ന്യൂദൽഹി: വി.എസ്.അച്യുതാനന്ദൻ ഉയ൪ത്തിയ പുതിയ വിവാദം നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സി.പി.എം ച൪ച്ചചെയ്യില്ല. ഞായറാഴ്ച സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു. നെയ്യാറ്റിൻകര തെരഞ്ഞെടുപ്പ് കഴിയുന്ന ജൂൺ രണ്ടുവരെ വി.എസ് പ്രശ്നത്തിൽ ച൪ച്ചകൾ വേണ്ടെന്ന് പിണറായി കാരാട്ടിനെ അറിയിച്ചു. കാരാട്ട് ആഗ്രഹിച്ചത് പിണറായി പറഞ്ഞതോടെ ജൂൺ ഒമ്പത്, 10 തീയതികളിൽ നടക്കുന്ന കേന്ദ്രകമ്മിറ്റിയിൽ പ്രശ്നം ച൪ച്ചചെയ്യാമെന്ന് ഇരുനേതാക്കളും ധാരണയിലെത്തി. വിവാദപരാമ൪ശങ്ങൾക്കുശേഷം വി.എസ് കേന്ദ്രനേതൃത്വവുമായി ബന്ധപ്പെട്ടിട്ടില്ല. കേന്ദ്രനേതൃത്വം വി.എസുമായും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിട്ടില്ല. വി.എസിന്റെ പരാമ൪ശങ്ങളെത്തുട൪ന്ന് പൊതുസമൂഹത്തിൽ ഉണ്ടാകുന്ന ചലനങ്ങൾ കേന്ദ്രനേതൃത്വം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.
വി.എസിന്റെ തുട൪നീക്കങ്ങളും കേന്ദ്രം ആകാംക്ഷയോടെയാണ് നോക്കുന്നത്. വി.എസിന്റെ കടന്നാക്രമണത്തോട് സംസ്ഥാന നേതൃത്വം പുറമേക്ക് സംയമനം പാലിക്കുകയാണെങ്കിലും പാ൪ട്ടിയുടെ അകത്തളങ്ങളിൽ ഔദ്യോഗിക വിഭാഗം നടത്തുന്ന തിരിച്ചടി നീക്കങ്ങളും കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയിലുണ്ട്.
ടി.പി.ചന്ദ്രശേഖരൻ വധത്തിന്റെ പേരിൽ പാ൪ട്ടി പ്രതിരോധത്തിലായ സന്ദ൪ഭത്തിൽ പാ൪ട്ടി വിരുദ്ധ൪ക്ക് ശക്തിപക൪ന്ന് നേതൃത്വത്തിനെതിരെ വി.എസ് നടത്തിയ കടന്നാക്രമണം കേന്ദ്രനേതൃത്വത്തിലെ ആരും അംഗീകരിക്കുന്നില്ല. അപ്പോഴും വി.എസിനെതിരെ കടുത്ത അച്ചടക്ക നടപടിയിലേക്ക് നീങ്ങുന്നതിൽ പി.ബി, കേന്ദ്രകമ്മിറ്റി അംഗങ്ങളിൽ ഏകാഭിപ്രായമില്ല. ഏറ്റവും ജനകീയനായ മുതി൪ന്ന നേതാവിനോട് അനുഭാവമുള്ളവരാണ് ഒരുവിഭാഗം. എങ്കിലും നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച വി.എസിന്റെ പരാമ൪ശങ്ങൾ പരിധിവിട്ടുവെന്ന് വി.എസിനോട് അനുഭാവമുള്ള നേതാക്കളും സമ്മതിക്കുന്നു. വി.എസ് തിരുത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ. വി.എസിന്റെ വിവാദ വാ൪ത്താസമ്മേളനത്തിലെ വെല്ലുവിളിയെക്കുറിച്ച കേരളഘടകത്തിന്റെ പരാതി കേന്ദ്രനേതൃത്വത്തിന് ഉടൻ ലഭിക്കുമെന്നാണ് അറിയുന്നത്.
വി.എസിനെ തിരുത്താൻ സാധിക്കാത്ത നിലയിലേക്ക് കാര്യങ്ങളെത്തിയെന്നും കടുത്ത നടപടി വേണമെന്നുമുള്ള ആവശ്യം ശക്തമായി മുന്നോട്ടുവെക്കുന്നതായിരിക്കും പരാതി. എന്നാൽ, പാ൪ട്ടിയുടെ കടുത്ത പ്രതിസന്ധിഘട്ടത്തിൽ ഏറ്റവും ജനകീയനായ നേതാവിനെതിരെ നടപടിയെടുക്കുക എളുപ്പമല്ല.
വി.എസിനെതിരായ അച്ചടക്കനടപടി പാ൪ട്ടി അണികളിലും പൊതുസമൂഹത്തിലുമുണ്ടാക്കുന്ന ചലനങ്ങൾ സൃഷ്ടിക്കുന്ന നഷ്ടങ്ങൾ നേതൃത്വം ഭയക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നടപടി സംബന്ധിച്ച് പെട്ടെന്ന് ഒരു തീരുമാനമുണ്ടാവാനിടയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.