കായംകുളം: കെ.എസ്.ആ൪.ടി.സി സ്റ്റോറിലെ തട്ടിപ്പ് വിജിലൻസ് കണ്ടെത്തിയതോടെ തലയൂരാൻ ഉദ്യോഗസ്ഥരുടെ ശ്രമം. ആരോപണം ഉയ൪ന്നതിനെ തുട൪ന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. രേഖയിലില്ലാത്ത നിരവധി ഉപകരണങ്ങൾ സ്റ്റോറിൽ സൂക്ഷിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഫാൻബെൽറ്റ്, ഹെഡ്ലൈറ്റ്, എൽബോൾട്ട്, സെൻട്രൽബോൾട്ട് തുടങ്ങിയ സാധനങ്ങളാണ് കണക്കിൽപ്പെടാതെ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയത്.
കേന്ദ്ര സ്റ്റോറിൽനിന്ന് എത്തുന്നത് കൂടാതെ പ്രതിമാസം 20,000 രൂപയുടെ ലോക്കൽ പ൪ചേസ് നടത്താനുള്ള അധികാരവും സ്റ്റോറിനുണ്ട്. കേന്ദ്ര സ്റ്റോറിൽനിന്നെത്തുന്ന സാമഗ്രികൾ മറിച്ചുവിൽക്കുന്നതിനൊപ്പം ലോക്കൽ പ൪ചേസിലും ക്രമക്കേടുണ്ടെന്ന് പരാതിയുണ്ടായിരുന്നു.
ലോക്കൽ പ൪ചേസിന് ഇവിടെ നിന്ന് ബില്ല് മാത്രമേ ലഭിക്കുകയുള്ളൂവെന്നും സാധനങ്ങൾ കടയിൽ തന്നെ സൂക്ഷിക്കുകയാണ് പതിവെന്നുമാണ് പരാതി. മറ്റ് കടകളിൽനിന്ന് ഒറിജിനൽ സാധനത്തിൻെറ ബിൽ ലഭിക്കാറുണ്ടെങ്കിലും ഗുണനിലവാരം കുറഞ്ഞവയാണ് സ്റ്റോറിലേക്ക് എത്തുന്നതെന്നും പരാതി ഉയ൪ന്നിരുന്നു. അറ്റകുറ്റപ്പണിക്കായി കയറ്റുന്ന ബസുകൾക്ക് ഉപകരണം മാറിയെന്നത് പലപ്പോഴും രേഖയിൽ മാത്രമാണുള്ളതത്രേ.
ഈ സാഹചര്യത്തിൽ ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം പരിശോധനക്ക് എത്തിയത്. ഉപകരണങ്ങൾ മാറിയെന്നത് രേഖയിലാക്കി മറിച്ചുകടത്താനുള്ള ശ്രമമാണ് ജീവനക്കാരുടെ കിടമത്സരത്തിലൂടെ പുറത്തുവന്നത്. കെ.എസ്.ആ൪.ടി.സിയുടെ നഷ്ടത്തിന് വഴിതെളിക്കുന്ന കാരണത്തിലേക്കുള്ള വിരൽചൂണ്ടലുമാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.