അത്യന്താധുനിക സാങ്കേതികവിദ്യ മനുഷ്യസമൂഹത്തിന് സമ്മാനിച്ച വാ൪ത്താവിനിമയ, ആശയവിനിമയ സംവിധാനങ്ങളും മാധ്യമങ്ങളും ഒരേസമയം അപാരമായ അനുഗ്രഹവും വൻശാപവുമായി മാറുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ബുധനാഴ്ച മുതൽ ദക്ഷിണേന്ത്യയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പതിനായിരക്കണക്കിന് യുവാക്കളുടെ അവിചാരിതവും അമ്പരപ്പിക്കുന്നതുമായ ഒഴിച്ചുപോക്ക്. വിദ്യാ൪ഥികളും ഉദ്യോഗസ്ഥരും തൊഴിലാളികളുമടക്കം അസം, മണിപ്പൂ൪ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് മുതലായ ദക്ഷിണേന്ത്യൻ നഗരങ്ങളിൽ വന്നുതാമസിക്കുന്നവരോട് അസം കലാപത്തിന്റെ പേരിൽ പകരംചോദിക്കുമെന്ന അജ്ഞാത സന്ദേശവും തദ്വിഷയകമായ കിംവദന്തികളും സോഷ്യൽ മീഡിയയിലൂടെയും എസ്.എം.എസിലൂടെയും പ്രകാശവേഗത്തിൽ പ്രചരിച്ചതിനെ തുട൪ന്നാണ് ആയിരങ്ങൾ പ്രസ്തുത നഗരങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിലേക്ക് ഒഴുകിവന്ന് തമ്പടിച്ചിരിക്കുന്നത്. എല്ലാവ൪ക്കും വേണ്ടത് മണിക്കൂറുകൾക്കകം ഗുവാഹതിയിലേക്കുള്ള തീവണ്ടികളിൽ കയറിപ്പറ്റുകയാണ്. സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും പെട്ടെന്നേ൪പ്പെടുത്താൻ റെയിൽവേ അധികൃത൪ ശ്രമിക്കുന്നുണ്ടെങ്കിലും അനുനിമിഷം പെരുകുന്ന 'അഭയാ൪ഥികളെ' കയറ്റിവിടാൻ അതൊന്നും പര്യാപ്തമായിട്ടില്ല. അടിസ്ഥാനരഹിതമായ കിംവദന്തികളിൽ വിശ്വസിച്ച് സ്ഥലംവിടാൻ തത്രപ്പെടുന്നവരെ സമാധാനിപ്പിക്കാനും പിടിച്ചുനി൪ത്താനും സത്വരനടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി മൻമോഹൻസിങ് ബന്ധപ്പെട്ട സംസ്ഥാന സ൪ക്കാറുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജാഗ്രതയും സമാധാനവും പാലിക്കാൻ ജനങ്ങളോടും അദ്ദേഹം അഭ്യ൪ഥിച്ചിരിക്കുന്നു. സംസ്ഥാന മുഖ്യമന്ത്രിമാരും ആഭ്യന്തരമന്ത്രിമാരും മാത്രമല്ല രാഷ്ട്രീയ, സാമുദായിക നേതാക്കളും സംഘടനകളും റെയിൽവേ സ്റ്റേഷനുകളിലെത്തി പരിഭ്രാന്തരായ ജനക്കൂട്ടത്തിന് സുരക്ഷ നൽകി സമാശ്വസിപ്പിക്കാൻ മുന്നോട്ടുവന്നിട്ടുമുണ്ട്. പക്ഷേ, ഇത്തരം ഉറപ്പുകളിലൊന്നും വിശ്വാസമ൪പ്പിക്കാൻ പ്രാണനിൽ കൊതിയോടെ നാടുവിടാനുറച്ചവ൪ക്ക് കഴിയുന്നില്ലെന്നതാണ് ദുരവസ്ഥ.
കിംവദന്തികളും അവാസ്തവിക പ്രചാരണങ്ങളുമാണ് രാജ്യത്ത് ഇന്നേവരെ താണ്ഡവമാടിയ ആയിരക്കണക്കിൽ കലാപങ്ങളിൽ മിക്കതിന്റെയും രാസത്വരകമായി വ൪ത്തിച്ചതെന്ന് വിസ്മരിക്കരുത്. 2002ൽ ഗുജറാത്തിനെ വിറങ്ങലിപ്പിച്ച വ൪ഗീയാക്രമണങ്ങളുടെ വ്യാപനത്തിൽ പങ്കുവഹിച്ചത്, ഗോധ്ര തീവണ്ടി ദുരന്തത്തെ തുട൪ന്ന് അഹ്മദാബാദിലെ രണ്ട് പത്രങ്ങൾ മാത്സര്യപൂ൪വം നടത്തിയ കിംവദന്തി പ്രചാരണമായിരുന്നെന്ന് സ്ഥിരീകരിക്കപ്പെട്ടതാണ്. എന്നാൽ, ഇപ്പോഴത്തെ സംഭവങ്ങളിൽ പത്രങ്ങളോ ചാനലുകളോ സംയമനവും സൂക്ഷ്മതയും പാലിച്ചാലും പ്രയോജനമില്ലെന്നിടത്താണ് കാര്യത്തിന്റെ കിടപ്പ്. മൊബൈൽ ഫോണുകളിലൂടെയും ഇന്റ൪നെറ്റിലൂടെയും ഏതസംബന്ധവും നിമിഷങ്ങൾക്കകം ജനങ്ങളിലെത്തിക്കാൻ കഴിയും. സൈബ൪ കുറ്റകൃത്യങ്ങൾ തടയാനുള്ള സാങ്കേതിക സംവിധാനങ്ങൾക്കൊന്നും ഈ വിപത്ത് ഫലപ്രദമായി തടയാനാവുന്നില്ല. നിയമപാലക൪ക്ക് ജാഗ്രത പോരെന്നത് മാത്രമല്ല കാരണം. സ്വാതന്ത്രൃത്തിന്റെ അറുപത്താറാം വാ൪ഷികമാഘോഷിച്ച ഇന്ത്യാ റിപ്പബ്ലിക് 120 കോടിയോളം വരുന്ന നാനാജാതി മതസ്ഥരും വംശജരുമായ ജനതക്കിടയിൽ പരസ്പരവിശ്വാസവും സുരക്ഷാബോധവും വള൪ത്തിയെടുക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു എന്ന തിക്ത സത്യം നാം അംഗീകരിക്കുകതന്നെ വേണം. പരസ്പര വിശ്വാസം സൃഷ്ടിക്കാനുതകുന്ന പ്രവൃത്തികളും പരിപാടികളും രാഷ്ട്രീയ, മത, സാമുദായിക, സാംസ്കാരിക കൂട്ടായ്മകളുടെ അജണ്ടയിൽ ഉൾപ്പെടാതെയല്ല. കേന്ദ്ര സ൪ക്കാറുകളും ദേശീയോദ്ഗ്രഥന സമിതിയും ഇക്കാര്യത്തിൽ തീരെ ജാഗ്രത പുല൪ത്താതെയുമല്ല. പക്ഷേ, ദേശീയൈക്യവും ഉദ്ഗ്രഥനവും ഉന്നമാക്കിയുള്ള ക്രിയാത്മക പദ്ധതികളേക്കാളും പരിപാടികളേക്കാളും എത്രയോ ശക്തവും ഭയാനകവുമാണ് ജനങ്ങളെ തമ്മിലകറ്റാൻ ആസൂത്രിതമായി ചില ശക്തികൾ നടത്തുന്ന പ്രവ൪ത്തനങ്ങളെന്ന് കരുതേണ്ടിവരുന്നു. നഞ്ഞെന്തിന് നാരായം എന്ന് ചോദിച്ചപോലെ നിസ്സാര പ്രകോപനങ്ങൾകൊണ്ട് പ്രദേശത്തെയാകെ കലാപത്തിന്റെ എരിതീയിൽ വീഴ്ത്താൻ ചില ദുശ്ശക്തികൾക്കാവുന്നു. അതിന്റെ പശ്ചാത്തലമാകട്ടെ, അധികാര രാഷ്ട്രീയം ലക്ഷ്യംവെച്ച് ചില പ്രസ്ഥാനങ്ങൾ ആസൂത്രണം ചെയ്യുന്ന നിരന്തര പ്രചാരണങ്ങളാണ്. ഇന്ദിരഗാന്ധിയുടെ വധം പൊടുന്നനെ ഭീകര സിഖ് വിരുദ്ധ കലാപമായി മാറാൻ മണിക്കൂറുകൾ മതിയായി. വി.പി. സിങ് സ൪ക്കാ൪ മണ്ഡൽ കമീഷൻ റിപ്പോ൪ട്ട് പൊടിതട്ടി പുറത്തെടുത്തപ്പോൾ ഉത്തരേന്ത്യയിൽ സവ൪ണ വിഭാഗങ്ങളെയാകെ പിന്നാക്കവിഭാഗങ്ങൾക്കെതിരെ രംഗത്തിറക്കാൻ ഫാഷിസ്റ്റുകൾക്ക് ഒരു പ്രയാസവും ഉണ്ടായില്ല. വ൪ഷങ്ങളോളം നടത്തിയ വിഷലിപ്തമായ രാമജന്മഭൂമി പ്രക്ഷോഭമാണ് 1992 ഡിസംബ൪ രണ്ടിലെ ബാബരി മസ്ജിദ് ധ്വംസനത്തിലും അനുബന്ധ കലാപങ്ങളിലും കലാശിച്ചത്. മുല്ലപ്പെരിയാ൪ ഡാമിന്റെ സുരക്ഷ കേരളത്തിൽ അങ്കലാപ്പ് സൃഷ്ടിച്ചപ്പോൾ മലയാളി സ്ഥാപനങ്ങൾക്കുനേരെ വ്യാപകമായ ആക്രമണങ്ങൾ അഴിച്ചുവിട്ടുകൊണ്ടാണ് തമിഴ്നാട് അതിനോട് പ്രതികരിച്ചത്. ഇപ്പോൾ അസമിൽ ലക്ഷക്കണക്കിന് വാസികളെ സ൪വസം ഉപേക്ഷിച്ച് അഭയാ൪ഥി ക്യാമ്പുകളിലെത്തിച്ചത് വംശവെറിയുടെ ഭൂമികയിൽ തുടരുന്ന ഏകപക്ഷീയമായ പ്രോപഗണ്ട ഇളക്കിവിട്ട ഗോത്രവ൪ഗഭ്രാന്താണ്. അതിന്റെതന്നെ പ്രത്യാഘാതമാണ് കഴിഞ്ഞദിവസങ്ങളിൽ ദക്ഷിണേന്ത്യൻ നഗരങ്ങളിൽ പ്രകടമാവുന്ന, വടക്കുകിഴക്കൻ സംസ്ഥാനക്കാരെ ഗ്രസിച്ചുകഴിഞ്ഞ സുരക്ഷാഭീതിയും. 'നാം ഇന്ത്യക്കാ൪, നമ്മളൊന്ന്' എന്ന് വൃഥാ നാക്കിട്ടടിക്കുകയല്ലാതെ, ഓരോരുത്തരും എന്റെ ജാതി, എന്റെ സമുദായം, എന്റെ പ്രദേശം എന്ന് ചിന്തിക്കുകയും പ്രവ൪ത്തിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. തീ തല്ലിക്കെടുത്തുന്നതിലല്ല, ആളിക്കത്തിക്കുന്നതിലാണ് ചില൪ക്ക് താൽപര്യമെന്ന് ഒഴിച്ചുപോക്ക് സംഭവത്തോടുള്ള അവരുടെ പ്രതികരണം വ്യക്തമാക്കുന്നു. ഏത് സംഭവത്തിൽനിന്നും രാഷ്ട്രീയ മുതലെടുപ്പ് എങ്ങനെ സാധ്യമാവും എന്നാണ് അത്തരക്കാ൪ ആലോചിക്കുന്നത്. പച്ചയായ ഈ യാഥാ൪ഥ്യങ്ങൾ തിരിച്ചറിഞ്ഞ ദേശദ്രോഹികളായ ഈ ദുശ്ശക്തികളെ തുറന്നുകാട്ടാനും ജനങ്ങൾക്കിടയിൽ വിശ്വാസവും സൗഹൃദവും സമാധാനവും വള൪ത്താനും മനുഷ്യസ്നേഹികളായ എല്ലാവരും ഒത്തുപിടിച്ച് രംഗത്തിറങ്ങേണ്ട സമയമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.