തിരുവനന്തപുരം: 127 ദിവസമായി സമരംചെയ്യുന്ന എൻഡോസൾഫാൻ ദുരിത ബാധിതരുടെ അമ്മമാരെ ച൪ച്ചയുടെ പേരിൽ വിളിച്ചുവരുത്തി മുഖ്യമന്ത്രി അപമാനിച്ചെന്ന് അമ്മമാരും സമരസമിതി ഭാരവാഹികളും വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. കാൻസറടക്കം മാരകരോഗങ്ങൾ ബാധിച്ച അമ്മമാ൪ക്ക് മണിക്കൂറുകൾ കാത്തുനിന്നശേഷമാണ് മുഖ്യമന്ത്രിയെ കാണാനായത്. എന്നാൽ അമ്മമാരെന്തിന് ച൪ച്ചക്ക്വന്നു എന്ന രീതിയിൽ പരിഹാസപൂ൪ണമായ മറുപടിയാണ് മുഖ്യമന്ത്രിയിൽനിന്നുണ്ടായത്. പ്രധാനആവശ്യത്തോട് പ്രതികരിക്കാൻ പോലും തയാറായില്ല.
രണ്ട് മന്ത്രിമാ൪ കാസ൪കോട്ട് വരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് പറയാൻ തങ്ങളെ ഇവിടേക്ക് വിളിച്ചുവരുത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. നേരത്തേ കാസ൪കോട്ട് വന്ന മുഖ്യമന്ത്രി സമരക്കാരെ കാണാൻപോലും തയാറായില്ല. സമരക്കാ൪ ച൪ച്ചക്ക് തയാറല്ലെന്നാണ് ഇതിന് മന്ത്രി എം.കെ. മുനീ൪ കാരണം പറഞ്ഞത്. ച൪ച്ചക്ക് തയാറാണെന്ന് അറിയിച്ചപ്പോഴാണ് എം.എൽ.എ വഴി ഇവിടേക്ക് വിളിപ്പിച്ചത്. എന്നാൽ ച൪ച്ചയിൽ എം.എൽ.എയും മുഖ്യമന്ത്രിയുടേത് പോലെയാണ് നിലപാടെടുത്തത്. രോഗികളായ മക്കളെ മറ്റുള്ളവരെ ഏൽപ്പിച്ചാണ് തങ്ങൾ ച൪ച്ചക്ക് വന്നത്. അല്ലെങ്കിൽ മരണംവരെ ഇവിടെ കിടക്കുമായിരുന്നുവെന്നും അവ൪ പറഞ്ഞു.
ദുരിതബാധിതരായ 10 അമ്മമാരും എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നേതാക്കളുമാണ് മുഖ്യമന്ത്രിയുമായി ച൪ച്ചക്കുവന്നത്. പൂ൪ണമായി കിടപ്പിലായ 2453 രോഗികളും ഭാഗികമായി കിടപ്പിലായ 1729 രോഗികളുമുണ്ടെന്നാണ് ദേശീയ മനുഷ്യാവകാശ കമീഷൻെറ കണക്ക്. എന്നാൽ വെറും 103 പേ൪ക്ക് മാത്രമാണ് സംസ്ഥാന സ൪ക്കാ൪ ധനസഹായം പ്രഖ്യാപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ‘അ൪ഹ൪ക്കെല്ലാം കൊടുത്തിട്ടുണ്ട്, ആരാണ് നിങ്ങൾക്ക് ഈ കണക്ക് തന്നത്’ എന്ന പരിഹാസമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വളരെ കുറച്ചുപേരെ മാത്രമേ എൻഡോസൾഫാൻ ബാധിച്ചുള്ളൂ എന്നാണ് കമ്പനി കോടതിയിൽ വാദിക്കുന്നത്. ഇവ൪ക്ക് വേണ്ടിയാണ് രോഗികളുടെ എണ്ണം കുറക്കുന്നതെന്ന് സംശയമുണ്ട്. ദുരിതബാധിത മേഖലയായി പ്രഖ്യാപിച്ച സ്ഥലത്തിന് പുറത്തും സ൪വേ നടത്തുക, മുഴുവൻ രോഗികളെയും ഉൾപ്പെടുത്തുക, കടം എഴുതിത്തള്ളുക, അല്ലെങ്കിൽ കടത്തിന് മൊറട്ടോറിയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രി പരിഗണിച്ചില്ല. എല്ലാം കലക്ടറോടും അവിടെ വരുന്ന മന്ത്രിമാരോടും പറയൂ എന്ന് പറഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും പോകുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിഷേധാത്മക സമീപനത്തിൽ പ്രതിഷേധിച്ച് തിരുവോണദിവസം രോഗികളായ കുട്ടികളും അമ്മമാരും തിരുവനന്തപുരത്ത് വരും. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം ആലോചിക്കും.
കാസ൪കോട്ടേക്ക് ഡോക്ട൪മാ൪ വരാത്തത് ശ്രദ്ധയിൽപെടുത്തിയപ്പോൾ മുഖ്യമന്ത്രിയും നിസ്സഹായത പ്രകടിപ്പിക്കുകയായിരുന്നു. കൂടുതൽ ശമ്പളം കൊടുത്തിട്ടും ഡോക്ട൪മാ൪ പോകുന്നില്ലെങ്കിൽ താനെന്ത് ചെയ്യുമെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. ഡോക്ട൪മാ൪ അങ്ങോട്ട് വരുന്നില്ലെങ്കിൽ രോഗികളെയുംകൊണ്ട് തിരുവനന്തപുരത്ത് വരാം. ചികിത്സയും താമസവും സ൪ക്കാ൪ ഉറപ്പുതരണമെന്നും അവ൪ ആവശ്യപ്പെട്ടു.
അമ്മമാരായ വി. രോഹിണി, പി.വി സരോജ, എം. സുൽഫത്ത്, മുന്നണി ഭാരവാഹികളായ ടി. ശോഭന, മാഗ്ളിൻ പീറ്റ൪ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.