വെട്ടത്തൂ൪: മണ്ണാ൪മല ചീനിക്കപ്പാറ കോളനിയിലെ ആദിവാസികൾക്ക് ഇത്തവണയും പുതുവസ്ത്രവും സദ്യയുമില്ലാത്ത ഓണം.
വെട്ടത്തൂ൪ പഞ്ചായത്തിലെ തെക്കൻമലയിൽ അധിവസിക്കുന്ന ആദിവാസികൾക്കാണ് ഈ ഓണവും വറുതിയുടേതായത്. സ്ത്രീകൾ മാത്രം താമസിക്കുന്ന ജില്ലയിലെ തന്നെ ഏക കോളനിയായ ഇവിടെ നാല് കുടിലുകളിലായി അഞ്ച് സ്ത്രീകളും രണ്ട് കുഞ്ഞുങ്ങളുമാണ് താമസം. നിലമ്പൂ൪ ഐ.ടി.ഡി.പി അധികൃത൪ അരിയും പലവ്യഞ്ജനങ്ങളും എത്തിച്ചിട്ടുണ്ടെങ്കിലും മഴ പെയ്ത് കുടിലുകൾ ചോ൪ന്നൊലിക്കുന്നത് കാരണം അടുപ്പിൽ തീ കത്തിക്കാനാവുന്നില്ല.
വന വിഭവങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന ഇവ൪ മഴ പെയ്തതോടെ പട്ടിണിയിലാണ്. അക്ക, മാതി, കുഞ്ഞി, പുള്ള, ലക്ഷ്മി എന്നിവരാണ് ഉൾക്കാട്ടിൽ ദുരിതമനുഭവിക്കുന്നത്.
ലക്ഷ്മിയുടെ മക്കളായ ഒരു വയസ്സുകാരി അംബികയും സുന്ദരനും പോഷകാഹാരങ്ങൾ ലഭിക്കാതെ രോഗ ഭീഷണിയിലാണ്. മരക്കമ്പുകൾ കെട്ടി നി൪മിച്ച വീട് ചോ൪ന്നൊലിക്കുന്നതിനാൽ പുലരുവോളം ഉറങ്ങാതിരിക്കാറാണെന്ന് മാതി പറയുന്നു. കേന്ദ്ര - സംസ്ഥാന സ൪ക്കാറുകൾ ആദിവാസി ക്ഷേമത്തിനായി കോടിക്കണക്കിന് രൂപ വകയിരുത്തുന്നുണ്ടെങ്കിലും ഇവ൪ക്ക് വാസയോഗ്യമായ വീട് നി൪മിക്കാനോ അടിസ്ഥാന സൗകര്യങ്ങളൊരുക്കാനോ ബന്ധപ്പെട്ടവ൪ തയാറാകുന്നില്ല. വനാവകാശ നിയമപ്രകാരം ഒന്ന് വീതം ഏക്ക൪ ഭൂമിക്ക് ഇവ൪ അ൪ഹരാണ്. സ൪വേ കഴിഞ്ഞിട്ടുണ്ടെങ്കിലും പതിച്ച് നൽകിയിട്ടില്ല.
മദ്യത്തിനും ലഹരി വസ്തുക്കൾക്കും അടിമയാണിവ൪. പ്രദേശത്തെ വിദ്യാപോഷിണി ഗ്രന്ഥാലയവും സോളിഡാരിറ്റി പ്രവ൪ത്തകരും സഹായമെത്തിക്കാറുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് പരിഗണന ലഭിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.