അലഹബാദ്: വെള്ളമില്ലാത്ത കോച്ചുകളും ടി.ടി.ഇമാരുടെ പിടിച്ചുപറിയും തുടങ്ങി ട്രെയിൻ യാത്രയിലെ പരാതികൾ ആരോടു പറയണമെന്നറിയാത്ത നാളുകൾക്കു വിട. ട്രെയിൻ യാത്രക്കിടയിലും റെയിൽവേ സ്റ്റേഷനിലും എന്നുവേണ്ട റെയിൽവേയുമായി ബന്ധപ്പെട്ട ഏതു പരാതികളും ഇനി ഓൺലൈൻ വഴി സമ൪പ്പിക്കാം. സമ൪പ്പിച്ച പരാതിയുടെ അവസ്ഥയെന്താണെന്നും എന്തുനടപടിയെടുത്തെന്നും ഈ സംവിധാനം വഴി അറിയുകയും ചെയ്യാം. www.indianrailways.gov.in എന്ന ഇന്ത്യൻ റെയിൽവേയുടെ വെബ് സൈറ്റിലൂടെ പരാതികൾ സമ൪പ്പിക്കാമെന്ന് നോ൪ത് സെൻട്രൽ റെയിൽവേ പബ്ളിക് റിലേഷൻസ് മാനേജ൪ സന്ദീപ് മാത്തൂ൪ അറിയിച്ചു. റെയിൽവേയുടെ സേവനങ്ങളുമായി ബന്ധപ്പെട്ട് നി൪ദേശങ്ങൾ സമ൪പ്പിക്കാനും ഇതിലൂടെ യാത്രക്കാ൪ക്ക് കഴിയും. സ്റ്റേഷനുകളിലും ട്രെയിനുകളിലും യാത്രക്കാ൪ക്ക് നിരവധി ദുരിതങ്ങൾ നേരിടേണ്ടി വരാറുണ്ടെന്നും എന്നാൽ ഇതു സംബന്ധിച്ച പരാതികൾ പരിഹരിക്കാനുള്ള സംവിധാനം ഫലപ്രദമല്ളെന്നും കണ്ടെത്തിയതിനെ തുട൪ന്നാണ് ഈ സംവിധാനമെന്നും മാത്തൂ൪ അറിയിച്ചു.
വെബ്സൈറ്റിൽ പ്രവേശിച്ച്, complaints& Suggestions എന്ന ഭാഗത്ത് ക്ളിക് ചെയ്ത് പരാതി സമ൪പ്പിക്കാനുള്ള പേജിലെത്താം. റെയിൽവേയുമായി ബന്ധപ്പെട്ട ഭൂരിഭാഗം പരാതികളും ഇതിൽ സമ൪പ്പിക്കാം. സീറ്റ്/ബെ൪ത്ത് അനുവദിക്കൽ, ഉയ൪ന്ന ക്ളാസുകളിലെ ശയ്യോപകരണ വിതരണം, ലഗേജ് /പാ൪സൽ ബുക്കിങ്, കൈക്കൂലി/അഴിമതി, കാറ്ററിങ്/കച്ചവടക്കാ൪, സ്റ്റേഷനുകളിലെ ശുചിത്വം, സ്ളീപ്പ൪ ക്ളാസുമായി ബന്ധപ്പെട്ട പരാതി, ജീവനക്കാരുടെ (റെയിൽവേയുടെയും ഇതുമായി ബന്ധപ്പെട്ട മറ്റു ജീവനക്കാരുടെയും ) മോശമായ പെരുമാറ്റം, കോച്ചുകളുടെ ശുചിത്വം, വൈദ്യുതി ഉപകരണങ്ങളുടെ പ്രവ൪ത്തനം, വെള്ളമില്ലായ്മ, ട്രെയിൻ സമയക്രമം, ടിക്കറ്റ് റീഫണ്ട്, റിസ൪വേഷൻ പ്രശ്നങ്ങൾ, മോഷണം/ പിടിച്ചുപറി, അന്വേഷണ കൗണ്ടറുകളുടെ പ്രവ൪ത്തനം തുടങ്ങി എല്ലാവിധ പരാതികളും ഇതിലൂടെ ഉന്നയിക്കാം. സ്റ്റേഷനിലെ ശുചിത്വമില്ലായ്മയെ കുറിച്ചുള്ള പരാതിയാണെങ്കിൽ അത് പ്ളാറ്റ്ഫോമിലോ വെയ്റ്റിങ് റൂമിലോ റിട്ടയറിങ് റൂമിലോ എവിടെയാണെന്ന് വ്യക്തമാക്കണം. പരാതിക്കിടയായ സംഭവം നടന്ന തീയതി, ജീവനക്കാരൻ ഉൾപ്പെട്ടതാണെങ്കിൽ അയാളുടെ പേര് (സാധ്യമെങ്കിൽ) തുടങ്ങിയവ ചേ൪ക്കണം. ട്രെയിൻ നമ്പ൪, പി.എൻ.ആ൪ നമ്പ൪, ബെ൪ത്ത് നമ്പ൪ തുടങ്ങിയ വിവരങ്ങളും ചേ൪ക്കണം. കൂടാതെ പരാതിക്കാരൻെറ പേര്, വിലാസം, ഫോൺ നമ്പ൪, ഇ മെയിൽ വിലാസം എന്നിവയും ആവശ്യമാണ്. പരാതി സംബന്ധിച്ച് വിശദ വിവരണം നൽകാനും ഇടമുണ്ട്. തെളിവിലേക്ക് രേഖകൾ സമ൪പ്പിക്കേണ്ടതുണ്ടെങ്കിൽ അതിനും സംവിധാനമുണ്ട്. എളുപ്പത്തിൽ പരാതി സമ൪പ്പിക്കാനാവും വിധമാണ് ഓൺലൈൻ സംവിധാനം ഒരുക്കിയതെന്നും പബ്ളിക് റിലേഷൻസ് ഓഫിസ൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.