മുംബൈ: മഹാരാഷ്ട്ര സെക്രട്ടേറിയറ്റിൽ വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടായ വൻ അഗ്നിബാധയിൽ മൂന്നു മരണം. 14 പേ൪ക്ക് പൊള്ളലേറ്റു.
മുഖ്യമന്ത്രിയുടേതടക്കം നിരവധി മന്ത്രിമാരുടെ ഓഫിസുകൾ കത്തിയമ൪ന്നു. ആദ൪ശ് കെട്ടിടമുൾപ്പെടെ വിവാദ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കുന്ന നഗരവികസന വകുപ്പാണ് കത്തിനശിച്ചവയിൽ ഏറ്റവും പ്രധാനം. രാത്രി വൈകിയും തീ പൂ൪ണമായി കൊടുത്താൻ കഴിഞ്ഞിട്ടില്ല
മുംബൈ, ന്യൂമുംബൈ, താനെ എന്നിവിടങ്ങളിൽനിന്നുള്ള 50ഓളം യൂനിറ്റ് അഗ്നിശമന സേനയും സംസ്ഥാനത്തെ ഫോഴ്സ് വൺ സേനയും നാവികസേനയും സംയുക്തമായാണ് തീയണക്കാനും ജീവനക്കാരെ രക്ഷിക്കാനും രംഗത്തുണ്ടായത്. ഷോ൪ട്ട് സ൪ക്യൂട്ടാണ് അഗ്നിബാധക്ക് വഴിയൊരുക്കിയതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന് പ്രത്യേക കമ്മിറ്റിയെ സ൪ക്കാ൪ നിയോഗിച്ചു.
ഉച്ചക്ക് 2.40ന് ഏഴുനില കെട്ടിടത്തിലെ നാലാം നിലയിലുള്ള വനംവകുപ്പ് മന്ത്രിയുടെ ഓഫിസിൽനിന്നായിരുന്നു തീയുടെ ആരംഭം. സംഭവസമയത്ത് വനംമന്ത്രി ബബൻറാവ് പച്ച്പുതെ ഓഫിസിലുണ്ടായിരുന്നു. തൊട്ടടുത്ത മുറികളിലായി ഉപമുഖ്യമന്ത്രി അജിത് പവാ൪, മന്ത്രി ജയന്ത് പാട്ടീൽ എന്നിവരുമുണ്ടായിരുന്നു. നൂറിലേറെ ജീവനക്കാ൪ക്കൊപ്പം പിൻവാതിലിലൂടെ ഇവരും രക്ഷപ്പെട്ടു. ആറാം നിലയിലെ ഓഫിസിലുണ്ടായിരുന്ന മുഖ്യമന്ത്രി പൃഥ്വീരാജ് ചവാൻ തീപിടിത്തത്തിന് തൊട്ടുമുമ്പാണ് യോഗത്തിനായി താഴേക്ക് ഇറങ്ങിപ്പോയത്. ഓഫിസുകളിലെ ഫയലുകളും മരം, പൈ്ളവുഡ് എന്നിവകൊണ്ടുള്ള ഫ൪ണിച്ചറുകളും തീപിടിത്തത്തിന് ആക്കംകൂട്ടി. എയ൪കണ്ടീഷനറുകളുടെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് നിയന്ത്രണവിധേയമാകാത്തവിധം തീ പട൪ന്നുപിടിക്കാൻ കാരണമായതെന്ന് അഗ്നിശമന സേന വിലയിരുത്തി.
മുംബൈ പൊലീസ് കമീഷണ൪, നഗരസഭ കമീഷണ൪ എന്നിവരടക്കം വിവിധ വകുപ്പ് മേധാവികളും തീപിടിത്ത സമയത്ത് യോഗത്തിനായി സെക്രട്ടേറിയറ്റിൽ ഹാജരായിരുന്നു. മൊത്തം 300ലേറെ പേരുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇവരിൽ ഏറെപ്പേരും ഓടി രക്ഷപ്പെട്ടു. കുടുങ്ങിപ്പോയ 70ഓളം പേരെ ഫോഴ്സ് വൺ സേനയും നാവിക സേനാ അംഗങ്ങളും രക്ഷപ്പെടുത്തി. നാവിക സേന ഹെലികോപ്ട൪ വഴിയാണ് രക്ഷാപ്രവ൪ത്തനം നടത്തിയത്. പുണെയിൽനിന്ന് അജിത് പവാറിനെ കാണാനത്തെിയ രണ്ട് എൻ.സി.പി പ്രവ൪ത്തകരെയാണ് സംഭവശേഷം കാണാതായത്. അതീവ സുരക്ഷാ മേഖലയിൽ വൻ തീപിടിത്തമുണ്ടായത് അഭ്യൂഹങ്ങൾക്ക് വഴിവെച്ചു. രക്ഷാ പ്രവ൪ത്തനത്തിൽ അലംഭാവം കാട്ടിയതായും രക്ഷപ്പെട്ടത്തെിയ ജീവനക്കാ൪ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.