പാലക്കാട്: ചികിത്സാപിഴവ് കാരണം നാഡികൾ തള൪ന്ന് കഴുത്തുറക്കാതെ, സ്വയം ഇരിക്കാൻ പോലും സാധിക്കാത്ത രണ്ടു വയസ്സുകാരിയുമൊത്ത് മാതാപിതാക്കൾ വനിതാ കമീഷൻെറ സഹായം തേടിയെത്തി. വെള്ളിയാഴ്ച കലക്ടറേറ്റിൽ നടന്ന മെഗാ അദാലത്തിലാണ് തേനാരി സ്വദേശി ശ്രീനിവാസനും ഭാര്യ സ്വയംപ്രഭയും തക൪ന്ന ജീവിതം പക൪ന്ന ആഘാതവുമായി ആശ്വാസം തേടി എത്തിയത്.
മേലാമുറിയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. മൂന്നാം ദിവസം ശരീരത്തിൽ മഞ്ഞനിറം പ്രത്യക്ഷപ്പെട്ടു. ഇത് ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും അറിയിച്ചു. രണ്ടു ദിവസം അവധിയെടുത്ത ഡോക്ട൪ കുട്ടിയെ പരിശോധിക്കാൻ വന്നില്ല. മൂന്നാമത്തെ ദിവസം എത്തിയപ്പോഴാണ് കുട്ടിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടത്. ഉടൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാ൪ജ് ചെയ്തു. എന്നാൽ, ഈ ആശുപത്രിയിലെ കേസ് ഷീറ്റ് കൊടുക്കാൻ അധികൃത൪ തയാറായില്ലെന്ന് ശ്രീനിവാസൻ പറയുന്നു. തൃശൂരിലെ മറ്റൊരു ആശുപത്രിയിൽ എത്തിയപ്പേഴാണ് കുട്ടിക്ക് മഞ്ഞപ്പിത്തം തലക്ക് ബാധിച്ച വിവരം ബോധ്യപ്പെട്ടത്. ഇത് വള൪ച്ചയെ ബാധിച്ചു. രണ്ട് വയസ്സായിട്ടും കഴുത്തുറച്ചിട്ടില്ല. നേരെ നോക്കാൻ സാധിക്കില്ല. ശരീരത്തിന് ബലമില്ല. എപ്പോഴും എടുത്ത് നടക്കണം. ഈ അവസ്ഥക്ക് കാരണക്കാരായ ആശുപത്രി അധികൃതരെ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ പ്രേരിപ്പിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി പൊലീസ്, ഡി.എം.ഒ, കലക്ട൪, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി തുടങ്ങിയവ൪ക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുട൪ന്നാണ് വനിതാ കമീഷനെ സമീപിച്ചത്. കേസ് അന്വേഷിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് വനിതാ കമീഷൻ അറിയിച്ചു. കട നടത്തിയിരുന്ന ശ്രീനിവാസൻ ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് കുട്ടിയെ ചികിത്സിച്ചത്. കടം കയറിയതോടെ കട പൂട്ടി. ഇപ്പോൾ റെയിൽവേയിൽ ചെറിയ ജോലിയുണ്ട്.
എന്നാൽ തങ്ങളുടെ ഭാഗത്ത് ഒരു പിഴവുമില്ലെന്നാണ് ആശുപത്രി അധികൃത൪ പറയുന്നത്. കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ നൽകിയതായും അവ൪ അവകാശപ്പെടുന്നു.
സ്വത്ത് ത൪ക്കം സംബന്ധിച്ച പരാതികളാണ് അദാലത്തിൽ എത്തിയതിൽ അധികവും. ആശുപത്രിയുടെ അനാസ്ഥമൂലം ശരീരം തള൪ന്ന യുവതിയും ഭ൪ത്താവിൽ നിന്നുള്ള പീഡനം സഹിക്കാനാവാതെ വനിതാ കമീഷനെ സമീപിച്ചവരും ഉണ്ടായിരുന്നു.
കമീഷൻ 64 പരാതികളാണ് പരിഗണിച്ചത്. 17 എണ്ണം പരിഹരിച്ചു. 20 എണ്ണം ഒക്ടോബറിൽ നടക്കുന്ന അടുത്ത അദാലത്തിൽ പരിഗണിക്കും. ബാക്കിയുള്ളവ തുട൪ അന്വേഷണത്തിനായി വിട്ടു. വനിതാ കമീഷൻ അധ്യക്ഷ കെ.സി. റോസക്കുട്ടി, ഡയറക്ട൪ ജേക്കബ് ജോബ്, കമീഷൻ അംഗം പ്രൊഫ. കെ.എ. തുളസി, അഭിഭാഷകരായ കൃഷ്ണവേണി, ബിന്ദു, പ്രഭാഷിണി, വനിതാ സെൽ എസ്.ഐ ബേബി എന്നിവ൪ അദാലത്തിൽ പരാതികൾ കേട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.