എം.ടി.ഐയില്‍ രക്ഷിതാക്കളുടെ കാവലില്‍ പഠനം തുടങ്ങി

തൃശൂ൪: വിദ്യാ൪ഥി സമരത്താൽ അടച്ചിട്ട മഹാരാജ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രക്ഷിതാക്കളുടെ കാവലിൽ ക്ളാസ് തുടങ്ങി. വിദ്യാ൪ഥികളെയും കൂട്ടി കാമ്പസിലെത്തിയ രക്ഷിതാക്കൾ എം.ടി.ഐക്ക് കാവൽ നിന്നു. രക്ഷിതാക്കളുടെ സുരക്ഷാവലയത്തിൽ വിദ്യാ൪ഥികൾക്ക് പഠനം തുടരാനായി. തിങ്കളാഴ്ച ചേ൪ന്ന പി.ടി.എ എക്സിക്യൂട്ടീവ് യോഗത്തിൻെറയും ജനറൽ ബോഡി യോഗത്തിൻെറയും അടിസ്ഥാനത്തിൽ രക്ഷിതാക്കൾ ചൊവ്വാഴ്ച ക്ളാസുകൾ തുടങ്ങാൻ ആവശ്യപ്പെട്ടിരുന്നു.
കാമ്പസിൽ ജൂലൈ 25,26 തീയതികളിൽ സംഘടനാ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് വിദ്യാ൪ഥി സംഘട്ടനങ്ങൾ ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് വിദ്യാ൪ഥികളിൽ നിന്നും അഞ്ച് പരാതികൾ ലഭിച്ചു.
സ്ഥാപനത്തിലെ കമ്പ്യൂട്ട൪ വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ, പി.ടി.എ പ്രതിനിധികൾ ഉൾപ്പെടെ ഏഴംഗ അന്വേഷണ കമീഷൻ രൂപവത്കരിച്ചു. പരാതിക്കാരായ വിദ്യാ൪ഥികളിൽ നിന്നും ആരോപണ വിധേയരായ വിദ്യാ൪ഥികളിൽ നിന്നും ദൃക്സാക്ഷികളിൽ നിന്നും കമീഷൻ തെളിവുകളും മൊഴികളും സ്വീകരിച്ചു. ആഗസ്റ്റ് ഒന്നിന് റിപ്പോ൪ട്ട് സമ൪പ്പിച്ചു.
റിപ്പോ൪ട്ട് പ്രകാരം, അഞ്ചാം സെമസ്റ്റ൪ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ക്ളാസിലെ രണ്ട് വിദ്യാ൪ഥികൾ കുറ്റം ചെയ്തതായി കണ്ടെത്തി. ഇവ൪ നേരത്തെ വിദ്യാ൪ഥികളെ മ൪ദിച്ച പരാതിയിൽ കുറ്റകാരാണെന്ന് കണ്ടെത്തിയിരുന്നു. അവരും രക്ഷിതാക്കളും മാപ്പ് പറഞ്ഞ്, ഭാവിയിൽ പെരുമാറ്റ ദൂക്ഷ്യമുണ്ടായാൽ വിടുതൽ സ൪ട്ടിഫിക്കറ്റ് നൽകാവുന്നതാണെന്ന് എഴുതി നൽകിയിരുന്നു.
അതിനാൽ രണ്ട് വിദ്യാ൪ഥികളെയും പുറത്താക്കാനും കുറ്റ കൃത്യങ്ങളിൽ നേരിട്ട് പങ്കുണ്ടെന്ന് തെളിഞ്ഞ അഞ്ച് വിദ്യാ൪ഥികളെ അഞ്ച് പ്രവൃത്തി ദിവസങ്ങളിലേക്ക് സസ്പെൻഡ് ചെയ്യാനും ശിപാ൪ശ ചെയ്തു. അക്കാദമിക് കൗൺസിൽ കമീഷൻെറ റിപ്പോ൪ട്ട് അംഗീകരിച്ച് ശിക്ഷാനടപടികൾ നടപ്പാക്കാൻ പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തി.
പി.ടി.എ ഉന്നാതാധികാര സമിതി യോഗവും സപ്പോ൪ട്ടിങ് പി.ടി.എയും കമീഷൻ റിപ്പോ൪ട്ട് ശരിവെച്ചു. ശിക്ഷാവിധികൾ നടപ്പാക്കി ഉത്തരവായി.
നടപടികൾക്ക് വിധേയരായ വിദ്യാ൪ഥികൾ അനിശ്ചിതകാല സമരത്തിന് നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് അക്കാദമിക് കൗൺസിൽ ശിപാ൪ശ പ്രകാരം കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.