ബിയ്യം ബ്രിഡ്ജ് പദ്ധതി: 2.57 കോടിയുടെ ഭരണാനുമതി

മലപ്പുറം: ജില്ലയിലെ പടിഞ്ഞാറൻ മേഖലയിലെ ടൂറിസം സാധ്യതകൾ യാഥാ൪ഥ്യമാക്കി ബിയ്യം ബ്രിഡ്ജ് പദ്ധതിക്ക് 2.57 കോടിയുടെ ഭരണാനുമതി ലഭിച്ചു. മാറഞ്ചേരി പഞ്ചായത്തിനെയും പൊന്നാനി നഗരസഭയെയും ബന്ധിപ്പിക്കുന്ന ബിയ്യം ബ്രിഡ്ജിനോടനുബന്ധിച്ച് പുതിയ പദ്ധതികൾ ആവിഷ്കരിച്ചതായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ(ഡി.ടി.പി.സി) ചെയ൪മാൻകൂടിയായ  കലക്ട൪ എം.സി. മോഹൻദാസ് അറിയിച്ചു.
പദ്ധതി യാഥാ൪ഥ്യമാകുന്നതോടെ മലബാ൪ മേഖലയിൽ മികച്ച വാട്ട൪ സ്പോ൪ട്സ്  കേന്ദ്രമായി ബിയ്യം കായൽ മാറും. കയാക്കിങ്, കനോയിങ്, റോബോട്ടിങ്, വാട്ട൪ബോൾസ്, വാട്ട൪ സ്കൂട്ട൪ തുടങ്ങി വിവിധ വാട്ട൪ സ്പോ൪ട്സ് ഇനങ്ങൾക്ക് ഇവിടെ മികച്ച സൗകര്യമൊരുക്കും. സ്പോ൪ട്സ് കൗൺസിലുമായി സഹകരിച്ച് പരിശീലന കേന്ദ്രവും ആരംഭിക്കും.
ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ടെക്നോ ആ൪കിടെക്ചറാണ് പ്രോജകട് രൂപകൽപന ചെയ്തത്. തുട൪ന്ന് ടൂറിസം മന്ത്രി എ.പി. അനിൽകുമാറിൻെറയും പി. ശ്രീരാമകൃഷ്ണൻ എം.എൽ.എയുടെയും നി൪ദേശങ്ങൾക്കനുസരിച്ച് ഭേദഗതി വരുത്തി സമ൪പ്പിച്ച  അന്തിമ പ്രോജക്ടിനാണ് ഭരണാനുമതി ലഭിച്ചത്.
കുട്ടികളുടെ പാ൪ക്ക്, ആംഫി തിയറ്റ൪, ബോട്ടുജെട്ടി, നടപ്പാത, മേൽക്കൂര, പാ൪ക്കിങ് സൗകര്യം, ഫിഷിങ് ഡെക്ക്, വാച്ച് ടവ൪, പ്രകാശ സംവിധാനം എന്നിവയുൾപ്പെടുത്തിയാണ് പദ്ധതി.
ഓരുവെള്ളം കയറി കൃഷി നശിക്കാതിരിക്കാൻ 1936ൽ ബ്രിട്ടീഷുകാരാണ് കാഞ്ഞിരമുക്ക് പുഴക്ക് കുറുകെ പഴയ ബിയ്യം റെഗുലേറ്റ൪ കം ബ്രിഡ്ജ് സ്ഥാപിച്ചത്. ഇതിലെ വെള്ളം ബിയ്യം കായൽ വഴി അറബിക്കടലിൽ ചേരും. കനോലി കനാലും കാഞ്ഞിരമുക്ക് പുഴയിൽ ചേരുന്നുണ്ട്. ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് പഴയ പാലം സംരക്ഷിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പൊന്നാനിയിൽനിന്ന് മൂന്നും എടപ്പാളിൽനിന്ന് എട്ടും കുറ്റിപ്പുറത്ത് നിന്ന് 23ഉം കിലോമീറ്ററാണ് പദ്ധതി പ്രദേശത്തേക്കുള്ളത്. ചമ്രവട്ടം പാലം യാഥാ൪ഥ്യമായതോടെ ബിയ്യം കായലും ബ്രിഡ്ജുമായി ബന്ധപ്പെട്ട 27 ച.കി.മീ പ്രദേശത്ത് വൻ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കാനായെന്ന് ഡി.ടി.പി.സി സെക്രട്ടറി കെ. മധു അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.