ടി.പി വധം: സി.പി.എം നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സി.പി.എം സംസ്ഥാന-ജില്ലാ നേതാക്കളടക്കം 76 പ്രതികൾക്കെതിരെ പ്രത്യേക അന്വേഷണ സംഘം വടകര ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമ൪പ്പിച്ചു. സാക്ഷിമൊഴികളും തെളിവുകളുടെ വിശദാംശങ്ങളുമടക്കം ആയിരത്തോളം പേജുകളിൽ മലയാളത്തിൽ ഡി.ടി.പി ചെയ്ത് തയാറാക്കിയ കുറ്റപത്രത്തിൻെറ 80 കോപ്പികളാണ് കോടതിയിൽ ഹാജരാക്കിയത്. 76 പ്രതികൾക്കും കോടതി മുഖേന കുറ്റപത്രം നൽകും. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, പ്രതികളെ സഹായിക്കൽ, കുറ്റകൃത്യത്തിനുശേഷം കൊലയാളികളെ ഒളിപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ ഇവ൪ക്കെതിരെ തരംതിരിച്ച് ചുമത്തിയിട്ടുണ്ട്.
കൊലയാളി സംഘത്തിലെ എം.സി. അനൂപ് (30), കി൪മാനി മനോജ് (32), കൊടി സുനി (28), ടി.കെ.രജീഷ് (33), കെ.കെ. മുഹമ്മദ് ഷാഫി (26), സിജിത് എന്ന അണ്ണൻ (23), കെ.ഷിനോജ് (28) എന്നിവരാണ് യഥാക്രമം ഒന്നു മുതൽ ഏഴുവരെ  പ്രതികൾ. ഇന്ത്യൻ ശിക്ഷാ നിയമം 143ാം വകുപ്പു പ്രകാരം നിയമവിരുദ്ധമായി സംഘം ചേരുക, 147-കലാപം ഉണ്ടാക്കുക, 148-മാരകായുധങ്ങളുമായി സംഘടിക്കുക, 302-വധശിക്ഷ ലഭിക്കാവുന്ന കൊലക്കുറ്റം, 120 (b) r/w 149 -ലഹള ഉണ്ടാക്കാൻ ക്രിമിനൽ ഗൂഢാലോചന നടത്തുക, 201-കുറ്റവാളികളെ രക്ഷിക്കാനായി തെളിവു നശിപ്പിക്കുക, 465-വ്യാജരേഖ ചമക്കൽ, 471-ഒറിജിനലാണെന്ന രീതിയിൽ വ്യാജരേഖ ചമച്ച് ഉപയോഗിക്കുക, 34-ഒരേ ലക്ഷ്യം വെച്ച് പ്രവ൪ത്തിക്കുക എന്നീ കുറ്റങ്ങളും സ്ഫോടക വസ്തു നിരോധ നിയമപ്രകാരമുള്ള വകുപ്പും ഇവ൪ക്കെതിരെ ചുമത്തി.
സി.പി.എം കുന്നുമ്മക്കര ലോക്കൽ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രനാണ് (52) എട്ടാംപ്രതി. ഇയാൾക്കെതിരെ ഐ.പി.സി 118-ജീവപര്യന്തമോ വധശിക്ഷയോ കിട്ടാവുന്ന കുറ്റകൃത്യം ഒളിപ്പിച്ചുവെക്കുക, 109 r/w 302- കൊലക്ക് പ്രേരിപ്പിക്കുക, 120 (b) ക്രിമിനൽ ഗൂഢാലോചന, 201-തെളിവു നശിപ്പിച്ച് കുറ്റവാളികളെ രക്ഷിക്കുക, 34-ഒരേ ലക്ഷ്യം വെച്ച് പ്രവ൪ത്തിക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
സി.പി.എം ഒഞ്ചിയം ഏരിയ സെക്രട്ടറി സി.എച്ച്.അശോകൻ (60), ഒഞ്ചിയം ഏരിയ കമ്മിറ്റിയംഗം കെ.കെ. കൃഷ്ണൻ (66), കുന്നോത്തുപറമ്പ് മുൻ ബ്രാഞ്ച് സെക്രട്ടറി വടക്കെയിൽ മനോജൻ എന്ന ട്രൗസ൪ മനോജ് (47), കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റിയംഗം പി.ജ്യോതിബാബു (51), പാനൂ൪ ഏരിയ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തൻ (62), കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മോഹനൻ മാസ്റ്റ൪ (58) എന്നിവരാണ് ഒമ്പതു മുതൽ 14 വരെ പ്രതികൾ. ഇവ൪ക്കെതിരെ ഐ.പി.സി 118-ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യം ഒളിപ്പിക്കുക, 120 (b) -ക്രിമിനൽ ഗൂഢാലോചന, 109 r/w/ 302 -കൊലപാതകത്തിന് പ്രേരിപ്പിക്കൽ, 34-ഒരേ ലക്ഷ്യംവെച്ച്  പ്രവ൪ത്തിക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
15ാം പ്രതി പി.അജേഷ് എന്ന കജൂ൪ (28), 24ാം പ്രതി ടി.എം. രാഹുൽ (28) എന്നിവ൪ക്കെതിരെ 118-ജീവപര്യന്തമോ  വധശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യം ഒളിപ്പിക്കൽ, 109 r/w 304-ബോധപൂ൪വമല്ലാതെ നരഹത്യക്ക് പ്രേരിപ്പിക്കൽ,  34-ഒരേ ലക്ഷ്യംവെച്ച് പ്രവ൪ത്തിക്കൽ എന്നീ വകുപ്പുകളും, 16ാം പ്രതി പി.സി. ഷിബു (30), 17ാം പ്രതി കെ.ശ്രീജിത്ത് (29) എന്നിവ൪ക്കെതിരെ 109 r/w 302 -കൊലക്ക് പ്രേരിപ്പിക്കൽ, 118-വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ഒളിപ്പിക്കൽ, 34-ഒരേ ലക്ഷ്യംവെച്ച് പ്രവ൪ത്തിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
18ാം പ്രതി പി.വി. റഫീഖ് എന്ന വാഴപ്പടച്ചി റഫീഖിനെതിരെ (36), 118 -വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ഒളിപ്പിക്കൽ, 120-b ക്രിമിനൽ ഗൂഢാലോചന, 109 r/w 302-കൊലക്ക് പ്രേരിപ്പിക്കൽ, 465 വ്യാജരേഖ ചമക്കൽ, 471-ഒറിജിനലെന്ന രീതിയിൽ വ്യാജരേഖ ചമച്ച് ഉപയോഗിക്കുക, 34-ഒരേ ലക്ഷ്യം വെച്ച് പ്രവ൪ത്തിക്കുക എന്നീ കുറ്റങ്ങൾ ചുമത്തി. 19ാം പ്രതി സി.കെ.അശ്വന്ത് എന്ന അച്ചുവിനെതിരെ (20), 118-വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ഒളിപ്പിക്കൽ, 109 r/w 302 -കൊലക്ക് പ്രേരിപ്പിക്കൽ, 465-വ്യാജരേഖ ചമക്കൽ, 471-ഒറിജിനലെന്ന രീതിയിൽ വ്യാജരേഖ ചമച്ച് ഉപയോഗിക്കൽ, -34 ഒരേ ലക്ഷ്യംവെച്ച് പ്രവ൪ത്തിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി.
20, 21, 22, 23, 25, 27, 28, 29, 30ാം പ്രതികളായ കെ.പി. ദിൽഷാദ് (27), പി.കെ. മുഹമ്മദ് ഫസലു എന്ന ഫസലു (28), എം.പി. സനൂപ് (25), ഇ.എം. ഷാജി (42), സി.കെ. രജീകാന്ത് എന്ന കൂരാപ്പൻ (30), സി. രജിത്ത് (23), പി.എം. രമീഷ് എന്ന കുട്ടു (21), കെ.പി. ദിപിൻ എന്ന കുട്ടൻ (26), സി.പി.എം ഓ൪ക്കാട്ടേരി ലോക്കൽ കമ്മിറ്റിയംഗം പടയംകണ്ടി രവീന്ദ്രൻ (47) എന്നിവ൪ക്കെതിരെ 118-വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ഒളിപ്പിക്കൽ, 109 r/w 302 -കൊലക്ക് പ്രേരിപ്പിക്കൽ, 34-ഒരേ ലക്ഷ്യംവെച്ച് പ്രവ൪ത്തിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. 26ാം പ്രതിയും സി.പി.എം കണ്ണൂ൪ ജില്ലാ സെക്രട്ടേറിയറ്റംഗവുമായ കാരായി രാജനെതിരെ 118 -വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ഒളിപ്പിക്കൽ, 201-കുറ്റവാളികളെ രക്ഷിക്കാൻ തെളിവു നശിപ്പിക്കൽ, 34 -ഒരേ ലക്ഷ്യംവെച്ച് പ്രവ൪ത്തിക്കൽ എന്നീ കുറ്റങ്ങളും, 31, 32, 34, 35, 36, 38ാം പ്രതികളായ എം.കെ.പ്രദീപൻ എന്ന ലംബു പ്രദീപൻ (31), സി.എം. സുനിതൻ എന്ന സുനി (35), സുരേഷ് എന്ന ബാബുട്ടി (34), ഷോഭി എന്ന തോമസ് (31), ജിജേഷ് കുമാ൪ (28), എൻ.റോഷിത് (30) എന്നിവ൪ക്കെതിരെ 201-തെളിവ് നശിപ്പിച്ച് കുറ്റവാളികളെ സഹായിക്കുക, 34-ഒരേ ലക്ഷ്യംവെച്ച് പ്രവ൪ത്തിക്കുക എന്നീ വകുപ്പുകൾ ചുമത്തി. 33ാം പ്രതി ഷനോജ് എന്ന കേളനെതിരെ (32) 118-വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ഒളിപ്പിക്കൽ, 212 -കുറ്റവാളികളെ ഒളിപ്പിക്കൽ, 34-ഒരേ ലക്ഷ്യംവെച്ച് പ്രവ൪ത്തിക്കുക എന്ന കുറ്റങ്ങളും 37ാം പ്രതി എൻ.എം. ഷാജുവിനെതിരെ (37), 201-തെളിവു നശിപ്പിച്ച് കുറ്റവാളികളെ സഹായിക്കുക, 212-കുറ്റവാളികളെ ഒളിപ്പിക്കുക, 34- ഒരേ ലക്ഷ്യംവെച്ച് പ്രവ൪ത്തിക്കുക എന്നീ കുറ്റങ്ങളും ചുമത്തി. 39 മുതൽ 76 വരെ പ്രതികൾക്കെതിരിൽ 212ാം വകുപ്പുപ്രകാരം കുറ്റവാളികളെ ഒളിപ്പിക്കുക എന്ന കുറ്റം മാത്രമേ ചുമത്തിയിട്ടുള്ളൂ. സി.പി.എം സംസ്ഥാന സമിതിയംഗം കെ.കെ. രാഗേഷ്  69ാം പ്രതിയാണ്.
ഈ കേസിൽ ഒന്നു മുതൽ 14 വരെ പ്രതികൾക്കൊപ്പം ചേ൪ന്ന് ടി.പി. ചന്ദ്രശേഖരനെ വധിക്കാൻ നടത്തിയ ഗൂഢാലോചനയിൽ കൂടുതൽ വ്യക്തികൾ പങ്കെടുത്തിട്ടുണ്ടോ എന്നതിനെക്കുറിച്ചും ഏറ്റവുമൊടുവിൽ അറസ്റ്റിലായ ഏഴാം പ്രതി കെ.ഷിനോജ്, 25ാം പ്രതി സി.കെ.രജീകാന്ത് എന്ന കൂരാപ്പൻ എന്നിവരെ ഒളിവിൽ പോകാൻ സഹായിച്ചവരെക്കുറിച്ചും തുട൪ന്നും അന്വേഷണം നടത്തി പൂ൪ത്തിയായാലുടൻ രണ്ടാംഘട്ട കുറ്റപത്രം സമ൪പ്പിക്കുന്നതാണെന്നും കുറ്റപത്രത്തിനൊപ്പം പൊലീസ്  നൽകിയ റിപ്പോ൪ട്ടിൽ പറയുന്നു.
കോഴിക്കോട് ക്രൈംബ്രാഞ്ച്ഡിവൈ.എസ്.പി കെ.വി. സന്തോഷ് ഒപ്പുവെച്ച കുറ്റപത്രം, അന്വേഷണ സംഘാംഗങ്ങളും ഡിവൈ.എസ്.പിമാരുമായ കെ.വി.സന്തോഷ്, ടി.പി.ഷൗക്കത്തലി, എം.ജെ. സോജൻ, കുറ്റ്യാടി സി.ഐ വി.വി.ബെന്നി എന്നിവ൪ ചേ൪ന്നാണ് കോടതിയിൽ സമ൪പ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.