കോഴിക്കോട്: മരിക്കാത്ത അവയവങ്ങൾ ദാനം ചെയ്ത് മരണത്തെ തോൽപ്പിച്ച അരുൺ ജോ൪ജ് പല ജീവനുകളിൽ വീണ്ടും തുടിച്ചു. തലശ്ശേരിക്കാരൻ വിനീഷും ബത്തേരിയിലെ വീട്ടമ്മ മഞ്ജുവും പുതുജീവിതം നൽകിയ അരുണിനോടും അവൻെറ മാതാപിതാക്കളോടുമുള്ള കടപ്പാടിൽ അശ്രുപൊഴിച്ചു.
കഴിഞ്ഞദിവസം ബൈക്കപകടത്തിൽ മരിച്ച കൂടരഞ്ഞിയിലെ ജോ൪ജ് തറപ്പേൽ-സെലീന ദമ്പതികളുടെ ഏകമകൻ അരുൺജോ൪ജി(21)ൻെറ വൃക്കകൾ ഇനി വിനീഷിനും മഞ്ജുവിനുമൊപ്പമുണ്ടാകും. കണ്ണുകൾ ഇന്ന് അവയുടെ പുതിയ ഉടമകളെ കണ്ടെത്തും. അരുണിൻെറ കരൾ ഇടപ്പള്ളി അമൃത ആശുപത്രിയിൽ ഇന്നലെ നടന്ന ശസ്ത്രക്രിയയിലൂടെ കോഴിക്കോട് സ്വദേശിക്ക് മാറ്റിവെച്ചു.
അരുൺ മരണമടഞ്ഞ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഞ്ജുവിന് അരുണിൻെറ വൃക്ക മാറ്റിവെക്കുന്ന ശസ്ത്രക്രിയ ബുധനാഴ്ച പുല൪ച്ചെ നാലുമണിക്കാണ് തുടങ്ങിയത്. വൃക്ക അനുയോജ്യമാണോ എന്നറിയാനുള്ള മാച്ചിങ് ടെസ്റ്റ് ഫലം കോയമ്പത്തൂരിൽനിന്ന് വന്നയുടൻ തുടങ്ങിയ ശസ്ത്രക്രിയ രാവിലെ എട്ടുമണിക്കാണ് പൂ൪ത്തിയായത്. ഡോക്ട൪മാരായ ഹരിഗോവിന്ദ്, സജിത്ത് ,മോനി ,ഇസ്മയിൽ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയകരമാണെങ്കിലും ഏഴു ദിവസം കൂടി ആശുപത്രിയിൽ ഇവ൪ നിരീക്ഷണത്തിൽ കഴിയണം. 32കാരിയായ മഞ്ജു അഞ്ചുവ൪ഷമായി ഡയാലിസിസ് ചികിത്സയുമായി ആശുപത്രിയും വീടുമായി മാറിമാറി കഴിയുകയായിരുന്നു. അച്ഛൻെറയും അമ്മയുടെയും വൃക്ക മഞ്ജുവിന് യോജിക്കാത്തതിനാൽ വിഷമിച്ചു കഴിയുമ്പോഴാണ് അരുണിൻെറ മാതാപിതാക്കളുടെ സന്മനസ്സ് തുണയായത്. ഇന്നലെ അരുണിൻെറ ശവസംസ്കാരചടങ്ങിൽ മഞ്ജുവിൻെറ പിതാവ് കുഞ്ഞുമോനും ഭ൪തൃസഹോദരനും പങ്കെടുത്തു. കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥനായ പ്രദീപ്കുമാറാണ് മഞ്ജുവിൻെറ ഭ൪ത്താവ്. നാലു മാസമായി കോഴിക്കോട് മെഡിക്കൽ കോളജിൽ ഡയാലിസിസ് ചികിത്സയിലായിരുന്ന തലശ്ശേരി തോട്ടടയിലെ ഐ.ടി.ഐ വിദ്യാ൪ഥി 18കാരൻ വിനീഷിനാണ് അരുണിൻെറ മറ്റൊരു വൃക്ക തുണയായത്. വൃക്ക കൊടുക്കാൻ അമ്മ തയാറായെങ്കിലും കരളിന് അസുഖമുള്ളതിനാൽ പറ്റില്ളെന്ന് ഡോക്ട൪മാ൪ വിധിയെഴുതി. പിതാവിന് 65 വയസ്സായതിനാൽ ആ വൃക്കയും പറ്റില്ളെന്ന ധ൪മസങ്കടത്തിൽ കഴിയുമ്പോഴാണ് ദരിദ്രകുടുംബത്തിന് അരുൺ മരണത്തിലൂടെ ജീവിതം നൽകിയത്. എറണാകുളം അമൃത ആശുപത്രിയിൽനിന്ന് മാച്ചിങ് ഫലം വന്നയുടൻ ബുധനാഴ്ച പുല൪ച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒന്നരക്ക് ഡോക്ട൪മാരായ എം.ശ്രീലത, ഫെലിക്സ് കാ൪ഡോസ്, സ്വരാജ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ തുടങ്ങിയ ശസ്ത്രക്രിയ 4.45നാണ് അവസാനിച്ചത്. അരുണിൻെറ മാതാപിതാക്കളെ നേരിൽ കണ്ട് നന്ദിപറയാനിരിക്കുകയാണ് വിനീഷിൻെറ മാതാപിതാക്കളും സഹോദരങ്ങളും. കരൾരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ യുവാവിനാണ് അരുണിൻെറ കരൾ തുണയായത്. അമൃത മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗാസ്ട്രോ എൻററോളജി വിഭാഗം മേധാവി ഡോ. സുധീന്ദ്രൻെറ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിൽ കരൾ മാറ്റിവെച്ചു. ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോ. സുധീന്ദ്രൻ പറഞ്ഞു. അരുണിൻെറ കണ്ണുകൾ വ്യാഴാഴ്ച രാവിലെ രണ്ടുപേ൪ക്ക് വെളിച്ചം പകരും. കോഴിക്കോട്ടുകാരായ രണ്ടുപേ൪ക്കാണ് അരുണിൻെറ നേത്രപടലം മാറ്റിവെക്കുക. കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ എം.കെ.മീഡിയം ലായനിയിൽ സൂക്ഷിച്ച നേത്രപടലം 94 മണിക്കൂ൪ വരെ കേടുകൂടാതെ നിൽക്കുമെന്ന് ഡോക്ട൪മാ൪ പറഞ്ഞു. ചെന്നൈയിൽ എൻജിനീയറിങ് വിദ്യാ൪ഥിയായിരുന്ന അരുൺജോ൪ജ് വെള്ളിയാഴ്ച രാത്രി മുക്കത്തുനിന്ന് സിനിമ കണ്ടു മടങ്ങുമ്പോൾ ബൈക്ക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. അരുൺ ജോ൪ജിന് മസ്തിഷ്ക മരണം സംഭവിച്ചതായി തിങ്കളാഴ്ച ഡോക്ട൪മാ൪ അറിയിച്ചതോടെയാണ് കണ്ണുകളും വൃക്കകളും കരളും ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.