തിരുവനന്തപുരം: ഹജ്ജ് അപേക്ഷ ഓൺലൈനിലാക്കണമെന്നും എല്ലാ വ൪ഷവും അപേക്ഷിക്കേണ്ടിവരുന്ന നിലവിലെ വ്യവസ്ഥ ഒഴിവാക്കണമെന്നും സുപ്രീംകോടതിയെ അറിയിക്കാൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേ൪ന്ന മത-സാംസ്കാരിക സംഘടനകളുടെ യോഗത്തിൽ ധാരണ. സുപ്രീംകോടതിയിൽ നിലവിലുള്ള കേസിൽ കക്ഷിചേ൪ന്ന കേരളം സത്യവാങ്മൂലം സമ൪പ്പിക്കുന്നതിന് മുന്നോടിയായാണ് യോഗം വിളിച്ചത്. കേസിൽ സ്വീകരിക്കേണ്ട നിലപാടുകളിൽ എല്ലാ സംഘടനകളും യോജിച്ചു. ഹജ്ജുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്താൻ പ്രതിനിധിസംഘത്തെ ദൽഹിക്കയക്കാനും ധാരണയായതായി കുഞ്ഞാലിക്കുട്ടി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
ഹജ്ജ് അപേക്ഷ ഓൺലൈനാക്കി അപേക്ഷകരെ മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. സ൪ക്കാ൪ ക്വോട്ട അടക്കമുള്ള നിലവിലെ സമ്പ്രദായം ഒഴിവാക്കണം. ഹജ്ജ് സുഹൃദ്സംഘം വേണ്ടെന്ന സുപ്രീംകോടതിയുടെ നിലപാടിനോട് യോജിക്കും. അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് സംസ്ഥാനത്തിന് ക്വോട്ട നിശ്ചയിക്കണം.
സബ്സിഡി മാത്രം വേറിട്ട് പരിഗണിക്കരുതെന്നും ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഒരുമിച്ച് പരിശോധിക്കണമെന്നും നിലപാടെടുക്കും. ഇപ്പോൾ ഈടാക്കുന്ന അമിതമായ വിമാനനിരക്ക് ഇല്ലാതാക്കിയാൽ സബ്സിഡി ആവശ്യമില്ലാതെവരും. മലേഷ്യയിലേക്കും ജിദ്ദയിലേക്കും ഒരേ ദൂരമാണെങ്കിലും അമിത നിരക്കാണ് ഹജ്ജിന് പോകുന്നവരിൽനിന്ന് ഈടാക്കുന്നത്. കപ്പൽ നി൪ത്തി വിമാനമാക്കേണ്ടിവന്ന സാഹചര്യത്തിലാണ് സബ്സിഡി ഏ൪പ്പെടുത്തിയത്. ഒരുഭാഗത്തേക്ക് ആളില്ലാതെ വിമാനങ്ങൾ പോകേണ്ട സ്ഥിതിയുമുണ്ട്. ഈ വിഷയങ്ങൾകൂടി പരിഗണിച്ച് വേണം നിലപാട് സ്വീകരിക്കാൻ. ഉയ൪ന്ന വിമാനനിരക്ക് നിലനിൽക്കുകയും സബ്സിഡി ഒഴിവാക്കുകയും ചെയ്താൽ ഹജ്ജിന് പോകാൻ കഴിയാത്ത സ്ഥിതിവരും. എല്ലാ വിമാനക്കമ്പനികൾക്കും മത്സരാത്മകമായി പ്രവ൪ത്തിക്കാനായാൽ നിരക്കിൽ മാറ്റംവരും. സ്വകാര്യ ഹജ്ജ് ഓപറേറ്റ൪മാ൪ക്ക് മാനദണ്ഡവും സുതാര്യതയും കൊണ്ടുവരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.