ശ്രീനഗർ: ജമ്മു കശ്മീരിൽ രാഷ്ട്രീയ പ്രവർത്തകർക്ക് തമ്മിൽ കാണാൻ പോലും അവകാശമില്ലെന്ന് മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല. പിതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയുടെ വസതിയിൽ ബുധനാഴ്ച ചേരാൻ തീരുമാനിച്ച യോഗത്തിന് അനുമതി നിഷേധിച്ചതായും ഒമർ ട്വീറ്റിൽ പറഞ്ഞു.
കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയത് ആഘോഷിക്കാൻ ബി.ജെ.പി നേതാക്കൾക്ക് ഒത്തുചേരാം. എന്നാൽ ഞങ്ങൾക്ക് പിതാവിന്‍റെ വസതിയിൽ തമ്മിൽ കാണാൻ പോലും അവകാശമില്ല.
ഒരു വർഷത്തിനുശേഷവും സാധാരണ രാഷ്ട്രീയ പ്രവർത്തനം നടത്താൻ പോലും ഞങ്ങളെ അനുവദിക്കാൻ അധികാരികൾ ഭയപ്പെടുന്നു. ഈ ഭയം കശ്മീരിലെ യഥാർഥ അവസ്ഥയെ തുറന്നുകാണിക്കുന്നുണ്ട്.
ആർട്ടിക്കിൾ 370 റദ്ദാക്കി ഒരു വർഷം തികയുന്ന ദിനത്തിൽ കശ്മീരിലെ സാഹചര്യങ്ങൾ ചർച്ചചെയ്യാനായാണ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചതെന്നും ഒമർ അബ്ദുല്ല വ്യക്തമാക്കി.
യോഗത്തിനെത്തേണ്ട നേതാക്കളെ പൊലീസ് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ഫാറൂഖ് അബ്ദുല്ല ആരോപിച്ചു. നേതാക്കളുടെയെല്ലാം വീടുകൾക്ക് മുന്നിൽ പൊലീസ് വാഹനങ്ങളാണ്. പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല. ഇതാണ് കശ്മീരിലെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് അഞ്ചിനോടനുബന്ധിച്ച് കശ്മീരിൽ കടുത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പ്രശ്നബാധിത പ്രദേശങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.