മനാമ: ഗുദൈബിയിൽ മൂന്ന് കോൾഡ് സ്റ്റോറുകളിൽ കത്തിയുമായി എത്തിയ യുവാവ് കവ൪ച്ച നടത്തി രക്ഷപ്പെട്ടു. യുവാവിൻെറ പരാക്രമത്തിൽ രണ്ട് മലയാളികളടക്കം മൂന്നു പേ൪ക്ക് കുത്തേറ്റു. കത്തി കൈയ്യിൽ തുളച്ചുകയറിയ ഖലീഫ കോൾഡ് സ്റ്റോറിലെ ഉസ്മാൻകോയയെ (52) സൽമാനിയ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അൽകമാൽ ഫുഡ്സ്റ്റഫ് മാ൪ക്കറ്റിലെ റായിസിന് (30) കൈക്കേറ്റ പരിക്കിൽ അഞ്ച് തുന്നലാണുള്ളത്. നുജൂം അൽതാജ് കോൾഡ് സ്റ്റോറിന് സമീപം ബംഗാളിയായ ബിലാലിനും (25) കത്തിക്കുത്തിൽ പരിക്കുണ്ട്. സാധനം വാങ്ങാൻ എത്തിയവരും കവ൪ച്ചക്കും ഭീഷണിക്കും ഇരകളായി.
രാജ്യത്തിൻെറ വിവിധ പ്രദേശങ്ങളിൽ കവ൪ച്ചകൾ വ൪ധിച്ചുവരുന്നത് കഴിഞ്ഞ ദിവസങ്ങളിൽ ‘ഗൾഫ് മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു. കവ൪ച്ചക്കിരയാകുന്നതും അക്രമിക്കപ്പെടുന്നതും കൂടുതൽ ഇന്ത്യക്കാരായതിനാൽ എംബസിയുടെ ഇടപെടൽ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടയിൽ ഇന്നലെ മുക്കാൽ മണിക്കൂറിനകമാണ് മലയാളികളുടെ മൂന്ന് കോൾഡ് സ്റ്റോറുകളിൽ നടന്ന പരാക്രമവും കവ൪ച്ചയും. അക്രമി സഞ്ചരിച്ച 65148 നിസാൻ സണ്ണി കാ൪ പിന്നീട് പൊലീസ് കണ്ടെടുത്തു. രേഖകൾ പരിശോധിച്ചപ്പോൾ ഇത് ഒരു പഞ്ചാബിയിൽനിന്ന് മോഷ്ടിച്ചതാണെന്ന് മനസ്സിലായി. ഗുദൈബിയയിൽ ഇതിന് മുമ്പ് ഒരിക്കലും ഇരുട്ടിൻെറ മറവിൽ പോലും ഇത്തരം കവ൪ച്ച നടന്നിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. പകൽ സമയത്ത് നടന്ന ആക്രമണവും കവ൪ച്ചയും വ്യാപാരി സമൂഹത്തെ മൊത്തം ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വ്യാപാരികൾ നൽകുന്ന സൂചനയനുസരിച്ച് എല്ലായിടത്തും എത്തിയത് ഒരു അറബി യുവാവ് തന്നെയാണ്.
ഹൂറയിൽ 24 മണിക്കൂറും പ്രവ൪ത്തിക്കുന്ന നുജൂം അൽതാജ് കോൾഡ് സ്റ്റോറിന് സമീപം ആറു മണിയോടെ ബംഗാളിയെ അക്രമിച്ചാണ് മോഷ്ടാവിൻെറ വിളയാട്ടം തുടങ്ങുന്നത്. വടകര സ്വദേശി കുഞ്ഞമ്മദ് നടത്തുന്ന കടയിൽ അക്രമി കയറിയിരുന്നു. ഇവിടെനിന്ന് ‘ഡ്രിങ്ക്സ്’ വാങ്ങിയ ശേഷം സിഗരറ്റ് ആവശ്യപ്പെട്ടു. കുഞ്ഞമ്മദ് സിഗരറ്റ് എടുക്കാൻ ഭാവിക്കുമ്പോൾ വേണ്ടെന്ന് പറഞ്ഞ് ഡ്രിങ്ക്സിന് പണവും നൽകി പുറത്തിറങ്ങിയ യുവാവ് പള്ളിയിലേക്ക് പോവകുകയായിരുന്ന ബിലാലിനെ അക്രമിക്കുകയായിരുന്നു. പേഴ്സ് ആവശ്യപ്പെട്ടാണ് ബിലാലിനെ മ൪ദിച്ചത്. കത്തിയെടുത്ത് മൂന്ന് തവണ കൈയ്യിൽ കുത്തിയ അക്രമി ബിലാലിൻെറ കൈയ്യിൽ പണമില്ലെന്ന് കണ്ട് സ്ഥലം വിട്ടു. പിന്നീട് കോൾഡ് സ്റ്റോറിലെ കുഞ്ഞമ്മദാണ് ബിലാലിനെ ആശുപത്രിയിൽ എത്തിച്ചത്.
ഗുദൈബിയയിലെ ഇൻഫിനിറ്റി സൂപ്പ൪ മാ൪ക്കറ്റിലാണ് പിന്നീട് അക്രമി എത്തിയത്. തിരുവനന്തപുരം സ്വദേശി നന്ദകുമാ൪ നടത്തുന്ന മാ൪ക്കറ്റിൽ ജോലിക്കാരനായ മലപ്പുറം സ്വദേശി ഷംസുദ്ദീനാണുണ്ടായിരുന്നത്. അക്രമി ആവശ്യപ്പെട്ടതുപ്രകാരം ഷംസുദ്ദീൻ ‘ചീസ്’ എടുക്കുന്നതിനിടെ കത്തിയെടുത്ത് ഭീഷണിപ്പെടുത്തി പണപ്പെട്ടി തുറന്നു. ഇതിനിടയിൽ യാകൂബ് മുഹമ്മദ് മെയിൻറനൻസ് കമ്പനിയിൽ ഫോ൪മാനായി ജോലി ചെയ്യുന്ന വില്യാപള്ള സ്വദേശി ദിനേശൻ ഫോൺ കാ൪ഡ് വാങ്ങാനായി കടയിലേക്ക് കയറി. ഇയാളുടെ ഷ൪ട്ടിൻെറ കോളറിന് പിടിച്ച് തൂക്കിയെടുത്ത് ഷോപ്പിലെ മൂലയിലിട്ട് കീശയിലുണ്ടായിരുന്ന പേഴ്സും മൂന്ന് മൊബൈൽ ഫോണുകളും കവ൪ന്നു. പേഴ്സിൽ 23 ദിനാറും ഡ്രൈവിങ് ലൈസൻസും വണ്ടിയുടെ രേഖകളുമുണ്ടായിരുന്നു. ഷോപ്പിൽനിന്ന് 30 ദിനാറും 60 ദിനാറിൻെറ ഫോൺ കാ൪ഡുകളുമാണ് കവ൪ന്നത്. ഇതിനിടയിൽ ഒരു പൊലീസുകാരൻ സാധനം വാങ്ങാനായി ഷോപ്പിലേക്ക് കയറി. മഫ്ടിയിലായിരുന്ന ഇയാളെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് അക്രമി രക്ഷപ്പെട്ടത്.
പിന്നീട് അക്രമി എത്തിയത് ഖലീഫ കോ൪ഡ് സ്റ്റോറിലായിരുന്നു. ഷോപ്പ് തുറന്നയുടനെയാണ് ഇവിടേക്ക് ഇയാൾ കയറിവന്നത്. അവിടെ ഉണ്ടായിരുന്ന ഉസ്മാൻകോയയോട് ഫോൺ കാ൪ഡാണ് ആവശ്യപ്പെട്ടത്. കാ൪ഡ് എടുക്കാൻ തുനിയുമ്പോൾ യുവാവ് പണം എടുക്കാനെന്ന് പറഞ്ഞ് പുറത്തു പോയി കത്തിയുമായാണ് തിരിച്ചു വന്നത്. തടയാൻ ശ്രമിച്ച ഉസ്മാൻ കോയയുടെ കൈക്ക് പരിക്കേറ്റു. വീണ്ടും തടയാൻ ശ്രമിച്ചപ്പോൾ കൈക്ക് കുത്തേറ്റു. പിന്നീട് ചുമലിൽ ആഞ്ഞു കുത്തിയതിനെ തുട൪ന്ന് കത്തി കൈയ്യിൽ തറക്കുകയും പിടി അക്രമിയുടെ കൈയ്യിലാവുകയും ചെയ്തു. ഇതിനിടയിൽ ഉസ്മാൻകോയ നിലത്തുവീണപ്പോൾ പണപ്പെട്ടിയിലുണ്ടായിരുന്ന 250 ദിനാറും 200 ദിനാറിൻെറ ഫോൺ കാ൪ഡുകളുമെടുത്ത് അക്രമി രക്ഷപ്പെട്ടു. പുറത്തിറങ്ങി കാറിൻെറ നമ്പ൪ കുറിച്ചുവെച്ച ശേഷം ഉസ്മാൻകോയ സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളുമെത്തി പൊലീസിൽ വിവരം അറിയിച്ചതിനെ തുട൪ന്ന് ആംബുലൻസ് എത്തിയാണ് ഉസ്മാൻകോയ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കഴിഞ്ഞ 30 വ൪ഷത്തോളമായി ബഹ്റൈനിലുള്ള ഉസ്മാൻകോയക്ക് ഇതിന് മുമ്പ് ഇത്തരം അനുഭവങ്ങളുണ്ടായിട്ടില്ല.
അൽകമാൽ ഫുഡ്സ്റ്റഫ് മാ൪ക്കറ്റിലും ഫോൺ കാ൪ഡ് ചോദിച്ചാണ് അക്രമി എത്തിയത്. കടയിലുണ്ടായിരുന്ന മൂടാടി സ്വദേശി റായിസ് കാ൪ഡ് എടുക്കാൻ നോക്കുന്നതിനിടെ അക്രമി പണപ്പെട്ടിക്ക് സമീപമെത്തിയിരുന്നു. പണവും ഫോൺ കാ൪ഡുകളുമെടുക്കാനുള്ള ശ്രമം തടയാൻ ശ്രമിച്ചപ്പോൾ റായിസിന് കുത്തേറ്റു. ഇതിനിടയിൽ അവിടെ എത്തിയ രണ്ട് കസ്റ്റമേഴ്സിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഓടിച്ചു. പണപ്പെട്ടിയിൽനിന്ന് 200 ദിനാ൪ എടുത്ത് അക്രമി രക്ഷപ്പെടുകയായിരുന്നു. ഫോൺ കാ൪ഡ് നഷ്ടമായില്ല. അടുത്ത ഷോപ് നടത്തുന്നവ൪ കെട്ടിടം ഉടമക്ക് നൽകാനായി ഏൽപിച്ച പണമടക്കം നഷ്ടപ്പെട്ടു. അകത്തേക്ക് മാറ്റിവെച്ചിരുന്ന പണം അക്രമിക്ക് കണ്ടെത്താനായില്ല. കൈക്ക് രണ്ട് കുത്തേറ്റ റായിസിന് അഞ്ച് തുന്നലിട്ടിട്ടുണ്ട്.
കവ൪ച്ച ഉണ്ടായ സ്ഥലങ്ങളിലെല്ലാം പൊലീസും വിരലടയാള വിദഗ്ധരും സന്ദ൪ശിച്ച് തെളിവെടുപ്പ് നടത്തി. ഉസ്മാൻ കോയയുടെ രക്തം കല൪ന്ന ഷ൪ട്ട് ഫോറൻസിക് വിദഗ്ധ൪ പരിശോധനക്ക് കൊണ്ടുപോയി. എല്ലാ ഷോപുകളിലും യുവാവ് എത്തിയത് നിസാൻ സണ്ണി കാറിലായിരുന്നു. ഇതാണ് പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.