ഒറ്റപ്പാലം: സമഗ്ര വിദ്യാലയ വികസനം ലക്ഷ്യമിട്ട് ജില്ലയിലെ 100 വിദ്യാലയങ്ങളിൽ ‘സ്റ്റെപ്പ്’ നടപ്പിലാക്കും. ജില്ലാ പഞ്ചായത്തിൻെറ സഹായത്തോടെ ഡയറ്റിൻെറ നേതൃത്വത്തിലാണ് പദ്ധതി. 91 പഞ്ചായത്തുകളിൽനിന്നായി ഒന്ന് വീതവും ചിറ്റൂ൪, ഒറ്റപ്പാലം, ഷൊ൪ണൂ൪ നഗരസഭകളിൽനിന്ന് രണ്ടുവീതവും പാലക്കാട് നഗരസഭയിൽ മൂന്നും സ്കൂളുകളാണ് പദ്ധതി നടപ്പാക്കാനായി തെരഞ്ഞെടുത്തിട്ടുള്ളതെന്ന് പാലക്കാട് ഡയറ്റ് പ്രിൻസിപ്പൽ പറഞ്ഞു.
പദ്ധതി നടപ്പാക്കുന്നതിൻെറ ഭാഗമായി ബന്ധപ്പെട്ട അധ്യാപക൪ക്ക് പരിശീലനം നൽകിക്കഴിഞ്ഞു. ദേശീയ ഗണിത വ൪ഷം, സമഗ്ര ആരോഗ്യ ശുചിത്വ പരിപാടി, രക്ഷാക൪തൃ ശാക്തീകരണം, വിവര വിനിമയ സാങ്കേതിക വിദ്യ, ലാബ്, ലൈബ്രറി വികസനം എന്നിങ്ങനെ അഞ്ച് മേഖലകളിലെ പ്രവ൪ത്തനങ്ങൾക്കാണ് ഊന്നൽ നൽകുക. നടപ്പ് അധ്യയന വ൪ഷം തന്നെ പദ്ധതി പ്രാവ൪ത്തികമാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
ഗണിത വ൪ഷമായി കേന്ദ്ര സ൪ക്കാ൪ 2012നെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗണിതമേഖലക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. ഇതിൻെറ ഭാഗമായി ഗണിത പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരമുയ൪ത്താൻ നടപടി സ്വീകരിക്കും. പുതിയ പഠന പാക്കേജുകൾ തയാറാക്കും.
സ്കൂളും പരിസരവും സമയബന്ധിതമായി ശുചീകരിക്കുക, പാചക സ്ഥലവും ഉച്ചഭക്ഷണ വിതരണ മേഖലയും മാലിന്യമുക്തമാക്കുക, കുട്ടികളുടെ വ്യക്തിഗത ആരോഗ്യം ഉറപ്പുവരുത്തുക എന്നിവ സമഗ്ര ആരോഗ്യ ശുചിത്വ പരിപാടിയിലുൾപ്പെടും.
കുട്ടികളുടെ പഠന പ്രവ൪ത്തനങ്ങളിൽ രക്ഷാക൪ത്താക്കളെ പ്രാപ്തരാക്കുക, പ്രാദേശിക തലത്തിൽ മാതൃസമിതി അംഗങ്ങളെ ഉൾപ്പെടുത്തി അമ്മമാരുടെ യോഗം വിളിച്ചുകൂട്ടുക എന്നീ പ്രവൃത്തികളിലൂടെ രക്ഷാക൪തൃ ശാക്തീകരണം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
റിസോഴ്സ് സീഡികൾ പരമാവധി പ്രയോജനപ്പെടുത്തുക, ഇൻറ൪നെറ്റ് കണക്ഷൻ തുടങ്ങി ആധുനിക വിവര സാങ്കേതിക വിദ്യക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഏ൪പ്പെടുത്തും. ഡിജിറ്റൽ ലൈബ്രറി യാഥാ൪ഥ്യമാക്കും.
കമ്പ്യൂട്ട൪, ലാപ്ടോപ്പ് എന്നിവ നവീകരിക്കും. വിവര വിനിമയ സാങ്കേതികവിദ്യ സംബന്ധിച്ച് കുറഞ്ഞത് രണ്ടു പിരിയഡെങ്കിലും കുട്ടികൾക്ക് ക്ളാസ് നടത്താനും തീരുമാനിച്ചതായും ഡയറ്റ് പ്രിൻസിപ്പൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.