഷകര്‍ നടത്തുന്ന സമരം കോടതി നടപടികളെ ബാധിച്ചതോടെയാണ് സമരസമിതി നേതാക്കള്‍ക്കെതിരെ ബാര്‍ കൗണ്‍സില്‍ ശിക്ഷാനടപടി സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ബാര്‍ കൗണ്‍സില്‍ പലതവണ അഭിഭാഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ജഡ്ജിമാരും മുതിര്‍ന്ന അഭിഭാഷകരും ശ്രമം തുടങ്ങിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.