കാട്ടാക്കടയില്‍ സംഘര്‍ഷത്തിന് അയവില്ല; ഡി.വൈ.എഫ്.ഐ മാര്‍ച്ച് അക്രമാസക്തമായി

കാട്ടാക്കട: വീരണകാവ്, പട്ടകുളം പ്രദേശത്തെ സൈ്വരജീവിതം താറുമാറാക്കിയ ഡി.വൈ.എഫ്.ഐ-ആ൪.എസ്.എസ്  സംഘ൪ഷത്തിന് അയവില്ല.
തിങ്കളാഴ്ച തുടങ്ങിയ സംഘ൪ഷാവസ്ഥ ചൊവ്വാഴ്ച വൈകിയും നിലനിൽക്കുകയാണ്. ചൊവ്വാഴ്ച നടന്ന അക്രമങ്ങളിൽ  ഒരു പൊലീസുകാരനും ബി.ജെ.പി പ്രവ൪ത്തകനും  പരിക്കേറ്റു. പരിക്കേറ്റ  എസ്.എ.പി അഞ്ചാം ബറ്റാലിയൻ പൊലീസുകാരൻ അജിൻ സലിം (24), ബി.ജെ.പി പ്രവ൪ത്തകൻ കീഴ്വാണ്ട സ്വദേശി രാജീവ് എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രിയിൽ ആ൪.എസ്.എസ് പ്രവ൪ത്തകരുടെ മ൪ദനത്തിനിരയായ  ഡി.വൈ.എഫ്.ഐ ഏരിയാ സെക്രട്ടറി പി.എസ്. പ്രഷീദിൻെറ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. പ്രവ൪ത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച വൈകുന്നേരം ഡി.വൈ.എഫ്.ഐ പട്ടകുളത്തു നടത്തിയ പ്രകടനം അക്രമാസക്തമായി. പ്രകടനത്തിനിടെ അതുവഴിവന്ന ആ൪.എസ്.എസ് പ്രവ൪ത്തകൻ രാജീവിനെ മ൪ദിക്കുകയും ബൈക്ക് നശിപ്പിക്കുകയും ചെയ്തു.ഇതിനിടെയുണ്ടായ കല്ലേറിലാണ് പൊലീസുകാരനായ അജിന് പരിക്കേറ്റത്.
കോവിലുവിളയിൽ ചുമ൪വെള്ളയടിക്കുന്നതിനെ ചൊല്ലിയുണ്ടായ ത൪ക്കമാണ് പ്രദേശത്ത്  ഡി.വൈ.എഫ്.ഐ-ആ൪.എസ്.എസ് സംഘട്ടനത്തിന് വഴിയൊരുക്കിയത്. ആ൪.എസ്.എസ് പ്രവ൪ത്തക൪ ബുക്ക്ചെയ്ത ചുവരിൽ ഡി.വൈ.എഫ്.ഐ  വെള്ളപൂശാൻ ശ്രമിച്ചതാണ്  അക്രമങ്ങൾക്ക് കാരണം. തിങ്കളാഴ്ച രാത്രിയിൽ കോവിലുവിളയിലേക്ക് പോകവെ പ്രഷീദ്, സന്തോഷ്, വിപിൻ എന്നിവരെ 25ഓളം വരുന്ന ആ൪.എസ്.എസ് പ്രവ൪ത്തക൪ മ൪ദിച്ചു. മ൪ദനമേറ്റ് ബോധരഹിതനായി റോഡ്വക്കിൽ കിടന്ന പ്രഷീദിനെ കള്ളിക്കാട് പഞ്ചായത്ത് പ്രസിഡൻറ്  വിനോദും പൊലീസും ചേ൪ന്നാണ് ആശുപത്രിയിലെത്തിച്ചത്. ആയിരത്തോളം പ്രവ൪ത്തകരാണ് ചൊവ്വാഴ്ച പട്ടകുളത്ത് ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തത്. നെടുമങ്ങാട് ഡിവൈ.എസ്.പി മുഹമ്മദ് ഷാഫി, കാട്ടാക്കട സി.ഐ ശ്രീകുമാ൪ എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ പൊലീസ്കാവലും ഏ൪പ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.