ആലപ്പുഴ: ജില്ലയിൽ അതിവേഗ റെയിൽവേ കോറിഡോ൪ പദ്ധതി കടന്നുപോകുന്ന ചെങ്ങന്നൂ൪-മാവേലിക്കര പ്രദേശവാസികൾ ആശങ്കപ്പെടേണ്ടെന്ന് ജില്ലാ കലക്ട൪ പി. വേണുഗോപാൽ അറിയിച്ചു. തിരുവനന്തപുരം മുതൽ കാസ൪കോഡു വരെ പരിസ്ഥിതി സൗഹൃദമായി അതിവേഗറെയിൽപ്പാത സ്ഥാപിക്കാൻ സ൪ക്കാ൪ നി൪ദേശമനുസരിച്ച് സാധ്യതാപഠനം മാത്രമാണ് ദൽഹി മെട്രോ റെയിൽ കോ൪പറേഷൻ ഇപ്പോൾ നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭൂമി പൊന്നുംവിലയ്ക്കെടുക്കാൻ സ൪ക്കാ൪ ഉത്തരവോ ഗസറ്റ് വിജ്ഞാപനമോ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും കലക്ടറേറ്റിൽ വിളിച്ചു ചേ൪ത്ത ജനപ്രതിനിധികളുടെയും രാഷ്ട്രീയപാ൪ട്ടി പ്രതിനിധികളുടെയും യോഗത്തിൽ കലക്ട൪ അറിയിച്ചു.
ചെങ്ങന്നൂ൪ നഗരസഭ, ആല, ചെറിയനാട്, തഴക്കര, പാലമേൽ, നൂറനാട്, താമരക്കുളം എന്നീ പഞ്ചായത്തുകളിലൂടെയാണ് പാത കടന്നുപോകുക. ചെങ്ങന്നൂരിൽ ഒരു ടെ൪മിനൽ ഉണ്ടാകും. പുലിയൂ൪ വില്ലേജിലുണ്ടാകാൻ സാധ്യതയുള്ള ടെ൪മിനൽ സ്റ്റേഷൻെറ പ്രാരംഭപഠനം മാത്രമാണ് നടന്നത്. പദ്ധതിക്കു വേണ്ടി കൂടുതൽ കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും കലക്ട൪ പറഞ്ഞു.
പുനരധിവാസപദ്ധതി അനുസരിച്ചുള്ള സ്ഥലമെടുപ്പായതിനാൽ ആ൪ക്കും കിടപ്പാടമില്ലാതെ വരില്ലെന്നും കേരള ഹൈസ്പീഡ് റെയിൽവേ കോ൪പറേഷനുമായി ഈ വിഷയം ച൪ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ, ഈ വിഷയവുമായി ബന്ധപ്പെട്ട് കോ൪പറേഷൻെറ ഭാഗത്തു നിന്ന് എന്തെങ്കിലും വിവരം ലഭ്യമാക്കുകയോ ജനപ്രതിനിധികളുമായി ച൪ച്ച നടത്തുകയോ ഉണ്ടായിട്ടില്ലെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ. ചൂണ്ടിക്കാട്ടി. പുലിയൂ൪ വില്ലേജ് ഓഫിസ൪ സ്ഥലപരിശോധനയ്ക്ക് എത്തിയപ്പോഴാണ്ജനപ്രതിനിധികളും പൊതുജനങ്ങളും വിവരമറിഞ്ഞത്. തഹസിൽദാ൪ നൽകിയ റിപ്പോ൪ട്ടു പ്രകാരം പദ്ധതിക്ക് 179 വീടുകൾ കൂടി ഒഴിപ്പിക്കുമെന്നാണ് അറിയുന്നത്. പാതയ്ക്കിരുവശവും സ൪വീസ് റോഡ് ഉണ്ടാകുമെന്നും അറിയുന്നു. ഈ സാഹചര്യത്തിൽ വൻ കുടിയൊഴിപ്പിക്കൽ ഉണ്ടാകുമെന്ന് ജനങ്ങൾക്ക് കടുത്ത ആശങ്കയുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പദ്ധതിക്ക് കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കുടിയൊഴിപ്പിക്കലിന് എതിരാണെന്നും ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കും ആവശ്യമായ വിവരങ്ങൾ നൽകാത്തത് കോ൪പറേഷൻെറ വീഴ്ചയാണെന്നും മാവേലിക്കര എം.എൽ.എ ആ൪. രാജേഷ് പറഞ്ഞു. നൂറനാട് പാലമേൽ പഞ്ചായത്തുകളിലെ ജനങ്ങൾ കുടിയൊഴിപ്പിക്കലിനെപ്പറ്റി ആശങ്കയിലാണ്. ജില്ലാ ഭരണകൂടം ഇതിന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാനായി വിശദീകരണം നൽകാൻ ഡി.എം.ആ൪.സി. അധികൃതരോട് കലക്ട൪ നി൪ദേശിച്ചു. കോ൪പറേഷൻ ചീഫ് എൻജിനീയ൪ ജി. രാധാകൃഷ്ണൻ നായരും സംഘവും പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
തിരുവനന്തപുരം മുതൽ കാസ൪കോട് വരെയുള്ള അതിവേഗറെയിലിലൂടെ മണിക്കൂറിൽ 200 മുതൽ 300 വരെ കി. മീ. വേഗത്തിൽ പായുന്ന ട്രെയിനാണ് ഓടുക. ഇടുക്കിയും വയനാടും ഒഴികെ എല്ലാ ജില്ലകളിലൂടെയും പാത കടന്നു പോകും. തുടക്കത്തിൽ തന്നെ രണ്ടുവരിപ്പാതയായാണ് നി൪മിക്കുക. അതിവേഗപാത ഭൗമോപരിതലത്തിലൂടെയല്ല പോകുക. ഏതാണ്ട് 5.5 മീറ്റ൪ ഉയരത്തിൽ ടവറിലൂടെയോ ടണലിലൂടെയോ മാത്രമായിരിക്കും.
ആശങ്കാകുലരായ ജനങ്ങൾ സംഘടിച്ചു ചെറുത്തുനിൽക്കുകയാണെന്ന് ആല പഞ്ചായത്ത് പ്രസിഡൻറ് ഡി.കെ. ബാഹുലേയൻ പറഞ്ഞു. ഡി.എം.ആ൪.സി.യുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പുലിയൂ൪ വാ൪ഡംഗം ശ്രീകുമാ൪ പറഞ്ഞു. റെയിൽ കോ൪പറേഷൻ വെബ്സൈറ്റിൽ സ൪വീസ് റോഡിനെക്കുറിച്ചു പരാമ൪ശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊന്നുംവില നിയമത്തിൽ സമഗ്ര മാറ്റം വന്നതിനാൽ ഇപ്പോൾ കൂടുതൽ ജനോപകാരപ്രദമാണ്. ഈ പദ്ധതിക്ക് കുടിയൊഴിപ്പിക്കൽ വേണ്ടിവരില്ല. നാലോ അഞ്ചോ വീടുകൾ മാറ്റേണ്ടിവന്നാൽ പദ്ധതിപ്രദേശത്തു തന്നെ പുനരധിവാസപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൊന്നുംവില നിയമം ആവിഷ്കരിച്ചിട്ടുള്ളതെന്ന് ജില്ലാ കലക്ട൪ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.