പത്തനംതിട്ട: സംസ്ഥാനത്ത് പുതിയ കാ൪ഷിക നയം രൂപവത്കരിക്കാൻ നടപടി ആരംഭിച്ചതായി സംസ്ഥാന കൃഷി മന്ത്രി കെ.പി. മോഹനൻ. കൃഷി, മൃഗസംരക്ഷണ വകുപ്പുകളുടെ പ്രവ൪ത്തനം കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് കലക്ടറേറ്റിൽ ചേ൪ന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാ൪ഷിക നയരൂപവത്കരണ ഭാഗമായി കെ. കൃഷ്ണൻകുട്ടി ചെയ൪മാനായ സമിതി എല്ലാ ജില്ലയിലും സിറ്റിങ് നടത്തും. ഒക്ടോബ൪ 30ന് പത്തനംതിട്ട ജില്ലയിലെ സിറ്റിങ് നടക്കും.
ക൪ഷക൪ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിന് ക൪ഷകക്ഷേമ ബോ൪ഡും ട്രൈബ്യൂണലും രൂപവത്കരിക്കണമെന്നാണ് സ൪ക്കാ൪ നിലപാട്. ജില്ലയിലേതുൾപ്പെടെ സംസ്ഥാനത്തെ കൃഷിഫാമുകൾ മികച്ചതാക്കാൻ നടപടി സ്വീകരിക്കും. ഫാമുകളുടെ പ്രവ൪ത്തനം നാടിനും ക൪ഷക൪ക്കും ഉപയുക്തമാക്കും.
ഹൈടെക് ഫാം തുടങ്ങുന്നതിന് ആവശ്യമായ മുതൽമുടക്കിൻെറ 75 ശതമാനം സ൪ക്കാ൪ സബ്സിഡി നൽകും. നാല് ലക്ഷം രൂപയാണ് ഹൈടെക് ഫാമിനുവേണ്ടിവരുന്ന മുതൽമുടക്ക്.
ക൪ഷകരും പഞ്ചായത്തും സഹകരിച്ചോ പഞ്ചായത്ത് നേരിട്ടോ വ്യക്തികൾക്കോ ഹൈടെക് ഫാം തുടങ്ങാം. എം.എൽ.എമാ൪ക്ക് മണ്ഡലത്തിൽ ഒരു ഹൈടെക് ഫാം നി൪ദേശിക്കാം. എം.എൽ.എമാ൪ നി൪ദേശിക്കുന്ന പദ്ധതിക്ക് നൂറുശതമാനം ഫണ്ടും സ൪ക്കാ൪ വഹിക്കും. ഇത്തരത്തിൽ സംസ്ഥാനത്ത് 140 ഹൈടെക് ഫാമുകൾ പൂ൪ണമായ സ൪ക്കാ൪ സഹായത്തോടെ നിലവിൽ വരും.
കുട്ടനാട് പാക്കേജിൻെറ ഭാഗമായ പദ്ധതികൾ അതേനിലയിൽ നടപ്പാക്കണം. മടവീഴ്ച ഇല്ലാതാക്കുന്നതിന് പുതിയ ബണ്ട് നി൪മാണം നടത്തും. മടവീഴ്ചയിൽ നാശനഷ്ടം സംഭവിച്ചാൽ സഹായം നൽകും. 25 വിളകൾക്ക് ഇൻഷുറൻസ് ഏ൪പ്പെടുത്തിയിട്ടുണ്ട്. എല്ലാ ക൪ഷക൪ക്കും ഇതിൽ അംഗങ്ങളാകാം. നെല്ല്, വാഴ, ഇഞ്ചി, മഞ്ഞൾ എന്നിവക്ക് നാഷനൽ ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ പദ്ധതിയുണ്ട്.
നെൽകൃഷി നാശം സംഭവിച്ചാൽ നൽകുന്ന നഷ്ടപരിഹാരം ഹെക്ടറിന് 4000 രൂപയിൽ നിന്ന് 10,000 രൂപയാക്കിയിട്ടുണ്ട്. തെങ്ങിനുള്ള നഷ്ടപരിഹാരം 300 രൂപയെന്നത് 1000 രൂപയാക്കി. സമഗ്രപച്ചക്കറി കൃഷി പദ്ധതി കൃഷിവകുപ്പ് നടപ്പാക്കി വരികയാണ്. 3200 ഏക്ക൪ സ്ഥലത്ത് ഇടുക്കിയിൽ പച്ചക്കറി കൃഷി തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ആവശ്യമുള്ള പച്ചക്കറിയുടെ 60 ശതമാനം ഇടുക്കി, പാലക്കാട് ജില്ലകളിൽ നിന്നും ഉൽപ്പാദിപ്പിക്കാൻ കഴിയും. ആവശ്യം കണക്കിലെടുത്ത് പഞ്ചായത്തുകൾ പദ്ധതികൾ തയാറാക്കണം.
തരിശുനിലം കൃഷിയോഗ്യമാക്കുന്നതിന് എല്ലാ പഞ്ചായത്തുകളും ഉടൻ പദ്ധതി തയാറാക്കണം. ഇതിന് പണം തടസ്സമാകില്ല.
പഞ്ചായത്തുകൾ കൃഷിക്ക് പ്ളാൻ ഫണ്ട് നീക്കിവെക്കുന്നത് സംബന്ധിച്ച് നിബന്ധനയില്ല. 40 ശതമാനം പശ്ചാത്തലമേഖലക്കും ബാക്കി എത്രവേണമെങ്കിലും കൃഷിക്കായി മാറ്റിവെക്കാം.
എറണാകുളം ജില്ലാ പഞ്ചായത്ത് 50 ശതമാനം കൃഷിക്കായി മാറ്റിവെച്ചിട്ടുണ്ട്. മികച്ച പശുക്കളെ ഉൽപ്പാദിപ്പിക്കാൻ സംസ്ഥാനത്ത് നടപടി തുടങ്ങിയിട്ടുണ്ട്.
കിടാരികളെ വള൪ത്തി വലുതാക്കി പാൽ ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതികൾ തയാറാക്കി നൽകുന്ന തദ്ദേശഭരണ സ്ഥാപന പ്രതിനിധികൾ ഇതുമായി ബന്ധപ്പെട്ട നടപടി വീക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ എ.ഡി.എം എച്ച്. സലിംരാജ്, കൃഷി ഡയറക്ട൪ ആ൪. അജിത് കുമാ൪, മൃഗസംരക്ഷണ വകുപ്പ് ഡയറക്ട൪ ഡോ.സുമ, കൃഷി ഡെപ്യൂട്ടി ഡയറക്ട൪ കെ. അനിൽ കുമാ൪, പ്രിൻസിപ്പൽ കൃഷി ഓഫിസ൪ പി.കെ. ചന്ദ്രൻ,ജനപ്രതിനിധികൾ തുടങ്ങിയവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.