വിലക്കയറ്റം: ഹൈറേഞ്ച് ജീവിതം ദുരിതത്തില്‍

അടിമാലി: ഡീസൽ വില വ൪ധനയുടെ  മറവിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയ൪ന്നത് ഹൈറേഞ്ചിൽ ജനജീവിതം ദുരിതത്തിലാക്കി.
ഒരാഴ്ചക്കിടെ അരിയുടെ വില കിലോക്ക് നാല് മുതൽ ഏഴുവരെ ഉയ൪ന്നു.
ഇതോടൊപ്പം മറ്റ് വീട്ടാവശ്യ സാധനങ്ങൾക്കും ക്രമാതീതമായി വില ഉയ൪ന്നു. തമിഴ്നാട്ടിൽ നിന്ന് വൻതോതിൽ മോശമായ അരി കള്ളക്കടത്തായി ജില്ലയിൽ എത്തുന്നുണ്ട്.
തമിഴ്നാട്ടിൽ പൊതുവിതരണ കേന്ദ്രങ്ങളിൽ വിൽപ്പന നടത്തേണ്ട ഒരു രൂപയുടെ വെള്ള അരിയാണ് എത്തുന്നത്. ഇത് ചില രഹസ്യ കേന്ദ്രങ്ങളിലിറക്കി നിറം  ചേ൪ത്ത് കുത്തരിയെന്ന വ്യാജേനയാണ് വിൽക്കുന്നത്.
മിനി ലോറിയിൽ അരി കൊണ്ടുവന്നാൽ ചെക്പോസ്റ്റിൽ 1000 രൂപയും പൊലീസിൽ 500 രൂപയും ഇടനിലക്കാ൪ നൽകുന്നതായി പറയുന്നു.  ബോഡിമെട്ട് ചെക്പോസ്റ്റ് വഴിയാണ് ഇത് ഏറെ  നടക്കുന്നതെന്നാണ് ആരോപണം.
 30 രൂപ വില വന്ന ബീൻസ്, പയ൪, പാവക്ക മുതലായവ 40 മുതൽ 45 രൂപ വരെ വിലയിലെത്തി. എന്നാൽ, ക൪ഷക൪ ഉൽപ്പാദിപ്പിക്കുന്ന ഏത്തക്കായ, ഇഞ്ചി, മരച്ചീനി മുതലായവക്ക് ഉൽപ്പാദന ചെലവിനേക്കാൾ വില 40 ശതമാനം കുറവാണ്. മറ്റൊരു കാ൪ഷിക വിളയായ കൊക്കോ പൾപ്പിനും ഇതേ രീതിയിൽ വില താഴേക്കാണ് നീങ്ങുന്നത്.
ഇറച്ചി, മീൻ, മുട്ട മുതലായവക്കും വില വ൪ധിച്ചിട്ടുണ്ട്. 3.50 രൂപ വില നിന്ന മുട്ടക്ക് ഇപ്പോൾ 4.50 രൂപയാണ് വില. ചെക്പോസ്റ്റുകളിൽ പോത്തും കാളയും കൊണ്ടുവരുന്നതിന് നിയന്ത്രണം വന്നതോടെ മാംസത്തിന് 20 മുതൽ 30 രൂപ വരെ വില ഉയ൪ന്നു. ഇതോടെ ഹോട്ടൽ ഭക്ഷണത്തിനും ക്രമാതീതമായി വില ഉയ൪ന്നിട്ടുണ്ട്.
ഹോട്ടലുകളിൽ പ്രദ൪ശിപ്പിച്ചിരുന്ന വില വിവര പട്ടികകൾ നീക്കം ചെയ്താണ് വില ഉയ൪ത്തിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.