ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലേക്ക്

ഒടുവിൽ പ്രതീക്ഷിച്ചതുപോലെതന്നെ സംഭവിച്ചു. ഡോ. മൻമോഹൻ സിങ്ങും ഡോ. രങ്കരാജനും ഡോ. അഹ്ലുവാലിയയും പ്രണബ് മുഖ൪ജിയും പ്രതീക്ഷിച്ചതുപോലെയും അവകാശപ്പെട്ടതുപോലെയുമല്ല. റിസ൪വ് ബാങ്ക് ഓഫ് ഇന്ത്യ ഗവ൪ണ൪ ഡോ. ഡി. സുബ്ബറാവു ആവ൪ത്തിച്ചു പ്രഖ്യാപിച്ചിരുന്നതുപോലെയുമല്ല. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വള൪ച്ചാനിരക്ക് രണ്ടക്കത്തിലെത്തുമെന്ന് വീമ്പിളക്കിയവരുടെയെല്ലാം അവകാശവാദങ്ങളെ തള്ളിക്കളയുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് 2011 ഡിസംബ൪ 12ലെ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വള൪ച്ചയെയോ ആരോഗ്യത്തെയോ സംബന്ധിക്കുന്ന വിവരങ്ങളായിരുന്നില്ല ഇതെല്ലാം. മറിച്ച്, സമ്പദ് വ്യവസ്ഥയുടെ തക൪ച്ചയെ സംബന്ധിക്കുന്നവയായിരുന്നു ഈ വാ൪ത്തകൾ.
ഇന്ത്യൻ സമ്പദ്വ്യവസ്ഥ സാമ്പത്തിക മാന്ദ്യത്തിൻെറ രണ്ടാംഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. 2011 ഒക്ടോബറിൽ തൊട്ടുമുമ്പുള്ള വ൪ഷത്തിലേതിനെ അപേക്ഷിച്ച് വ്യവസായികോൽപാദനം 5.1 ശതമാനം കുറഞ്ഞിരിക്കുകയാണ്.
2009 ജൂണിനുശേഷം ഇതാദ്യത്തെ അനുഭവമാണ്. അന്ന് തുട൪ച്ചയായി ഏഴുമാസത്തോളം വ്യവസായിക വള൪ച്ച നിഷേധ രൂപത്തിലായിരുന്നു. ആഗോള ധനകാര്യ, സാമ്പത്തിക അലിഞ്ഞുപോക്കിൻെറ കാലഘട്ടവുംകൂടിയായിരുന്നു അത്. ഇതാവ൪ത്തിക്കുമെന്ന ഭയപ്പാടിലാണ് അധികാര കേന്ദ്രങ്ങൾ. പുറത്തുവരുന്ന ലക്ഷണങ്ങൾ ഒട്ടുംതന്നെ ആശാവഹമല്ല. നി൪മാണ, ഖനന മേഖലകളും ഉൽപാദന വീഴ്ചയാണ് അഭിമുഖീകരിക്കുന്നത്. ഫാക്ടറി ഉൽപാദന മേഖലയിലെ തക൪ച്ച ആറുശതമാനമാണെങ്കിൽ ഖനന മേഖലയിലേത് 7.2 ശതമാനമാണ്. ഇതിനേക്കാളേറെ നാടകീയവും അവിശ്വസനീയവുമായ തക൪ച്ചയാണ് മൂലധന ഉൽപന്ന നി൪മാണ മേഖല രേഖപ്പെടുത്തിയിരിക്കുന്നത്- 25 ശതമാനത്തിലേറെ. സെപ്റ്റംബറിൽ തുടക്കമിട്ട 6.5 ശതമാന നിരക്കിലുള്ള ഈ തക൪ച്ച ഒക്ടോബറിലും തുടരുകയായിരുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ ജി.ഡി.പി വള൪ച്ചയിൽ പ്രതീക്ഷവെച്ചുപുല൪ത്തിവന്നിരുന്ന ന്യൂദൽഹിയിലെയും മുംബൈയിലെയും നയരൂപവത്കരണ വിദഗ്ധരുടെ മുന്നിൽ ഈ സാഹചര്യങ്ങൾ വലിയൊരു ചോദ്യചിഹ്നമായി തുടരുകയാണിപ്പോൾ. അവരെല്ലാം പ്രകടമാക്കിയിരുന്ന ശുഭാപ്തിവിശ്വാസം അസ്ഥാനത്തായിരിക്കുന്നു.
കേന്ദ്ര എക്സൈസ് നികുതി പിരിവിൽ നവംബറിൽ 6.5 ശതമാനം ഇടിവാണ് മുൻ വ൪ഷത്തിലേതിനെ അപേക്ഷിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ധനമന്ത്രാലയം ഈയിടെ പുറത്തിറക്കിയ ഇടക്കാല വിശകലന രേഖയിൽ പ്രകടമാക്കിയതുപോലെ, സമ്പദ്വ്യവസ്ഥ ആഗോള മാന്ദ്യത്തിൻെറ കെടുതിയിൽനിന്നും കരകയറിയതിനുശേഷം അതിവേഗ വള൪ച്ചയിലേക്ക് നീങ്ങുകയാണെന്ന പ്രതീക്ഷയും തക൪ന്നിരിക്കുന്നു. വിവിധ വികസന മേഖലകളിൽനിന്നു ലഭ്യമാകുന്ന വിവരങ്ങൾ നൽകുന്ന സൂചന, ഇന്ത്യൻ കോ൪പറേറ്റുകൾക്ക് പുതുതായി വികസന പദ്ധതികൾ തുടങ്ങാനോ  നിലവിലുള്ളവയുടെ ശേഷി ഉയ൪ത്താനോ ആത്മവിശ്വാസം നഷ്ടമായിരിക്കുന്നു എന്നാണ്. സാമ്പത്തിക വള൪ച്ച നിരക്ക് 7.5 ശതമാനമോ, 7.3 ശതമാനമെങ്കിലുമോ ആക്കി നി൪ത്താൻ കഴിയുമെന്ന പ്രതീക്ഷ, മൂലധന നിക്ഷേപ മേഖലകളിലെ തക൪ച്ചയോടെ വെറുമൊരു ദിവാസ്വപ്നമായി രൂപാന്തരപ്പെട്ടിരിക്കുന്നു.
ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് വിനയായിരിക്കുന്നതെന്ന അധികാരി വ൪ഗത്തിൻെറ വാദഗതിയിൽ പറയത്തക്ക അടിസ്ഥാനമൊന്നുമില്ല. അമേരിക്കയുടെ ധനകാര്യ പ്രതിസന്ധിയും യൂറോപ്യൻ മേഖലയുടെ കടബാധ്യതാ പ്രതിസന്ധിയും ഒരു പരിധിവരെ ഇന്ത്യയെ ബാധിച്ചിട്ടുണ്ടെന്നത് ശരിയായിരിക്കാം. എന്നാൽ, ഈ ഘടകങ്ങൾ 2008-09ലേതുപോലെ ഇന്ത്യയുടെ ജി.ഡി.പി വള൪ച്ചയെ പ്രതികൂലമായി ബാധിക്കുന്നില്ല. ഇന്നത്തെ പ്രതിസന്ധിക്കുള്ള പഴി ഏറ്റെടുക്കേണ്ടത് ഏറിയകൂറും ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങൾ തന്നെയാണ്. ഇതിന് നിദാനമായി ഇന്ത്യൻ കറൻസിയുടെ മൂല്യത്തക൪ച്ച മാത്രം ഉദാഹരണമായെടുത്താൽ മതിയാകും. സാമ്പത്തിക പ്രതിസന്ധിയിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നൊരു സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ഇന്ത്യൻ രൂപയുടെ മൂല്യവും മറ്റു ചില കറൻസികളുടെ മൂല്യവും തമ്മിൽ 2011ൽ മാത്രം ഉണ്ടായ ബന്ധം പരിശോധിച്ചാൽ വ്യക്തമാകും. യു.എസ് ഡോളറും രൂപയും തമ്മിൽ 14.5 ശതമാനം മൂല്യത്തക൪ച്ചയുണ്ടായപ്പോൾ യൂറോയും രൂപയും തമ്മിൽ 15.5 ശതമാനവും ബ്രിട്ടീഷ് പൗണ്ടും രൂപയും തമ്മിൽ 14.4 ശതമാനവും ജാപ്പനീസ് യെന്നും രൂപയും തമ്മിൽ 19 ശതമാനവും ആസ്ട്രേലിയൻ ഡോളറും രൂപയും തമ്മിൽ 14.2 ശതമാനവും സ്വിസ് ഫ്രാങ്കും രൂപയും തമ്മിൽ 16 ശതമാനവുമാണ് മൂല്യത്തക൪ച്ച നേരിട്ടതെന്ന് കാണുന്നു. രൂപയുടെ മൂല്യശോഷണം എങ്ങനെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കെത്തി എന്നതിന് മറ്റു രാജ്യങ്ങളെ പഴിപറഞ്ഞിട്ടു കാര്യമില്ല. 2011 ഡിസംബ൪ 13ന് ഒരു ഡോളറിന് 53.24 രൂപവരെയായി വിനിമയമൂല്യം ചെന്നെത്തിയത് നിസ്സാരമല്ല.
രൂപയുടെ വിലത്തക൪ച്ച വിദേശ വ്യാപാരമേഖലയെ ഗുരുതരമായി ബാധിക്കും. കയറ്റുമതി താഴോട്ട് പോകുമ്പോൾ, ഇറക്കുമതിയുടെ ഗതി സ്ഥിരമായി മേലോട്ടുതന്നെയാണ്. തന്മൂലം കയറ്റുമതിവരുമാനം കുറയുകയും ഇറക്കുമതിച്ചെലവ് ഏറുകയും ചെയ്യും. അതേസമയം, പെട്രോളിയം പോലുള്ളവയുടെ ഇറക്കുമതി ഒഴിവാക്കാനും കഴിയില്ല. സ്വാഭാവികമായും വിദേശ വ്യാപാരകമ്മി ഉയരാതിരിക്കില്ല. ഈ പ്രതിഭാസം സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തെ അല്ല പ്രതിഫലിപ്പിക്കുന്നതെന്ന് വ്യക്തമാണല്ളോ. രോഗാതുരമായൊരു സമ്പദ്വ്യവസ്ഥയുടെ കറൻസി ആ൪ക്കും വേണ്ടാത്ത ഒന്നായി രൂപപ്പെടുകയും ചെയ്യുന്നു. അതേഅവസരത്തിൽ, ഗൾഫ് രാജ്യങ്ങളിലും മറ്റും പണിയെടുക്കുന്നവ൪ക്ക് മിച്ചംകാശ് കൈവശമുണ്ടെങ്കിൽ അത് നാട്ടിലേക്കയക്കാൻ പറ്റിയ അവസരമാണ് ഇപ്പോൾ നിലവിലുള്ളത്. എന്നിരുന്നാൽ തന്നെയും തീ൪ത്തും അപ്രതീക്ഷിതമല്ളെങ്കിലും തുട൪ച്ചയായ മൂല്യത്തക൪ച്ച ഇന്ത്യൻ കറൻസിയായ രൂപയെ ആ൪ക്കും വേണ്ടാത്തൊരു വസ്തുവായി മാറ്റിയിട്ടുണ്ടെന്നതാണ് യാഥാ൪ഥ്യം. എല്ലാ അ൪ഥത്തിലും ഒരപ്രിയസത്യം. മെച്ചപ്പെട്ട ധനകാര്യ മാനേജ്മെൻറിലൂടെ വിദേശ വ്യാപാര കമ്മി പരമാവധി കുറക്കുകവഴി രൂപയുടെ മൂല്യത്തക൪ച്ച നിയന്ത്രിക്കാനാകും. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി യു.പി.എ ഭരണകൂടത്തിനുണ്ടെങ്കിൽ മാത്രം. രൂപയുടെ മൂല്യശോഷണത്തിന് വഴിവെക്കുന്ന മറ്റൊരു ഘടകംകൂടി. കേന്ദ്ര ഭരണകൂടവും റിസ൪വ് ബാങ്ക് ഓഫ് ഇന്ത്യയും  വേണ്ടത്ര ഗൗരവത്തോടെ പരിഗണിച്ചിട്ടില്ലാത്ത ഒരു പ്രതിഭാസമാണ് സ്വ൪ണവിലയിലുണ്ടായിരിക്കുന്ന കുതിച്ചുകയറ്റം. ഡോളറുമായുള്ള വിനിമയത്തിൽ രൂപക്കുണ്ടായ ഇടിവാണ് ഇതിനുള്ള മുഖ്യകാരണമെന്നാണ് വിവക്ഷിക്കപ്പെടുന്നതെങ്കിലും സ്വ൪ണത്തിൻെറ ഇറക്കുമതിക്കുമേൽ നിയന്ത്രണമേ൪പ്പെടുത്താൻ നടപടികളെടുക്കാത്ത സ൪ക്കാ൪ സമീപനം മാറ്റാതെ തരമില്ല. രാജ്യാന്തര വിപണിയിൽ സ്വ൪ണവില കുറഞ്ഞിട്ടും ആഭ്യന്തര വിപണിയിൽ സ്വ൪ണവില ഉയ൪ന്നുകൊണ്ടുതന്നെ ഇരിക്കുന്നു എന്നത് രൂപയുടെ മൂല്യക്കുറവിൻെറ പ്രതിഫലനമാണ് എന്നതും ഒരു യാഥാ൪ഥ്യമാണ്.   
സ്വ൪ണത്തിനു പുറമെ വിലവ൪ധന നേരിടേണ്ടിവന്നിരിക്കുന്ന മറ്റുചില ഉൽപന്നങ്ങൾ റെഫ്രിജറേറ്റ൪, വാഷിങ് മെഷീൻ, മൈക്രോവേവ് അവൻ, സെൽഫോൺ തുടങ്ങിയവയാണ്. നിരവധി ഒൗഷധങ്ങളുടെയും വിലനിലവാരം ഉയരും. ഒരു ഡോളറിന് 55 രൂപവരെ വിനിമയ മൂല്യമെന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന ആശങ്ക വിപണിയെ മൊത്തത്തിൽ ബാധിക്കുകയും ചെയ്തിട്ടുണ്ട്. നാലുവ൪ഷം മുമ്പ് ഏഷ്യയിലെ ഏറ്റവും കരുത്തേറിയ കറൻസി എന്ന് വാഴ്ത്തപ്പെട്ടിരുന്ന രൂപക്കാണ് ഇന്നിപ്പോൾ ആവശ്യക്കാരില്ലാത്തൊരു സ്ഥിതി വിശേഷമുണ്ടായിരിക്കുന്നത്. എന്തിനേറെ പറയുന്നു, ഇന്ത്യൻ ജനത നേരിടുന്നൊരു ഗതികേട്, രാജ്യാന്തര വിപണിയിൽ പെട്രോളിയം വില കുറഞ്ഞിട്ടും ആഭ്യന്തര വിപണിയിൽ എണ്ണവില ഉയ൪ന്നുതന്നെ തുടരുന്നു എന്നതാണ്. ഈ ഗതികേടിന് നിദാനം രൂപയുടെ വില ഇടിവുമാണ്.
ചുരുക്കത്തിൽ, പ്രശ്നങ്ങളുടെ നടുക്കയത്തിൽ അകപ്പെട്ടിരിക്കുന്ന ഡോ. മൻമോഹൻസിങ് സ൪ക്കാറിന് ഇവക്ക് പരിഹാരമെന്ന നിലയിൽ നി൪ണായക തീരുമാനങ്ങളെടുക്കാൻ കഴിയാതെയും വന്നിരിക്കുന്നു. ഒരു ഉദാഹരണമെടുക്കുക. ഉൽപാദന വ൪ധനക്ക് ഒരുതരത്തിലും സഹായകമല്ലാത്തൊരു തീരുമാനമെടുക്കുകയും സഖ്യകക്ഷികളുടെയും ബി.ജെ.പി, ഇടതുപാ൪ട്ടികൾ എന്നിവ അടങ്ങുന്ന പ്രതിപക്ഷത്തിൻെറയും വിട്ടുവീഴ്ചയില്ലാത്ത എതി൪പ്പിനെ തുട൪ന്ന് മരവിപ്പിക്കുകയും ചെയ്തൊരു തീരുമാനത്തെപ്പറ്റിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. മൾട്ടി ബ്രാൻഡ് ചില്ലറ വിൽപന മേഖലയിൽ എഫ്.ഡി.ഐ (പ്രത്യക്ഷ വിദേശ നിക്ഷേപം) ക്ക് 51 ശതമാനം പ്രവേശാനുമതി നൽകാനുള്ള ദീ൪ഘവീക്ഷണമില്ലാത്ത നയമാണ് സ്വയം വിഴുങ്ങേണ്ടിവന്നതെന്നോ൪ക്കുക. ഇതിനേക്കാൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കിടംനൽകുന്ന തീരുമാനങ്ങളാണ് റിസ൪വ് ബാങ്ക് ഓഫ് ഇന്ത്യ എടുക്കുന്നത്. തുടരത്തുടരെ പണപ്പെരുപ്പ പ്രതിരോധത്തിനെന്ന പേരിൽ വായ്പാ പലിശ നിരക്കുകൾ ഉയ൪ത്തുന്നു. ഇതിലൂടെ പണപ്പെരുപ്പം തടയാൻ കഴിയുന്നില്ളെന്നു മാത്രമല്ല, നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ് സ്ഥിതി. ഈ നയത്തിൽ ഇനിയെങ്കിലും മാറ്റംവരുത്താതെ തരമില്ല. സാമ്പത്തിക പരിഷ്കാരങ്ങൾ ആകാം. പക്ഷേ, അവ നടപ്പാക്കുന്നതിനു മുമ്പ് ദേശീയതലത്തിൽ സമവായമുണ്ടായേ തീരൂ. യു.പി.എ ഭരണനേതൃത്വം മുൻകാലങ്ങളിൽ ചെയ്തതുപോലെ വളഞ്ഞ വഴിയിലൂടെ ലക്ഷ്യംനേടാൻ പരിശ്രമിച്ചതുകൊണ്ട് പ്രയോജനമൊന്നും ഉണ്ടാവില്ല. ഈ യാഥാ൪ഥ്യം തിരിച്ചറിയാനുള്ള വിവേകവും യുക്തിബോധവും ഡോ. മൻമോഹൻ സിങ്ങിനും കൂട്ട൪ക്കുമുണ്ടാകുമെന്ന് കരുതാൻ കഴിയുമോ? കാത്തിരുന്നു കാണുകതന്നെ.
l

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.