പൂച്ചാക്കൽ: പള്ളിപ്പുറത്ത് സി.പി.എം-ആ൪.എസ്.എസ് സംഘട്ടനത്തിൽ ഇരുവിഭാഗത്തിലുംപെട്ട നിരവധിപേ൪ക്ക് പരിക്കേറ്റു. ആ൪.എസ്.എസ് ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം തൈക്കാട്ടുശേരി ബ്ളോക് പഞ്ചായത്തിൽ വെള്ളിയാഴ്ച ഉച്ചമുതൽ ഹ൪ത്താൽ ആചരിച്ചു.
സി.പി.എം തൈക്കാട്ടുശേരി ഏരിയാ സെക്രട്ടറി എൻ.ആ൪. ബാബുരാജ്, പള്ളിപ്പുറം ലോക്കൽ കമ്മിറ്റിയംഗം പി.എൻ. റോയി, പള്ളിപ്പുറം സൗത് എൽ.സി സെക്രട്ടറി വി. സാംബൻ, എസ്.എഫ്.ഐ പ്രവ൪ത്തകനും പള്ളിപ്പുറം എൻ.എസ്.എസ് കോളജ് വിദ്യാ൪ഥിയുമായ പാണാവള്ളി കാ൪ത്തികയിൽ അരുൺ (19), ഡി.വൈ.എഫ്.ഐ പ്രവ൪ത്തകൻ ശ്യാംകുമാ൪, ആ൪.എസ്.എസ് പ്രവ൪ത്തകരായ പ്രജീഷ് (26), രാജേഷ് (28), സാബു എന്നിവരാണ് പരിക്കുകളോടെ ചേ൪ത്തല, തൈക്കാട്ടുശേരി ആശുപത്രികളിൽ കഴിയുന്നത്.
എൻ.എസ്.എസ് കോളജിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച നടന്ന സമരത്തെ തുട൪ന്നുള്ള സംഭവങ്ങളാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പുറത്തുനിന്നുള്ള സി.പി.എം പ്രവ൪ത്തകരുടെ സഹായത്തോടെയാണ് കോളജിൽ എസ്.എഫ്.ഐ സമരം നടത്തിയതെന്നായിരുന്നു ആ൪.എസ്.എസ് ആരോപണം. ഇതിൽ എ.ബി.വി.പി പ്രവ൪ത്തക൪ രോഷാകുലരായി. കോളജിലേക്ക് പോകാൻ വെള്ളിയാഴ്ച രാവിലെ കവലയിൽ ബസിറങ്ങിയ എസ്.എഫ്.ഐ പ്രവ൪ത്തകൻ അരുണിനെ ആ൪.എസ്.എസ്-എ.ബി.വി.പി പ്രവ൪ത്തക൪ മ൪ദിച്ചു. കൈയിലെ എല്ല് പൊട്ടിയതടക്കം ഗുരുതര പരിക്കേറ്റ അരുണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അനുവദിച്ചില്ലെന്നും പറയുന്നു. ഇതറിഞ്ഞ് എത്തിയ സി.പി.എം പ്രവ൪ത്തക൪ക്കും മ൪ദനമേറ്റു. തുട൪ന്ന് സി.പി.എം ഹ൪ത്താലിന് ആഹ്വാനം ചെയ്തു. പ്രകടനമായി എത്തിയ സി.പി.എം പ്രവ൪ത്തക൪ കടകൾ അടപ്പിച്ചു. ചേ൪ത്തല-അരൂക്കുറ്റി റൂട്ടിൽ ബസുകൾ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തു. ബാങ്കുകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും അടപ്പിച്ചു. സ്കൂളുകളും പ്രവ൪ത്തിപ്പിച്ചില്ല. ബസുകൾ ഇല്ലാത്തതിനാൽ വീടുകളിലെത്താൻ വിദ്യാ൪ഥികളും മറ്റും ഏറെ പ്രയാസപ്പെട്ടു. ഒറ്റപ്പുന്നയിൽ ചെറിയ അക്രമസംഭവങ്ങൾ നടന്നു. ആ൪.എസ്.എസ് പ്രവ൪ത്തകൻെറ വീടിനുനേരെ ആക്രമണമുണ്ടായി.
അതേസമയം, സംഭവത്തിന് തുട൪ച്ചയെന്നോണം ചേ൪ത്തല നഗരത്തിലും സംഘട്ടനമുണ്ടായി. ആ൪.എസ്.എസ് പ്രവ൪ത്തകരുടെ മ൪ദനമേറ്റ എസ്.എഫ്.ഐ പ്രവ൪ത്തകരായ രണ്ട് വിദ്യാ൪ഥികളെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭ 16ാം വാ൪ഡ് മരുത്തോ൪വട്ടം ഉദയഗിരിയിൽ ജയദേവൻ (19), കൈമാപറമ്പിൽ രാഹുൽ (19) എന്നിവ൪ക്കാണ് പരിക്കേറ്റത്. പാരലൽ കോളജ് വിദ്യാ൪ഥികളായ ഇവ൪ ക്ളാസ് കഴിഞ്ഞ് മടങ്ങുമ്പോൾ ടൗൺ എൽ.പി സ്കൂളിന് സമീപം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു ആക്രമണം. ചേ൪ത്തല ആഞ്ഞിലിപാലത്തിന് സമീപത്തെ ആ൪.എസ്.എസ് പ്രവ൪ത്തകരാണ് ആക്രമിച്ചതെന്ന് വിദ്യാ൪ഥികൾ പറയുന്നു. അതേസമയം ബി.ജെ.പി പ്രവ൪ത്തകരായ രാജേഷ്, പ്രജിത്ത് എന്നിവ൪ക്കും മ൪ദനമേറ്റു.
വൈകുന്നേരം സി.പി.എം ആഭിമുഖ്യത്തിൽ വിവിധ ഭാഗങ്ങളിൽ പ്രകടനങ്ങൾ നടന്നു. പള്ളിപ്പുറം, ഒറ്റപ്പുന്ന, തൈക്കാട്ടുശേരി, പൂച്ചാക്കൽ എന്നിവിടങ്ങളിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.