കലിക്കറ്റ് വാഴ്സിറ്റി ഭൂമിദാനക്കേസ്: ലീഗ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

തൃശൂ൪:  കാലിക്കറ്റ് സ൪വകലാശാല ഭൂമിദാനക്കേസിൽ മുസ്ലിംലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ളവ൪ക്കെതിരെ അന്വേഷണം നടത്താൻ തൃശൂ൪ വിജിലൻസ് കോടതി  ഉത്തരവിട്ടു. ഭൂമിദാനവുമായി ബന്ധപ്പെട്ട് സമ൪പ്പിച്ച മൂന്ന് ഹരജികൾ പരിഗണിച്ചാണ് വിജിലൻസ് ജഡ്ജി വി. ഭാസ്ക്കരൻെറ  ഉത്തരവ്.
 മന്ത്രിമാരായ പി.കെ. അബ്ദുറബ്,  എം.കെ. മുനീ൪,  വൈസ് ചാൻസല൪ ഡോ. എ. അബ്ദുൽ സലാം,  തീരുമാനകാലയളവിൽ രജിസ്ട്രാറുടെ ചുമതലവഹിച്ച ഡോ. പി.പി.മുഹമ്മദ് ,ഡോ. എം.വി.ജോസഫ് എന്നിവ൪ക്കെതിരായാണ് അന്വേഷണം.  മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. 2013 ജനുവരി 23 നകം  റിപ്പോ൪ട്ട് സമ൪പ്പിക്കണം.
  സ൪വകലാശാലയുടെ ഉടമസ്ഥതയിലുള്ള 63 ഏക്ക൪ ഭൂമി മൂന്ന് സ്വകാര്യ ട്രസ്റ്റുകൾക്ക് ദാനം ചെയ്യാൻ തീരുമാനിച്ചതിലെ അഴിമതിയും സ്വജനപക്ഷപാതവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമ൪പ്പിച്ച ഹരജിയിലാണ് ഉത്തരവ്.  കാലിക്കറ്റ് സ൪വകലാശാല മുൻരജിസ്ട്രാറും അക്കാദമിക് സ്റ്റാഫ് കോളജ് ഡയറക്ടറും സിൻഡിക്കേറ്റംഗവുമായിരുന്ന ടി.കെ.നാരായണനാണ് അഡ്വ.എം.സി. ആഷിക് മുഖേന  ഹരജികൾ നൽകിയത്.
സി.എച്ച് . മുഹമ്മദ് കോയയുടെ പേരിലുള്ള ചെയറിനും ഡോണറായ  ഹൈദരലി ശിഹാബ് തങ്ങൾ ചെയ൪മാനായ ഗ്രേസ് എജുക്കേഷനൽ അസോസിയേഷനും 10 ഏക്കറും  മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭ൪തൃപിതാവ് ഡോ. കെ. കുഞ്ഞാലിയുടെ നേതൃത്വത്തിലുള്ള ബാഡ്മിൻറൺ ഡെവലപ്മെൻറ് ട്രസ്റ്റിന് മൂന്നേക്കറും  മന്ത്രി എം.കെ. മുനീറിൻെറ സഹോദരീ ഭ൪ത്താവ് പി.എ. ഹംസ ഭാരവാഹിയായ കേരള ഒളിമ്പിക് അസോസിയേഷന് 50 ഏക്കറും നൽകാനാണ് സിൻഡിക്കേറ്റ് തീരുമാനിച്ചത്. വിവാദമായപ്പോൾ  തീരുമാനം റദ്ദാക്കി.ഗ്രേസ് എജുക്കേഷനൽ അസോസിയേഷനാവട്ടെ ചെയറിൻെറ നി൪ദേശം പിൻവലിക്കുകയും ചെയ്തു.
സ൪വകലാശാലാ ചട്ടപ്രകാരം ചെയറുകൾ അനുവദിക്കുന്നതിന് നൽകാവുന്നത്  പരാമാവധി 20 സെൻറ് ഭൂമി ആണെന്നിരിക്കെ സി.എച്ച്  ചെയറിന്  10 ഏക്ക൪ അനുവദിച്ചത് ചട്ടങ്ങൾ മറികടന്നാണെന്ന് ഹരജിക്കാരൻ വാദിച്ചു. സി.എച്ചിൻെറ മകനായ എം.കെ. മുനീ൪ പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരിക്കെ  എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളോടും  സി.എച്ച് .ചെയറിന് സംഭാവന നൽകാൻ നി൪ദേശിച്ചത് ക്രമക്കേടാണെന്ന് ഹരജിക്കാരൻ ബോധിപ്പിച്ചു. ഇതനുസരിച്ച് സ൪വകലാശാലയിൽ 3.65 ലക്ഷം രൂപ ലഭിച്ചതായും വേറെയും  തുകകൾ വരാനുണ്ടെന്നുമുള്ള കണക്കുകൾ കാണിച്ചാണ് ഹരജി ഫയൽ ചെയ്തത്. ഇല്ലാത്ത ചെയറിന് സംഭാവന  നൽകിയ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷരും സെക്രട്ടറിമാരുമടക്കമുള്ളവരെയും പ്രതിയാക്കണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടു. ഇവരും അന്വേഷണപരിധിയിൽ  വരും.
 വ്യക്തികളിൽ നിന്ന് അക്കാദമിക ആവശ്യങ്ങൾക്ക് സ൪വകലാശാലഏറ്റെടുത്ത ഭൂമി  സ്വകാര്യാവശ്യങ്ങൾക്ക്  കൈമാറാൻ നിയമം അനുവദിക്കുന്നില്ലെന്ന്  ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.    സാമ്പത്തികശേഷിയില്ലെന്ന് സ്വയം സമ്മതിച്ച കേരള ഒളിമ്പിക് അസോസിയേഷൻ പോലുള്ള  കടലാസ് സംഘടനുകളുമായി സ൪വകലാശാല കരാറിലേ൪പ്പെടുന്നതിൻെറ പിന്നിൽ അഴിമതിയുണ്ട.്  തെരെഞ്ഞെടുക്കപ്പെട്ട സിൻഡിക്കേറ്റല്ലെന്നുള്ളതിനാൽ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരമില്ല. കാവൽ സമിതിയെന്ന നിലയിൽ തെറ്റായ തീരുമാനങ്ങൾ കൈക്കൊണ്ട സിൻഡിക്കേറ്റിലെ മുഴുവൻ അംഗങ്ങളും പ്രതികളാണ്്. പ്രോ-ചാൻസലറായ വിദ്യാഭ്യാസ മന്ത്രിയുടെ അറിവോടെയാണ് കാര്യങ്ങൾ നടന്നതെന്ന വി.സിയുടെ വെളിപ്പെടുത്തൽ കുറ്റസമ്മതമൊഴിയാണ്.
വിവാദതീരുമാനങ്ങൾ സ൪വകലാശാല റദ്ദാക്കിയെങ്കിലും   ആരോപണങ്ങൾ നിലനിൽക്കുന്നതായും വഴിവിട്ട രീതിയിൽ  ഭൂമി നൽകാൻ എടുത്ത തീരുമാനത്തിന് പിന്നിൽ ഉന്നയിക്കപ്പെട്ട അഴിമതി  ആരോപണങ്ങൾ അന്വേഷിക്കപ്പെടണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.