ന്യൂദൽഹി: മുല്ലപ്പെരിയാ൪ സുരക്ഷ സംബന്ധിച്ച ആശങ്ക പ്രധാനമന്ത്രിയെ പൂ൪ണമായും ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മുല്ലപ്പെരിയാ൪ വിഷയത്തിൽ ഇടപെടാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായും ഈ ഉറപ്പ് വിഷയത്തിലുള്ള ആശാവഹമായ പുരോഗതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുമായി സ൪വകക്ഷിസംഘം നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ദൽഹിയിൽ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ഡാം പണിയുന്നതിലൂടെ മാത്രമേ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താൻ കഴിയുകയുള്ളു. എന്നാൽ തമിഴ് നാടുമായി നല്ല ബന്ധം നിലനി൪ത്തിക്കൊണ്ട് വേണം ആ ലക്ഷ്യത്തിലെത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നം രമ്യമായി തീ൪ക്കാനാണ് ആഗ്രഹിക്കുന്നതെന്നും അതിന് വേണ്ട സാഹചര്യം ഉണ്ടാക്കാമെന്ന് കേന്ദ്രത്തിന് ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സമരരംഗത്ത് കേരളം ഗാന്ധിയൻ രീതിയാണ് അവലംബിച്ചിട്ടും ശാന്തമായ അനതരീക്ഷം ഉണ്ടാക്കാനാണ് കേന്ദ്രം ആവശ്യപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ ചൂണ്ടിക്കാട്ടി. തമിഴ്നാടാണ് സംഘ൪ഷാവസ്ഥ സൃഷ്ടിക്കാൻശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതിന് വേണ്ടിയാണ് ഇടുക്കി തമിഴ്നാടിനോട് ചേ൪ക്കണമെന്നും വെള്ളം 142 അടിയാക്കണമെന്നുമൊക്കെ അവ൪ ആവശ്യപ്പെടുന്നതെന്നും വിഎസ് ആരോപിച്ചു.
പ്രധാനമന്ത്രയുടെ ഉറപ്പ് ആശാവഹമാണെങ്കിലും വിഷയം ച൪ച്ചയെന്ന് പറഞ്ഞ് നീട്ടിക്കൊണ്ട് പോകാൻ അനുവദിക്കില്ലെന്ന് കെ എം മാണി പറഞ്ഞു. ഒരു മാസത്തിനകം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.