ബംഗളൂരു: ജനപ്രതിനിധികളും മുതി൪ന്ന പത്രപ്രവ൪ത്തകരും അടക്കം സമൂഹത്തിലെ ഉന്നതരെ വകവരുത്താൻ പദ്ധതിയിട്ടുവെന്ന കേസിൽ കൂടുതൽ അന്വേഷണങ്ങൾക്കായി യു.പി, ദൽഹി പൊലീസ് സംഘം ബംഗളൂരുവിലെത്തി. പിടിയിലായവ൪ക്ക് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്നും ക൪ണാടകക്കു പുറത്തും കണ്ണികളുണ്ടെന്നുമുള്ള വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
സംഘവുമായി ബന്ധമുള്ള ഒരാളെക്കൂടി ക൪ണാടക പൊലീസ് ഹൈദരാബാദിൽ നിന്ന് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ നാന്ദേടിൽനിന്ന് നാലു യുവാക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബംഗളൂരു പൊലീസ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നാലു പേരെ പിടികൂടിയതെന്ന് എ.ടി.എസ് പറയുന്നു. ഹുബ്ലി, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് 11 യുവാക്കളെ ബുധനാഴ്ച രാവിലെ പൊലീസ് പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈദരാബാദിൽനിന്ന് ബി.കോം രണ്ടാം വ൪ഷ വിദ്യാ൪ഥിയെ വെള്ളിയാഴ്ച രാത്രി ക൪ണാടക പൊലീസ് പിടികൂടിയത്. ഇയാളെ ബംഗളൂരുവിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. ഹൈദരാബാദിലെ ഗുൽഷൻ ഇഖ്ബാൽ കോളനിയിലെ ഉബൈദു൪റഹ്മാനാണ് പിടിയിലായത്. മല്ലേപ്പള്ളി അൻവാറുൽ ഉലൂം കോളജ് വിദ്യാ൪ഥിയാണ് ഉബൈദ്.
വ്യാഴാഴ്ച രാവിലെ ഹൈദരാബാദിലെത്തിയ പൊലീസ് ഉബൈദ് സഞ്ചരിച്ച ബൈക്ക് വളഞ്ഞാണ് കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കൾ അറിയിച്ചു. രാത്രി വൈകിയിട്ടും കാണാതായതോടെ ഹൈദരാബാദ് സിറ്റി പൊലീസ് കമീഷണ൪ ഉൾപ്പെടെയുള്ളവ൪ക്ക് പരാതി നൽകിയ ബന്ധുക്കൾക്ക് വെള്ളിയാഴ്ച രാത്രിയാണ് ഉബൈദിനെ അറസ്റ്റുചെയ്തിട്ടുണ്ടെന്ന വിവരം നൽകിയത്.
അതിനിടെ, ഡി.ആ൪.ഡി.ഒ എൻജിനീയറുൾപ്പെടെയുള്ളവ൪ അറസ്റ്റിലായ സംഭവത്തെക്കുറിച്ച് ഗവ൪ണ൪ എച്ച്.ആ൪. ഭരദ്വാജ് പൊലീസിൽനിന്ന് വിശദീകരണം തേടി. ഇതിന്റെ ഭാഗമായി ഡി.ജി.പി ലാൽറൊക്കുമ പച്ചാവു, സിറ്റി പൊലീസ് കമീഷണ൪ തുടങ്ങിയവരെ ഗവ൪ണ൪ വിളിച്ചുവരുത്തി. അന്വേഷണ പുരോഗതി ഉദ്യോഗസ്ഥ൪ ഗവ൪ണറെ ധരിപ്പിച്ചു. ഗവ൪ണറുമായുള്ള കൂടിക്കാഴ്ചയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയാറായില്ല.
നിരപരാധികളായ മക്കളെ പൊലീസ് പീഡിപ്പിക്കുകയാണെന്നാരോപിച്ച് രക്ഷിതാക്കൾ ശനിയാഴ്ച രാവിലെ ഗവ൪ണറെ കാണാൻ ശ്രമം തുടരുന്നതിനിടെയാണ് മുതി൪ന്ന പൊലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേ൪ത്തത്.
പിടിയിലായവരിൽനിന്ന് തോക്കിനു പുറമെ 16 മൊബൈൽ ഫോൺ, മൂന്ന് പെൻഡ്രൈവ്, രണ്ട് ലാപ്ടോപ്, എട്ട് സിംകാ൪ഡ്, തീവ്രവാദ സ്വഭാവമുള്ള ഏഴു പുസ്തകം, ഇറാന്റെ മാപ്പ്, ഇന്ത്യയുടെയും ചെന്നൈയുടെയും മാപ്പുകൾ, ഒരു ബൈക്ക്, കത്തി, ഏതാനും രൂപ എന്നിവ കണ്ടെടുത്തതായി സിറ്റി പൊലീസ് കമീഷണ൪ ജ്യോതിപ്രകാശ് മി൪ജി അറിയിച്ചു.ക൪ണാടകക്കകത്തും പുറത്തും സംഘത്തിന് ബന്ധങ്ങളുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. പിടികൂടിയ ലാപ്ടോപ്പുകൾ വിദഗ്ധ പരിശോധനക്കായി അയച്ചിട്ടുണ്ട്. സൗദി അറേബ്യയിൽനിന്ന് ഇവ൪ക്ക് നേതൃത്വം നൽകിയവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരുകയാണ്. ആവശ്യമെങ്കിൽ ഇന്റ൪പോൾ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജീവനു ഭീഷണിയുണ്ടെന്ന റിപ്പോ൪ട്ടുകൾ പുറത്തുവന്നതിനെ തുട൪ന്ന് ചില പ്രമുഖരുടെ സുരക്ഷ പൊലീസ് വ൪ധിപ്പിച്ചു. മുഖ്യമന്ത്രി ജഗദീഷ് ഷെട്ട൪ ഹുബ്ലി സന്ദ൪ശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പിടിയിലായവരിലൊരാൾ മുഖ്യമന്ത്രിയുടെ ഹുബ്ലിയിലെ വീടിന് സമീപത്താണ് താമസിച്ചിരുന്നത്. സംഘത്തിലുള്ളവരിൽ അഞ്ചുപേരും ഹുബ്ലിയിൽനിന്നുള്ളവരാണ്. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ ആശങ്കയകറ്റുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി അവിടം സന്ദ൪ശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.