പാക് വ്യോമതാവളത്തില്‍ തീവ്രവാദി ആക്രമണം; 10 മരണം

ഇസ്ലാമാബാദ്: പാകിസ്താൻെറ ആണവായുധങ്ങൾ സൂക്ഷിച്ചിരിക്കുന്ന വ്യോമതാവളത്തിനു നേരെ തീവ്രവാദി ആക്രമണം. സൈനിക വേഷത്തിൽ റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ഒമ്പതംഗ സംഘം നടത്തിയ ആക്രമണത്തിൽ 10 പേ൪ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ ഒമ്പതു തീവ്രവാദികളും ഒരു സുരക്ഷാ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. പ്രത്യാക്രമണത്തിനു നേതൃത്വം നൽകിയ വ്യോമതാവള കമാൻഡ൪ മുഹമ്മദ് അഅ്സം ഉൾപ്പെടെ നിരവധി പേ൪ക്ക് പരിക്കേറ്റു.
ആക്രമണത്തെ തുട൪ന്ന് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്. എട്ടു മണിക്കൂ൪ പോരാട്ടത്തിനുശേഷമാണ് താവളം പൂ൪ണമായും സുരക്ഷാ സേനയുടെ കൈയിൽ വന്നത്. അതേസമയം, വ്യോമതാവളത്തിലെ വിമാനങ്ങളും മറ്റ് ആയുധങ്ങളും സുരക്ഷിതമാണെന്ന് സൈനിക കേന്ദ്രങ്ങൾ വ്യക്തമാക്കി.
ഇസ്ലാമാബാദിൽനിന്ന് 70 കിലോമീറ്റ൪ അകലെ പഞ്ചാബ് പ്രവിശ്യയിലെ കാംറ വ്യോമതാവളത്തിനു നേരെ വ്യാഴാഴ്ച പുല൪ച്ചെ രണ്ടു മണിയോടെയാണ് തീവ്രവാദി സംഘം ആക്രമണം തുടങ്ങിയത്. വ്യോമതാവളത്തിനുള്ളിൽ പ്രവേശിക്കുന്നതിൽ തീവ്രവാദി സംഘം വിജയിച്ചെങ്കിലും താവളത്തിലെ സുരക്ഷാ ഗാ൪ഡുകൾ ശക്തമായി തിരിച്ചടിച്ചതോടെ ഇവ൪ക്ക് വിമാനങ്ങൾ നി൪ത്തിയ മേഖലയിലേക്ക് ചെന്നെത്താൻ കഴിഞ്ഞില്ല. വ്യോമതാവളത്തിലെ ആദ്യ മൂന്നു ചെക് പോസ്റ്റുകൾ മറികടന്ന സംഘത്തെ നാലാമത്തെ ചെക് പോസ്റ്റിൽ സുരക്ഷാസേന തടയുകയായിരുന്നു.
ഇതേതുട൪ന്ന് ഗ്രനേഡുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ച് ഇവ൪ ആക്രമണം തുടങ്ങി. വ്യോമസേന ആവശ്യപ്പെട്ടതനുസരിച്ച് റാവൽപിണ്ടിയിൽനിന്ന് കുതിച്ചെത്തിയ കമാൻഡോകൾ മൂന്നു മണിക്കൂറിനുള്ളിൽ ആറു തീവ്രവാദികളെ വെടിവെച്ചു വീഴ്ത്തി. താവളത്തിൽനിന്ന് തീയും പുകയും ഉയരുന്നത് കാണാമായിരുന്നു. നിരോധിക്കപ്പെട്ട തീവ്രവാദി സംഘടനയായ തഹ്രീകെ താലിബാൻ പാകിസ്താൻ ആക്രമണത്തിൻെറ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണത്തിൽ പങ്കെടുത്തവരെല്ലാം പാക് സ്വദേശികളാണെന്ന് സംഘടനാ വക്താവ് ഇഹ്സാനുല്ല  ഇഹ്സാൻ അവകാശപ്പെട്ടു. കാംറ വ്യോമതാവളത്തിനു സമീപത്തെ ഗ്രാമത്തിലൂടെയാണ് തീവ്രവാദികൾ വന്നതെന്നാണ് കരുതുന്നത്. സുശക്തമായ സുരക്ഷാ സന്നാഹങ്ങളുള്ള വ്യോമതാവളത്തിന് ഉള്ളിൽനിന്നും തീവ്രവാദികൾക്ക് സഹായം ലഭിച്ചതായി സംശയിക്കുന്നുണ്ട്.
ഒരു വ൪ഷം മുമ്പ് കറാച്ചി വ്യോമ താവളത്തിനു നേരെ തീവ്രവാദികൾ ആക്രമണം നടത്തിയിരുന്നു. അന്ന് താവളത്തിൽ നി൪ത്തിയിട്ടിരുന്ന പോ൪ വിമാനങ്ങളിൽ ഒന്ന്  അവ൪ തക൪ത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.