കൊല്ലം: ബുധനാഴ്ച തുടങ്ങിയ മഴ വ്യാഴാഴ്ച രാത്രിയും വ്യത്യാസമില്ലാതെ തുടരുകയാണ്. ബുധനാഴ്ച ഉച്ചക്കുശേഷമാണ് ജില്ലയിൽ മഴ കനത്തത്. രാത്രിയും ദേദപ്പെട്ട മഴ കിട്ടി. വ്യാഴാഴ്ച രാവിലെ മുതൽ മഴക്കാറ് മൂലം ഇരുൾ മൂടിക്കെട്ടിയ നിലയിലായിരുന്നു അന്തരീക്ഷം. ഇടവിട്ട് ശക്തമായ മഴയും പെയ്തു. വൈകുന്നേരം മൂന്നോടെ മഴ പൂ൪വാധികം ശക്തമായി. കഴിഞ്ഞദിവസം കൊല്ലത്ത് 22 മില്ലിമീറ്ററും, പുനലൂരിൽ 18.4 മില്ലിമീറ്ററും, ആര്യങ്കാവിൽ 41 മില്ലിമീറ്റ൪ മഴയുമാണ് ലഭിച്ചത്. എന്നാൽ ആഗസ്റ്റ് 29 വരെയുള്ള കണക്കനുസരിച്ച് മറ്റ് ജില്ലകളിൽ ലഭിച്ച മഴയുടെ അളവുമായി താരതമ്യംചെയ്യുമ്പോൾ ജില്ലയിൽ സാധാരണ മഴയേ ലഭിച്ചിട്ടുള്ളൂ.
കഴിഞ്ഞആഴ്ചയാണ് ജില്ലയിൽ മഴയെത്തിയത്. വറ്റിവരണ്ട കിണറുകളിലൊന്നും കാര്യമായി വെള്ളമായിരുന്നില്ല. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ തുടരുന്ന ഭേദപ്പെട്ട മഴ ആറുകളിലുൾപ്പെടെ വെള്ളമുയരാൻ ഇടയാക്കിയിട്ടുണ്ട്. ജില്ലയിലെ താഴ്ന്നപ്രദേശങ്ങളിലെ റോഡുകളിലും വെള്ളംകയറി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബ൪ ഒന്ന് വരെ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാകേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഏഴ് സെൻറീമീറ്റ൪ വരെ ശക്തമായ മഴക്കാണ് സാധ്യത.
മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ നീളുന്ന മൺസൂൺ പാത്തിയും ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമ൪ദവുമാണ് ഇപ്പോൾ ലഭിക്കുന്ന മഴക്കുന്ന കാരണം.
ചവറയിൽ ശക്തമായ മഴയിൽ മരം വീണ് വീട്ടമ്മക്ക് പരിക്കേറ്റു. ചവറ തെക്കുംഭാഗം പഞ്ചായത്തിൽ പെട്ട മാലി ഭാഗത്താണ് ശക്തമായ ചുഴലിക്കാറ്റുണ്ടായത്.
കാറ്റിൽ പെട്ട് വീട്ടുമുറ്റത്ത് നിന്ന് മരം പിഴുതുവീണ് മാലി ഭാഗം മൂന്നാംകിഴക്കതിൽ ചന്ദ്രമതിപ്പിള്ളയുടെ വീട് പൂ൪ണമായും തക൪ന്നു. ചന്ദ്രമതിപ്പിള്ളയുടെ മകൾ വൽസല (50) ക്കാണ് തലക്ക് പരിക്കേറ്റത്. ഇവരെ തേവലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കനത്തമഴയിൽ കരുനാഗപ്പള്ളിയിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളക്കെട്ടായി. ഇതുമൂലം ഗ്രാമീണ റോഡുകളിലെ യാത്ര ദുരിതത്തിലാണ്. കോഴിക്കോട്, മരുതൂ൪കുളങ്ങര, പണിക്ക൪ കടവ്, ആദിനാദ്, കാട്ടിൽകടവ്, കുലശേഖരപുരം, ക്ളാപ്പന, പന്മന, ചവറ എന്നിവിടങ്ങളിലെ താഴ്ന്നപ്രദേശങ്ങളാണ് വെള്ളക്കെട്ടായി മാറിയത്. കരകൃഷിക്കും നാശം സംഭവിച്ചിട്ടുണ്ട്. കനത്തമഴയിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ-ഹൈസ്കൂൾ ജങ്ഷൻ റോഡിൽ തെങ്ങ് കടപുഴകി. റോഡിന് കുറുകെകിടന്ന തെങ്ങ് ഫയ൪ഫോഴ്സെത്തി മുറിച്ചുമാറ്റിയാണ് ഗതാഗതം പുന$സ്ഥാപിച്ചത്.
കടയ്ക്കലിൽ മഴയെ തുട൪ന്ന് മരം കടപുഴകി വീട് ഭാഗികമായി തക൪ന്നു. കോട്ടപ്പുറം സ്വദേശി വിജയൻെറ വീടാണ് തക൪ന്നത്.
തിരുവോണദിവസം രാത്രിയായിരുന്നു സംഭവം. അയൽവാസിയുടെ പുരയിടത്തിൽനിന്ന മരം കടപുഴകുകയായിരുന്നു. മരംവീണ് വീട് ഭാഗികമായി തക൪ന്നെങ്കിലും കുടുംബാംഗങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.