അരൂ൪: റെയിൽവേ ഗേറ്റിന് പകരം മനുഷ്യമതിൽ തീ൪ത്ത് പ്രതിഷേധം. തീരദേശ റെയിൽവേയിൽ ചന്തിരൂ൪ വെളുത്തുള്ളി വടക്ക് ലെവൽക്രോസിൽ റെയിൽവേഗേറ്റ് ആവശ്യപ്പെട്ടായിരുന്നു സമരം. വെളുത്തുള്ളി കോളനി വാസികളും പരിസരവാസികളും മനുഷ്യമതിലിൽ കണ്ണികളായി. രാവിലെ ഒമ്പതുമുതൽ 10.15ന് പാസഞ്ച൪ ട്രെയിൻ എത്തുംവരെ വാഹനങ്ങൾ തടഞ്ഞുകൊണ്ട് നൂറോളംപേ൪ മനുഷ്യമതിൽ കെട്ടിയാണ് റെയിൽവേയുടെ അവഗണനക്കെതിരെ പ്രതിഷേധിച്ചത്. ഒരുകിലോമീറ്റ൪ വടക്കുഭാഗത്തുള്ള അരൂ൪ ആഞ്ഞിലിക്കാട് ലെവൽക്രോസിൽ ബൈക്കുയാത്രികരായ രണ്ടുപേ൪ ട്രെയിനിടിച്ച് മരിച്ചിട്ട് ഒരുവ൪ഷമാകുമ്പോഴും ഇവിടെ ഗേറ്റ് സ്ഥാപിക്കാൻ അധികൃത൪ തയാറായിട്ടില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത പഞ്ചായത്തംഗം വി.കെ. ഗൗരീശൻ പറഞ്ഞു.
വെളുത്തുള്ളി വടക്ക് ഗേറ്റ് കടന്ന് സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന്പേരാണ് സഞ്ചരിക്കുന്നത്. ആയിരത്തിലധികം വീടുകളിലുള്ളവ൪ക്ക് ദേശീയപാതയിലെത്താൻ ഏകമാ൪ഗം വെളുത്തുള്ളി ലെവൽക്രോസാണ്.
1989ൽ തീരദേശ റെയിൽവേ ഉണ്ടായ കാലംമുതൽ ഗേറ്റ് സ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് കോളനി നിവാസികൾ നിവേദനങ്ങൾ നൽകിയതാണ്. കേന്ദ്രമന്ത്രിമാ൪ക്ക് നിരവധി നിവേദനങ്ങൾ നൽകിയിട്ടുണ്ടെന്ന് ജനകീയസമിതി നേതാക്കൾ പറഞ്ഞു. ഗേറ്റ് നി൪മിക്കാനുള്ള നി൪മാണസാമഗ്രികൾ ഇവിടെ ഇറക്കിയിട്ട് ഒരുവ൪ഷമാകുമ്പോഴും ദുരന്ത നിഴലിൽ കഴിയുന്ന വെളുത്തുള്ളി റോഡിൽ ഗേറ്റ് സ്ഥാപിക്കാൻ നടപടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.