ജീവിത‘ത്തട്ടി’ലെ ഒറ്റയാന്‍

‘‘സിനിമയിലും നാടകത്തിലും അഭിനയമുണ്ടെങ്കിലും നാടകം വളരെ വ്യത്യസ്തമാണ്. അവിടെ പ്രതിഭക്കാണ് മുൻഗണന. സിനിമ സാങ്കേതിക മികവിന്റെകൈപിടിച്ച് സഞ്ചരിക്കുന്ന കലയാണ്. രചനാരീതികൾ തമ്മിൽപ്പോലും താരതമ്യങ്ങളില്ല. നാടകത്തിൽ ഒരു കൈ ചൂണ്ടലിന് പോലും വലിയ അ൪ഥതലങ്ങളുണ്ട്. സിനിമയിൽ അഭിനേതാവിന്റെപരിമിതികൾപോലും മറികടക്കാവുന്ന സാങ്കേതിക പിന്തുണയുണ്ടാവും. പലതരത്തിലുള്ള കൂട്ടിച്ചേ൪ക്കലുകൾ. എന്നാൽ നാടകത്തിൽ ഓരോ അഭിനേതാവും ഏകനാണ്. സ്വന്തം പ്രതിഭക്കുള്ളിലേ അതിൽ ചലനങ്ങളുള്ളൂ.’’- നാടകത്തിലെയും സിനിമയിലെയും തൻെറ അനുഭവങ്ങളെ  നടൻ തിലകൻ വിലയിരുത്തിയത് ഇങ്ങിനെയായിരുന്നു. ഏറ്റവുമൊടുവിൽ യവനിക വലിച്ച് താഴ്ത്തി ജീവിതത്തിന്റെതട്ടിൽ നിന്നും ഇറങ്ങിയപ്പോഴും നടനത്തിന്റെഈ പെരുന്തച്ചൻ ഏകനായിരുന്നു. ശേഷിക്കുന്നതാകട്ടെ ആ൪ക്കും പക൪ത്താനും പകരംവെക്കാനും കഴിയാത്ത അനശ്വര കഥാപാത്രങ്ങളും.
വെള്ളിത്തിരയുടെ ആ൪ഭാടവും പകിട്ടും വന്ന് ചേരുന്നതിന് മുമ്പ് ജീവിതം കൊണ്ടാടിയ അരങ്ങിന്റെപിൻവിളിയായിരുന്നു എന്നും തിലകന്റെപിൻബലം. അതുകൊണ്ട് തന്നെയാണ് ഏകനായ നായകനെ നേരിടുന്ന വെള്ളിത്തിരയിലെ വില്ലൻമാരെ പോലെ സിനിമാ ലോകം ഒന്നടങ്കം ബഹിഷ്കരണവുമായി രംഗത്ത് വന്നപ്പോഴും വാ൪ധക്യത്തിന്റെഅസ്കിതകളൊന്നുമില്ലാതെ ‘അക്ഷരജ്വാല നാടക കളരി’ സ്ഥാപിച്ച് ‘ദൈവത്തിന്റെസ്വന്തം നാട്’ എന്ന നാടകം അരങ്ങത്തെത്തിച്ച് അജയ്യനാകാൻ തിലകന് കഴിഞ്ഞത്. നാടകത്തിൽ തനിക്ക് നഷ്ടമായെങ്കിലും പിന്നീട് സിനിമയിലൂടെ കൈവന്ന ‘കാട്ടുകുതിര’യിലെ കൊച്ചുവാവയുടെ ‘ഉവ്വ...ഉവ്വ...’ എന്ന മറുപടി പോലെ സുരേന്ദ്രനാഥ തിലകനെന്ന തിലകന്റെഇത്തരം പ്രതികരണങ്ങൾ പലരെയും ചൊടിപ്പിച്ചതിൽ ഒരത്ഭുതവുമുണ്ടായിരുന്നില്ല.
എൽ.പി സ്കൂൾ വിദ്യാ൪ഥിയായിരുന്ന കാലത്ത് മറിയക്കുട്ടി ടീച്ച൪ കണ്ടെത്തിയ നടനാണ്. കോട്ടയം എം.ഡി സെമിനാരി ഹൈസ്കൂളിൽ സഹപാഠിയായിരുന്ന ജോൺ എബ്രഹാമുമായി ചേ൪ന്ന് തുടങ്ങിയതാണ് ആ ‘വേഷം കെട്ടലുകൾ’. ജോൺ എബ്രഹാമിനോടൊപ്പം ചേ൪ന്ന് പത്താം ക്ളാസിൽ അവതരിപ്പിച്ച  ‘അളിയൻ വന്നത് നന്നായി’ എന്ന ലഘുനാടകത്തിലെ വേഷം പിൽക്കാലത്ത് പ്രൊഫഷനൽ നാടകത്തട്ടിലും വെള്ളിത്തിരയിലും തിലകനിൽ കണ്ട ക്രൗര്യ മുഖത്തോട് കൂടിയതായിരുന്നില്ല്ള. ന൪മവും സാമൂഹ്യ വിമ൪ശവും സമം ചേ൪ന്ന ഹാസ്യ രസപ്രധാനമായിരുന്നു ആ നാടകം. കൊല്ലം എസ്.എൻ കോളജിൽ ഇൻറ൪മീഡിയറ്റിന് പഠിക്കുമ്പോൾ 1955 ൽ ദൽഹിയിൽ നടന്ന അന്ത൪ സ൪വകലാശാല യുവജനോൽസവത്തിലാണ് ആദ്യ അംഗീകാരം. അഖിലേന്ത്യാ തലത്തിൽ മൂന്നാം സ്ഥാനം നേടിയ ആ നാടകത്തിലെ അഭിനയത്തിന്് പ്രധാനമന്ത്രി ജവഹ൪ലാൽ നെഹ്രു നൽകിയ ഹസ്തദാനമായിരുന്നു ആ 20 കാരന് ജീവിതത്തിൽ മറക്കാനാവാത്ത പുരസ്കാരം.
അരങ്ങിലെ ഇരുളും വെളിച്ചവുമായി പ്രണയത്തിലാവുകയും ജീവിത‘നാടക’ത്തിന്റെപിന്നരങ്ങിൽ വരാനിരുന്ന കടുത്ത യാഥാ൪ത്ഥ്യങ്ങളെ നേരിടുകയും അനുഭവങ്ങളുടെ ഉൾക്കരുത്ത് തൻെറ കഥാപാത്രങ്ങളിലേക്ക് പകരുകയും ചെയ്യുന്ന വലിയ യാത്രയുടെ തുടക്കവും ഇവിടെ നിന്നായിരുന്നു. വീട് വിട്ടിറങ്ങിയ ആ ബാലൻ ചെന്ന് കയറിയത് മലയാള നാടകവേദിയുടെ ഉച്ചവെയിലിലേക്കായിരുന്നു.അസാധാരണ സ൪ഗ ശേഷിയുള്ള ജോൺ എബ്രഹാമുമായുള്ള സഹവാസം ജീവിതത്തെ ആദ്യാവസാനം നാടകശാലയാക്കി മാറ്റി. ഒ.എൻ.വി കുറുപ്പും ഒ. മാധവനും വി. സാംബശിവനും സഹപാഠികളായുണ്ടായിരുന്നു കലാലയ ജീവിതത്തിൻെറ അരങ്ങിലും അണിയറയിലും. ഷേക്സ്പിയറുടെ ജൂലിയസ് സീസ൪ അരങ്ങത്ത് അവതരിപ്പിച്ചപ്പോൾ അധ്യാപകനായ പ്രഫ. ശിവപ്രസാദ് അഭിനയത്തിലെ പിഴവുകൾ ചൂണ്ടികാട്ടി നൽകിയ ‘നിന്റെുള്ളിലെ മാ൪ക്ക് ആന്‍്റണിയെ എടുക്കണമെന്ന’ ഉപദേശം തിലകനെന്ന നടന് അഭിനയത്തിൻെറ മാനിഫെസ്റ്റോ ആയി മാറുകയായിരുന്നു.
കേരളത്തിലെ ഒട്ടുമിക്ക പ്രധാന നാടകസമിതികളുമായി ബന്ധപ്പെട്ടായിരുന്നു തിലകൻെറ അഭിനയവള൪ച്ച. 1956ൽ ‘പ്രിയപുത്രൻ’ നാടകത്തിൽ തന്നേക്കാൾ 12 വയസ് മൂപ്പുള്ള ജോസ്പ്രകാശിൻെറ അചഛനായി വേഷമിട്ട് തുടങ്ങിയതാണിത്. രണ്ട് വ൪ഷം പട്ടാളത്തിൽ ജനറൽ റിസ൪വ് എൻജിനീയ൪ ആയതൊഴിച്ചാൽ സ്വന്തം നേതൃത്വത്തിൽ ആരംഭിച്ച മുണ്ടക്കയം നാടകസമിതിയിലൂടെ 1984 വരെ തുട൪ന്നു ഈ ഉപാസന. ഇക്കാലയളവിൽ 18 നാടക കമ്പനികളുമായി ചേ൪ന്ന് കേരളത്തിനകത്തും പുറത്തുമായി ആയിരത്തിലധികം വേദികളിലായി 58 നാടകങ്ങളിൽ അഭിനയിക്കുകയും 43 നാടകങ്ങൾക്ക് സംവിധായകനാവുകയും ചെയ്തു. കെ.പി.എ.സി, കൊല്ലം കാളിദാസ കലാകേന്ദ്രം, ചങ്ങനാശേരി ഗീഥ, പി.ജെ ആൻറണിയുടെ പി.ജെ തിയറ്റേഴ്സ്.... ഇതാകട്ടെ അശ്വമേധം, ശരശയ്യ, തുലാഭാരം, വേഴാമ്പൽ, താളവട്ടം, ഇൻക്വിലാബിൻെറ മക്കൾ, ഇത് പൊളിറ്റിക്സാണ്, ജ്ജ് നല്ലൊരു മനുഷ്യനാകാൻ നോക്ക്, വെളിച്ചം വിളക്ക് അന്വേഷിക്കുന്നു തുടങ്ങി മലയാള നാടക വേദിയിലെ എക്കാലത്തെയും മികച്ച നാടകങ്ങളെയും മികച്ച നടനെയുമാണ് സമ്മാനിച്ചത്. അരങ്ങിന്റെ കുലപതികളായിരുന്ന പി.ജെ ആൻറണി, കെ.ടി മുഹമ്മദ്, തോപ്പിൽ ഭാസി, എസ്.എൽ പുരം, തിക്കോടിയൻ, സുരാസു തുടങ്ങി മഹാരഥൻമാ൪ക്കൊപ്പമായിരുന്നു നാടക പ്രവ൪ത്തനം. ആ ശബ്ദ പ്രപഞ്ചത്തിൻെറ ഭാവതലങ്ങൾ നിരവധി റേഡിയോ നാടകങ്ങളിലും നവരസങ്ങൾ പൊഴിച്ചു. വെള്ളിത്തിരയുടെ പടയോട്ട കാലത്തും തിലകൻെറയുള്ളിൽ ‘യവനിക’യിലെ നാടക കമ്പനിയുടമയായ അവറാച്ചൻ എന്നുമുണ്ടായിരുന്നതും അതിനാലാണ്.


വി. സുധീ൪




 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.