അടൂ൪:വൻതോതിൽ അടിഞ്ഞുകൂടുന്ന മാലിന്യം പള്ളിക്കലാറിന് (വലിയതോട്) ശാപമാകുന്നു. മാലിന്യം കുമിഞ്ഞുകൂടുമ്പോഴും ശുചീകരണത്തിന് അധികൃത൪ തയാറാകാത്തത് നദിയുടെ അകാലമൃത്യുവിന് കാരണമായേക്കും. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ നെടുമണിൽ കൊല്ലശേരികുന്നിൽ ഉദ്ഭവിച്ച് കൊല്ലം ജില്ലയിലെ തൊടിയൂ൪ ഗ്രാമപഞ്ചായത്തിൽ കരുനാഗപ്പള്ളിക്കടുത്ത് കോഴിക്കോട് കായലിൽ ചേരുന്ന പള്ളിക്കലാറിൻെറ നീളം 42 കിലോമീറ്ററാണ്.
നദിയിലെ മത്സ്യസമ്പത്ത് പൂ൪ണമായും നശിച്ച അവസ്ഥയിലാണ്.ആറിൻെറ ഇരുവശങ്ങളും സ്വകാര്യവ്യക്തികൾ കൈയേറിക്കഴിഞ്ഞു. അറവുശാല, മത്സ്യച്ചന്ത, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അവശിഷ്ടങ്ങൾ തള്ളുന്നത് പള്ളിക്കലാറിലേക്കാണ്. പറക്കോട് അറുകാലിക്കൽ ക്ഷേത്രത്തിന് കിഴക്ക്, ഏഴംകുളം-ഏനാത്ത് മിനിഹൈവേയിലെ പാലം മുതൽ ശക്തി തിയറ്ററിനു സമീപം വരെയും ആറിൻെറ വീതി കുറഞ്ഞു.വാഹനങ്ങളിറക്കി കഴുകുന്നതും സ്വകാര്യ ആശുപത്രികളിലെ മാലിന്യം തള്ളുന്നതും നദിയിലാണ്. പറക്കോട് ശക്തി തിയറ്ററിനു സമീപം ഇരുവശവും സംരക്ഷണഭിത്തി കെട്ടിയത് സ്വകാര്യ വ്യക്തികൾക്ക് കൈയേറ്റം നടത്താൻ സഹായകമായി.
തിയറ്ററിന്റെകിഴക്കേ മതിലിനോടു ചേ൪ന്ന് പരമ്പരാഗതമായുണ്ടായിരുന്ന കൈത്തോട് മണ്ണിട്ടുനികത്തി. നഗരമധ്യത്തിലൂടെ ഒഴുകുന്ന തോട് മാലിന്യമടിഞ്ഞ് ദു൪ഗന്ധം വമിക്കുകയാണ്. കെ.എസ്.ആ൪.ടി.സി കവല, സെൻട്രൽ കവല, കണ്ണങ്കോട്, മൂന്നാളം എന്നിവിടങ്ങളിലാണ് മാലിന്യ നിക്ഷേപം കൂടുതൽ.
ക്വോളിഫോം ബാക്ടീരിയയുടെ അതിപ്രസരം കണ്ടെത്തിയതിനെ തുട൪ന്ന് ചെറുകിട ജലസേചന വകുപ്പ് മൂന്നാളം മുതൽ 125 മീറ്റ൪ ഭാഗം ശുചീകരിക്കുന്നതിനായി എട്ടു ലക്ഷം രൂപ അനുവദിച്ചിട്ട് മൂന്ന് വ൪ഷത്തിലേറെയായി.
കോട്ടമുകൾ മുതൽ മൂന്നാളം വരെയുള്ള തോടിൻെറ പുനരുദ്ധാരണത്തിന് 2009 ഡിസംബറിൽ 24 ലക്ഷം രൂപ കൂടി അനുവദിച്ചതായി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ അടൂ൪ എം.എൽ.എ ആയിരിക്കുമ്പോൾ അറിയിച്ചിരുന്നു. തോടിൻെറ വശങ്ങളിലെ കാടു തെളിക്കുന്നതിനും ശുചീകരണത്തിനും സംരക്ഷണഭിത്തി കെട്ടുന്നതിനുമാണ് തുക അനുവദിച്ചത്. എന്നാൽ ഒന്നും പ്രാവ൪ത്തികമായില്ലെന്നുമാത്രം. മുൻ മന്ത്രി ബാബു ദിവാകരനാണ് വലിയതോട് ശുചീകരണ പദ്ധതി ആദ്യം പ്രഖ്യാപിച്ചത്. സെൻട്രൽ മത്സ്യച്ചന്തയിൽ നിന്നുള്ള മാലിന്യങ്ങളെല്ലാം തോട്ടിലേക്ക്നേരിട്ടു തള്ളുകയാണ്. പള്ളിക്കലാറിൽ നെല്ലിമുകൾ പമ്പ് ഹൗസിൽ നിന്നാണ് ജല അതോറിറ്റി കുടിവെള്ള വിതരണം നടത്തുന്നത്. ഇവിടെയും മാലിന്യം അടിഞ്ഞുകൂടിയ നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.